സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകള്‍ മികവിന്റെ കേന്ദ്രങ്ങളാക്കും: മുഖ്യമന്ത്രി

സര്‍ക്കാര്‍ ആശുപത്രിയിലെത്തുന്ന ഒരു രോഗിയും നിരാശപ്പെടേണ്ടാത്ത രീതിയില്‍ സര്‍ക്കാര്‍ സൗകര്യങ്ങള്‍ ഒരുക്കും 
സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകള്‍ മികവിന്റെ കേന്ദ്രങ്ങളാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലെ എല്ലാ മെഡിക്കല്‍ കോളേജുകളും മികവിന്റെ കേന്ദ്രങ്ങളാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍ദ്രം ദൗത്യത്തിന്റെ ഭാഗമായ രോഗീസൗഹൃദ ഒപി സംവിധാനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനവും എസ്എടി ആശുപത്രിയിലെ പുതിയ മാതൃ ശിശു മന്ദിരത്തിന്റെ പ്രവര്‍ത്തനോദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു പിണറായി. 
    
തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ സമഗ്ര വികസനത്തിനുള്ള മാസ്റ്റര്‍ പ്ലാന്‍ ഉടന്‍ സര്‍ക്കാര്‍ അംഗീകരിക്കും. മെഡിക്കല്‍ കോളേജിനെ കൂടുതല്‍ മികച്ച നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യം. മാസ്റ്റര്‍ പ്ലാനിനായി 400 കോടി രൂപ ബഡ്ജറ്റില്‍ മാറ്റിവച്ചിരുന്നു. ഇത് കിഫ്ബി വഴി കണ്ടെത്തും. തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ആയി ഉയര്‍ത്തുന്നതിനുള്ള പദ്ധതി കിഫ്ബിയ്ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളേജിനെ രോഗീസൗഹൃദമാക്കുന്നതിനു പുറമെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്താനും നൂതന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനും ഓപ്പറേഷന്‍ തിയേറ്റര്‍ മന്ദിരം നിര്‍മ്മിക്കാനും ഇതിലൂടെ സാധിക്കും. 
    
സര്‍ക്കാര്‍ ആശുപത്രിയിലെത്തുന്ന ഒരു രോഗിയും നിരാശപ്പെടേണ്ടാത്ത രീതിയില്‍ സര്‍ക്കാര്‍ സൗകര്യങ്ങള്‍ ഒരുക്കും. പുതിയ മാതൃശിശു മന്ദിരത്തിന്റെ വിപുലീകരണത്തിന്റെ ഭാഗമായി മുകള്‍ നിലയുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. ഭിന്നശേഷിക്കാര്‍ക്കായി ഇവിടെ പ്രത്യേക സൗകര്യം ഒരുക്കിയത് നല്ലകാര്യമാണ്. രോഗീസൗഹൃദ ഒ.പി നിലവില്‍ വരുന്നതോടെ ഒ.പിയ്ക്ക് മുന്നിലുള്ള വലിയ ക്യൂ ഒഴിവാക്കാനാവും. ആശുപത്രിയിലെത്തുന്ന സാധാരണക്കാരുടെ ബുദ്ധിമുട്ട് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ആര്‍ദ്രം പദ്ധതി സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com