ചട്ടങ്ങള്‍ പാലിച്ച് ജോലി ചെയ്തിട്ടും വിജിലന്‍സ് കേസുകളില്‍ കുരുക്കുന്നു: ബിജു പ്രഭാകര്‍ ഐഎഎസ്; ദീര്‍ഘകാല അവധിക്ക് അപേക്ഷ നല്‍കി 

സര്‍വ്വീസ് മടുത്തെന്നും തീരുമാനമെടുക്കില്ല എന്ന തീരുമാനിച്ച ഉദ്യോഗസ്ഥരുടെ നാട്ടില്‍ താനും ആവഴിക്ക് പോകുന്നതാണ് നല്ലതെന്ന് തോന്നുന്നുവെന്നും ബിജു പ്രഭാകര്‍ 
ചട്ടങ്ങള്‍ പാലിച്ച് ജോലി ചെയ്തിട്ടും വിജിലന്‍സ് കേസുകളില്‍ കുരുക്കുന്നു: ബിജു പ്രഭാകര്‍ ഐഎഎസ്; ദീര്‍ഘകാല അവധിക്ക് അപേക്ഷ നല്‍കി 

തിരുവനന്തപുരം: ചട്ടങ്ങള്‍ പാലിച്ച് ജോലി ചെയ്തിട്ടും വിജിലന്‍സ് കേസുകളില്‍ കുരുക്കുകയാണ് എന്ന ആരോപണവുമായി കൃഷിവകുപ്പ ഡയറക്ടര്‍ ബിജു പ്രഭാകര്‍ ഐഎഎസ്. ദീര്‍ഘകാല അവധിക്കായുള്ള അപേക്ഷയിലാണ് ബിജു പ്രഭാകര്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്. 
ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്റെ പരിശീലന പരിപാടിയില്‍ വിദേശ വിദഗ്ധനെ പങ്കെടുപ്പിച്ചതുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജു നാരയണ സ്വാമിയുമായി നിലനില്‍ക്കുന്ന അഭിപ്രായ വ്യത്യാസങ്ങളാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്നും അവധിയില്‍ പ്രവേശിക്കാനുള്ള തീരുമാനത്തിന് പിന്നിലെന്നും സൂചനയുണ്ട്.കൃഷി മന്ത്രി വിഎസ് സുനില്‍കുമാറിനാണ് ബിജു പ്രഭാകര്‍ അവധി അപേക്ഷ നല്‍കിയിരിക്കുന്നത്. 

സര്‍വ്വീസ് മടുത്തെന്നും തീരുമാനമെടുക്കില്ല എന്ന തീരുമാനിച്ച ഉദ്യോഗസ്ഥരുടെ നാട്ടില്‍ താനും ആവഴിക്ക് പോകുന്നതാണ് നല്ലതെന്ന് തോന്നുന്നുവെന്നും ഇനി പെന്‍ഷന്‍ ഒരു പൈസ കുറയാതെ എങ്ങനെ ബാക്കി സര്‍വീസ് പൂര്‍ത്തിയാക്കാം എന്ന് സര്‍വീസിലെ വിദഗ്ധരോട് ചോദിച്ചു മനസ്സിലാക്കാന്‍ ശ്രമിക്കാം എന്നും ബിജു പ്രഭാകര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ  തുറന്നടിച്ചു. 

ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ ഹൈ ഡെന്‍സിറ്റി ഫാമിങ് പരിപാടിയുമായി ബന്ധപ്പെട്ട് ഇസ്രയേലില്‍ നിന്നുള്ള ക്ലിഫ്‌ലവ് എന്നയാളെ പങ്കെടുപ്പിച്ചതിന്റെ ഫയല്‍ ബിജു പ്രഭാകറിനോട് പ്രിന്‍സിപ്പല്‍ സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു. സദുദ്ദേശത്തോടെ ചെയ്ത കാര്യത്തില്‍ വീണ്ടും പഴികേള്‍ക്കേണ്ടി വരുമെന്നു ചൂണ്ടിക്കാട്ടിയാണ് ബിജു പ്രഭാകര്‍ കൃഷി മന്ത്രി വി എസ് സുനില്‍ കുമാറിന് അവധി അപേക്ഷ നല്‍കിയിരിക്കുന്നത്. പാറ്റൂര്‍ ഭൂമി വിവാദം, മുക്കുന്നിമല ഭൂമി തിരിച്ചു പിടിക്കല്‍ കേസുകളില്‍ തനിക്കു നേരിട്ടു പങ്കിലാതിരുന്നിട്ടും പ്രതിയാക്കപ്പെട്ടതിനെ കുറിച്ചും കഴിഞ്ഞ ദിവസത്തെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ബിജു പ്രഭാകര്‍ പറഞ്ഞു.

ബിജു പ്രഭാകറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;
 

പാറ്റൂര്‍ ഭൂമി വിവാദത്തെക്കുറിച്ചു വിജിലന്‍സ് ബഹു ഹൈകോടതിക്കു കൊടുത്ത റിപ്പോര്‍ട്ടിനെ കുറിച്ച് ഇന്നത്തെ മാതൃഭൂമിയില്‍ വന്ന റിപ്പോര്‍ട്ട് ആണ് ഇത്. നാലംഗ സമിതിയുടെ റിപ്പോര്‍ട്ടില്‍ ജില്ലാ കളക്ടര്‍ എന്ന നിലയില്‍ ഞാന്‍ ഒപ്പിടുന്നതിനോട് ഒപ്പം എഴുതിയ റിമാര്‍ക്‌സ് ആണ് ഇത്. എന്റെ പേര് പരാമര്‍ശിച്ചിട്ടില്ല. പൈപ്പ് മാറ്റിയിടാന്‍ സ്‌കെച്ച് സഹിതം സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്ത കളക്ടര്‍ പ്രതിയുമല്ല.പക്ഷെ റിപ്പോര്‍ട്ട് കൊടുത്ത സമിതിയിലെ ലാന്‍ഡ് revenue കമ്മിഷണര്‍ , സര്‍വ്വേ ഡയറക്ടര്‍ ,ജില്ലാ കളക്ടര്‍ എന്നിവരില്‍ നിന്നും എന്നെ മാത്രം തിരഞ്ഞു പിടിച്ചു ലോകായുക്തയില്‍ പ്രതി പട്ടികയില്‍ ചേര്‍ത്തപ്പോള്‍ ആരും അതിന്റെ യുക്തിയെ കുറിച്ച് അന്വേഷിച്ചില്ല. 2014 ഏപ്രില്‍ മാസത്തെ ലോക്‌സഭാ ഇലക്ഷന് തൊട്ടുമുന്‍പ് ഞങ്ങള്‍ മൂന്ന് പേരും ചേര്‍ന്ന് ഉണ്ടാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്ന പ്രധാന കാര്യങ്ങള്‍, 1. തോട്ടിന്റെ കരയില്‍ ഏകദേശം 13 സെന്റ് സ്ഥലം കൈയേറിയിട്ടുണ്ട് എന്ന് കാണുന്നു.2. പോക്കുവരവ് ചെയ്യുമ്പോള്‍ സബ് ഡിവിഷന്‍ സ്‌കെച്ച് ഉണ്ടാക്കിയിരുന്നെങ്കില്‍ കൂടുതല്‍ ഭൂമി കൈയേറിയോ എന്ന് അറിയാമായിരുന്നു .അങ്ങനെ ചെയ്തിട്ടില്ലാത്ത സാഹചര്യത്തില്‍ തഹസില്‍ദാര്‍ക്ക് അതിനു വേണ്ട നിര്‍ദേശം കൊടുക്കണം. ഈ റിപ്പോര്‍ട്ടിന്റെ താഴെയാണ് വാട്ടര്‍ അതോറിറ്റിയുടെ എംഡിയുടെ അംഗീകാരം വാങ്ങാതെ റിപ്പോര്‍ട്ട് അംഗീകരിക്കരുത് എന്ന് ഞാന്‍ ഒപ്പിടും മുന്‍പ് സ്വന്തം കൈയക്ഷരത്തിലാണ് എഴുതിയത്. എന്നെ തിരഞ്ഞു പിടിച്ചു പ്രതിയാക്കി. ഹൈക്കോടതിയില്‍ പോയി ഇതിനു എതിരെ സ്‌റ്റേ വാങ്ങിയ വകയില്‍ ചെലവായതു എന്റെ ശമ്പളത്തില്‍ നിന്നുമുള്ള തുകയാണ്.

2012 ഇല്‍ ആണ് മുക്കുന്നിമലയിലെ ഭൂമി തിരിച്ചു പിടിക്കണം എന്ന നിര്‍ദേശം ലാന്‍ഡ് revenue കമ്മിഷണര്‍ ജില്ലാ കളക്ടര്‍ക്കു നല്‍കുന്നത്. ഞാന്‍ അല്ല അന്ന് കളക്ടര്‍. 2014 ഫെബ്രുവരി 17നു മാത്രമാണ് ഞാന്‍ കളക്ടര്‍ ആയി ചാര്‍ജ് എടുക്കുന്നത്. സ്ഥലം എടുക്കാതെ ഫയല്‍ പൂഴ്ത്തി എന്നൊരു വിജിലന്‍സ് കേസ് ഉണ്ടെന്നു എല്ലാ പത്രങ്ങളിലും വന്നു. ലാന്‍ഡ് ബാങ്കിലേക്ക് ഭൂമി ഏറ്റെടുക്കാന്‍ ഒരു സ്‌പെഷ്യല്‍ ഓഫീസറെയും (രതീശന്‍ ഐഎഎസ് ) എന്റെ കാലയളവില്‍ commissonerate ല്‍ നിയമിച്ചിട്ടുണ്ടായിരുന്നു. ഞാന്‍ കളക്ടര്‍ സ്ഥാനത്തു നിന്നും മാറിയിട്ട് 9 മാസം ആകുന്നു. നാളിതുവരെ ഇപ്പോഴത്തെ കളക്ടറോ കമ്മീഷണറോ പ്രസ്തുത സ്ഥലം തിരിച്ചു എടുത്തിട്ടില്ല. ആര്‍ക്കും പരാതിയില്ല. എനിക്ക് അയച്ച ഒരു D.O ലെറ്റര്‍ അനുസരിച്ചു ഞാന്‍ പ്രവര്‍ത്തിക്കാതെ ഞാന്‍ ഫയല്‍ പൂഴ്ത്തി വെച്ചു എന്നാണ് കേസ് എന്ന് പത്രത്തില്‍ നിന്നും മനസിലാക്കുന്നു.

എങ്ങനെയാണു ഫയല്‍ പൂഴ്ത്തുന്നത്. കളക്ടര്‍ കൊണ്ടുപോകുന്ന ഫയല്‍ എന്റെ Confidential Asst (CA) നമ്പര്‍ ഇട്ടു ആണ് ക്യാമ്പ് ഓഫിസിലേക്കു കൊടുത്തു വിടുന്നത്. ഒരു ഫയല്‍ തിരികെ വന്നില്ലെങ്കില്‍ പിറ്റേദിവസം ഇഅ ക്യാമ്പ് ക്ലര്‍ക്കിനോട് അന്വേഷിക്കും. ഫയല്‍ കൈകാര്യം ചെയ്ത ഘഉഇ മുതല്‍ ഉ്യ .കളക്ടര്‍ വരെ കളക്ടറുടെ ക്യാമ്പ് ഓഫീസില്‍ കൊണ്ടുപോയ ഫയല്‍ തിരികെ വന്നില്ല എന്ന് അറിയും. കളക്ടര്‍ക്കു ഇക്കാര്യത്തില്‍ താല്പര്യം ഉണ്ട് എന്ന വാര്‍ത്ത സഹപ്രവര്‍ത്തകരുടെ ഇടയില്‍ പരക്കും. ഇനി ഇതൊന്നും സംഭവിച്ചില്ലെങ്കില്‍ ഈ ഫയലില്‍ നിന്നും പോയ ഏതെങ്കിലും എഴുത്തിനു മറുപടി തഹസില്‍ദാരില്‍ നിന്നോ മറ്റു ഏതെങ്കിലും ഓഫീസില്‍ നിന്നും വരുമ്പോള്‍ അതില്‍ ബന്ധപ്പെട്ട ഫയലിന്റെ നമ്പര്‍ കാണുമ്പൊള്‍ ഉദ്യോഗസ്ഥര്‍ ഫയല്‍ അന്വേഷിക്കും. ഇങ്ങനെ ഒക്കെ ഉള്ള സാഹചര്യം ഉള്ളപ്പോള്‍ ആണ് ഞാന്‍ ഫയല്‍ മുക്കിയത് എന്ന വാര്‍ത്ത വന്നത്. എല്ലാ പ്രധാന പത്രത്തിലും front പേജില്‍ തന്നെ എന്റെ പേര് സഹിതം വാര്‍ത്ത വന്നു.

എന്റെ സര്‍വീസ് കാലയളവില്‍ IT @School പദ്ധതി,, ViCTERS വിദ്യാഭ്യാസ TV ചാനല്‍, ഭൂമി കേരളം സര്‍വ്വേ പദ്ധതി , കാരുണ്യ ഫര്‍മസി, കാരുണ്യ lottery, ഓപ്പറേഷന്‍ അനന്ത ,arteria ,take-a-break ടോയ്‌ലറ്റ് തുടങ്ങി അറിയാവുന്നതും അറിയാത്തതുമായ നിരവധി പദ്ധതികളാണ് ഞാന്‍ നേതൃത്വം കൊടുത്തു എന്റെ കീഴിലുള്ള ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന് വേണ്ടി നടപ്പിലാക്കിയത്. ആരും അതിന്റെ വിജയം പ്രഖ്യാപിക്കുമ്പോള്‍ എന്റെ പേര് പറഞ്ഞിട്ടില്ല . നാഷണല്‍ e-governance അവാര്‍ഡ് 2005ഇല്‍ കിട്ടിയത് ഒഴികെ ഒരു അവാര്‍ഡും നല്‍കിയിട്ടില്ല. ഞാന്‍ ഇന്നു വരെ ഒരു അവാര്‍ഡിന് അപേക്ഷിച്ചിട്ടില്ല. എന്നാലും ഇന്നും വികാസ്ഭവനില്‍ നിന്നും രാത്രിയില്‍ ഏറ്റവും അവസാനം ജോലി കഴിഞ്ഞു ഇറങ്ങുന്ന ഉദ്യോഗസ്ഥനാണ് ഞാന്‍.

കഴിഞ്ഞ UDF ഗവണ്‍മെന്റിന്റെ കാലത്തു ഏറ്റവും ജനപ്രിയ പദ്ധതിയായ കാരുണ്യ ലോട്ടറിയും ബെനിവാലെന്റ ഫണ്ടും ചെയ്തതിനു പ്രതിഫലമായി കിട്ടിയത് ഒന്നല്ല രണ്ടു വിജിലന്‍സ് കേസ് ആണ് . മരുന്ന് വിപണന കോര്‍പറേഷന്‍ ആയ KMSCL ഇല്‍ മരുന്ന് വാങ്ങിയ വകയില്‍ ഏകദേശം നാലര കോടി രൂപ നഷ്ടം (അഴിമതിയല്ല ) ഉണ്ടാക്കിയെന്നും ഞാനും 17 ഡോക്ടര്‍മാരും ഓരോരുത്തര്‍ 18 ലക്ഷം രൂപ വീതം സര്‍ക്കാരിന് തിരിച്ചു അടക്കണം എന്ന ധനകാര്യ വകുപ്പിന്റെ കണ്ടത്തെല്‍ അവസാനം വിജിലന്‍സ് കേസ് ആയി. VACB കേസ് തീര്‍പ്പാക്കുമ്പോള്‍ കുറ്റവിമുക്തനാക്കി എഴുതി .അതിന്റെ ചുരുക്കം ‘The procedure followed by KMSCL is very transparent. There is no malafide intention on the part of officers concerned’ . ഇങ്ങനെ കേസ് രഹീലെ ചെയ്യുമ്പോള്‍ ആരും വാര്‍ത്ത നല്‍കാറില്ല. കള്ളന്‍ എന്ന് വിളിച്ചു കല്ലെറിയാന്‍ എന്തൊരു ഉത്സാഹം. പല സ്ഥാപനങ്ങളില്‍ ഇരുന്നു ഇപ്പോഴും രഹസ്യമായി അഴിമതി നടത്തുന്ന ഉദ്യോഗസ്ഥരുടെ പേര് ഒരിക്കലും പുറത്തു വരില്ല. കൈക്കൂലി വാങ്ങാന്‍ അറിയാത്ത വില്ലജ് ഓഫീസര്‍ 500 രൂപ വാങ്ങുന്നതാണ് അഴിമതി. അറിയാവുന്നവര്‍ക്ക് എങ്ങനെ കേസില്‍ നിന്നും ഊരി പോകണം എന്ന് അറിയാം.

മുക്കുന്നിമലയിലെ ഫയല്‍ മുക്കിയ ഞാന്‍ തിരുവനതപുരം കളക്ടര്‍ ആയിരുന്നപ്പോള്‍ വീണ്ടെടുത്ത സര്‍ക്കാര്‍ സ്ഥലത്തിന്റെ പട്ടിക കൂടി അറിഞ്ഞാലും. ചീഫ് സെക്രട്ടറിയും ബഹു മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രനും താമസിച്ചിരുന്ന കാവടിയാറിലെ ‘സുമാനുഷം’ എന്ന വീടിരിക്കുന്ന 54 സെന്റും വീടും, ഏതാനും ചില ഉദ്യോഗസ്ഥര്‍ കൈവശം വെച്ചിരുന്ന വെള്ളയമ്പലത്തെ ‘ഓഫീസേഴ്‌സ് ക്ലബ്’ 24 സെന്റും കെട്ടിടവും, അതിനു തൊട്ടടുത്തെ 5 സെന്റും കെട്ടിടവും, തമ്പാനൂരിലെ തീയേറ്ററിന് മുന്‍പിലെ 8 സെന്റ് , കിഴക്കേകോട്ടയിലെ വാണിജ്യ സമുച്ചയത്തിനോട് ചേര്‍ന്ന 14 സെന്റ്. അങ്ങനെ മൊത്തത്തില്‍ ഒരു ഏക്കര്‍ 5 സെന്റ് . നഗരത്തിന്റെ കണ്ണായ ഭാഗങ്ങളില്‍ കിടക്കുന്ന ഇതിന്റെ സാമാന്യ വില സെന്റിന് 50 ലക്ഷം രൂപ എന്ന നിലയില്‍ കണക്കാക്കിയാല്‍ 50 കോടി രൂപയില്‍ അധികം വരും. ഇതുകൂടാതെ പള്ളിക്കല്‍ വില്ലേജില്‍ ഏറ്റെടുത്ത് സെന്റ് കണക്കിനല്ല , 15 ഏക്കര്‍ വരുന്ന റബ്ബര്‍ തോട്ടമാണ്. Operation Anatha യില്‍ വീണ്ടെടുത്ത സ്ഥലത്തിന്റെ കൃത്യമായ കണക്കു എടുത്തിട്ടില്ല. 26 km ദൂരത്തിലാണ് ഓട 3.25 മീറ്റര്‍ വീതിയില്‍ വീണ്ടെടുത്ത്. ഇതൊന്നും ഏറ്റെടുത്തതു ഒരു land revenue commissioner അല്ലെങ്കില്‍ land bank special officer പറഞ്ഞിട്ടോ DO letter എഴുതിയത് കൊണ്ടോ അല്ല . മടുത്തു തുടങ്ങി. തീരുമാനം എടുക്കില്ല എന്ന് തീരുമാനിച്ച ഉദ്യോഗസ്ഥരുള്ള നാട്ടില്‍ ഞാനും ആ വഴിയേ പോകുന്നതാണ് നല്ലതു എന്ന് തോന്നി തുടങ്ങി. ഇനി പെന്‍ഷന്‍ ഒരു പൈസ കുറയാതെ എങ്ങനെ ബാക്കി സര്‍വീസ് പൂര്‍ത്തിയാക്കാം എന്ന് സര്‍വീസിലെ വിദഗ്ധരോട് ചോദിച്ചു മനസ്സിലാക്കാന്‍ ശ്രമിക്കാം . നന്ദി എല്ലാവര്‍ക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com