അദാനിയെ വഴിവിട്ട് സഹായിച്ചിട്ടില്ല, സിഎജിക്ക് നോട്ടപ്പിശകെന്ന് ഉമ്മന്‍ചാണ്ടി

സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ല. പദ്ധതിയുമായി അന്തിമ കരാര്‍ ഉറപ്പിച്ച ശേഷം ഒരു മാറ്റവും വരുത്തിയിട്ടില്ല
അദാനിയെ വഴിവിട്ട് സഹായിച്ചിട്ടില്ല, സിഎജിക്ക് നോട്ടപ്പിശകെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: വിഴിഞ്ഞം കരാറില്‍ വിശദീകരണവുമായി ഉമ്മന്‍ചാണ്ടി. കരാറില്‍ അദാനിയെ വഴി വിട്ട് സഹായിച്ചിട്ടില്ല. സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ല. പദ്ധതിയുമായി അന്തിമ കരാര്‍ ഉറപ്പിച്ച ശേഷം ഒരു മാറ്റവും വരുത്തിയിട്ടില്ല. യുഡിഎഫ് സര്‍ക്കാര്‍ നടത്തിയ അഞ്ചാമത്തെ ശ്രമത്തിലാണ് പദ്ധതി യാഥാര്‍ത്ഥ്യമായതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

പദ്ധതിയെ കുറിച്ചുള്ള വിമര്‍ശനങ്ങള്‍ പരിശോധിക്കണമെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായത്തോട് യോജിക്കുന്നു. പരിശോധന എത്രയും പെട്ടന്ന് വേണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കരാര്‍ കാലാവധി നീട്ടി നല്‍കിയതില്‍ അപാകതയില്ല. കരാര്‍ കാലാവധി നീട്ടിയത് ഏകപക്ഷീയമായിരുന്നില്ല. ഏജിയുടെ നോട്ടപ്പിശകായി വേണം ഇതിനെ കാണാന്‍. എസ്റ്റിമേറ്റ് പോലുമാകാത്ത കുളച്ചലുമായാണ് ഇതിനെ താരതമ്യം ചെയ്തതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു

പദ്ധതി എല്ലാ അര്‍ത്ഥത്തിലും സ്റ്റേറ്റിന് ലാഭമുണ്ടാക്കുന്ന തരത്തിലാണ് കരാര്‍ ഒപ്പിട്ടത്. വിഴിഞ്ഞം കരാറില്‍ ഒന്നും മറച്ചുവെക്കാനാവില്ലെന്നും എല്ലാം വ്യക്തതയോടെയുള്ള വ്യവസ്ഥകളായായിരുന്നെന്നും യുഡിഎഫ് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം പദ്ധതി നടപ്പാക്കണമെന്നതായിരുന്നു ലക്ഷ്യമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. പദ്ധതിയില്‍ ആദ്യഘട്ടത്തില്‍ മാത്രമാണ് സര്‍ക്കാരിന് മുതല്‍ മുടക്ക് വരുന്നത്. രണ്ടാംഘട്ടത്തില്‍ മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള പണം ചെലവാക്കുക അവര്‍ തന്നെയായിരിക്കും. പതിനഞ്ച് വര്‍ഷത്തോടെ സര്‍ക്കാരിന് ഒരു ശതമാനം വരുമാനം ലഭിക്കും. നാല്‍പതാമത്തെ കൊല്ലത്തോടെ തുറമുഖം സര്‍ക്കാരിന്റെതാകുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

സംസ്ഥാനത്തിന് ഇതുകൊണ്ട് ഉണ്ടാകുന്ന നേട്ടം പ്രവചാനീതമാണ്. ഇന്ത്യയിലെ തന്നെ പ്രധാന തുറമുഖമായി വിഴിഞ്ഞം മാറും. വിഴിഞ്ഞം തുറമുഖത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം തനിക്കാണ്. ഇതില്‍ അന്നത്തെ തുറമുഖമന്ത്രിക്ക് യാതൊരു അപാകതയും പറ്റിയിട്ടില്ല. ഇതിന്റെ പേരില്‍ ഒരു ഉദ്യോഗസ്ഥനെയും കുറ്റപ്പെടുത്താനില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com