യുഡിഎഫ് കാലത്ത് ഹോര്‍ട്ടികോര്‍പ്പ് പ്രവര്‍ത്തനം താളം തെറ്റിയ നിലയില്‍; ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തി സിഎജി 

വില ഉയര്‍ത്തിക്കാട്ടി സര്‍ക്കാരില്‍ നിന്ന് കൂടുതല്‍ സബ്‌സിഡി തുക ആവശ്യപ്പെട്ടു
യുഡിഎഫ് കാലത്ത് ഹോര്‍ട്ടികോര്‍പ്പ് പ്രവര്‍ത്തനം താളം തെറ്റിയ നിലയില്‍; ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തി സിഎജി 

തിരുവനന്തപുരം: കര്‍ഷകരില്‍ നിന്ന പച്ചക്കറി വാങ്ങി മിതമായ നിരക്കില്‍ വിപണിയിലെത്തിക്കാനായി ആരംഭിച്ച ഹോര്‍ട്ടികോര്‍പ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് താളം തെറ്റിയ നിലയിലായിരുന്നുവെന്ന് സിഎജി റിപ്പോര്‍ട്ട്. ഇന്നലെ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഹോര്‍ട്ടികോര്‍പ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലെന്നും പച്ചക്കറികള്‍ക്ക്‌ വില കൂടുതലാണെന്നും പറയുന്നത്. പച്ചക്കറികള്‍ക്ക് ഗവണ്‍മെന്റ് സബ്‌സിഡി നല്‍കുന്നുണ്ടെങ്കിലും വില കൂടുതലാണെന്നും പല പച്ചക്കറികളിലും വിഷാംശം അടങ്ങിയിട്ടുണ്ടെന്നും കംപ്‌ട്രോളര്‍ ആന്റ് ആഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഗുരുതരമായ പിഴവുകളാണ യുഡിഎഫ് കാലത്ത് ഹോര്‍ട്ടികോര്‍പ്പിന് സംഭവിച്ചിരുന്നത് എന്ന് സിഎജി ചൂണ്ടിക്കാട്ടുന്നു. 

കര്‍ഷകരില്‍ നിന്ന് നേരിട്ട് പച്ചക്കറി വാങ്ങുന്നതിന് പകരം ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 2014 മുതല്‍ 2016വരെ വ്യാപാരികളില്‍ നിന്നും ഹോര്‍ട്ടികോര്‍പ്പ് വാങ്ങിയത് 53കോടി രൂപയുടെ പച്ചക്കറികളാണ്.തിരുവനന്തപുരത്ത് 2014ല്‍ 4.34 കോടിയുടേയും 2015ല്‍ 4.93കോടിയുടേയും പച്ചക്കറികള്‍ ഒരേ വ്യാപാരിയില്‍ നിന്ന് വാങ്ങി. കേരളത്തില്‍ ഉത്പാദിപ്പിച്ചിരുന്ന പഴങ്ങളുടേയും പച്ചക്കറികളുടേയും രണ്ട് ശതമാനം മാത്രമാണ് ഇക്കാലയളവില്‍ ഹോര്‍ട്ടികോര്‍പ്പ് വാങ്ങിയിരുന്നത്. 

ഹോര്‍ട്ടികോര്‍പ്പിലെ വാങ്ങല്‍ വിലയും വില്‍പ്പന വിലയും മാനദണ്ഡങ്ങള്‍  ഇല്ലാതെയാണ് ഇക്കാലയളവില്‍ നിശ്ചയിച്ചിരുന്നത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സബ്‌സിഡി കാലയളവില്‍ വില നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ ഒന്നുംതന്നെ ഹോര്‍ട്ടികോര്‍പ്പ് പാലിച്ചിരുന്നില്ല. വില ഉയര്‍ത്തിക്കാട്ടി സര്‍ക്കാരില്‍ നിന്ന് കൂടുതല്‍ സബ്‌സിഡി തുക ആവശ്യപ്പെട്ടു എന്ന ഗുരുതര ക്രമക്കേടും സിഎജി കണ്ടെത്തിയിട്ടുണ്ട്.

കര്‍ഷക ജില്ലകളായ വയനാട്,മലപ്പുറം,കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ പച്ചക്കറികള്‍ സംഭരിക്കാനോ വില്‍പ്പന നടത്താനോ കേന്ദ്രങ്ങളില്ല. കൃഷിക്കാര്‍ക്ക് മതിയായ വില നല്‍കുന്നതിലും പരാജയപ്പെട്ടു. കൃഷിക്കാര്‍ക്ക് പണം നല്‍കാന്‍ നാല് മാസം മുതല്‍ മൂന്ന് വര്‍ഷം വരെ കാലതാമസമുണ്ടായി. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് വാങ്ങിയ പച്ചക്കറികളുടെ ഗുണ നിലവനാരം ഉറപ്പുവരുത്തുന്നതിലും ഹോര്‍ട്ടിക്കോര്‍പ്പ് വീഴ്ച വരുത്തി. സിഎജി നടത്തിയ അന്വേഷണത്തില്‍ പച്ചക്കറികളിലെ കീടനാശിനികളുടെ സാന്നിധ്യം വളരെക്കൂടുതലാണ് എന്ന് കണ്ടെത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com