2015-ലെ ചിങ്ങം ഒന്ന്: വിഴിഞ്ഞം വിറ്റ ദിവസം

വിഴിഞ്ഞം കരാര്‍ ദുരൂഹതകളെക്കുറിച്ച് സമകാലിക മലയാളം വാരിക 2015 ജൂലൈ 31-ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിനെ സാധൂകരിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്ന സി.എ.ജി റിപ്പോര്‍ട്ടില്‍ 
2015-ലെ ചിങ്ങം ഒന്ന്: വിഴിഞ്ഞം വിറ്റ ദിവസം

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും തുറമുഖമന്ത്രി കെ. ബാബുവും വിഴിഞ്ഞം പദ്ധതിയെക്കുറിച്ചുള്ള സര്‍വകക്ഷി യോഗത്തിനുശേഷം ആവര്‍ത്തിച്ചു പറഞ്ഞ ഒരു വാചകമുണ്ട്. ''അദാനി ഗ്രൂപ്പുമായി നടത്തിയ ചര്‍ച്ചയുടെ എല്ലാ വിശദാംശങ്ങളും പുറത്തുപറയാന്‍ കഴിയില്ല. കരാറില്‍ വരുത്തിയ മാറ്റങ്ങളും ഒപ്പിടും വരെ പുറത്തുവിടില്ല.' മുഖ്യമന്ത്രിയും തുറമുഖമന്ത്രിയും പുറത്തുവിടാതെ വച്ചിരിക്കുന്ന രഹസ്യങ്ങള്‍ അവര്‍ക്കു മാത്രമേ അറിയൂ. പക്ഷേ, വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങളോട് പറഞ്ഞിരുന്ന അഞ്ചു കാര്യങ്ങളെങ്കിലും വസ്തുതാവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നവയുമാണെന്ന് ആ പുതുക്കിയ കരാര്‍രേഖകള്‍ തെളിയിക്കുന്നു. 


1. വിഴിഞ്ഞം പദ്ധതി സാമ്പത്തികമായി ഒരു കാരണവശാലും ലാഭകരമല്ല എന്ന സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്.  ഇത് പുതുക്കിയ ഫീസിബിലിറ്റി റിപ്പോര്‍ട്ടില്‍ വ്യക്തമായി എഴുതിവച്ചിരിക്കുന്നു. തുറമുഖം ലാഭകരമാണെന്നും ലാഭവിഹിതം ലഭിക്കുമെന്നും നാല്‍പതാം വര്‍ഷം സര്‍ക്കാരിന് കൈമാറിക്കിട്ടുമെന്നുമുള്ള വാദത്തെതന്നെ ഖണ്ഡിക്കുന്നതാണ് ഈ സാക്ഷ്യം പറച്ചില്‍. (പകര്‍പ്പ് 1)


2. അദാനി ഗ്രൂപ്പുമായി നടത്തിയ ചര്‍ച്ചയില്‍ കരാര്‍ കാലാവധി 30 വര്‍ഷത്തില്‍നിന്ന് 40 വര്‍ഷമാക്കുകയല്ല ചെയ്തത്. അത് 80 വര്‍ഷം വരെ ആക്കാനുള്ള വരി എഴുതിച്ചേര്‍ക്കുകയാണ് ചെയ്തത്. പദ്ധതിയുടെ ആദ്യഘട്ടത്തിന് 40 വര്‍ഷം, രണ്ടാംഘട്ടം തുടങ്ങിയാല്‍ 20 വര്‍ഷം കൂടി പിന്നെ ഇരുകക്ഷികളും തീരുമാനിച്ച് മറ്റൊരു 20 വര്‍ഷം കൂടി എന്ന് കൃത്യമായി തിരുത്തിയിരിക്കുന്നു. (പകര്‍പ്പ് 2)


3. വിഴിഞ്ഞം പദ്ധതിയില്‍ അദാനി ഗ്രൂപ്പുമായുള്ള ചര്‍ച്ചയ്ക്കുശേഷം മാറ്റങ്ങള്‍ വരുത്തി എന്ന് സര്‍ക്കാര്‍ തന്നെ ഈ രേഖയിലൂടെ സമ്മതിക്കുന്നു. അടിസ്ഥാനപരമായ മാറ്റം ഇല്ല എന്ന് പറഞ്ഞുകൊണ്ടാണ് മാറ്റങ്ങള്‍ വരുത്തി എന്ന് സമ്മതിക്കുന്നത്.  2020-ന് മുമ്പ് താമസസ്ഥലങ്ങള്‍, ചില്ലറ വില്പനകേന്ദ്രങ്ങള്‍, വാണിജ്യമന്ദിരങ്ങള്‍, ഇടത്തരം ഹോട്ടലുകള്‍, ആഡംബര ഹോട്ടല്‍ എന്നിവ സ്ഥാപിക്കാനാണ് അദാനി ഗ്രൂപ്പ് പണം ചെലവഴിക്കുക എന്നും ഫീസിബിലിറ്റി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അവരുടെ പണം റിയല്‍ എസ്‌റ്റേറ്റിനാണ് എന്ന് അര്‍ത്ഥം. (പകര്‍പ്പ് 3)


4. വിഴിഞ്ഞത്ത് വരുന്ന കണ്ടെയ്‌നറുകള്‍ക്കും കപ്പലുകള്‍ക്കും നിരക്ക് നിശ്ചയിക്കാനും അത് ഈടാക്കാനുള്ള പൂര്‍ണമായ അധികാരം ഏറ്റെടുക്കുന്ന കമ്പനിക്കാണെന്നും റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ തിരുത്തി. മാത്രമല്ല, പുലിമുട്ട് നിര്‍മാണത്തിനും ഫിഷിങ് ഹാര്‍ബര്‍ നിര്‍മാണത്തിനുമുള്ള ചെലവുകൂടി സംസ്ഥാന സര്‍ക്കാര്‍ ഈ കരാര്‍ അനുസരിച്ച് ഏറ്റെടുക്കുകയും ചെയ്തു. (പകര്‍പ്പ് 4)


5. അടുത്തതാണ് ഏറ്റവും പ്രധാനപ്പെട്ട ഭേദഗതി. വിഴിഞ്ഞം പദ്ധതി വല്ലാര്‍പാടം പദ്ധതിക്ക് ഒരു തരത്തിലും ഭീഷണിയല്ലെന്നാണ് മുഖ്യമന്ത്രിയും തുറമുഖമന്ത്രിയും മറ്റു മന്ത്രിമാരും ആവര്‍ത്തിച്ചു പറഞ്ഞിരുന്നത് (അത് അങ്ങനെയല്ലെന്ന് ജനങ്ങള്‍ക്ക് അറിയാമായിരുന്നെങ്കിലും). സര്‍ക്കാര്‍ പറയുന്നതിനു വിരുദ്ധമായി റിപ്പോര്‍ട്ടില്‍ എഴുതിയിരിക്കുന്ന വാചകങ്ങള്‍. വല്ലാര്‍പാടത്തുനിന്നും കൊളംബോയില്‍നിന്നും ശക്തമായ മത്സരം ഉണ്ടാകുമെന്നും അതുകൊണ്ട് വല്ലാര്‍പാടത്തേയും മറ്റും കണ്ടെയ്‌നറുകള്‍ വിഴിഞ്ഞത്തേക്ക് ആകര്‍ഷിക്കുന്നതിനായി മത്സരാധിഷ്ഠിതമായ നിരക്കു നിശ്ചയിക്കണമെന്നും ഫീസിബിലിറ്റി റിപ്പോര്‍ട്ട്. (പകര്‍പ്പ് 5).

വിഴിഞ്ഞം
ആര്‍ക്കു വേണ്ടി?

രാഷ്ട്രീയകക്ഷിഭേദമില്ലാതെ രണ്ടു പതിറ്റാണ്ടായി വിഴിഞ്ഞം പദ്ധതി നടപ്പാക്കാന്‍ കേരളത്തിലെങ്ങും സമ്മര്‍ദം ഉണ്ടായിരുന്നു.  വികസനത്തിന്,  പ്രത്യേകിച്ച്, തെക്കന്‍ കേരളത്തിന്റെ വളര്‍ച്ചയ്ക്ക് പദ്ധതി ഗുണകരമാകും എന്നുതന്നെയായിരുന്നു പ്രതീക്ഷ. കേരളം ഏറെക്കുറെ ഒരേ സ്വരത്തിലാണ് ഇതിനായി വാദിച്ചതും. വികസന വിരുദ്ധര്‍ ആകുമോ എന്ന ഭയം മൂലം ആശങ്കകള്‍ ഉണ്ടായിരുന്നവര്‍ പോലും അതു മറച്ചുവച്ചു.

പക്ഷേ, ഇപ്പോള്‍ നടപ്പാക്കാന്‍ പോകുന്ന പദ്ധതി സംസ്ഥാനത്തിന് എന്തെങ്കിലും നേട്ടം കൊണ്ടുവരും എന്ന ഉറപ്പ് ഏണസ്റ്റ് ആന്റ് യങ് സംസ്ഥാനത്തിനുവേണ്ടി തയാറാക്കിയ റിപ്പോര്‍ട്ടില്‍ എങ്ങുമില്ല. വിഴിഞ്ഞം പദ്ധതിക്കായി ആദ്യ ടെന്‍ഡറില്‍ ഒരു കമ്പനിയും പങ്കെടുക്കാതിരുന്നതിന്റെയും പിന്നീട് അദാനി ഗ്രൂപ്പ് മാത്രം പങ്കെടുത്തതിന്റെയും യാഥാര്‍ത്ഥ്യം അവിടെയാണ് പുറത്തുവരുന്നത്.


ലാഭകരമല്ലാത്ത പദ്ധതിക്കുവേണ്ടി അദാനി ഗ്രൂപ്പ് രംഗത്ത് ഇറങ്ങിയത് അവര്‍ക്ക് നേട്ടമുണ്ടാക്കാവുന്ന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയതുകൊണ്ടു മാത്രമാണ് എന്ന് രേഖകള്‍ തെളിയിക്കുന്നു. അത് വ്യവസായത്തില്‍ ഒരു തെറ്റല്ല. ലാഭം ഇല്ലാത്ത വ്യവസായം നടത്താന്‍ ഇറങ്ങുന്നവരെ തടവില്‍ ഇടുകതന്നെ വേണം.

പക്ഷേ, സംസ്ഥാന സര്‍ക്കാര്‍ സംസ്ഥാനത്തിന് ഒരു നേട്ടവും ഇല്ലാത്ത പദ്ധതിക്ക് ഇറങ്ങിയത് എന്തിനാണ് എന്ന് ജനങ്ങളോട് ഇനിയും വ്യക്തമാക്കിയിട്ടില്ല. എന്താണ് നമ്മുടെ ലാഭം എന്ന് പ്രതിപക്ഷം തെളിച്ചു ചോദിച്ചതായും അറിവില്ല. കെ.വി. തോമസ് എം.പിയുടെ ഡല്‍ഹിയിലെ വസതിയില്‍ മുഖ്യമന്ത്രിയും മന്ത്രി കെ. ബാബുവും നടത്തിയ ആ ചര്‍ച്ചയിലൂടെ മാറ്റിമറിക്കപ്പെട്ടത് തുറമുഖപദ്ധതിതന്നെയാണ്. തുറമുഖം എന്നതില്‍നിന്ന് വാണിജ്യ, പാര്‍പ്പിട, ഹോട്ടല്‍ സമുച്ചയമാക്കി വിഴിഞ്ഞത്തെ മാറ്റി.


വളരെ വിചിത്രമാണ് രേഖകളില്‍ ഉണ്ടായ മാറ്റം. ഭൂമിയും ആസ്തിയും സംസ്ഥാന സര്‍ക്കാരിന്റെ ആയിരിക്കും എന്ന വരിക്കൊപ്പം മറ്റൊരു വരികൂടി ചേര്‍ത്തു. അത് ഇങ്ങനെ: ''നടത്തിപ്പുകാര്‍ക്ക് ഭൂമിയും കരാറും ഉല്പന്നങ്ങളും പണയംവച്ച് പണം കണ്ടെത്താം.' സംസ്ഥാന സര്‍ക്കാര്‍ പണം മുടക്കി വാങ്ങിയിട്ട ആസ്തി പണയം വച്ച് കിട്ടുന്ന തുകകൊണ്ട് ഹോട്ടലുകളും റിയല്‍ എസ്‌റ്റേറ്റും നിര്‍മിച്ച് ലാഭം നേടാനുള്ള അവസരമാണ് കരാറുകാര്‍ക്കു നല്‍കുന്നത് എന്ന് അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം എഴുതിവച്ചിരിക്കുന്നു. (പകര്‍പ്പ് 6) 

ഈ സാഹചര്യത്തില്‍ രണ്ടു കാര്യങ്ങള്‍ക്കാണ് സര്‍ക്കാറില്‍നിന്ന് ഉത്തരം ലഭിക്കേണ്ടത്. 
1. ഒരു വികസന പദ്ധതി നടപ്പാക്കി എന്നു വരുത്തിത്തീര്‍ക്കാന്‍ മാത്രമാണോ ഈ കരാര്‍? 
2. അല്ലെങ്കില്‍ ഈ പദ്ധതി പുതുക്കിയ രൂപത്തില്‍ നടപ്പാക്കുന്നത്‌കൊണ്ട് ആര്‍ക്ക് എന്തു നേട്ടമാണ് ഉണ്ടാകുന്നത്? 

കേരളം കൊടുക്കുന്ന
പണം

വിഴിഞ്ഞം പദ്ധതി നടപ്പാക്കാനായി കേരളം മുടക്കുന്ന പണം 5071 കോടി രൂപയാണെന്ന കണക്ക് ഇതിനകം പുറത്തുവന്നു കഴിഞ്ഞതാണ്. ആകെ ചെലവാകുന്ന 7525 കോടി രൂപയില്‍ 2461 കോടി രൂപ മാത്രമാണ് അദാനി ഗ്രൂപ്പിന് ഉള്ള മുതല്‍മുടക്ക് എന്നും വ്യക്തമാക്കപ്പെട്ടതാണ്. ഇനി അദാനി ഗ്രൂപ്പിന്റെ 2,461 കോടി എന്ന കണക്കില്‍ എത്തിയത് എങ്ങനെ എന്ന് അറിയുമ്പോഴാണ് വളരെ വിചിത്രമായ ചില ഗൂഢാലോചനകള്‍ മണക്കുന്നത്.

തുറമുഖ അനുബന്ധ സൗകര്യങ്ങളുടെ വികസനത്തിനുള്ള ചെലവ് 3,360 കോടി രൂപ. ഇതാണ് അദാനി ഗ്രൂപ്പ് വികസിപ്പിക്കുന്നത്. എന്നാല്‍, അതിനുള്ള മുഴുവന്‍ പണവും അവര്‍ മുടക്കാന്‍ തയാറായില്ല. 3,360 കോടി രൂപയുടെ വികസന പ്രവര്‍ത്തനത്തിന് 73.3 ശതമാനമാണ് പരമാവധി വായ്പ ലഭിക്കുക. അതായത് 2,646 കോടി രൂപ. ഒരു രൂപപോലും കയ്യില്‍നിന്നു മുടക്കാതെ 7,525 കോടി രൂപയുടെ ആസ്തി കരാറുകാര്‍ കയ്യാളും എന്ന് അര്‍ത്ഥം.

കുറഞ്ഞത് 40 വര്‍ഷത്തേക്ക്, ചിലപ്പോള്‍ 80 വര്‍ഷത്തേക്ക്. രാജ്യത്തെ ഇത്തരം പദ്ധതികളുടെ സ്വഭാവം പരിശോധിച്ചാല്‍ അത് അനിശ്ചിത കാലത്തേക്ക് എന്നുതന്നെയാണ് അര്‍ത്ഥം.


4,089 കോടി രൂപ പദ്ധതിക്കും 3,360 കോടി രൂപ പോര്‍ട്ട് എസ്‌റ്റേറ്റ് വികസനത്തിനും ചെലവഴിക്കുന്ന പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ മുടക്കുന്ന 5,071 കോടി രൂപയുടെ അവസ്ഥയാണ് അടുത്ത ചര്‍ച്ചാവിഷയം. വിഴിഞ്ഞം പദ്ധതിക്കായി സര്‍ക്കാര്‍ മുടക്കുന്ന 5,071 കോടി രൂപയ്ക്ക് പത്തു ശതമാനം നിരക്കില്‍ കണക്കാക്കിയാലും 40 വര്‍ഷത്തേക്കു വരുന്ന പലിശ നോക്കാം. 2.24 ലക്ഷം കോടി രൂപ. 5,071 കോടി രൂപ പലിശയ്ക്ക് എടുക്കേണ്ടിവന്നാല്‍ സര്‍ക്കാരിനു വരുന്ന ചെലവാണ് ഇത്.

40 വര്‍ഷം കഴിഞ്ഞ് കൈവരും എന്നു കരുതുന്ന പദ്ധതിക്കായി സര്‍ക്കാരിന്റെ യഥാര്‍ത്ഥ മുടക്കുമുതലും ഇതാണ്. കൃത്യമായി പറഞ്ഞാല്‍ 5,079 കോടി രൂപ നാല്‍പതാം വര്‍ഷം പലിശ ഉള്‍പ്പെടെ 2,29,509.68 കോടി രൂപയായി വര്‍ധിക്കും. 

സര്‍ക്കാര്‍ പറഞ്ഞത് രേഖകളിലുള്ളത്
കാലാവധി 4080 വര്‍ഷം വരെയാക്കാന്‍ നിബന്ധന 
നിരക്ക് സര്‍ക്കാര്‍ നിശ്ചയിക്കുംനിരക്ക് കരാറുകാരന്‍ തീരുമാനിക്കും
തുറമുഖ പദ്ധതി ലാഭകരംപദ്ധതി ഒട്ടും ലാഭകരമല്ല
പോര്‍ട്ട് എസ്‌റ്റേറ്റ് അനുബന്ധജോലിപോര്‍ട്ട് എസ്‌റ്റേറ്റില്‍നിന്ന് വരുമാനം
വല്ലാര്‍പാടത്തെ ബാധിക്കില്ല വല്ലാര്‍പാടവുമായി മത്സരിക്കണം

ഇനി സംസ്ഥാന സര്‍ക്കാര്‍ ഈ പണമെല്ലാം മുടക്കിയശേഷം മാത്രമേ അദാനി ഗ്രൂപ്പിന്റെ നിക്ഷേപം ആരംഭിക്കുന്നുള്ളുവെന്നതാണ് അടുത്ത കാര്യം. 2018 വരെ ചെലവ് കൂടുതല്‍ സംസ്ഥാന സര്‍ക്കാരിനാണ്. 2015-ല്‍ സ്ഥലം ഏറ്റെടുക്കലും 2018 വരെയുള്ള കാലത്ത് കപ്പല്‍ച്ചാലിന് ആഴംകൂട്ടല്‍, യാഡ് നിര്‍മാണം തുടങ്ങിയവയും പൂര്‍ത്തിയാക്കിയാല്‍ 2018 മുതലാണ് പോര്‍ട്ട് എസ്‌റ്റേറ്റ് വികസനമായി പാര്‍പ്പിട സമുച്ചയം, വ്യാപാര സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍ എന്നിവയുടെ നിര്‍മാണം തുടങ്ങുന്നത്. 2020-ല്‍ ഇവ പൂര്‍ത്തിയാക്കിയാല്‍ മതി.


ഇത് സാധാരണ പദ്ധതി പ്രവര്‍ത്തനങ്ങളില്‍നിന്നു വ്യത്യസ്തമായ രീതിയാണ്. സാധാരണ സര്‍ക്കാര്‍ നല്‍കുന്ന വി.ജി.എഫ്. എന്ന ധനസഹായം പദ്ധതിയുടെ ഒരു ഘട്ടം പൂര്‍ത്തിയായിക്കഴിയുമ്പോള്‍ അതിന്റെ വിടവു നികത്താന്‍ കരാറുകാര്‍ക്കു നല്‍കുകയാണ് ചെയ്യുന്നത്. പദ്ധതി പാതിവഴിയില്‍ അവര്‍ ഉപേക്ഷിക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ഇവിടെ സര്‍ക്കാര്‍ മുതല്‍മുടക്കെല്ലാം ആദ്യംതന്നെ വേണ്ടിവരുന്നു എന്നതാണ് പോരായ്മ. 

കണ്ടെയ്‌നര്‍ വരവിലെ
തട്ടിപ്പ്

വിഴിഞ്ഞം പദ്ധതിയുടെ കണ്ടെയ്‌നര്‍ കൈകാര്യം ചെയ്യല്‍ ശേഷി 2030-ല്‍ 12.5 ലക്ഷം ടി.ഇ.യു. (ട്വന്റി ഇക്വലന്റ് യൂണിറ്റ്-20 അടി നീളമുള്ള കണ്ടെയ്‌നര്‍) ആണെന്ന് ഫീസിബിലിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് 2053 വരെ മാറ്റമില്ലാതെ തുടരുമെന്നും റിപ്പോര്‍ട്ടിലുണ്ട്. കൊച്ചിയില്‍ പൂര്‍ത്തിയാക്കിയ വല്ലാര്‍പാടം പദ്ധതിയുടെ കണക്കുകള്‍ ഈ പശ്ചാത്തലത്തിലാണ് നിര്‍ണായകമാകുന്നത്.

പത്തു ലക്ഷം കണ്ടെയ്‌നര്‍ കൈകാര്യം ചെയ്യുന്നതിനുള്ള ശേഷി ഉള്ള വല്ലാര്‍പാടത്ത് 3.68 ലക്ഷം കണ്ടെയ്‌നര്‍ മാത്രമാണ് വന്നത്. അത്രയും കണ്ടെയ്‌നര്‍ കൊച്ചി തുറമുഖ ട്രസ്റ്റിനു കീഴിലുള്ള രാജീവ് ഗാന്ധി കണ്ടെയ്‌നര്‍ ടെര്‍മിനലില്‍ എട്ടുവര്‍ഷം മുന്‍പ് കൈകാര്യം ചെയ്തിട്ടുണ്ട്. അവിടെ നിന്ന് പുതിയ സൗകര്യം ഒരുക്കി വല്ലാര്‍പാടത്തേക്കു മാറി ഇത്രവര്‍ഷമായിട്ടും ഒന്നും കൂടിയില്ല. മാത്രമല്ല, കരാര്‍ അനുസരിച്ച് 2014-ല്‍ ദുബായ് പോര്‍ട്‌സ് കണ്ടെയ്‌നര്‍ കൈകാര്യം ചെയ്യാനുള്ള ശേഷി 30 ലക്ഷമായി വര്‍ധിപ്പിക്കേണ്ടത് ആയിരുന്നു. അടുത്തഘട്ടത്തില്‍ 55 ലക്ഷം കണ്ടെയ്‌നര്‍ കൈകാര്യം ചെയ്യാനും സൗകര്യം ഒരുക്കണം.

വല്ലാര്‍പാടം കണ്ടിട്ടുള്ളവര്‍ക്ക് അറിയാം ഇതൊന്നും ഈ നൂറ്റാണ്ടില്‍ കൊച്ചിയില്‍ സംഭവിക്കാന്‍ പോകുന്നില്ലെന്ന്. ഈ കാലത്തിനിടയ്ക്ക് മദര്‍ഷിപ്പ് എന്നു വിളിക്കാവുന്ന രണ്ടു കപ്പലുകളാണ് വല്ലാര്‍പാടത്ത് എത്തിയത്. പിന്നെ വന്നത് എല്ലാം ഇടത്തരം കപ്പലുകള്‍. ഈ കണക്കുകളെല്ലാം വച്ച് വല്ലാര്‍പാടം വിഴിഞ്ഞത്തിനു നല്‍കുന്ന മുന്നറിയിപ്പാണ് അത്. ഈ സാഹചര്യത്തില്‍ വേണം വിഴിഞ്ഞംകാരേയും വല്ലാര്‍പാടംകാരേയും ഒരുപോലെ സുഖിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രസ്താവനയെ കാണേണ്ടത്. വിഴിഞ്ഞം പദ്ധതി വല്ലാര്‍പാടത്തെ ഒരു തരത്തിലും ബാധിക്കില്ലെന്ന് ആവര്‍ത്തിക്കുന്നത് എന്തിനു വേണ്ടിയാകണം.

ആ പറയുന്നത് സത്യമല്ലെന്ന് ഫീസിബിലിറ്റി റിപ്പോര്‍ട്ടില്‍തന്നെ എഴുതിവച്ചിട്ടുണ്ട്. വല്ലാര്‍പാടം ഉള്‍പ്പെടെയുള്ള തുറമുഖങ്ങളിലെ കണ്ടെയ്‌നര്‍ വിഴിഞ്ഞത്തേക്ക് ആകര്‍ഷിക്കണം. അതിനായി വിഴിഞ്ഞത്ത് 35 ശതമാനം നിരക്ക് വല്ലാര്‍പാടത്തേക്കാള്‍ കുറയ്ക്കണം.  വിഴിഞ്ഞം എന്ന സ്വാഭാവിക തുറമുഖത്തേക്ക് സ്വാഭാവികമായി കണ്ടെയ്‌നറുകള്‍ വരില്ല എന്നാണ് ആ വാചകത്തിന്റെ അര്‍ത്ഥം. കൊച്ചി തുറമുഖം ക്ഷീണിക്കാതെ അതു സാധ്യമാകില്ല.

ആയിരക്കണക്കിനു കോടി രൂപ മുടക്കി സ്ഥാപിച്ച കൊച്ചി തുറമുഖത്തിനൊപ്പം വിഴിഞ്ഞവും വലിയൊരു ബാധ്യതയാകില്ല എന്ന് അനുമാനിക്കാനുള്ള ഒന്നും ഏണസ്റ്റ് ആന്റ് യങ് തയാറാക്കിയ റിപ്പോര്‍ട്ടില്‍ ഇല്ല. 
വിഴിഞ്ഞത്തെ നിരക്കു നിശ്ചയിക്കുന്നതിനുള്ള പൂര്‍ണ അവകാശം കരാറുകാര്‍ക്ക് ആകുമെന്നു പറയുന്ന രേഖ മറ്റൊന്നുകൂടി പറയുന്നു. ഇങ്ങനെ തയാറാക്കുന്ന കണക്ക് സംസ്ഥാന സര്‍ക്കാരിന് നല്‍കുന്നതിനൊപ്പം മൊത്തവില സൂചികയിലെ മാറ്റത്തിന് അനുസരിച്ച് നിരക്കു വര്‍ധിപ്പിക്കാനും കമ്പനിക്ക് അവകാശം ഉണ്ടാകുമെന്ന്.

സര്‍ക്കാര്‍ പണം 
മുടക്കിയാലും ലാഭമില്ല 

സംസ്ഥാന സര്‍ക്കാര്‍ പണം മുടക്കിയാലും പദ്ധതി ലാഭത്തിലെത്തില്ലെന്ന് വയബിലിറ്റി റിപ്പോര്‍ട്ട് എടുത്ത് പറയുന്നുണ്ട്. 'പദ്ധതി ഒരു കാരണവശാലും ലാഭകരമല്ല. വി.ജി.എഫ്. (വയബിലിറ്റി ഗ്യാപ് ഫണ്ടിങ് അഥവാ നഷ്ടം നികത്തല്‍ പണം) എന്ന പേരില്‍ പണം നല്‍കിയാലും ലാഭത്തിലാകില്ല. അതുകൊണ്ടാണ് പോര്‍ട്ട് എസ്‌റ്റേറ്റ് വികസിപ്പിച്ച് പണം കണ്ടെത്തേണ്ടത്.' പദ്ധതി നടപ്പാക്കി പതിനഞ്ചാം വര്‍ഷം  വരുമാനത്തിന്റെ ഒരു ശതമാനമാണ് സര്‍ക്കാരിന് വാഗ്ദാനം ചെയ്യുന്നത്.

അതായത് 2027-ല്‍ 640 കോടി രൂപയുടെ വരുമാനം ഉണ്ടാവുകയും 140 കോടി ലാഭത്തിലെത്തുകയും ചെയ്താല്‍ സംസ്ഥാന സര്‍ക്കാരിന് അതിന്റെ ഒരു ശതമാനം ലഭിക്കും. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഓരോ ശതമാനം വീതം അധികം തുകയും ലഭിക്കും. ഇനി 640 കോടി രൂപയുടെ വരുമാനത്തിലേക്ക് എത്തണമെങ്കില്‍ പന്ത്രണ്ടര ലക്ഷം കണ്ടെയ്‌നര്‍ കൈകാര്യം ചെയ്യാന്‍ ലഭിക്കണം. അവിടെയാണ് വല്ലാര്‍പാടത്തിന്റെയും സ്ഥിരപ്രതിഷ്ഠരായ കൊളംബോയുടേയും കണക്കുകള്‍ പ്രസക്തമാകുന്നത്.

മൂന്നര ലക്ഷത്തിലും നാലര ലക്ഷത്തിനുമിടയില്‍ മാത്രം കൈകാര്യം ചെയ്ത് വല്ലാര്‍പാടം നില്‍ക്കുന്നു. 41 ലക്ഷം കണ്ടെയ്‌നര്‍ കൈകാര്യം ചെയ്യാന്‍ ഇപ്പോള്‍തന്നെ ശേഷിയുള്ള കൊളംബോയോടാണ് 2053-ല്‍ 12.5 ലക്ഷം കണ്ടെയ്‌നര്‍ മാത്രം കൈകാര്യം ചെയ്യാന്‍ പോകുന്ന വിഴിഞ്ഞം മത്സരിക്കുമെന്ന് പ്രഖ്യാപിക്കുന്നത്. ഈ തുറമുഖം ഏറ്റെടുക്കുന്ന അദാനിക്കുതന്നെ ഇന്ത്യയില്‍ ആറു തുറമുഖങ്ങള്‍ സ്വന്തമായുണ്ട്. ഇന്ത്യയിലെ ആ തുറമുഖങ്ങളിലെ കണ്ടെയ്‌നറുകള്‍ വിഴിഞ്ഞത്തേക്ക് വരാതിരിക്കാന്‍ കൂടിയുള്ള അദാനി ഗ്രൂപ്പിന്റെ മുന്‍കരുതലായി വേണം വിഴിഞ്ഞത്തുള്ള താല്പര്യത്തെ കാണാന്‍.

കാരണം റിയല്‍ എസ്‌റ്റേറ്റ് പദ്ധതിയായി വിഴിഞ്ഞം വികസിപ്പിച്ചാല്‍ ഇന്ത്യയിലെ മറ്റ് തുറമുഖങ്ങള്‍ക്ക് ഭീഷണി ഉണ്ടാകില്ലെന്ന കണക്കു കൂട്ടല്‍. മാത്രവുമല്ല, വിഴിഞ്ഞത്ത് അദാനി ഗ്രൂപ്പ് വികസിപ്പിക്കാന്‍ പോകുന്ന ടൂറിസം വാണിജ്യ സംവിധാനങ്ങള്‍ എത്രമാത്രം ലാഭകരമാകും എന്ന സംശയവും ഫീസിബിലിറ്റി റിപ്പോര്‍ട്ട് നല്‍കുന്നുണ്ട്. തിരുവനന്തപുരം നഗരത്തിലേക്കു നിലവിലുള്ളതിന്റെ പത്തിരട്ടിയെങ്കിലും ടൂറിസ്റ്റുകള്‍ കൂടുതലായി ഒഴുകേണ്ടിവരും.

മദ്യനിരോധനം ഉള്‍പ്പെടെ നടപ്പാക്കി ടൂറിസം ആകെ തകര്‍ന്നുനില്‍ക്കുന്ന സമയമാണ്. തിരുവനന്തപുരത്ത് നിലവിലുള്ള ടൂറിസം പദ്ധതികള്‍ തന്നെ നഷ്ടത്തില്‍. ഈ സാഹചര്യത്തില്‍ തിരുവനന്തപുരത്ത് എങ്ങനെ കൂടുതല്‍ വരുമാനം ഉണ്ടാകും എന്നാണ് ചോദ്യം. നിലവില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 24,885 കോടി രൂപയായിരുന്നു  സംസ്ഥാനത്തിന്റെ ടൂറിസം വരുമാനം.

ഇതില്‍ എണ്ണായിരം കോടി രൂപയും വരുന്നത് തിരുവനന്തപുരം മേഖലയില്‍നിന്നാണ്. അതില്‍ അയ്യായിരം കോടി രൂപ വരുന്നത് വിഴിഞ്ഞം മുതല്‍ അമ്പലത്തുറ വരെയുള്ള ഭാഗത്തെ റിസോര്‍ട്ടുകളില്‍നിന്നാണെന്നാണ് ഔദ്യോഗിക കണക്ക്. ഈ മേഖലയിലെ ആ വരുമാനം നിലയ്ക്കുക കൂടി ചെയ്യുമ്പോള്‍ സംസ്ഥാനത്തിന് ഉണ്ടാകുന്ന നഷ്ടവും ഈ കണക്കിനോട് ചേര്‍ത്ത് വായിക്കേണ്ടിവരും.

ഇത്രയും വിവരങ്ങളുടെ പശ്ചാത്തലത്തില്‍ നില്‍ക്കുമ്പോഴാണ് കഴിഞ്ഞമാസം ആ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. വിഴിഞ്ഞം പദ്ധതിയുടെ പഴയ കണ്‍സള്‍ട്ടന്റായ കംപ്‌ളയിന്റസ് അഡൈ്വസര്‍ ഓംബുഡ്‌സ്മാന്റെ റിപ്പോര്‍ട്ട്. ലോകബാങ്കിന് നല്‍കിയതാണ് ആ റിപ്പോര്‍ട്ട്. 
മൂന്നു പരാതികളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് നല്‍കിയത് എന്നാണ് കംപ്‌ളയിന്റ്‌സ് അഡൈ്വസര്‍ ഓംബുഡ്‌സ്മാന്‍ വിശദീകരിക്കുന്നത്.

സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍, മുള്ളൂര്‍ നിവാസികള്‍, കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ എന്നിവയാണ് പരാതി നല്‍കിയത്. ഈ പരാതികളുടെ അടിസ്ഥാനത്തില്‍ നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ട് ഗുരുതരമായ പ്രശ്‌നങ്ങള്‍ പദ്ധതിക്കുണ്ട് എന്നുതന്നെയാണ്. 
സര്‍ക്കാര്‍ തന്നെ വ്യക്തമാക്കുന്നത് വിഴിഞ്ഞത്ത് റിയല്‍ എസ്‌റ്റേറ്റ് താല്പര്യം 4,000 കോടി രൂപയുടേത് ആണെന്നാണ്. ഇവിടെ ഇപ്പോള്‍ ഭൂമിയുടെ വിപണി വില സെന്റിന് 20 ലക്ഷം രൂപ വരെയാണ്. സെന്റിന് 10 മുതല്‍ 12 ലക്ഷം രൂപ വരെ മാത്രം നല്‍കിയാണ് സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുന്നത്. അപ്പോള്‍ 4,000 കോടി രൂപ മുടക്കി അദാനി ഗ്രൂപ്പിന് കൈമാറുന്നത് കുറഞ്ഞത് 6,000 കോടി രൂപ വിലയുള്ള ആസ്തിയാണ്. 


തീര്‍ത്തും ലാഭകരമല്ലെന്ന് ഏണസ്റ്റ് ആന്റ് യങ് എഴുതിയ റിപ്പോര്‍ട്ടില്‍ ലാഭകരമാക്കാന്‍വേണ്ടി നടത്തിയ തിരുത്തലുകളിലും പുറമെ നിന്നുള്ള സമ്മര്‍ദ സൂചികകളുണ്ട്. പദ്ധതി പണത്തിന്റെ 60 ശതമാനം വി.ജി.എഫ്. ആയി നല്‍കുകയും വല്ലാര്‍പാടം കൊളംബോ തുറമുഖങ്ങളേക്കാള്‍ 35 ശതമാനം നിരക്ക് കുറച്ച് ഈടാക്കുകയും ചെയ്താല്‍ പദ്ധതി ലാഭത്തിലെത്തും എന്നാണ് തിരുത്തിയിരിക്കുന്നത്. ഈ തിരുത്തല്‍ അനുസരിച്ചാണ് 2027-ല്‍ ലാഭവിഹിതം കിട്ടും എന്ന കണക്ക് രൂപപ്പെടുത്തിയിരിക്കുന്നത്.

ആ കണക്കില്‍ തന്നെ വലിയൊരു സത്യവിരുദ്ധതയുണ്ട്. ഒരു പി.പി.പി. പദ്ധതിയുടേയും 40 ശതമാനത്തില്‍ കൂടിയ തുക വി.ജി.എഫ്. ആയി മുടക്കാന്‍ ഇന്ത്യയില്‍ അനുവാദമില്ല.  വികസിത രാജ്യങ്ങളില്‍ ഇത് 20 ശതമാനം മാത്രവുമാണ്. ഈ നിയമത്തെ മറികടക്കാന്‍ ആണ് പോര്‍ട്ട് എസ്‌റ്റേറ്റ് വികസനം എന്ന പേരില്‍ ഹോട്ടല്‍ സമുച്ചയവും പാര്‍പ്പിട സമുച്ചയവും പണിത് വരുമാനം കണ്ടെത്താന്‍ നിശ്ചയിച്ചിരിക്കുന്നത്.

ഇവയെല്ലാം പണിത് വരുമാനം വര്‍ധിച്ചാലും സര്‍ക്കാര്‍ വി.ജി.എഫ്. ആയി 40.7 ശതമാനം പണം മുടക്കണം. ഒരു കണക്കു പുസ്തകത്തിലും സൂത്രവാക്യം കണ്ടെത്താന്‍ കഴിയാത്ത ഉത്തരമാണ് സര്‍ക്കാര്‍ എഴുതിവച്ചിരിക്കുന്നത്. വിഴിഞ്ഞം=ലാഭകരം എന്ന ഉത്തരം, എങ്ങനെ ഈ ഉത്തരത്തില്‍ എത്തി എന്നു ചോദിക്കുന്നവരെയെല്ലാം വികസന വിരുദ്ധര്‍ ആക്കുന്നതിനാല്‍ പ്രതിപക്ഷത്തിനുപോലും ഈ സൂത്രവാക്യത്തില്‍ സംശയമില്ല.

വിഴിഞ്ഞം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

1. വിഴിഞ്ഞം പദ്ധതി പ്രദേശത്തേക്ക് 12.5 ലക്ഷം കണ്ടെയ്‌നര്‍ എത്തുമെന്ന് ഏതു കണക്കിന്റെ അടിസ്ഥാനത്തിലാണ്നിഗമനത്തില്‍ എത്തിയത്?


 2. വല്ലാര്‍പാടത്ത് 10 ലക്ഷം കണ്ടെയ്‌നര്‍ കൈകാര്യം ചെയ്യാന്‍ ശേഷിയുണ്ടായിട്ട് അവിടെ നാലു ലക്ഷം പോലും എത്താത്തത് സംസ്ഥാന സര്‍ക്കാരിനെ ബാധിക്കേണ്ട വിഷയമല്ലേ? ഇതേക്കുറിച്ച് എന്ത് അന്വേഷണം നടത്തി?


    3. വിഴിഞ്ഞം പദ്ധതി ലാഭകരമല്ല എന്ന റിപ്പോര്‍ട്ടില്‍ അനുബന്ധ ഭാഗങ്ങള്‍ എഴുതിച്ചേര്‍ത്തത് അദാനി ഗ്രൂപ്പുമായുള്ള ചര്‍ച്ചയ്ക്കുശേഷമല്ലേ?


    4. പദ്ധതിച്ചെലവിന്റെ 60 ശതമാനത്തില്‍ കൂടുതല്‍ സര്‍ക്കാര്‍ മുടക്കുന്ന സ്വകാര്യ പദ്ധതി ഇന്ത്യയില്‍ ഇതിനു മുന്‍പ് നടപ്പായിട്ടുണ്ടോ? ഉണ്ടെങ്കില്‍ അത് ഏതാണ്?


   5.  പദ്ധതിയുടെ യഥാര്‍ത്ഥ കരാര്‍ കാലാവധി 80 വര്‍ഷമല്ലേ?
    പദ്ധതി ലാഭകരമാക്കാന്‍ നടത്തിപ്പുകാരന്‍ ശ്രമിക്കണം എന്ന ഒരു നിബന്ധനപോലും എഴുതിച്ചേര്‍ക്കാത്തത് എന്തുകൊണ്ട്?

6. ലാഭകരമായില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരിന് എന്തു നടപടി സ്വീകരിക്കാന്‍ കഴിയും?


    7. തുറമുഖ പദ്ധതിക്ക് പ്രവര്‍ത്തന ലാഭം ഇല്ലാതെ തന്നെ കാരാറുകാര്‍ക്ക് മുടക്കുമുതല്‍ തിരികെ കിട്ടുന്ന വിധത്തിലല്ല ചട്ടങ്ങള്‍ മാറ്റിയെഴുതിയത്?  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com