ഒന്നാംവര്‍ഷം ജനപക്ഷത്ത് എത്ര മാര്‍ക്ക്?

ഒരു സര്‍ക്കാരും വട്ടപ്പൂജ്യമല്ല; ഈ സര്‍ക്കാരും. പക്ഷേ, സര്‍ക്കാരിനെ നയിക്കുന്നവര്‍ പറഞ്ഞുവച്ച വലിയ വാചകങ്ങളില്‍നിന്നു വിചാരണ തുടങ്ങുന്നതു സ്വാഭാവികം
ഒന്നാംവര്‍ഷം ജനപക്ഷത്ത് എത്ര മാര്‍ക്ക്?

►പ്രത്യാശാഭരിതമായ ആഹ്വാനത്തോടെയാണ് 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പു പത്രിക ഇടതുമുന്നണി തുടങ്ങിയത്: വേണം നമുക്കൊരു പുതുകേരളം. നൂറ്റിനാല്‍പ്പതില്‍ 91 സീറ്റുകളുടെ മികച്ച വിജയം നേടി 2016 മെയ് 25-ന് അധികാരമേറ്റ പിണറായി വിജയന്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ആമുഖത്തില്‍ ധനമന്ത്രി ടി.എം. തോമസ് ഐസക് നല്‍കിയ ഉറപ്പ് ആ ആഹ്വാനത്തിന്റെ തന്നെ തുടര്‍ച്ചയുമായി: ''ഈ സര്‍ക്കാരിന്റെ പ്രഥമ ബജറ്റ് അടുത്ത അഞ്ചു വര്‍ഷംകൊണ്ടു കേരളത്തില്‍ വരാന്‍ പോകുന്ന പരിവര്‍ത്തനത്തിന്റെ ദിശാ സൂചികയാണ്.'
ഇതിപ്പോള്‍ ഒന്നാം വാര്‍ഷികമാണ്. കമ്യൂണിസ്റ്റുപാര്‍ട്ടി ഒറ്റയ്ക്കു രൂപീകരിച്ച ഐക്യകേരളത്തിലെ ആദ്യ സര്‍ക്കാരിന്റെ അറുപതാം വാര്‍ഷികം ആഘോഷിക്കാനുള്ള നിയോഗം കൂടി ഏറ്റെടുത്ത് ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ട് ഒരു വര്‍ഷം, പിണറായി വിജയന്‍ കേരളത്തിന്റെ പന്ത്രണ്ടാം മുഖ്യമന്ത്രിയായതിന്റെ ആദ്യ വാര്‍ഷികം, എല്‍.ഡി.എഫ്. വരും എല്ലാം ശരിയാകും എന്ന ലളിതസുന്ദര മുദ്രാവാക്യത്തിനു കേരളം നല്‍കിയ സ്വീകരണത്തിന്റെ ഒരു വര്‍ഷം. അറുപതിന്റെ ആഘോഷങ്ങള്‍ പല തലങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്നു. പക്ഷേ, അഞ്ചു വര്‍ഷത്തേക്കു കേരളത്തിനു നല്‍കിയ പ്രതീക്ഷകളില്‍ അഞ്ചിലൊന്നെങ്കിലും യാഥാര്‍ത്ഥ്യമാക്കാനുള്ള സ്വാഭാവിക സമയം തീരുമ്പോള്‍ എണ്ണിപ്പറയാന്‍ എന്തൊക്കെയുണ്ട്.

ഒന്നാം വാര്‍ഷികം ആഘോഷിക്കാന്‍ മുന്നണിക്കും അതിലെ കക്ഷികള്‍ക്കും നേതാക്കള്‍ക്കും ആവേശമില്ലാത്തത് എന്തുതരം സൂചനകളാണ് നല്‍കുന്നത് തുടങ്ങിയ ചോദ്യങ്ങള്‍ പ്രസക്തം. മെയ് 25 മുതല്‍ ജൂണ്‍ അഞ്ചു വരെ പേരിനു വാര്‍ഷികാഘോഷം പ്രഖ്യാപിച്ച മട്ട്. ഇനിയുമുണ്ടല്ലോ നാലു വര്‍ഷം എന്ന് ആശ്വസിപ്പിക്കുന്നതരം പ്രതികരണങ്ങള്‍. പക്ഷേ, അങ്ങനെ ആശ്വസിച്ചു നഷ്ടപ്പെട്ടുപോയ ഒരു വര്‍ഷത്തെ നിസാരമാക്കാനാകില്ലെന്നുറപ്പ്. എന്തുകൊണ്ടെന്നാല്‍ അധികാരമേറ്റ നിമിഷം മുതല്‍ അഞ്ചു വര്‍ഷ കാലാവധിയില്‍നിന്നു കുറഞ്ഞുകൊണ്ടാണിരിക്കുന്നത്. ആദ്യത്തെ ഒരു വര്‍ഷം മാറ്റിനിര്‍ത്തിയല്ല മുമ്പൊരിക്കലും ഒരു സര്‍ക്കാരും വിലയിരുത്തപ്പെട്ടിട്ടുള്ളത്. അപ്പോള്‍പ്പിന്നെ ഈ സര്‍ക്കാര്‍ ഒരു വര്‍ഷം എന്തൊക്കെ ചെയ്തു എന്നതുപോലെതന്നെ എന്തൊക്കെ ചെയ്യാതിരുന്നു എന്നുകൂടി അന്വേഷിക്കാതെ വയ്യ. 
ഒരു സര്‍ക്കാരും വട്ടപ്പൂജ്യമല്ല; ഈ സര്‍ക്കാരും. പക്ഷേ, സര്‍ക്കാരിനെ നയിക്കുന്നവര്‍ പറഞ്ഞുവച്ച വലിയ വാചകങ്ങളില്‍നിന്നു വിചാരണ തുടങ്ങുന്നതു സ്വാഭാവികം.


ക്രമസമാധാനം, ധനകാര്യം, വിദ്യാഭ്യാസം, സാമൂഹികനീതി, വിവരാവകാശ നിയമം എന്നീ അഞ്ചു പ്രധാന മേഖലകളില്‍ക്കൂടിയാണ് ഈ ചെറു സഞ്ചാരം. ഇവ മാത്രമാണ് പ്രധാനം എന്നര്‍ത്ഥമില്ല. എങ്കിലും ഇവയില്‍ സര്‍ക്കാരിന്റെ പ്രാതിനിധ്യ സ്വഭാവമുണ്ട്. മുഖ്യമന്ത്രി നേരിട്ടു ഭരിക്കുന്ന പൊലീസ്, അഴിമതിക്കെതിരെ, സുതാര്യഭരണത്തിനു ശക്തമായ ആയുധമായി മാറിയ വിവരാവകാശ നിയമം, 2006-ലെ വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരില്‍ ആദ്യമായി മന്ത്രിയായപ്പോള്‍ മികവുകാട്ടിയ ഡോ. ടി.എം. തോമസ് ഐസക് തര്‍ക്കരഹിതമായി വീണ്ടും നിയോഗിക്കപ്പെട്ട ധനകാര്യം, ഒന്നാംനിര നേതാക്കളെ പരിഗണിക്കാതെ കോളേജ് അധ്യാപകനായ സി. രവീന്ദ്രനാഥിനെ പുതുമുഖ മന്ത്രിയാക്കിയ വിദ്യാഭ്യാസം, ഈ സര്‍ക്കാരിലെ രണ്ടു സ്ത്രീ മന്ത്രിമാരില്‍ ഒരാളെ ഏല്‍പ്പിച്ച രണ്ടു പ്രധാന വകുപ്പുകളില്‍ ഒന്നായ സാമൂഹികനീതി. കെ.കെ. ശൈലജ ടീച്ചറുടെ തന്നെ വകുപ്പായ ആരോഗ്യവും അതീവ പ്രധാനമാണ്. പക്ഷേ, വിമര്‍ശനത്തിന്റേയും അനുമോദനത്തിന്റേയും ആവര്‍ത്തനം ഒഴിവാക്കാനാണ് രണ്ടില്‍ ഒന്നുമാത്രം ഇപ്പോഴെടുത്തത്.

കൃഷിയും റവന്യൂവും പൊതുമരാമത്തും ഉള്‍പ്പെടെ ഇനിയുമുണ്ട് ഒന്നാം നിരയില്‍നിന്നു മാറ്റിനിര്‍ത്താനാകാത്ത വകുപ്പുകളും മേഖലകളും. ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ഓരോ ഇഞ്ചിലും ബന്ധപ്പെട്ടു നില്‍ക്കുന്നു എന്ന സവിശേഷത കൂടി എടുത്തപ്പോള്‍ പൊലീസും വിദ്യാഭ്യാസവും ധനകാര്യവും സാമൂഹികനീതിയും തന്നെ മുന്നില്‍. അഴിമതിവിരുദ്ധ മുദ്രാവാക്യം ഈ സര്‍ക്കാരിന്റെ മുഖമുദ്രയായി അവതരിപ്പിക്കപ്പെടുമ്പോള്‍ വിവരാവകാശ നിയമത്തെ മാറ്റിനിര്‍ത്താനുമാകില്ല. ഈ മേഖലകളില്‍ സര്‍ക്കാര്‍ വലിയ കാര്യങ്ങള്‍ ചെയ്തുവെന്നു രാഷ്ട്രീയമായ പക്ഷംചേരലിന്റെ ഉറപ്പോടെ വാദിക്കുന്നവരെയും ഈ സര്‍ക്കാര്‍ നൂറുശതമാനം പരാജയമാണ് എന്ന് ഇതിനു നേരെ വിപരീതമായ രാഷ്ട്രീയ പക്ഷംചേരലിന്റെ എതിര്‍പ്പോടെ വാശിപിടിക്കുന്നവരേയും ഞങ്ങള്‍ സമീപിച്ചിട്ടില്ല. ഇടതുപക്ഷത്തു നിന്നുകൊണ്ട് അവരുടെ പിഴവുകള്‍ ചൂണ്ടിക്കാണിക്കുന്നവരേയും എതിര്‍പക്ഷ നിലപാടുകളെ പ്രതിനിധീകരിച്ചുകൊണ്ടു നല്ലതിനെ നല്ലതായി കാണുന്നവരെയും സമീപിച്ചിട്ടുണ്ടുതാനും. പരിമിതികളുടെയും സാധ്യതകളുടേയും ഒരൊറ്റ വര്‍ഷത്തെ അങ്ങനെതന്നെ അവതരിപ്പിക്കുമ്പോള്‍ ഇടതുമുന്നണിയുടെ പ്രകടനപത്രിക, ഇടതുസര്‍ക്കാരിന്റെ രണ്ടു ബജറ്റ് പ്രസംഗങ്ങള്‍ എന്നിവയിലൂടെ കടന്നല്ലാതെ പോകാനുമാകില്ല. തെരഞ്ഞെടുപ്പിന് ഒരുങ്ങും മുന്‍പു സി.പി.എം തിരുവനന്തപുരത്തു നടത്തിയ വിപുലമായ കേരള പഠന കോണ്‍ഗ്രസും മുന്നിലുണ്ട്. 

ക്രമസമാധാനം


പ്രകടനപത്രിക പറഞ്ഞത്: ''നാടിന്റെ വികസനത്തിന് അത്യന്താപേക്ഷിതമായിട്ടുള്ളതാണ് സമാധാനപരമായ അന്തരീക്ഷം. യു.ഡി.എഫ് അധികാരമേറ്റശേഷം ക്രമസമാധാനരംഗത്തു കേരളം പുറകോട്ടുപോയി. മതസൗഹാര്‍ദ്ദത്തിനു പേരുകേട്ട കേരളത്തില്‍ അവ തകര്‍ക്കപ്പെടുന്ന ഗൂഢമായ പദ്ധതികള്‍ അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. അവയെ ഉന്മൂലനം ചെയ്യുന്നതിനു പകരം പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് യു.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സംഘപരിവാറുമായി ഉണ്ടാക്കുന്ന ധാരണയുടെ ഭാഗമായാണ് പ്രവീണ്‍ തൊഗാഡിയയുടെ പേരിലുള്ള രാജ്യദ്രോഹ കേസ് പോലും പിന്‍വലിച്ചത്. ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗ്ഗീയതകള്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തു ശക്തിപ്പെട്ടു. ഇതിനു കാരണം, ഭരണതലത്തില്‍ ഇടപെടാന്‍ ഇത്തരം ശക്തികള്‍ക്കു കഴിയുന്നു എന്നതാണ്. കേരളത്തിന്റെ സമാധാനപരമായ ജീവിതം തിരിച്ചുകൊണ്ടുവരിക എന്നതു വികസനത്തിനും സൈ്വരജീവിതത്തിനും പ്രധാനമാണെന്നു കാണണം.'
ഒരു വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ ഏറ്റവുമധികം പ്രതിസ്ഥാനത്തായതു പൊലീസിന്റെ പേരിലാണ് എന്നതു വിമര്‍ശനമല്ല, വസ്തുതയാണ്. എന്നാല്‍ അത് 1957 മുതല്‍ എല്ലാക്കാലത്തും ഇടതുപക്ഷ സര്‍ക്കാരുകളെ അപകീര്‍ത്തിപ്പെടുത്താന്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായ പ്രചാരണം മാത്രമാണെന്നാണ് സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം കെ. റ്റി. കുഞ്ഞിക്കണ്ണന്‍ വാദിക്കുന്നത്. 1982–1987 കാലയളവിലെ കെ. കരുണാകരന്‍ സര്‍ക്കാരിന്റെ കാലത്തെ പിണറായി വിജയന്റെ പൊലീസ് ഓര്‍മിപ്പിക്കുന്നുവെന്ന് സി.പി.ഐ (എം.എല്‍) റെഡ് സ്റ്റാര്‍ സംസ്ഥാന സെക്രട്ടറി എം.കെ. ദാസന്‍. അവിഭക്ത സി.പി.ഐ (എം.എല്‍) റെഡ്ഫ്‌ളാഗിലും അതിന്റെ യുവജനവേദി നേതൃനിരയിലും ഒരേകാലത്ത് ഇരുവരും സഹപ്രവര്‍ത്തകരായിരുന്നു എന്ന രാഷ്ട്രീയ കൗതുകവുമുണ്ട്.  

ധനകാര്യം


''പിണറായി വിജയനേയും അദ്ദേഹത്തിന്റെ ടീമിനേയും അഭിനന്ദിക്കുന്നു. പുതുതായി സത്യപ്രതിജ്ഞ ചെയ്ത എല്‍.ഡി.എഫ് സര്‍ക്കാരുമായി കേരളത്തിന്റെ പുരോഗതിക്കുവേണ്ടി വളരെ അടുത്തു പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.' പ്രധാനമന്ത്രി നരേന്ദ്ര മോദി 2016 മെയ് 25-നു ട്വീറ്റ് ചെയ്തതാണ് ഇത്. രാജ്യത്തെ ഏതു സംസ്ഥാനത്തും തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തുന്ന സര്‍ക്കാരിനെ പ്രധാനമന്ത്രി അഭിനന്ദിക്കുന്നതു സാധാരണവും സ്വാഭാവികവുമാണ്. എന്നാല്‍, അതിനുമപ്പുറം മോദിസര്‍ക്കാരിന്റെ നയവും രീതിയും ശൈലിയും പിണറായി സര്‍ക്കാര്‍ മിക്കപ്പോഴും തുടരുന്നുവെന്ന വിമര്‍ശനം പിന്നാലെ വന്നു. പ്രത്യേകിച്ചും സാമ്പത്തിക നയത്തില്‍. എന്നാല്‍ പ്രകടനപത്രികയുടെ ആമുഖം സാമ്പത്തികനയത്തെക്കുറിച്ചു നല്‍കിയ വാഗ്ദാനം അത്തരം വിദൂര സാധ്യതകള്‍പോലും തള്ളുന്നതായിരുന്നു.
''മതനിരപേക്ഷ കേരളം, അഴിമതിരഹിത കേരളം, വികസിത കേരളം ഇവയാണ് നമ്മുടെ മുദ്രാവാക്യങ്ങള്‍. ഈ മുദ്രാവാക്യങ്ങള്‍ സാക്ഷാല്‍ക്കരിക്കുന്നതിന് ഇന്ത്യയില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന സാമ്പത്തിക നയങ്ങള്‍ തടസ്സമാണ്. ഇവ ഫെഡറല്‍ സംവിധാനത്തിനുള്ളില്‍ നമുക്കുണ്ടായിരുന്ന പരിമിതമായ സ്വാതന്ത്ര്യങ്ങള്‍പോലും വെട്ടിക്കുറയ്ക്കുന്നു. 


രാജ്യത്തു നിലനില്‍ക്കുന്ന മതനിരപേക്ഷതയുടെ കാഴ്ചപ്പാടുകളെ അക്രമോത്സുകമായ വര്‍ഗ്ഗീയ നിലപാടുകള്‍ മുന്നോട്ടുവച്ചുകൊണ്ടു കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ തകര്‍ക്കുന്ന സ്ഥിതിയാണുള്ളത്. രാജ്യത്തിന്റെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയെല്ലാം തങ്ങളുടെ കൈപ്പിടിയിലൊതുക്കാനുള്ള ബോധപൂര്‍വ്വമായ പരിശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് ഇവര്‍. എല്ലാ മേഖലയേയും കാവിവല്‍ക്കരിക്കുന്നതിനുള്ള നീക്കങ്ങള്‍ സജീവമായിരിക്കുകയാണ്.


കോര്‍പ്പറേറ്റ് കമ്പനികള്‍ക്കു സഹായകരമായ നിലയില്‍ ആഗോളവല്‍ക്കരണ നയങ്ങള്‍ നടപ്പാക്കുന്നു. ഇതിന്റെ കെടുതി അനുഭവിക്കുന്ന വിവിധ ജനവിഭാഗങ്ങള്‍ വമ്പിച്ച പ്രക്ഷോഭത്തിലേക്കു വന്നുകഴിഞ്ഞിട്ടുണ്ട്. അഖിലേന്ത്യാതലത്തില്‍ നടന്ന ട്രേഡ് യൂണിയന്‍ പണിമുടക്ക്, മോട്ടോര്‍ മേഖലയിലെ പണിമുടക്ക്, കടലോരമേഖലയിലെ ബന്ദ്, കോര്‍പ്പറേറ്റുകള്‍ക്കായി ഭൂമി ഏറ്റെടുക്കുന്നതിനെതിരായി രാജ്യവ്യാപകമായി നടന്ന ചെറുത്തുനില്‍പ്പുകള്‍, വനാവകാശം സംരക്ഷിക്കാന്‍ ആദിവാസികള്‍ നടത്തിയ പോരാട്ടങ്ങള്‍ തുടങ്ങിയവയെല്ലാം കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരായുള്ള ചെറുത്തുനില്‍പ്പുകളാണ്' എന്നു പ്രകടനപത്രിക. 
പക്ഷേ, സര്‍ക്കാര്‍ വന്നുകഴിഞ്ഞപ്പോള്‍ ചെയ്യുന്നത് ഈ സമീപനത്തിനു വിരുദ്ധമായാണെന്നു സി.പി.എം ഇതര ഇടതുപക്ഷ ചിന്തകനും സമ്പദ്ഘടനാ വിശകലന വിദഗ്ദ്ധനുമായ പ്രൊഫ. പി.ജെ. ജയിംസ് വിമര്‍ശിക്കുന്നു. ഇടതു സഹയാത്രികനായി അവരുടെ സാമ്പത്തിക സമീപനങ്ങളെ പിന്തുണയ്ക്കാറുള്ള മുന്‍ സാമ്പത്തിക കാര്യ മാധ്യമപ്രവര്‍ത്തകന്‍ എസ്.ആര്‍. സഞ്ജീവും പിണറായി സര്‍ക്കാരിന്റെ സാമ്പത്തിക നയസമീപനത്തില്‍ പ്രത്യാശ വയ്ക്കുന്നില്ല. 

വിദ്യാഭ്യാസം


''സ്‌കൂള്‍ വിദ്യാഭ്യാസം അന്തര്‍ദ്ദേശീയ നിലവാരത്തിലേയ്ക്ക്: 8 മുതല്‍ 12 വരെയുള്ള കഌസ്സുകള്‍ ഹൈടെക് ആക്കും. പൂര്‍വ്വവിദ്യാര്‍ത്ഥികളുടെയും അഭ്യുദയകാംക്ഷികളുടെയും സഹകരണത്തോടെ 1000 പൊതുവിദ്യാലയങ്ങള്‍ അന്തര്‍ദ്ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തും. സര്‍വ്വകലാശാല കേന്ദ്രങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റും. സഹകരണ സ്ഥാപനങ്ങള്‍, ട്രസ്റ്റുകള്‍ തുടങ്ങിയ സാമൂഹ്യ സംരംഭങ്ങള്‍ സര്‍ക്കാരുമായി സഹകരിച്ചുകൊണ്ട് ഉന്നത വിദ്യാഭ്യാസ മേഖലയെ വിപുലീകരിക്കും' എന്നു പ്രകടനപത്രിക.
എന്നാല്‍, പൊതുവിദ്യാഭ്യാസത്തെ ഇവര്‍ കൂടിയാണ് തകര്‍ത്തതെന്നും എന്നിട്ടിപ്പോള്‍ സംരക്ഷിക്കാന്‍ യജ്ഞം നടത്തുകയാണെന്നും സേവ് എജുക്കേഷന്‍ കമ്മിറ്റി സംസ്ഥാന സെക്രട്ടറി എം. ഷാജിര്‍ഖാന്റെ വിമര്‍ശനം. പൊതുവിദ്യാഭ്യാസ രംഗത്തു സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകളെ പ്രതീക്ഷയോടെ കാണുമ്പോഴും സി.പി.എം നേതാവും കെ.എസ്.ടി.എ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ റഷീദ് കണിച്ചേരിക്കുമുണ്ടു വിമര്‍ശനങ്ങളേറെ. ഉന്നത വിദ്യാഭ്യാസ രംഗത്തേക്കുറിച്ചും ഷാജിര്‍ഖാന്‍ പ്രതീക്ഷകളല്ല പങ്കുവയ്ക്കുന്നത്. പക്ഷേ, വലിയ മാറ്റങ്ങളും പുതിയ കുതിപ്പിന്റെ സൂചനകളും അക്കമിട്ടു നിരത്തുന്നു ഓള്‍ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എല്‍. വിവേകാനന്ദന്‍.

സാമൂഹികനീതി


''സ്ത്രീകള്‍ക്കുവേണ്ടിയുള്ള പ്രത്യേക വകുപ്പ് ആരംഭിക്കും. ജന്റര്‍ ബജറ്റിംഗ് പുനഃസ്ഥാപിക്കും. ഒരു നേരമെങ്കിലും ഭക്ഷണം കഴിക്കാത്ത ഒരാളുപോലും കേരളത്തിലുണ്ടാവില്ല' എന്നു പ്രകടനപത്രിക. 
ഇതു രണ്ടു ബജറ്റിലും ആവര്‍ത്തിച്ചെങ്കിലും പ്രത്യേക സ്ത്രീസുരക്ഷാ വകുപ്പ് യാഥാര്‍ത്ഥ്യമായിട്ടില്ല. പുതിയ വകുപ്പ് ഉടനുണ്ടാകുമെന്ന് ഇടതുസഹയാത്രികയും മഹാത്മഗാന്ധി സര്‍വ്വകലാശാല ജീവനക്കാരുടെ സാംസ്‌കാരിക കൂട്ടായ്മയായ സംസ്‌കാരയുടെ സെക്രട്ടറിയുമായ പി.കെ. ജലജാമണി. സ്ത്രീകള്‍ എന്ന നിലയിലും മല്‍സ്യത്തൊഴിലാളികള്‍ എന്ന നിലയിലും തീരദേശങ്ങളിലെ സ്ത്രീകള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ അതേപടി തുടരുന്നതു സ്വതന്ത്ര മല്‍സ്യത്തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി മാഗ്‌ളിന്‍ പീറ്റര്‍ വിവരിക്കുന്നു.

വിവരാവകാശ നിയമം


''അഴിമതിക്ക് അന്ത്യം കുറിക്കും; സദ്ഭരണം ഉറപ്പാക്കും. വിവരാവകാശ നിയമം ഫലപ്രദമായി നടപ്പിലാക്കും' എന്നു പ്രകടനപത്രിക. 
വിവരാവകാശ നിയമം അട്ടിമറിക്കുന്നതില്‍ നരേന്ദ്ര മോദിയോ ഉമ്മന്‍ ചാണ്ടിയോ ആകരുത് പിണറായി വിജയന്‍ എന്നു സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സമകാലിക മലയാളം വാരികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞതു കേരളം ചര്‍ച്ച ചെയ്യുകയാണ്. എന്നാല്‍, കഴിഞ്ഞ ജനുവരിയില്‍ വിവരാവകാശ നിയമവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായപ്പോള്‍ നല്‍കിയ വിശദീകരണത്തില്‍ത്തന്നെ അതിനു മറുപടിയുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. സി.പി.ഐയെ ഉദ്ദേശിച്ചു മുഖ്യമന്ത്രി നല്‍കിയ ആ മറുപടി ഇങ്ങനെയാണ്: ''വിവരാവകാശ നിയമത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നു എന്നു വ്യാഖ്യാനിക്കപ്പെട്ടതു നിര്‍ഭാഗ്യകരം മാത്രമല്ല, സത്യവിരുദ്ധം കൂടിയാണ്. അഴിമതിയെക്കുറിച്ചുള്ള വിവരങ്ങള്‍ വിവരാവകാശ നിയമം വഴി ചോദിച്ചിട്ടും കൊടുക്കാതിരുന്ന മുന്‍ സര്‍ക്കാരിനെപ്പോലെയാണ് ഈ സര്‍ക്കാരും എന്നു വരുത്തിത്തീര്‍ത്ത് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത് ഇടതുപക്ഷ ജനാധിപത്യ മൂല്യങ്ങളുടെ താല്‍പ്പര്യത്തിലല്ല. ആ നിയമത്തിനുവേണ്ടി ദീര്‍ഘകാലം പൊരുതിയ പ്രസ്ഥാനത്തിന്റെ ഭാഗമായി നില്‍ക്കുന്ന വ്യക്തിയില്‍നിന്നു മറിച്ച് ഒരു സമീപനം ഉണ്ടാവുമെന്നു കരുതുന്നതില്‍ അര്‍ത്ഥമില്ല. വിവരാവകാശം സംബന്ധിച്ച നിലപാടില്‍ തെറ്റിദ്ധാരണ പടര്‍ത്താന്‍ ശ്രമിക്കുന്നവരുണ്ടാകാം. എന്നാല്‍, തെറ്റിദ്ധാരണ പരത്തുന്നവരെ സത്യാവസ്ഥ ബോധ്യപ്പെടുത്താന്‍ ചുമതലയുള്ളവര്‍ മറിച്ചൊരു നിലപാടെടുത്താലോ?'
ഒന്നാം യു.പി.എ സര്‍ക്കാര്‍ വിവരാവകാശ നിയമം നിര്‍മ്മിച്ചപ്പോള്‍ ഇടതുപാര്‍ട്ടികള്‍ പൊതുവെയും അന്തരിച്ച സി.പി.എം നേതാവ് വര്‍ക്കല രാധാകൃഷ്ണന്‍ എം.പി എന്ന നിലയില്‍ പ്രത്യേകിച്ചും നടത്തിയ അധ്വാനത്തെയും അദ്ദേഹത്തിന്റെ പ്രതീക്ഷകളേയും കൂടിയാണ് ഈ സര്‍ക്കാര്‍ വിസ്മരിക്കുന്നതെന്നു പ്രമുഖ വിവരാവകാശ പ്രവര്‍ത്തകന്‍ ജോയി കൈതാരത്ത് വിമര്‍ശിക്കുന്നു. 

പൊലീസ് മാറും, യച്ചൂരി മുഖ്യമന്ത്രിയായാലും 
ഒറ്റയടിക്കു മാറില്ല

കെ.റ്റി. കുഞ്ഞിക്കണ്ണന്‍
(സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം)

1957 മുതല്‍ കേരളത്തില്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സര്‍ക്കാരുകള്‍ അധികാരത്തില്‍ വരുന്ന എല്ലാ ഘട്ടത്തിലും പൊലീസ് നടപടികളെ വിവാദമാക്കിക്കൊണ്ട് ആ സര്‍ക്കാരിനെ പ്രതിസ്ഥാനത്തു കൊണ്ടുവരാന്‍ ആസൂത്രിത ശ്രമങ്ങള്‍ നടക്കാറുണ്ട്. ഇതു കേരളത്തിന്റെ സാമൂഹിക ചരിത്രം അറിയാവുന്ന എല്ലാവര്‍ക്കും നല്ലവണ്ണം അറിയാവുന്ന കാര്യമാണ്. ആദ്യത്തെ ഇ.എം.എസ് സര്‍ക്കാരിനെതിരേതന്നെ ഏറ്റവും വിപുലമായ രീതിയില്‍ പൊലീസ് അതിക്രമങ്ങള്‍ പ്രചരിപ്പിച്ചു. ആ സര്‍ക്കാരിനെ താഴെയിറക്കാനുള്ള കുപ്രസിദ്ധമായ വിമോചനസമരത്തിനു പരിസരമൊരുക്കിയത് അങ്ങനെയാണ്. അങ്കമാലി വെടിവയ്പ് സംഭവം ഉദാഹരണം. ആ വെടിവയ്പിന് ഉത്തരവാദികളായ ആളുകള്‍ തന്നെ പില്‍ക്കാലത്ത് കുമ്പസാരം നടത്തി. അങ്കമാലിയിലെ കള്ളുഷാപ്പ് പിക്കറ്റ് ചെയ്ത കുഞ്ഞപ്പന്‍ എന്ന മദ്യവിരുദ്ധ പ്രവര്‍ത്തകനായി അറിയപ്പെടുന്ന സാധാരണ കോണ്‍ഗ്രസ്സുകാരന്‍ അറസ്റ്റ് ചെയ്യപ്പെട്ടു, കാണാതായി, പൊലീസ് കൊണ്ടുപോയി കൊല ചെയ്തു എന്നൊക്കെയുള്ള വലിയ പ്രചരണങ്ങളുടെ അന്തരീക്ഷത്തിലാണ് പള്ളിമണി മുഴങ്ങുന്നതും അങ്കമാലി ടൗണില്‍ ആയിരക്കണക്കിന് ആളുകള്‍ ഒത്തുചേരുന്നതും. അവിടെ ആളുകളെ അഭിസംബോധന ചെയ്ത് അന്നത്തെ അങ്കമാലി എം.എല്‍.എ. എ.എല്‍. ആന്റണി സുദീര്‍ഘമായ ഒരു പ്രസംഗം നടത്തുന്നു, വികാരവിക്ഷുബ്ധത സൃഷ്ടിക്കുന്നു. കുഞ്ഞപ്പനെ അറസ്റ്റ് ചെയ്ത് പൊലീസ് കൊണ്ടുപോയി കസ്റ്റഡിയില്‍ മര്‍ദ്ദിച്ചു കൊന്നുകളഞ്ഞു എന്നാണ് ആന്റണി പറഞ്ഞത്. അതിനു പകരം ചോദിക്കാനുള്ള വളരെ വികാരപരമായ അന്തീക്ഷം ആളുകള്‍ക്കിടയില്‍ ഉണ്ടാക്കിയെടുത്തു. ആ അന്തരീക്ഷത്തിലാണ് സംഘര്‍ഷവും പൊലീസ് വെടിവയ്പുമുണ്ടായത്. ഏഴു പേര്‍ മരിച്ചു. അങ്കമാലി വെടിയ്പിനു താനാണ് ഉത്തരവാദിയെന്ന് അന്ന് അവിടെ ഉണ്ടായിരുന്ന പൂണാച്ചി ചാക്കോ എന്നയാള്‍ പിന്നീട് മനോരമയുടെ സണ്‍ഡേ സപ്‌ളിമെന്റിന് അഭിമുഖം നല്‍കി. കോണ്‍ഗ്രസ്സുകാരനായിരുന്നു അയാള്‍. എ.എല്‍. ആന്റണി പ്രസംഗിച്ചുകഴിഞ്ഞ് അതേ മൈക്കിലൂടെ ചാക്കോ ആഹ്വാനം നടത്തി, നമുക്കു പൊലീസ് സ്റ്റേഷനിലേക്കു മാര്‍ച്ചു ചെയ്യാം. സ്റ്റേഷനിലെത്തിയ ജനക്കൂട്ടത്തെ കണ്ട് പൊലീസ് പരിഭ്രാന്തരായി, പള്ളയ്ക്കു വെടിവയ്ക്കാന്‍ ഇന്‍സ്‌പെക്ടര്‍ നിര്‍ദ്ദേശം നല്‍കി. 
കാണാതായി എന്നു പറഞ്ഞ കുഞ്ഞപ്പനും ഈ സംഭവങ്ങളൊക്കെ ഉണ്ടാകുമ്പോള്‍ പൊലീസ് സ്റ്റേഷന്‍ പരിസരത്തുതന്നെ ഉണ്ടായിരുന്നു.

പില്‍ക്കാലത്ത് അങ്കമാലി വെടിവയ്പിന്റെ അന്‍പതാം വാര്‍ഷികവുമായി ബന്ധപ്പെട്ടു നല്‍കിയ അഭിമുഖത്തിലാണ് അന്നു യഥാര്‍ത്ഥത്തില്‍ നടന്നതൊക്കെ വെളിപ്പെടുത്തിയത്. 
ആള്‍ക്കൂട്ടത്തെ കൈകാര്യം ചെയ്യുന്നതിനു പൊലീസിനു പരമ്പരാഗതമായ ഒരു രീതിയുണ്ട്. അതു ശാസ്ത്രീയമായ രീതിയല്ല. ആള്‍ക്കൂട്ടത്തെ കാണുമ്പോള്‍ പൊലീസ് പരിഭ്രാന്തരാകുന്നു, പിരിച്ചുവിടാന്‍ തോക്കും ലാത്തിയുമെടുക്കുന്നു. ആ രീതിയെ സമര്‍ത്ഥമായി ഉപയോഗിച്ചു പ്രകോപനം സൃഷ്ടിച്ചു സര്‍ക്കാരിനെതിരായ വികാരമാക്കി മാറ്റുന്നത് ഇവിടുത്തെ പരമ്പരാഗത വലതുപക്ഷമാണ്. യു.ഡി.എഫ് നേതൃത്വം നല്‍കുന്ന വലതുപക്ഷം എത്രയോ കാലമായി പരീക്ഷിച്ചുകൊണ്ടിരിക്കുന്ന കാര്യമാണിത്. 
ഇത്തവണ ഇടതുമുന്നണി അധികാരത്തിലെത്തിയ ശേഷം ക്രമസമാധാന പ്രശ്‌നമായി ഉയര്‍ന്നുവന്ന എല്ലാ പ്രശ്‌നങ്ങളും ബോധപൂര്‍വ്വം സൃഷ്ടിച്ചതാണ്. ഡി.ജി.പി ഓഫീസിനു മുന്നില്‍ ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ നടത്തിയ സമരം നോക്കുക. ആ സമരത്തിന് മഹിജയ്ക്ക് അവകാശമുണ്ട്, അതില്‍ അവരുടെ കൂടെ കേരളം മുഴുവനുമുണ്ട്, ഇടതുപക്ഷ പ്രസ്ഥാനവുമുണ്ട്. പക്ഷേ, ഡി.ജി.പി ഓഫീസിനു മുന്നില്‍ അത്തരം സമരങ്ങള്‍ നിരോധിച്ചിരിക്കുന്നു. പക്ഷേ, ഡി.ജി.പിയെ കാണാന്‍ പോയവര്‍ അനാവശ്യമായി പ്രകോപനം സൃഷ്ടിക്കുകയാണ് ചെയ്തത്. അത്തരം പ്രകോപനങ്ങളെ സമര്‍ത്ഥമായും ബുദ്ധിപരമായും കൈകാര്യം ചെയ്യുന്ന രീതി നമ്മുടെ പൊലീസിന് ഇല്ല എന്നതു വസ്തുതയാണ്. പൊലീസ് സേനയ്ക്കു സഹജമായ ചില കുഴപ്പങ്ങളുണ്ട്. അത് കൊളോണിയല്‍ കാലത്ത് രൂപപ്പെട്ടതാണ്. അധഃസ്ഥിതരോടും സാധാരണ ജനങ്ങളോടുമുള്ള അസഹിഷ്ണുതയാണ് അതിന്റെ അടിസ്ഥാനം. പൊലീസിന്റെ സ്വഭാവത്തില്‍ മാറ്റം വരുത്തുക എന്നത് ആദ്യത്തെ ഇ.എം.എസ് സര്‍ക്കാരിന്റെ പ്രധാന ഇടപെടലുകളില്‍ ഒന്നായിരുന്നു. അങ്ങനെയാണ് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി പൊലീസിന്റെ ജനാധിപത്യപരമായ പരിഷ്‌കരണം ലക്ഷ്യമിട്ടുകൊണ്ട് ഒരു പൊലീസ് കമ്മിഷന്‍ ഉണ്ടാകുന്നത്.

പക്ഷേ, ആ കമ്മിഷന്റെ റിപ്പോര്‍ട്ട് വരുമ്പോഴേയ്ക്കും ആ സര്‍ക്കാര്‍ അട്ടിമറിക്കപ്പെട്ടു. പില്‍ക്കാലത്ത് പൊലീസില്‍ കാര്യമായ ജനാധിപത്യവല്‍ക്കരണം നടന്നില്ല. 1978-ല്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശീയ പൊലീസ് കമ്മിഷനെ നിയോഗിച്ചു. ആ കമ്മിഷന്‍ റിപ്പോര്‍ട്ടുള്‍പ്പെടെ ഇന്നും ഷോക്കേസിലാണ്. പൊലീസ് സേനയുടെ നവീകരണത്തിനുവേണ്ടി അത് ഉപയോഗിച്ചില്ല. 
2010-ല്‍ കോടിയേരി ബാലകൃഷ്ണന്‍ കേരളത്തില്‍ ആഭ്യന്തരമന്ത്രിയായിരിക്കുമ്പോള്‍ പൊലീസ് സേനയില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഒരു ശ്രമം നടത്തി. പൊലീസ് ആക്റ്റില്‍ മാറ്റം വരുത്തിയെങ്കിലും അതിനാവശ്യമായ ചട്ടങ്ങള്‍ രൂപീകരിക്കാന്‍ പില്‍ക്കാലത്തും കഴിഞ്ഞില്ല. അതായത്, പിണറായി വിജയനോ മറ്റേതെങ്കിലും കമ്യൂണിസ്റ്റുകാരനോ അധികാരത്തില്‍ വന്നതുകൊണ്ട് ഒരു ബൂര്‍ഷ്വാ വ്യവസ്ഥയുടെ ഭാഗവും കൊളോണിയല്‍ മൂല്യങ്ങള്‍ നിലനിര്‍ത്തുന്നതുമായ പൊലീസ് സേനയില്‍ കാര്യമായ മാറ്റങ്ങളൊന്നും വരാന്‍ പോകുന്നില്ല. അത് അറിഞ്ഞുകൊണ്ടുതന്നെയാണ് ഈ പൊലീസ് സേനയെ എങ്ങനെ പരമാവധി ജനോപകാരപ്രദമാക്കി മാറ്റാം എന്ന് ഇടതുമുന്നണി പരിഗണിക്കുന്നത്.
മുന്‍കാല സര്‍ക്കാരുകളുടെ തെറ്റായ രീതികളല്ല ഈ സര്‍ക്കാര്‍ പിന്തുടരുന്നത്. അതിനു നിരവധി ഉദാഹരണങ്ങളുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ ഗണ്‍മാനായിരുന്ന സലിംരാജ് ഉള്‍പ്പെടെ ക്വട്ടേഷന്‍ സംഘമായി വന്ന് കോഴിക്കോട്ട് ആളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസ് ആ സര്‍ക്കാര്‍ എങ്ങനെയാണ് കൈകാര്യം ചെയ്തതെന്നു കേരളം കണ്ടതാണ്. ഇടതുമുന്നണി സര്‍ക്കാര്‍ വന്നശേഷം പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളെ വീഴ്ചകളായി അംഗീകരിച്ചിട്ടുണ്ട്. കുണ്ടറയില്‍ കൊച്ചു പെണ്‍കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസില്‍ പൊലീസിന്റെ ഭാഗത്തുനിന്നു വീഴ്ചയും അലസതയുമുണ്ടായി എന്നു കണ്ടപ്പോള്‍ അന്വേഷണസംഘത്തെ മാറ്റി. ജിഷ്ണുവിന്റെ കേസില്‍ത്തന്നെ ആദ്യത്തെ അന്വേഷണസംഘത്തെക്കുറിച്ചു കുടുംബം വിമര്‍ശനം ഉന്നയിച്ചപ്പോള്‍ അവരെ മാറ്റി കിരണ്‍ നാരായണന്‍ എന്ന വളരെ പ്രാപ്തയായ ഐ.പി.എസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ പുതിയ സംഘത്തെ നിയോഗിച്ചു. തെറ്റുകളുണ്ട് എന്നു കണ്ടാല്‍ പൊലീസിനെ ന്യായീകരിക്കുന്ന സമീപനം ഈ സര്‍ക്കാരിന്റെ കാലത്ത് ഉണ്ടായിട്ടേയില്ല. യു.ഡി.എഫ് സര്‍ക്കാരില്‍നിന്നു വ്യത്യസ്തമായി പൊലീസിന്റെ കാര്യത്തില്‍ തികച്ചും ജനാധിപത്യപരമായ സമീപനമാണ് ഈ സര്‍ക്കാരും പൊലീസ് വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിയും സ്വീകരിച്ചിട്ടുള്ളത്.
സാധാരണ ക്രിമിനല്‍ കേസുകളില്‍പ്പോലും യു.എ.പി.എ ചുമത്തുന്ന സ്ഥിതി വ്യാപകമായി ഉണ്ടായത് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ്. പക്ഷേ, ഇടതുമുന്നണി സര്‍ക്കാര്‍ വന്നിട്ടും ഈ സര്‍ക്കാരിന്റെ രാഷ്ട്രീയ നയത്തെക്കുറിച്ചു മനസ്‌സിലാക്കാതേയും ശ്രദ്ധിക്കാതേയും പല കേസുകളിലും യു.എ.പി.എ ചുമത്തി. ഇതു ജനങ്ങള്‍ക്കു മുന്നിലേക്കു കേരളത്തിലെ മാധ്യമങ്ങള്‍ കൊണ്ടുവന്നപ്പോള്‍ ഒരു മടിയും കൂടാതെ അതിനെതിരെ വ്യക്തമായ നിലപാടു സ്വീകരിച്ചു. 162 യു.എ.പി.എ കേസുകളും പരിശോധിക്കുകയും അതില്‍ കുറ്റപത്രം കൊടുത്തത് ഒഴികെയുള്ള മുഴുവന്‍ കേസുകളും പിന്‍വലിക്കുകയും ചെയ്തു. ഇത് ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ ചിന്തിക്കാന്‍ പറ്റുമോ, മറ്റെവിടെയെങ്കിലും. കുറ്റപത്രം സമര്‍പ്പിച്ച കേസുകളില്‍ കോടതി നടപടിക്കു വിധേയമായേ സര്‍ക്കാരിന് എന്തെങ്കിലും ചെയ്യാന്‍ പറ്റുകയുള്ളു. പൊലീസിനെ അവര്‍ക്കു തോന്നുന്ന രീതിയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും പൊലീസ് തെറ്റായ രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ അതു സര്‍ക്കാര്‍ ഇടപെട്ടു തിരുത്തുമെന്നുമുള്ള വ്യക്തമായ സന്ദേശമാണ് അത്. പക്ഷേ, കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് യു.എ.പി.എ ചുമത്തിയതും ഈ സര്‍ക്കാരിന്റെ ചുമലില്‍ വച്ചു. ഏറ്റവും നല്ല ഉദാഹരണം എം.എന്‍. രാവുണ്ണിക്കെതിരായ കേസാണ്. രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്നപ്പോഴാണ് അദ്ദേഹത്തിനെതിരെ യു.എ.പി.എ ചുമത്തിയത്. ആ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തത് ഈ സര്‍ക്കാര്‍ വന്നശേഷമാണ്. ഇടതുമുന്നണി സര്‍ക്കാരിന്റേയും കോണ്‍ഗ്രസ്സ്, ബി.ജെ.പി സര്‍ക്കാരുകളുടെയും സമീപനം ഒന്നുതന്നെയാണെന്നു വരുത്താന്‍ തീവ്ര ഇടതുപക്ഷ ബുദ്ധിജീവികളും വലതുപക്ഷ ബുദ്ധിജീവികളും ഒന്നിച്ചു ശ്രമിച്ചു. ഇപ്പോള്‍ കാര്യങ്ങള്‍ എല്ലാവര്‍ക്കും ബോധ്യപ്പെട്ടു. 
പിണറായി വിജയനല്ല, സീതാറാം യച്ചൂരി മുഖ്യമന്ത്രിയായാലും പൊലീസിനു സാധാരണക്കാരോടുള്ള സമീപനം ഉള്‍പ്പെടെയുള്ള തെറ്റായ രീതികള്‍ പെട്ടെന്നു മാറുമെന്ന വ്യാമോഹം ഇടതുപക്ഷത്തിനില്ല. ഇതു കൊളോണിയല്‍ കാലത്ത് രൂപപ്പെട്ട ഒരു മര്‍ദ്ദന സംവിധാനമാണ്. അതിനെ പരമാവധി ജനാധിപത്യവല്‍ക്കരിക്കാനാണ് ഇടതുപക്ഷ സര്‍ക്കാര്‍ നോക്കുന്നത്. അത്തരം ജനാധിപത്യവല്‍ക്കരണ നീക്കങ്ങളെ മുഴുവനും തടയാന്‍ കഴിയുന്ന രീതിയില്‍ വലിയ ഐ.പി.എസ് ബ്യൂറോക്രാറ്റിക് സംവിധാനമാണ് നിലനില്‍ക്കുന്നത്. ഐ.പി.എസുകാര്‍ കേന്ദ്രസര്‍ക്കാര്‍ റിക്രൂട്ട് ചെയ്യുന്നവരാണ്. ഇവരെല്ലാം ഒരു ആധുനിക ജനാധിപത്യ സമൂഹത്തിന് അനുസൃതമായ ഒരു പൊലീസ് സമീപനത്തെക്കുറിച്ചു ചിന്തിക്കാത്തവരാണ്. അച്ചടക്കം എന്നാല്‍, അടിമത്തമാണ് എന്നാണ് അവര്‍ ചിന്തിക്കുന്നത്. തങ്ങള്‍ പറയുന്നത് ആളുകളെക്കൊണ്ട് അനുസരിപ്പിക്കുന്നതിലാണ് അവര്‍ ശ്രദ്ധിക്കുന്നത്. ടി.പി. സെന്‍കുമാര്‍ തന്നെ ഏറ്റവും നല്ല ഉദാഹരണം. തിരുവനന്തപുരം എം.ജി കോളേജില്‍ അക്രമം നടത്തിയ എ.ബി.വി.പിക്കാരനെ പിടിക്കാന്‍ പോയ പൊലീസുകാരനെ പരസ്യമായി അദ്ദേഹം ശകാരിക്കുന്ന ദൃശ്യം കേരളം കണ്ടതല്ലേ. ഇത്തരം സെന്‍കുമാര്‍മാരുടെ ധാരണയെന്താണ്. പൊലീസെന്നു പറഞ്ഞാല്‍ അച്ചടക്കത്തിന്റെ പേരില്‍ തങ്ങള്‍ പറയുന്നതെല്ലാം അടിമകളെപ്പോലെ അനുസരിക്കേണ്ടവരാണ് എന്നാണ്. ലോകം മാറുകയാണ്, നമ്മള്‍ മാറുകയാണ്, കേരളം മാറുകയാണ്. അതനുസരിച്ച് ഒരു ആധുനിക സിവില്‍ സമൂഹത്തിനനുസരിച്ചു പൊലീസിലും മാറ്റമുണ്ടാകണം. ആ മാറ്റത്തിനാവശ്യമായ നല്ല ഇടപെടലുകള്‍ ഇടതുപക്ഷം നടത്തണം. ആ ഇടപെടലുകളുടെ ഭാഗമായി പൊലീസ് സേനയില്‍ത്തന്നെ നല്ല ജനാധിപത്യവല്‍ക്കരണം ഉണ്ടാകണം. അങ്ങനെ പൊലീസിന്റെ മനോഭാവത്തില്‍ മാറ്റം വരുത്താതെ സാധാരണക്കാരന് എളുപ്പം നമ്മുടെ പൊലീസ് സ്റ്റേഷനുകളില്‍ കയറിപ്പോകാന്‍ പറ്റില്ല. പിണറായി വിജയനെപ്പോലെ സി.പി.മ്മിന്റെ പി.ബി അംഗമായ ഉന്നത നേതാവ് ഭരിക്കുന്ന കേരളത്തിലെ പൊലീസ് സ്‌റ്റേഷനുകളില്‍ സാധാരണക്കാരനു നിര്‍ഭയമായി കടന്നുചെല്ലാന്‍ കഴിയണം. അതിനു സാഹചര്യമുണ്ടാക്കുക എന്നത് ഇടതുമുന്നണി സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. ആ ഉത്തരവാദിത്വം പൊലീസിന്റെ ജനാധിപത്യവല്‍ക്കരണത്തിനുവേണ്ടിയുള്ള പോരാട്ടം കൂടിയാണ്. 
മുന്‍ ഡി.ജി.പി രമണ്‍ ശ്രീവാസ്തവയെ മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവാക്കിയതിനെക്കുറിച്ചാണ് മറ്റൊരു വിമര്‍ശനം. രമണ്‍ ശ്രീവാസ്തവയെപ്പോലെ പരിണതപ്രജ്ഞനായ ഒരു ഐ.പി.എസ് ഉദ്യോഗസ്ഥനെ ഈ രംഗത്തെ അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ കേള്‍ക്കാന്‍ ഉപദേശകനായി വച്ചിരിക്കുന്നു. പക്ഷേ, ഗീതാ ഗോപിനാഥിന്റെ കാര്യത്തിലെപ്പോലെതന്നെ അദ്ദേഹത്തിന്റെ അഭിപ്രായങ്ങളും തീരുമാനങ്ങളുമൊന്നും ഈ സര്‍ക്കാര്‍ നടപ്പാക്കാന്‍ പോകുന്നില്ല. അതില്‍ എന്തെങ്കിലും സഹായകരമായ കാര്യങ്ങളുണ്ടെങ്കില്‍ സ്വീകരിക്കുമെന്നു മാത്രം. അതിലപ്പുറം അതിനു യാതൊരുവിധ പ്രാധാന്യവുമില്ല.


ജനവിരുദ്ധ പൊലീസിന് 
സി.പി.എം പിന്തുണ

എം.കെ. ദാസന്‍
(സംസ്ഥാന സെക്രട്ടറി, സി.പി.ഐ എം.എല്‍ റെഡ് സ്റ്റാര്‍)

ഒരു വര്‍ഷക്കാലത്തെ പിണറായി വിജയന്റെ പൊലീസ് ഭരണം ഓര്‍മ്മിപ്പിക്കുന്നത് 1982–1987 കാലയളവിലെ കെ. കരുണാകരന്റെ പൊലീസ് ഭരണത്തെയാണ്. അടിയന്തരാവസ്ഥയ്ക്കുശേഷം പൊലീസ് ഏറ്റവും മോശമായത് ആ കാലത്തായിരുന്നു. ആ സ്ഥിതിയാണ് ഇപ്പോഴുമുള്ളത്. ജിഷ കേസ് പൊലീസിനെതിരെ സംസ്ഥാന വ്യാപകമായി ഉണ്ടാക്കിയ വലിയ വികാരത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് ഇവര്‍ അധികാരത്തിലെത്തിയത്. എന്നാല്‍, അതേ പൊലീസിനെ നിലയ്ക്കു നിര്‍ത്താനോ ജനിവരുദ്ധമായി അവര്‍ പെരുമാറുന്നതു തടയാനോ ഈ സര്‍ക്കാരിനു സാധിച്ചില്ല. മാത്രമല്ല, ജിഷ കേസില്‍ ഇവര്‍ സ്വീകരിച്ച രീതിയും യു.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിച്ച രീതിയും തമ്മില്‍ കാര്യമായ വ്യത്യാസമുണ്ടായുമില്ല. ഏതെങ്കിലും ഒരു പ്രതിയെ കിട്ടിയാല്‍ മതി എന്ന മട്ടിലായിരുന്നു അന്വേഷണം. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ അടിയന്തരമായി മാറ്റിയതു പോലും ജിഷ കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ടാണ് എന്നുവേണം കരുതാന്‍. ജിഷയെ കൊന്നത് ഒരാളല്ലെന്നും ആ കേസന്വേഷണത്തില്‍ അഴിമതിയുണ്ടായെന്നുമാണ് ആ റിപ്പോര്‍ട്ടില്‍ പറയുന്നതെന്നാണല്ലോ പുറത്തുവന്നത്. 
സര്‍ക്കാര്‍ അധികാരത്തിലെത്തി മൂന്നാം ദിവസം പൊലീസ് മേധാവി സെന്‍കുമാറിനെ മാറ്റി എന്നതിലുപരി നരേന്ദ്ര മോദിയുടെ ഗുഡ്ബുക്കില്‍ ഇടംനേടിയിട്ടുള്ള ലോക്‌നാഥ് ബെഹ്‌റയെ പൊലീസ് മേധാവിയാക്കി എന്നതാണ് പ്രധാനം. 
സ്ത്രീകളോടും ദളിതരോടും ദരിദ്രരോടും മതന്യൂനപക്ഷങ്ങളോടും പൊലീസിന്റെ സമീപനം നിഷ്ഠുരവും സമ്പന്നരുടേയും മാഫിയകളുടേയും താല്‍പ്പര്യങ്ങള്‍ക്കുവേണ്ടിയുള്ളതുമാണ്. നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം നടക്കുമ്പോള്‍ത്തന്നെ മുഖ്യമന്ത്രി പറഞ്ഞതു സംഭവത്തില്‍ ഗൂഢാലോചന ഇല്ലെന്നാണ്. അത് അന്വേഷണത്തെ സ്വാധീനിക്കുന്ന തരത്തിലായി മാറി. ജിഷ വധക്കേസുള്‍പ്പെടെ എവിടെയെങ്കിലും ഉന്നതരായ ആരിലെങ്കിലും എത്തിപ്പെടാവുന്ന ഇത്തരം കേസുകളിലെല്ലാം വാടകക്കൊലയാളികളെയോ വാടക പ്രതികളെയോ വച്ച് അന്വേഷണം അവസാനിപ്പിക്കുന്ന സ്ഥിതി. ഏറ്റവും ഒടുവില്‍ രമണ്‍ ശ്രീവാസ്തവയെ മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവാക്കിയിരിക്കുന്നു. പാലക്കാട് സിറാജുന്നിസ എന്ന കുട്ടിയെ വെടിവച്ചുകൊല്ലാന്‍ ഇടയാക്കിയ നിര്‍ദ്ദേശം കൊടുത്ത ഉദ്യോഗസ്ഥനാണ് അദ്ദേഹം. പിന്നീട് യു.ഡി.എഫ് സര്‍ക്കാര്‍ ഡി.ജി.പിയാക്കിയ ശ്രീവാസ്തവയെ തുടരാന്‍ എല്‍.ഡി.എഫ് സര്‍ക്കാരും അനുവദിച്ചു എന്നതു ശരിതന്നെ. പക്ഷേ, സംഘപരിവാര്‍ സ്വഭാവമുള്ളവരൊക്കെ എങ്ങനെ പിണറായി സര്‍ക്കാരിനും പ്രിയപ്പെട്ടവരായി മാറുന്നു എന്ന പ്രശ്‌നം നിസ്‌സാരമല്ല. ഇതിലൊക്കെയുള്ള സമീപനം ജനവിരുദ്ധവും ഇടതുപക്ഷവിരുദ്ധവുമാണ്. 
പിണറായിയല്ല, യച്ചൂരി മുഖ്യമന്ത്രിയായാലും ബൂര്‍ഷ്വാ പോലീസിനെ ഒറ്റയടിക്കു മാറ്റാന്‍ പറ്റില്ല എന്നു പറയുന്നത് ഒരുതരം ഇരട്ടത്താപ്പാണ്. സഖാവ് എ. വര്‍ഗ്ഗീസ് കൊള്ളക്കാരനും ക്രിമിനലുമാണെന്നു സത്യവാങ്മൂലം കൊടുത്തത് ഈ സര്‍ക്കാരും തിരുത്താത്തതിനെക്കുറിച്ചു വിവാദമുണ്ടായപ്പോള്‍ പറഞ്ഞത് യു.ഡി.എഫ് സര്‍ക്കാര്‍ വച്ച അഭിഭാഷകനാണ് ഹാജരായതെന്നാണ്. പക്ഷേ, തങ്ങളുടെ കാര്യത്തിനുവേണ്ടി സുശീല ഭട്ടിനെ മാറ്റി. ഒരു വശത്ത്, സര്‍ക്കാര്‍ ഒരു തുടര്‍ച്ചയാണെന്നും സര്‍ക്കാര്‍ മാറിയാല്‍ പൊലീസ് മാറില്ലെന്നു പറയുകയും മറുവശത്ത് തങ്ങളുടെ കൂടി താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കേണ്ടിവരുമ്പോള്‍ മാറ്റേണ്ടവരെ മാറ്റുകയും ചെയ്യുന്നു. 
യു.എ.പി.എയുടെ പ്രയോഗത്തിലുമുണ്ട് ഈ ഇരട്ട സമീപനം. യു.എ.പി.എ ഇല്ലെന്നു ഡി.ജി.പി പറയുന്ന നദീറിന്റെ കേസില്‍ പൊലീസ് ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നതു നേരെ വിപരീതമായാണല്ലോ. പൊലീസ് നയത്തിന്റെ വ്യക്തമായ സൂചനകളാണ് ഇതൊക്കെ. എല്ലാം ഉപദേശകര്‍ വഴിയാണ് തീരുമാനിക്കുന്നതെങ്കില്‍ എന്തിനാണ് പാര്‍ട്ടിയും മുന്നണിയും.
മഹിജയ്ക്കു നേരെയുണ്ടായ അതിക്രമത്തിന്റെ കളങ്കം ചെറുതല്ല. എസ്.എഫ്.ഐ ഉണ്ടാക്കാന്‍ ശ്രമിച്ച ഒരു വിദ്യാര്‍ത്ഥിയെയാണ് ആസൂത്രിതമായി നെഹ്‌റു കോളേജ് മാനേജ്‌മെന്റ് നിഷ്ഠുരമായി ഇല്ലാതാക്കിയത്. ഈ ആരോപണം മഹിജയും അശോകനും ഉന്നയിക്കുന്നതാണ്. കോപ്പിയടിയല്ല കാര്യം കൃത്യമായി ഉന്നംവച്ച് ഇല്ലാതാക്കിയതാണ് എന്നു പുറത്തുവന്നു. പക്ഷേ, ഡി.ജി.പിയെ കാണാന്‍ ചെന്നപ്പോള്‍ എന്താണുണ്ടായതെന്നു കേരളം നടുക്കത്തോടെയാണ് കണ്ടത്. പിന്നീട് അവരുടെ നിരാഹാര സമരം തീര്‍ക്കാന്‍ മുഖ്യമന്ത്രി നല്‍കിയ വാഗ്ദാനങ്ങളും ലംഘിക്കപ്പെട്ടു.
ഇടതുപക്ഷ ലേബല്‍ പോലും ഇവര്‍ക്കു നഷ്ടപ്പെട്ടിരിക്കുന്നു. നേരത്തെ ഒരു ഇടതു മുഖംമൂടിയെങ്കിലും ഉണ്ടായിരുന്നു. ഇപ്പോള്‍ അതുമില്ലാതായിരിക്കുന്നു. ഉദ്യോഗസ്ഥര്‍ക്കു വേണമെങ്കില്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ ഭീഷണിയെയും സമ്മര്‍ദ്ദത്തേയും മറികടന്നു മുന്നോട്ടു പോകാന്‍ കഴിയും എന്ന സന്ദേശമാണ് സെന്‍കുമാറിന്റെ തിരിച്ചുവരവ് നല്‍കുന്നത്. പക്ഷേ, അദ്ദേഹം വന്നതുകൊണ്ടും പൊലീസിന്റെ രീതിയില്‍ വലിയ മാറ്റമൊന്നുമുണ്ടാകില്ല. സെന്‍കുമാറിന്റെ കാലത്താണ് നേരത്തേ യു.എ.പി.എ കേസുകള്‍ പലതും ചുമത്തിയത്. 
സി.പി.ഐ എന്ന വലതുപക്ഷത്തേക്കാള്‍ വലത്തായിരിക്കുന്നു സി.പി.എം എന്നതുകൊണ്ടാണ് സി.പി.ഐ വലിയ ഇടതുപക്ഷമായി നടിക്കുന്നത്. അതില്‍ ജനങ്ങള്‍ വലിയ പ്രതീക്ഷയൊന്നും വയ്‌ക്കേണ്ടതില്ല. 

മുകളില്‍നിന്നു കെട്ടിയിറക്കുന്ന 
കിഫ്ബി അപകടകരം

പ്രൊഫ. പി.ജെ. ജയിംസ്

(ഇടതുപക്ഷ സാമ്പത്തിക ചിന്തകന്‍)

പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതിനു പശ്ചാത്തലമൊരുക്കാന്‍ തെരഞ്ഞെടുപ്പു പ്രകടന പത്രികയ്ക്കു മുന്‍പായി സി.പി.എം ഒരു പഠനകോണ്‍ഗ്രസ്സ് നടത്തിയിരുന്നു. അതില്‍ സി.പി.എം അവരുടെ നയനിലപാടുകള്‍ വ്യക്തമാക്കുകയും ചെയ്തു. പിന്നീട് കഴിഞ്ഞ ബജറ്റിനു മുന്‍പു പിണറായി സര്‍ക്കാരിന്റെ സാമ്പത്തികാവലോകന റിപ്പോര്‍ട്ടു പുറത്തുവന്നു. അതില്‍ പറയുന്നതു സര്‍ക്കാരിന്റെ റോള്‍ ഒരു ഫസിലിറ്റേറ്ററുടെ അഥവാ സഹായിയുടേതായിരിക്കും എന്നാണ്. അതായത്, സമ്പദ്ഘടനയിലെ ഒരു മുന്‍നിര പ്രവര്‍ത്തകനാകേണ്ടതില്ല, ആസൂത്രണത്തിലോ മൂലധന നിക്ഷേപത്തിലോ സര്‍ക്കാര്‍ കാര്യമായി പങ്കുവഹിക്കേണ്ടതില്ല, സാമൂഹിക സേവന മേഖലകളിലൊക്കെയുള്ള പ്രവര്‍ത്തനമാണ് സര്‍ക്കാരിന്റെ റോള്‍. കുറേയധികം ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഈ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടല്ലോ. അത്തരം കാര്യങ്ങളൊഴിച്ചാല്‍ സര്‍ക്കാരല്ല, നിര്‍ണ്ണായക പങ്കുവഹിക്കേണ്ടതു കോര്‍പ്പറേറ്റ് മൂലധന ശക്തികള്‍ തന്നെയാണ് എന്ന വിധമാണ് സമീപനം. നവ ഉദാരവല്‍ക്കരണ സമീപനവും ഇതുതന്നെയാണ്. ഇവിടെ ഇടതുപക്ഷ മുഖംമൂടിയുള്ളതുകൊണ്ട് കേന്ദ്രത്തില്‍ നരേന്ദ്ര മോദി ആസൂത്രണ കമ്മിഷന്‍ പിരിച്ചുവിട്ടത് അതേപടി പിന്തുടരാതെ പിണറായി വിജയന്‍ ആസൂത്രണ ബോര്‍ഡിനെ നോക്കുകുത്തിയാക്കിയിരിക്കുകയാണ്. എന്നിട്ടു നയപരമായ കാര്യങ്ങളെല്ലാം തന്നെ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) എന്ന സ്ഥാപനത്തെ ഏല്‍പ്പിച്ചിരിക്കുന്നു. അതു നിയമസഭയ്ക്കും സര്‍ക്കാരിനും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ അഭിപ്രായങ്ങള്‍ക്കും അപ്പുറത്തുള്ള ഒരു വേദിയാണ്. റിട്ടയര്‍ ചെയ്ത് വന്‍കിട ബ്യൂറോക്രാറ്റുകളാണ് അതിലുള്ളത്. ഈ സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെല്ലാം കിഫ്ബി വഴിയാണ്. നവ ഉദാരവല്‍ക്കരണം ആവശ്യപ്പെടുന്ന സാമ്പത്തിക പ്രവര്‍ത്തനങ്ങളാണ് കിഫ്ബി നടപ്പാക്കുക. പി.പി.പി പദ്ധതികള്‍ ഉദാഹരണം. ഇപ്പോള്‍ അദാനിയെയും അംബാനിയെയും ജിന്‍ഡാലിനെയും പോലുള്ള കോര്‍പ്പറേറ്റുകള്‍ പണം സമാഹരിക്കുന്നത് പി.പി.പി പദ്ധതികളില്‍ ഏര്‍പ്പെട്ടുകൊണ്ടാണ്. പദ്ധതികളുടെ ഭാരം ജനങ്ങളെക്കൊണ്ട് ചുമപ്പിക്കുക. ദേശീയപാതകളുടെയും തുറമുഖങ്ങളുടെയുമൊക്കെ നിര്‍മ്മാണം കോര്‍പ്പറേറ്റുകളെ ഏല്‍പ്പിക്കുമ്പോള്‍ സംഭവിക്കുന്നത് ഇതാണ്. ഇങ്ങനെയുള്ള കോര്‍പ്പറേറ്റുകളെ സഹായിക്കുകയാണ് സര്‍ക്കാരിന്റെ റോള്‍ എന്നാണ് പിണറായി സര്‍ക്കാരിന്റെ സാമ്പത്തികാവലോകന റിപ്പോര്‍ട്ട് പറയുന്നത്.

അതിന് അനുകൂലമായ പരിഷ്‌കാരങ്ങള്‍, തൊഴില്‍നിയമ പരിഷ്‌കാരങ്ങള്‍, പരിസ്ഥിതിനിയമങ്ങള്‍ ലഘൂകരിക്കല്‍ തുടങ്ങിയവയാണ് സര്‍ക്കാരിന്റെ റോള്‍. ദേശീയപാത വികസനത്തിനു 45 മീറ്റര്‍ ഭൂമി ഏറ്റെടുക്കുക എന്ന വാശിയൊക്കെ കോര്‍പ്പറേറ്റുകളുടെ താല്‍പ്പര്യമാണ്. അവര്‍ക്കു റിയല്‍ എസ്റ്റേറ്റും അനുബന്ധ താല്‍പ്പര്യങ്ങളുമുണ്ട്. ആകെ 30 മീറ്റര്‍ മതി നാലുവരിപ്പാത നിര്‍മ്മിക്കാന്‍. റോഡിനു 15 മീറ്റര്‍ ധാരാളം മതി. ബാക്കി 15 മീറ്റര്‍ രണ്ടു വശങ്ങളിലും. കേരളം പോലെ ഇത്രയും ജനസാന്ദ്രതയുള്ള സംസ്ഥാനത്തു 45 മീറ്ററിനു വേണ്ടി വാശിപിടിക്കുന്നതു കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി മാത്രമാണ്. 
തിരുവനന്തപുരത്തു നടന്ന പഠന കോണ്‍ഗ്രസ്സിന്റെ ആമുഖമായി പിണറായി വിജയന്‍ പറഞ്ഞതു മറ്റ് അയല്‍സംസ്ഥാനങ്ങളിലേക്കാള്‍ വളരെ തുച്ഛമായ വിദേശ മൂലധനം മാത്രമേ കേരളത്തിലേക്കു വരുന്നുള്ളു എന്നാണ്. കൂടുതല്‍ വിദേശ മൂലധനം ആകര്‍ഷിച്ചുകൊണ്ടുവരുന്നതാണ് കേരളത്തിന്റെ വികസനം. അങ്ങനെയൊരു അജന്‍ഡയാണ് ഇവര്‍ നടപ്പാക്കുന്നത്. അതാണ് ഇവരുടെ സാമ്പത്തിക നയം. ബംഗാളില്‍ ബുദ്ധദേവ് ഭട്ടാചാര്യ നടപ്പാക്കിയതും അവിടെ ഇടതുപക്ഷത്തെ മൂന്ന് പതിറ്റാണ്ടിലധികം കാലത്തെ ഭരണത്തില്‍നിന്നു തെറിപ്പിക്കുന്ന ജനരോഷത്തിലേക്ക് എത്തുകയും ചെയ്ത അതേ നയം. അതിനു വളരെ കൃത്യമായി അടിവരയിടുന്ന സംഭവങ്ങളാണ് കഴിഞ്ഞ ഒരു വര്‍ഷം നടന്നത്. 
ഇരുപത്തിയാറായിരം ദളിത് കോളനികളുള്ള, പതിനായിരത്തോളം കോളനികളില്‍ ആദിവാസികള്‍ ദുരിതജീവിതം നയിക്കുന്ന, വീടും കക്കൂസും ഇല്ലാതെ രാപ്പകല്‍ ദുരിത ജീവിതം തള്ളിനീക്കുന്ന മല്‍സ്യത്തൊഴിലാളികളുള്ള, ഇവരെല്ലാം ഉള്‍പ്പെടെ അഞ്ചു ലക്ഷത്തോളം കുടുംബങ്ങള്‍ക്കു സ്വന്തമായി വീടില്ലാത്ത സംസ്ഥാനമാണ് കേരളം.

അഞ്ചു ലക്ഷം കുടുംബങ്ങള്‍ എന്നത് അറുപതു ലക്ഷത്തോളം ആളുകളാണ്. ഇവര്‍ ഭൂമിയും വീടുമില്ലാത്ത പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരാണ്. പെരുമ്പാവൂരിലെ ജിഷയുടെ ദാരുണ മരണത്തിനൊക്കെ ഇടയാക്കിയ ഘടകങ്ങളിലൊന്ന് ഈ ദുരിതപൂര്‍ണമായ ജീവിതസാഹചര്യവും കൂടിയാണ്. ഇതൊക്കെ മറച്ചുവച്ചുകൊണ്ടാണ് കേരള മാതൃകയെക്കുറിച്ചു പറയുന്നത്.
പ്രത്യക്ഷത്തില്‍ രാഷ്ട്രീയമായി ബി.ജെ.പിക്ക് എതിരാണെങ്കിലും പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം മറ്റുപല സംസ്ഥാനങ്ങളേക്കാള്‍ നന്നായി നരേന്ദ്ര മോദിയുടെ സാമ്പത്തിക നയങ്ങള്‍ നടപ്പാക്കുന്നു. മല്‍സരിച്ചു നടപ്പാക്കുന്നുവെന്നും പറയാം. ജി.എസ്.ടിയുടെ കാര്യം തന്നെ എടുക്കാം. അത് ഒരേസമയം സാമ്രാജ്യത്വ സാമ്പത്തിക ഏജന്‍സികളുടെ ആശയവും അതേസമയം അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ നടപ്പാക്കാന്‍ പറ്റാത്തതുമാണ്. അമേരിക്കയില്‍ പരോക്ഷനികുതി പൂര്‍ണമായും സംസ്ഥാനങ്ങളുടെ അധികാര നിയന്ത്രണത്തിലാണ്. കേന്ദ്രത്തിന് അതില്‍ തൊടാന്‍ പറ്റില്ല. അതു സംസ്ഥാനങ്ങളെ തകര്‍ക്കും എന്നതാണ് കാരണം. യു.എസും യൂറോപ്യന്‍ യൂണിയനും സ്വന്തം രാജ്യങ്ങളില്‍ നടപ്പാക്കാത്ത ചരക്കു സേവന നികുതി ഇവിടെ നടപ്പാക്കിക്കൊണ്ട് ഇന്ത്യയെ ഒരു ഏകീകൃത വിപണിയാക്കുകയാണ്. അതിന്റെ ഏറ്റവും വലിയ നടത്തിപ്പുകാരായി പിണറായി സര്‍ക്കാര്‍ മാറുകയാണ്. സി.പി.എമ്മിന്റെ കേന്ദ്ര നേതൃത്വം ജി.എസ്.ടിയുടെ കാര്യത്തില്‍ തീരുമാനമെടുക്കുക പോലും ചെയ്യുന്നതിനു മുന്‍പാണ് മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പിണറായി പിന്തുണ പ്രഖ്യാപിച്ചത്. ആ സമയത്ത് രാജ്യസഭയില്‍ സീതാറാം യച്ചൂരി ജി.എസ്.ടിയെ എതിര്‍ക്കുകയായിരുന്നു. ഈ കോര്‍പ്പറേറ്റ് വല്‍ക്കരണത്തിന്റെ ഭാഗമായാണ് ഇവിടെ ജനാധിപത്യ അവകാശങ്ങളുടെ നിഷേധമൊക്കെ ഉണ്ടാകുന്നത്. അഭിപ്രായ സ്വാതന്ത്ര്യം കോര്‍പ്പറേറ്റുകള്‍ക്ക് എതിരാകുമ്പോള്‍ അവരെ അനൂകൂലിക്കുന്ന സര്‍ക്കാരുകള്‍ അത് അടിച്ചമര്‍ത്തും. ഇവരും അതുതന്നെ ചെയ്യുന്നു. അതു യാദൃച്ഛികമായി സംഭവിക്കുന്നതല്ല.

തല്‍ക്കാലം പിടിച്ചുനില്‍ക്കാന്‍ 
ഒപ്പിക്കല്‍ തന്ത്രങ്ങള്‍

എസ്.ആര്‍. സഞ്ജീവ്
(മുന്‍ മാധ്യമ പ്രവര്‍ത്തകന്‍, തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ് ജേര്‍ണലിസം അധ്യാപകന്‍)

ഥാര്‍ത്ഥത്തില്‍ ഇവരുടെ ധനകാര്യ നയത്തിന്റെ പ്രത്യേകതയെന്നതു നയമില്ലായ്മയാണ്. ജി.എസ്.ടിയുടെ കാര്യത്തില്‍ സി.പി.എം കേന്ദ്ര നേതൃത്വം ആദ്യം ദുര്‍ബ്ബലമായ എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും പിന്നീട് അതു സ്വീകരിക്കുന്ന തീരുമാനത്തിലേക്ക് എത്തി. വി.എസ്. സര്‍ക്കാരിന്റെ കാലത്താണ് കേന്ദ്ര സര്‍ക്കാര്‍ മൂല്യ വര്‍ധിത നികുതി (വാറ്റ്) നടപ്പാക്കിയത്. ഇപ്പോള്‍ ജി.എസ്.ടി കൊണ്ടുവന്നു. അന്നുമിന്നും തോമസ് ഐസക്കാണ് ധനമന്ത്രി. ഇവയുടെ ചില ഗുണഫലങ്ങള്‍ കേരളത്തിനു ലഭിക്കുമെന്നു തിരിച്ചറിഞ്ഞ് അവ നേടിയെടുക്കുന്നതില്‍ അദ്ദേഹം സാമര്‍ത്ഥ്യം കാണിക്കുകയാണ് ചെയ്യുന്നത്. അതേസമയം, നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ടു കേരളത്തിനു വലിയൊരു അവസരമാണ് അദ്ദേഹം നഷ്ടപ്പെടുത്തിയത്. കേരളം പോലെ വന്‍തോതില്‍ കണക്കില്‍പ്പെടാത്ത പണം (ബ്‌ളാക്മണിയല്ല) കൈകാര്യം ചെയ്യുന്ന സംസ്ഥാനത്തെ കുറേ പണമൊക്കെ മുഖ്യധാരയിലേക്കു കൊണ്ടുവന്നു ഗുണകരമാക്കി മാറ്റാന്‍ സാധിക്കുമായിരുന്നു. അതിനുള്ള ശ്രമമുണ്ടായില്ല. പകരം നോട്ട് അസാധുവാക്കലിനെ അന്ധമായി എതിര്‍ക്കുക മാത്രം ചെയ്തു.


 മുന്‍പില്ലാത്ത വിധം നമ്മുടെ പൊതുകടവും റവന്യു കമ്മിയും ഉയര്‍ന്നുനില്‍ക്കുകയാണ്. വാര്‍ഷിക പദ്ധതി നടത്തിപ്പിന്റെ ഗുണനിലവാരം നമുക്ക് ഉറപ്പുവരുത്താന്‍ കഴിയുന്നില്ല. ഫിക്‌സ്ഡ് അസെറ്റ് എന്നതു കുറച്ചു റോഡുകളും പാലങ്ങളുമാണ്. ഇവയുടെ മേല്‍ വീണ്ടും വീണ്ടും പണം ചെലവഴിക്കേണ്ടിയും വരുന്നു. അടിസ്ഥാന സൗകര്യ മേഖലയില്‍ കുറേ കാലങ്ങളായി ഏറ്റെടുത്തിരിക്കുന്ന വന്‍കിട പദ്ധതികളാണ് പിന്നെ എടുത്തുപറയാനുള്ളത്. അല്ലാതെ വന്‍തോതില്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കാനോ വലിയ പദ്ധതികള്‍ കൊണ്ടുവരാനോ ഇവിടുത്തെ ജീവിതനിലവാരം ഉയര്‍ത്താനോ സാധിക്കുന്നില്ല. അതേസമയം സംസ്ഥാനത്തിന്റെ മൗലിക സമ്പദ്ഘടന അങ്ങേയറ്റം ദുര്‍ബലമാണുതാനും. ഇതിനെ ഫലപ്രദമായി നേരിടാനുള്ള വഴികള്‍ മുന്‍പത്തെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെപ്പോലെ തന്നെ പിണറായി സര്‍ക്കാരിനുമില്ല. 2001–2006 ലെ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തു മാത്രമാണ് തീരെ ജനപ്രിയമല്ലാത്ത നടപടികളിലൂടെ കുറച്ചെങ്കിലും സാമ്പത്തിക അച്ചടക്കത്തിനു സമീപകാല കേരളം ശ്രമിച്ചത്. ആ സര്‍ക്കാരില്‍ എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്തായിരുന്നു അത്. അത് ഒരുപാടു പ്രതിഷേധങ്ങള്‍ക്ക് അന്ന് ഇടയാക്കിയെങ്കിലും കേരളത്തെ വലിയ തകര്‍ച്ചയില്‍നിന്നു രക്ഷിച്ചു. പിന്നീടിങ്ങോട്ട് തോമസ് ഐസക്കിന്റെ കാലമായപ്പോഴേക്കും കണ്ടമാനം റവന്യു ചെലവ് വര്‍ധിപ്പിക്കുകയും സംസ്ഥാനത്തിന്റെ സ്ഥിര സ്വത്തുകളുടെ ഗുണനിലവാരം ഉയര്‍ത്തുന്ന തരത്തില്‍ പദ്ധതിച്ചെലവ് വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ പരാജയപ്പെടുകയും ചെയ്തു.

അദ്ദേഹം ട്രഷറി മാനേജ്‌മെന്റാണ് യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്. ട്രഷറിയിലേക്കു കൂടുതല്‍ ഫണ്ട് എപ്പോഴും നിലനിര്‍ത്തുന്ന രീതിയിലുള്ള സാധാരണ നടപടികള്‍. സര്‍ക്കാരിന്റെ തന്നെ വകുപ്പുകളുടെ പണം ട്രഷറിയില്‍ നിക്ഷേപിക്കുക പോലുള്ള ഒരുതരം അഡ്ജസ്റ്റ്‌മെന്റ്. അതൊരു സുസ്ഥിരമായ നടപടിയാണെന്നു പറയാന്‍ പറ്റില്ല. കഴിഞ്ഞ തവണ ധനമന്ത്രിയായപ്പോള്‍ അദ്ദേഹം നികുതി വരുമാനം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിച്ചിരുന്നു. അന്നു സംസ്ഥാനത്തിന്റെ വരുമാനം വര്‍ധിപ്പിക്കാനെടുത്ത നടപടികളുടെ തുടര്‍ച്ചയൊന്നും ഈ സര്‍ക്കാരിന്റെ ഒരു വര്‍ഷം കാണാന്‍ കഴിഞ്ഞില്ല. ആദ്യ ബജറ്റില്‍ പറഞ്ഞതുതന്നെ മൂന്നു വര്‍ഷത്തേക്ക് ഒന്നും പ്രതീക്ഷിക്കേണ്ട എന്നാണ്. സംസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കും വികസനത്തിനും വേണ്ടി അദ്ദേഹം പ്രഖ്യാപിച്ച എല്ലാ ചെലവുകളും ബജറ്റിനു പുറത്തു പണം കണ്ടെത്തി ചെയ്യാമെന്നാണ് പറയുന്നത്. അതാണ് കിഫ്ബി. 25000 കോടിയുടേയും 50000 കോടിയുടേയും പദ്ധതികളാണ് കിഫ്ബി ഏറ്റെടുക്കുന്നത്. അതിന് അനുസൃതമായ സാമ്പത്തികാടിത്തറ ഉണ്ടാക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ച റവന്യു മാതൃകകള്‍ മതിയാകുമെന്നു തോന്നുന്നില്ല. മാത്രമല്ല, കിഫ്ബിയുടെ നടത്തിപ്പില്‍ അല്‍പ്പം പാളിപ്പോയിക്കഴിഞ്ഞാല്‍ സംസ്ഥാനത്തിനു ഭയാനകമായ ബാധ്യതയായി മാറും. സംവിധാനത്തിനു പുറത്തുള്ള ഈ സംവിധാനം നമ്മുടെ യഥാര്‍ത്ഥ സംവിധാനത്തിനു തന്നെ ബാധ്യതയാകും. കിഫ്ബിയുടെ ഓഫീസില്‍ കയറി വിജിലന്‍സ് റെയ്ഡ് ചെയ്തപ്പോള്‍ത്തന്നെ വിശ്വാസ്യതയെ ബാധിച്ചു.


സംരംഭകത്വത്തിനു പ്രോല്‍സാഹനം വാക്കുകളില്‍ മാത്രമേയുള്ളു. ഇനി കേരളത്തിനു മുന്നോട്ടു പോകണമെങ്കില്‍ വിവിധ മേഖലകളില്‍ മൂല്യവര്‍ധനവും സംരംഭകത്വവും പുതുതായി ഉണ്ടാകണം. അത്തരം വളര്‍ച്ചാധിഷ്ഠിത സമീപനത്തില്‍ സര്‍ക്കാരിനു ദീര്‍ഘവീക്ഷണമില്ല. തല്‍ക്കാലത്തേക്കു കാര്യങ്ങള്‍ നടന്നുപോയാല്‍ മതിയെന്ന മട്ടിലുള്ള താല്‍ക്കാലിക ലക്ഷ്യങ്ങളിലാണ് ഈ സര്‍ക്കാരിന്റെ സാമ്പത്തികനയം ഊന്നുന്നത്. ഇപ്പോഴത്തെ പ്രശ്‌നം ഇപ്പോള്‍ നേരിടുക. അത്രതന്നെ. എത്രകാലം അങ്ങനെ മുന്നോട്ടു പോകാന്‍ പറ്റും. തല്‍ക്കാലം ഒപ്പിച്ചുപോകാമെങ്കിലും പിന്നീട് അതുകൊണ്ടുണ്ടാകുന്ന നഷ്ടവും ദോഷവും എന്തൊക്കെയാണ്. അതു തിരിച്ചറിയാന്‍ ധനമന്ത്രി തയ്യാറാകുന്നില്ല. 

പൊതുവിദ്യാഭ്യാസ സംരക്ഷരകല്ല; സ്വാശ്രയ

 മുതലാളിമാര്‍ക്കൊപ്പം

എം. ഷാജിര്‍ഖാന്‍
(സേവ് എജുക്കേഷന്‍ കമ്മിറ്റി സംസ്ഥാന സെക്രട്ടറി)

ലാപ്പറമ്പ് ഉള്‍പ്പെടെയുള്ള സ്‌കൂളുകളുടെ അടച്ചുപൂട്ടല്‍ നീക്കത്തെ അഭിമുഖീകരിച്ചായിരുന്നു ഈ സര്‍ക്കാരിന്റെ തുടക്കം. പക്ഷേ, 5537 സ്‌കൂളുകള്‍ ഇപ്പോഴും അണ്‍ഇക്കണോമിക് ആണ്. അതായത് ആകെയുള്ള 12,400 സ്‌കൂളുകളില്‍ പകുതിയോളം അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നു. അത് ഏതെങ്കിലും ഒരു സര്‍ക്കാരിന്റെ മാത്രം കുറ്റമല്ല. ഈ സര്‍ക്കാരിന്റെ മുന്‍ഗാമികളായ ഇടതുമുന്നണി സര്‍ക്കാരുകളുടെതന്നെ നയങ്ങളും അതിനു കാരണമായിട്ടുണ്ട്, പാഠ്യപദ്ധതി പരിഷ്‌കരണം ഉള്‍പ്പെടെ. ആയിരം സ്‌കൂളുകള്‍ ഏറ്റെടുത്ത് സ്മാര്‍ട്ട് സ്‌കൂളുകളാക്കും എന്നാണ് ഇവര്‍ പറയുന്നത്. പ്രകടനപത്രികയിലും ബജറ്റിലും പറഞ്ഞത് അതാണ്. ഇപ്പോള്‍ ആരംഭിച്ചിരിക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം അതിന്റെ തുടര്‍ച്ചയാണ്. അത് ആയിരം സ്‌കൂളുകളില്‍ ഒതുക്കുകയും ചെയ്യുന്നു. അതുപോലും സര്‍ക്കാര്‍ ഫണ്ട് കൊടുത്തു പൊതുവിദ്യാഭ്യാസം സംരക്ഷിക്കുന്നതിനു പകരം പൊതുജനത്തിന്റെ ഫണ്ട് ഉപയോഗിച്ചാണ് ചെയ്യുന്നത്. നാട്ടുകാര്‍ സ്‌കൂള്‍ നടത്തണമെന്നു പറയുകയും അതിനു പണം സമാഹരിക്കാന്‍ പരസ്യമായി ആഹ്വാനം ചെയ്യുകയും ചെയ്യുന്ന സംരംഭമാണ് പൊതുവിദ്യാഭ്യാസ യജ്ഞം. ആയിരം സ്‌കൂളുകള്‍ ഏറ്റെടുക്കുമെന്നു പറയുമ്പോള്‍ പൂട്ടല്‍ ഭീഷണി നേരിടുന്ന മറ്റു സ്‌കൂളുകളെ കൈയൊഴിയുകയാണ്. 
സ്‌കൂള്‍ നടത്താന്‍ ആവശ്യമായ പണം പ്രാദേശിക തലത്തില്‍ സമാഹരിക്കണം എന്ന ലോകബാങ്ക് നിര്‍ദ്ദേശം അതേപടി നടപ്പാക്കിയ നടക്കാവ് മാതൃക മറ്റുള്ളിടങ്ങളിലും നടപ്പാക്കാനാണ് ശ്രമിക്കുന്നത്. പൂര്‍വ വിദ്യാര്‍ത്ഥികളില്‍നിന്നും രക്ഷാകര്‍ത്താക്കളില്‍നിന്നും ജീവകാരുണ്യ പ്രവര്‍ത്തകരില്‍നിന്നുമുള്‍പ്പെടെ പണം സമാഹരിക്കുക. അല്ലെങ്കില്‍ സ്വാഭാവിക മരണത്തിനു സ്‌കൂളുകളെ വിടുക. അങ്ങനെ കേരളത്തിലെ മുഴുവന്‍ സ്‌കൂളുകളും പാവപ്പെട്ടവര്‍ പഠിക്കുന്ന എല്ലാ സ്‌കൂളുകളും നടക്കാവ് മാതൃകയിലാക്കാന്‍ കഴിയുമെങ്കില്‍ ശരിയാണ്. പക്ഷേ, ഇത് അങ്ങനെയല്ലല്ലോ. പൊതുവിദ്യാലയങ്ങള്‍ നടത്തുക എന്ന ഉത്തരവാദിത്വത്തില്‍നിന്നു സര്‍ക്കാര്‍ പിന്മാറുക എന്ന ആഗോളവല്‍ക്കരണത്തിന്റെ ഉള്ളടക്കം തന്ത്രപരമായി നടപ്പാക്കുന്നു. 
പത്താംക്‌ളാസ് പരീക്ഷയിലുണ്ടായ ചോദ്യപ്പേപ്പര്‍ ചോര്‍ച്ച. ഗണിതശാസ്ത്ര പരീക്ഷ രണ്ടാമതും നടത്തേണ്ടിവന്നു. എത്ര അപമാനകരമായ സ്ഥിതിയാണ്. മുന്‍ സര്‍ക്കാരില്‍നിന്നു വ്യത്യസ്തമായി ഈ സര്‍ക്കാര്‍ മര്യാദയ്ക്കു പരീക്ഷകളെങ്കിലും നടത്തുമെന്നു പ്രതീക്ഷിച്ചു. പത്താംക്‌ളാസ് പരീക്ഷയ്ക്ക് അവശേഷിച്ചിരുന്ന വിശ്വാസ്യത കൂടി തകര്‍ത്തു. ഫിസിക്‌സ്, ഗണിതശാസ്ത്ര പരീക്ഷകളെ വലിയ കുഴപ്പത്തിലാക്കിയിട്ട് അവയ്ക്കു വാരിക്കോരി മാര്‍ക്ക് കൊടുത്താണ് ഇപ്പോള്‍ 96.5 ശതമാനം വിജയം ഉണ്ടാക്കിയിരിക്കുന്നത്. ഹയര്‍ സെക്കന്‍ഡറി പരീക്ഷയിലും കുഴപ്പം ആവര്‍ത്തിച്ചു.

അല്ലെങ്കില്‍ത്തന്നെ ഹയര്‍ സെക്കന്‍ഡറിയെ ഇല്ലാതാക്കാനുള്ള നീക്കമാണ് നടക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ആര്‍.എം.എസ്.എ (രാഷ്ട്രീയ മാധ്യമ ശിക്ഷാ അഭിയാന്‍) പദ്ധതിപ്രകാരം ഒമ്പത്, പത്ത്, പതിനൊന്ന്, പന്ത്രണ്ട് എന്നിവ ഒന്നിച്ചാക്കാന്‍ പോവുകയാണ്. അതോടെ ഇപ്പോള്‍ താരതമ്യേന മെച്ചപ്പെട്ട നിലവാരത്തിലുള്ള പതിനൊന്നും പന്ത്രണ്ടും കൂടി നശിക്കും. ഹയര്‍ സെക്കന്‍ഡറി എന്ന സംവിധാനം ഇല്ലാതാക്കുമ്പോള്‍ അതുമായി ബന്ധപ്പെട്ട ചെലവുകള്‍ ഒഴിവാകും. ഹയര്‍ സെക്കന്‍ഡറിയില്‍ മനപ്പൂര്‍വ്വം തെറ്റായ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തുകയാണ് ഇത്തവണത്തെ പരീക്ഷയില്‍ ചെയ്തത്. 13 മാര്‍ക്കിന്റെ തെറ്റായ ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയത്. ഇതു യാദൃച്ഛികമല്ല. ആകസ്മികമായി സംഭവിക്കുന്നതും അല്ലാത്തതും തമ്മില്‍ തിരിച്ചറിയാന്‍ പറ്റും. 
ഉന്നത വിദ്യാഭ്യാസരംഗത്ത് ഈ സര്‍ക്കാര്‍ സ്വാശ്രയ മുതലാളിമാരുടെ കൂടെയാണ് എന്നു തെളിയിച്ചുകഴിഞ്ഞു. ഓരോ എന്‍ജിനീയറിംഗ് കോേളജിനും അധികമായി ഒരു കോടി നാല്‍പ്പത്തിനാല് ലക്ഷം രൂപ വീതം ലാഭം കിട്ടുന്ന വിധത്തിലാണ് നെഹ്രു കോളേജ് ചെയര്‍മാന്‍ കൃഷ്ണദാസ് പ്രസിഡന്റായ സ്വാശ്രയ എന്‍ജിനീയറിംഗ് കോളേജ് മാനേജ്‌മെന്റുകളുമായി ഈ സര്‍ക്കാര്‍ ഒപ്പുവച്ച കരാര്‍. മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റുകള്‍ക്കു 30 കോടി രൂപയുടെ അധികലാഭമുണ്ടാക്കുന്ന കരാറാണ് ഉണ്ടാക്കിയത്. 30 സീറ്റുകളില്‍ 1,85,000 രൂപയായിരുന്ന ഫീസ് രണ്ടു ലക്ഷം രൂപയാക്കി ഉയര്‍ത്തിക്കൊടുത്തു. എട്ടരലക്ഷം രൂപയായിരുന്ന മാനേജ്‌മെന്റ് ക്വാട്ട 11 ലക്ഷമാക്കിക്കൊടുത്തു. 11 ലക്ഷമായിരുന്ന എന്‍.ആര്‍.ഐ ക്വാട്ട 14 ലക്ഷമാക്കിക്കൊടുത്തു. ഓരോ വര്‍ഷവും പത്തു ശതമാനം വരെ എന്ന നിരക്കിലാണ് യു.ഡി.എഫ് സര്‍ക്കാര്‍ സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്കു വര്‍ധന ഉണ്ടാക്കിക്കൊടുത്തിരുന്നത്. ഇവര്‍ ഒറ്റയടിക്കു 35 ശതമാനമാണ് വര്‍ധിപ്പിച്ചത്. പിണറായി സര്‍ക്കാര്‍ സ്വാശ്രയ മാനേജ്‌മെന്റുകളുടെ കൂടെയാണെന്നു തെളിയിച്ച അധ്യയന വര്‍ഷമാണ് കടന്നുപോയത്. പിണറായി സര്‍ക്കാരിന്റെ ഒരു വര്‍ഷം ഏറ്റവും നേട്ടമുണ്ടായത് സ്വകാര്യ-സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്കാണ്. എം.ഇ.എസിന്റെ ഡോ. ഫസല്‍ ഗഫൂറിനു മനസ്സാക്ഷിക്കുത്ത് തോന്നിയിട്ടു നാല്‍പ്പതിനായിരം രൂപ കുറയ്ക്കാമെന്നു പറഞ്ഞു. മാനേജ്‌മെന്റ് പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ കിട്ടിയതുകൊണ്ടായിരുന്നു അത്. പക്ഷേ, ഒരു രൂപ കുറയ്ക്കില്ല എന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. ഫസല്‍ ഗഫൂര്‍ കുറയ്ക്കാമെന്നു പറഞ്ഞപ്പോള്‍ കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നാണ് കൃഷ്ണദാസ് പറഞ്ഞത്. അതുതന്നെ പിണറായിയും പറഞ്ഞു. അവിടെയാണ് കൃഷ്ണദാസും പിണറായിയിയും തമ്മിലുള്ള ബന്ധം മനസ്സിലാക്കേണ്ടത്. പരിയാരം മെഡിക്കല്‍ കോളേജില്‍ പോലും ഫീസ് കുറച്ചില്ല.

സ്വകാര്യ-സ്വാശ്രയ മെഡിക്കല്‍ കോേളജിലെ അതേ ഫീസ് ഘടനയാണ് അവിടേയും. പിന്നെ എന്തു വ്യത്യാസമാണുള്ളത്. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എല്ലാ തലങ്ങളിലും ഈ സര്‍ക്കാര്‍ കൊള്ളക്കാരുടെ കൂടെയാണ്. അതുകൊണ്ടാണ് ഇടിമുറികളെ ചോദ്യം ചെയ്യാത്തത്.
യഥാര്‍ത്ഥത്തില്‍ ഇവര്‍ പൊതുവിദ്യാഭ്യാസ സംരക്ഷകരല്ല. ലോകബാങ്കിന്റെ ഡി.പി.ഇ.പി പദ്ധതി ഫലപ്രദമായി കേരളത്തില്‍ നടപ്പാക്കാന്‍ മുന്‍കൈയെടുത്തതു സി.പി.എം നേതാക്കളും കെ.എസ്.ടി.എ നേതാക്കളുമാണ്. ശാസ്ത്രസാഹിത്യ പരിഷത്തിനുമുണ്ട് അതില്‍ ഉത്തരവാദിത്വം. നമ്മുടെ പൊതുവിദ്യാഭ്യാസ മേഖലയില്‍നിന്നു കുട്ടികള്‍ വന്‍തോതില്‍ കൊഴിഞ്ഞുപോയതു 1998, 1999, 2000 കാലയളവിലാണ്. അതു വന്നുവന്നു കുട്ടികളില്ലാത്ത പത്തോളം സ്‌കൂളുകളും പത്തു കുട്ടികള്‍ മാത്രമുള്ള അന്‍പതു സ്‌കൂളുകളും കേരളത്തിലുള്ള സ്ഥിതിയില്‍ എത്തിയിരിക്കുന്നു. 1119 സ്‌കൂളുകളില്‍ 50 കുട്ടികളില്‍ താഴെയേയുള്ളു. ബാക്കി നാലായിരത്തോളം സ്‌കൂളുകളില്‍ അമ്പതിനും നൂറിനും ഇടയിലാണ് കുട്ടികളുടെ എണ്ണം.
നയം മാറ്റുകയാണ് അടിസ്ഥാന പരിഹാരം. പക്ഷേ, കേന്ദ്രസര്‍ക്കാര്‍ വഴി വരുന്ന അന്താരാഷ്ട്ര പദ്ധതികളുടെ നടത്തിപ്പുകാരായി മാറിക്കഴിഞ്ഞ ഇവര്‍ നയം മാറ്റുമെന്നു കരുതാനാകില്ല. ആഗോളസഹായമുള്ള പദ്ധതികള്‍ തയ്യാറാക്കുന്നവര്‍ക്കു കൃത്യമായ ഉന്നങ്ങളുമുണ്ട്. 
വിദ്യാഭ്യാസമന്ത്രിതന്നെ സമ്പൂര്‍ണ്ണ പരാജയമാണെന്നു വന്നിരിക്കുന്നു. മന്ത്രിയുണ്ടെന്ന് അനുഭവപ്പെടാത്ത സ്ഥിതി. റാഗിംഗ്, വിദ്യാര്‍ത്ഥി പീഡനം, അമിത ഫീസ് തുടങ്ങിയ നിര്‍ണായക പ്രശ്‌നങ്ങളിലൊന്നില്‍ പോലും ഒരു വിദ്യാഭ്യാസമന്ത്രിയുടെ സാന്നിധ്യം അനുഭവപ്പെടുന്നില്ല. വട്ടപ്പൂജ്യമാണ് മന്ത്രി.

എന്താണ് ഈ അന്താരാഷ്ട്ര 
നിലവാരം

റഷീദ് കണിച്ചേരി
(കെ.എസ്.ടി.എ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി)

എല്‍.ഡി.എഫ് വരും എല്ലാം ശരിയാകും എന്ന താക്കോല്‍ മുദ്രാവാക്യമാണല്ലോ തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തിയത്. അതിന്റെ ആകര്‍ഷണീയതയും പ്രതീക്ഷയും വലുതായിരുന്നു. എല്ലാ സ്‌കൂളുകളിലും മലയാളം നിര്‍ബ്ബന്ധമാക്കിയതുപോലുള്ള വളരെ നല്ല തീരുമാനങ്ങള്‍ ഉണ്ടായി. സ്ഥലം മാറ്റത്തില്‍ അഴിമതിയില്ല, കൈക്കൂലിയില്ല. അധ്യയന വര്‍ഷാരംഭത്തിന്റെ തൊട്ടുമുന്‍പാണ് സര്‍ക്കാര്‍ അധികാരമേറ്റത്. വിദ്യാഭ്യാസ മേഖലയില്‍ പൊതുവായി കുറേ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട് എന്നതു നിഷേധിക്കാന്‍ പറ്റില്ല. അതിലൊന്നാണ് പൊതുവിദ്യാഭ്യാസ യജ്ഞം. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ ഇതാദ്യമായാണ് പൊതുവിദ്യാഭ്യാസ മേഖല ശ്രദ്ധിക്കേണ്ടതാണ് എന്ന ഒരു സന്ദേശം സര്‍ക്കാരില്‍നിന്നുണ്ടാകുന്നത്. അതിനനുസരിച്ചു കാര്യങ്ങള്‍ നടക്കുന്നില്ല എന്നതു ശരിയാണ്. 
ചരിത്രപരമായ പ്രാധാന്യമുള്ള വര്‍ഷമാണിത്. ഒന്നാം കേരള സര്‍ക്കാരിന്റെ അറുപതാം വര്‍ഷം, ആദ്യമായി പൊതുവിദ്യാഭ്യാസം സര്‍ക്കാര്‍ ഏറ്റെടുത്തതിന്റെ ഇരുന്നൂറാം വര്‍ഷം. 1817-ല്‍ ആണ് റാണി പാര്‍വ്വതീഭായി ആ തീരുമാനമെടുത്തത്. അതൊന്നും ഉദ്ദേശിച്ചല്ലെങ്കിലും പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കണം എന്ന ആഹ്വാനം വരികയാണല്ലോ. അതു ചെറിയ കാര്യമല്ല. ഈ ഒരു വര്‍ഷത്തിനിടയില്‍ പുതിയ അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ അനുവദിച്ചില്ല, പുതിയ സ്‌കൂളുകള്‍ക്ക് എന്‍.ഒ.സി കൊടുത്തില്ല. മാത്രമല്ല, പത്തു ശതമാനം വിദ്യാര്‍ത്ഥികളെക്കൂടി പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കു കൊണ്ടുവരിക എന്നൊരു ലക്ഷ്യവും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അത്തരം ചില ആഹ്വാനങ്ങള്‍ ഉണ്ടായതിനെ അതിന്റെ ഗൗരവത്തില്‍ കാണണം. സ്‌കൂളുകളുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നു, പാഠപുസ്തകങ്ങള്‍ സമയത്തു കൊടുക്കുന്നു, യൂണിഫോം നേരത്തെ കൊടുത്തു, പാഠപുസ്തകങ്ങള്‍ നേരത്തേ അച്ചടിച്ചു നല്‍കി. ഇങ്ങനെ കഴിഞ്ഞ സര്‍ക്കാര്‍ ചെയ്യാതിരുന്ന നിരവധി കൊച്ചു കൊച്ചു കാര്യങ്ങളിലൂടെ പൊതുവിദ്യാഭ്യാസം രക്ഷപ്പെടണം എന്ന ഇച്ഛാശക്തി പ്രകടമാക്കി. ഐ.ടി അറ്റ് സ്‌കൂള്‍, സാക്ഷരതാ മിഷന്‍, എസ്.സി.ഇ.ആര്‍.ടി, സീമാറ്റ് തുടങ്ങിയ അനുബന്ധ സ്ഥാപനങ്ങളെക്കുറിച്ചൊന്നും കാര്യമായ ആക്ഷേപങ്ങള്‍ വന്നിട്ടില്ല. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ മാറിയിട്ടില്ല എന്നതും പ്രധാനമാണ്. മുന്‍പ് ഇടയ്ക്കിടെ മാറുന്നതില്‍നിന്നു വ്യത്യസ്തമായി കെ.വി. മോഹന്‍കുമാര്‍ തന്നെ ഡി.പി.ഐ ആയി തുടരുകയാണ്. 
പൊതുവേ വിദ്യാഭ്യാസ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോയിട്ടുണ്ടെന്നു പറയാനാകില്ലെങ്കിലും വലിയ ആക്ഷേപങ്ങള്‍ ഉണ്ടായില്ല. എന്നാല്‍ പോരായ്മകള്‍ ഉണ്ടായിട്ടുണ്ട്. ഉദാഹരണമായി, ഗുണനിലവാരം മെച്ചപ്പെടുത്തല്‍ പരിപാടിയുടെ അഞ്ചു ഡപ്യൂട്ടി ഡയറക്ടര്‍ തസ്തികകളും ഒഴിഞ്ഞുകിടക്കുന്നു. വിദ്യാഭ്യാസ ഓഫീസര്‍മാരുടെ കാര്യവും അതുപോലെതന്നെയാണ്.

പിന്നാക്ക ജില്ലയായ പാലക്കാട് പോലും ഡി.ഡിയുമില്ല ഡി.ഇ.ഒയും ഇല്ല. കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്ത് അക്കാദമിക വിദഗ്ദ്ധര്‍ വിദ്യാഭ്യാസ മന്ത്രി എം.എ. ബേബിയുടെ ഓഫീസില്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ അങ്ങനെയൊരാളും മന്ത്രിയുടെ ഓഫീസില്‍ ഇല്ല. അതുകൊണ്ടാണ് എസ്.എസ്.എല്‍.സി പരീക്ഷയില്‍ നോട്ടപ്പിശകുണ്ടായത്. ചെറുതല്ല അത്. ഒരു പരീക്ഷ മാറ്റിവയ്‌ക്കേണ്ടിവന്നല്ലോ. മുന്‍പുണ്ടായിട്ടുള്ളതു ചോദ്യ പേപ്പര്‍ ചോര്‍ച്ചയാണ്. ഇപ്പോള്‍ അതല്ല. ചോദ്യം തയ്യാറാക്കി ഏല്‍പ്പിച്ചതിലെ കൃത്യവിലോപമാണ്. പരിശോധിക്കാതെ അച്ചടിച്ചു. പരീക്ഷ കഠിനമായി. അതു വിമര്‍ശനമായപ്പോള്‍ റദ്ദാക്കി വേറെ നടത്തി. അത് ഉണ്ടാകാന്‍ പാടില്ലാത്ത വലിയ പേരുദോഷത്തിനു കാരണവുമായി. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ പറ്റിയ ആള്‍ മന്ത്രിയുടെ ഓഫീസില്‍ ഇല്ല എന്നാണ് മനസ്സിലാകുന്നത്. 
അടച്ചുപൂട്ടാനുള്ള സ്‌കൂളുകളുടെ എണ്ണം ആകെ സ്‌കൂളുകളുടെ 47 ശതമാനത്തോളമാണ്. ഈ പ്രാവശ്യത്തെ സാമ്പത്തിക സര്‍വ്വേയില്‍ പോലും അതിന്റെ എണ്ണം കുറഞ്ഞിട്ടില്ല. അതിനുള്ള ഒരു പാക്കേജും പ്രഖ്യാപിച്ചിട്ടില്ല. ഏറ്റെടുക്കും ഏറ്റെടുക്കും എന്നു പറഞ്ഞാല്‍ എല്ലാ സ്‌കൂളുകളും ഏറ്റെടുക്കല്‍ പ്രായോഗികമല്ല. ഏതാനും എണ്ണം ഏറ്റെടുക്കാന്‍ വേണ്ടിവന്നതു പതിനെട്ടു കോടിയോളം രൂപയാണ്. അങ്ങനെ ഏറ്റെടുക്കാന്‍ പറ്റുമോ. അന്നൊരു ആരംഭശൂരത്വവും തുടക്കത്തിലെ ആവേശവും കാണിച്ചുവെന്നല്ലാതെ എപ്പോഴും നടക്കില്ല. അന്നു സര്‍ക്കാരിന് അക്കാര്യത്തില്‍ എന്തെങ്കിലും ചെയ്‌തേ പറ്റൂ എന്ന സ്ഥിതി വന്നിരുന്നു. ഒരു ഭാഗത്തു പൊതുവിദ്യാഭ്യാസം നന്നാക്കാന്‍ നോക്കുമ്പോള്‍ മറുഭാഗത്തു സ്‌കൂളുകള്‍ അടഞ്ഞുപോകുന്ന സ്ഥിതി ഉണ്ടാകാന്‍ പാടില്ല. ഇക്കാര്യത്തില്‍ ഗൗരവത്തിലുള്ള ചര്‍ച്ച ഇതുവരെ നടന്നിട്ടില്ല. 
2009-ല്‍ കേന്ദ്രസര്‍ക്കാര്‍ വിദ്യാഭ്യാസ അവകാശ നിയമം പാസ്‌സാക്കി. കേരളത്തില്‍ അതിനനുസരിച്ചു നിയമങ്ങള്‍ മാറ്റാന്‍ ഒരു ശ്രമം നടന്നു. പക്ഷേ, ഇതുവരെ എങ്ങും എത്തിയിട്ടില്ല. മുന്‍ ഇടതുപക്ഷ സര്‍ക്കാര്‍ തുടങ്ങിവയ്ക്കുകയും പിന്നീട് യു.ഡി.എഫ് സര്‍ക്കാര്‍ തുടരുകയും ചെയ്ത നടപടികള്‍ ഇതുവരെ ഒരിടത്തും എത്തിയിട്ടില്ല. ആ നിയമം നടപ്പായാല്‍ കേരളത്തില്‍ അംഗീകാരമില്ലാത്ത ഒരു സ്‌കൂളും ഉണ്ടാകില്ല. മാത്രമല്ല, അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ പാവപ്പെട്ട കുട്ടികള്‍ക്കും പ്രവേശനം നല്‍കണം. ഇത്തരം അക്കാദമിക തലത്തിലെ മാറ്റങ്ങളെക്കുറിച്ചുള്ള ചര്‍ച്ച സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നില്ല. അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കും എന്നു പറയുന്നു. എന്താണ് അന്താരാഷ്ട്ര നിലവാരം എന്നു വിശദീകരിക്കപ്പെടുന്നില്ല. ഏതായാലും അട്ടപ്പാടിയിലെ കുട്ടിയെ അമേരിക്കയിലെ കുട്ടിയെപ്പോലെയാക്കാന്‍ പറ്റില്ലല്ലോ. നടക്കാവ് മാതൃക എല്ലായിടത്തും നടപ്പാക്കുക എളുപ്പമല്ല. അതിനു വിപുലമായ സാമൂഹിക പങ്കാളിത്തം വേണം. നഗരകേന്ദ്രീകൃതമായി നടക്കുന്നതുപോലെ അതു ഗ്രാമങ്ങളില്‍ നടക്കില്ല. അതുകൊണ്ട് എന്താണ് ഈ അന്താരാഷ്ട്ര നിലവാരം എന്നു സര്‍ക്കാര്‍ പുനര്‍നിര്‍വ്വചിക്കണം. കംപ്യൂട്ടര്‍ പഠിപ്പിക്കലാണോ, എല്ലാ മുറികളും സ്മാര്‍ട്ട് ക്‌ളാസ് മുറികളാകുന്നതാണോ?
ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ പരിശീലനവുമായി ബന്ധപ്പെട്ടതാണ് മറ്റൊരു വിമര്‍ശനം. പ്രീഡിഗ്രി കോേളജുകളില്‍നിന്നു വേര്‍പെടുത്തി പ്‌ളസ് ടു ആക്കിയിട്ട് ഒന്നര പതിറ്റാണ്ടോളമാകുന്നു. ഒരുപാടു കോമ്പിനേഷനുകള്‍ അതിലുണ്ട്. കൗമാരക്കാരായ വിദ്യാര്‍ത്ഥികളെ അതു പഠിപ്പിക്കുമ്പോഴുള്ള കുറേ അധികം പ്രശ്‌നങ്ങളുമുണ്ട്. ലോകത്തിന്റെ മാറ്റവും വിദ്യാഭ്യാസരംഗത്തെ മാറ്റങ്ങളുമായി ബന്ധപ്പെട്ടു ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്ക് ഇതുവരെ ഒരു പരിശീലനം നല്‍കിയിട്ടില്ല. മറ്റൊന്ന്, കഴിഞ്ഞ സര്‍ക്കാര്‍ നടത്തിയതുപോലെതന്നെ ഈ സര്‍ക്കാരും അധ്യാപക പരിശീലനം നല്‍കുന്നതിലെ അശാസ്ത്രീയതയാണ്. ഇപ്പോഴങ്ങ് കഴിഞ്ഞേയുള്ളൂ. ഈ പരിശീലനവും പുനര്‍നിര്‍വ്വചിക്കപ്പെടണം. പാഠപുസ്തകത്തെ കേന്ദ്രീകരിച്ച് എല്ലാ വര്‍ഷവും ഇങ്ങനെ പരിശീലനം വേണോ. വലിയ സാമ്പത്തികച്ചെലവാണ് അതു വരുത്തുന്നത്. യഥാര്‍ത്ഥത്തില്‍ പാഠപുസ്തകവുമായി ബന്ധപ്പെട്ട പരിശീലനമല്ല, മറിച്ചു കുട്ടികളുടെ ശാരീരികവും മാനസികവുമായ മാറ്റങ്ങളുമായി ബന്ധപ്പെട്ട പരിശീലനമാണ് നല്‍കേണ്ടത്. നമ്മുടെ സാമൂഹിക ഘടനയില്‍ വന്നിട്ടുള്ള മാറ്റങ്ങളുമായി ബന്ധപ്പെട്ട ചില പരിശീലനങ്ങള്‍ വേണം. എല്ലാം പറയുന്നുണ്ട്. പക്ഷേ, നടക്കുന്നില്ല. പാഠപുസ്തകത്തില്‍ മാറ്റമില്ലെങ്കിലും അതേ പുസ്തകത്തില്‍ കഴിഞ്ഞ കൊല്ലം പരിശീലനം ലഭിച്ചവര്‍ക്ക് ഇക്കൊല്ലവും അതേ പരിശീലനം കൊടുക്കുന്നു. ഇത്തരം കാര്യങ്ങളില്‍ സമഗ്രമായ അഴിച്ചുപണിക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിട്ടില്ല. സമയമായിട്ടില്ലെന്നു വേണമെങ്കില്‍ പറയാം. 
വിദ്യാഭ്യാസത്തിനുള്ള കേന്ദ്ര ഫണ്ടുകളുടെ വിനിയോഗം കേരളത്തിന്റെ ആവശ്യങ്ങള്‍ക്ക് അനുസരിച്ചല്ല. അതിലൊക്കെ ഒരു പുനരാലോചന വേണം. ആദിവാസി വിദ്യാഭ്യാസത്തില്‍ ഒരുപാടു കാര്യങ്ങള്‍ ചെയ്യുന്നുണ്ടെങ്കിലും ഇപ്പോഴും മറ്റു വിഭാഗങ്ങള്‍ക്കു കിട്ടുന്ന നിലയില്‍ കിട്ടുന്നില്ല. ഇതെല്ലാം ഒരു കൊല്ലംകൊണ്ടു ചെയ്യണമെന്നല്ല. പക്ഷേ, ഇതിനെക്കുറിച്ചൊക്കെ ഒരു അവബോധം ഉണ്ടാക്കിയെടുക്കാനുള്ള ചര്‍ച്ച പോലും വിദ്യാഭ്യാസ വകുപ്പില്‍ ഉണ്ടാകുന്നില്ല.
രവീന്ദ്രനാഥ് വ്യക്തിപരമായി നല്ലയാളാണ്. അദ്ദേഹത്തിനു വേറെ താല്‍പ്പര്യങ്ങളൊന്നുമില്ല. അദ്ദേഹത്തില്‍നിന്ന് ഇത്തരം ശ്രമങ്ങള്‍ ഉണ്ടായില്ലെങ്കില്‍ പിന്നെ ആരില്‍നിന്നുണ്ടാകാനാണ്.

ഉന്നത വിദ്യാഭ്യാസത്തില്‍ നിര്‍ണായക 
തീരുമാനങ്ങളുടെ വര്‍ഷം

ഡോ. കെ.എല്‍. വിവേകാനന്ദന്‍

(സംസ്ഥാന ജനറല്‍ സെക്രട്ടറി, എ.കെ.പി.സി.റ്റി.എ)

സ്വാശ്രയ കോളേജുകള്‍ പുതുതായി അനുവദിക്കേണ്ടതില്ല എന്ന ഈ സര്‍ക്കാരിന്റെ തീരുമാനം കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗത്ത് ദൂരവ്യാപകമായ ഗുണഫലങ്ങള്‍ ഉണ്ടാക്കും. നിസ്സാരമല്ല കാര്യം. സ്വയംഭരണ കോേളജുകളും പുതുതായി തുടങ്ങുന്നില്ല. എയ്ഡഡ് കോളേജുകളിലെ അണ്‍എയ്ഡഡ് കോഴ്‌സുകള്‍ ഇനി അനുവദിക്കേണ്ട എന്ന തീരുമാനവും ശരിയായ ദിശയിലുള്ളതാണ്. യാതൊരു നിക്ഷേപവുമില്ലാതെ വലിയ ലാഭം കൊയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് എയ്ഡഡ് കോേളജുകളില്‍ അണ്‍എയ്ഡഡ് കോഴ്‌സുകള്‍ തുടങ്ങുന്നത്. 
കൃത്യമായ പഠനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം പുതുതായി കോളേജുകളും കോഴ്‌സുകളും അനുവദിക്കുക എന്നാണ് തീരുമാനം. യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാനകാലത്ത് ഓരോ നിയോജകമണ്ഡലം അടിസ്ഥാനത്തിലും ഗവണ്‍മെന്റ് കോളേജുകള്‍ അനുവദിച്ചിരുന്നു. യാതൊരു അടിസ്ഥാന സൗകര്യവുമില്ലാത്ത സ്ഥലങ്ങളിലാണ് പുതിയ കോളേജുകള്‍ പലതും തുടങ്ങിയത്. യു.ഡി.എഫിന്റെ കാലത്ത് നിന്നുപോയ വിദ്യാര്‍ത്ഥി സ്‌കോളര്‍ഷിപ്പ് വീണ്ടും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ തുടങ്ങി. ഈ അധ്യയന വര്‍ഷത്തില്‍ത്തന്നെ അപേക്ഷ ക്ഷണിച്ച് അടിയന്തര നടപടികളുമായി മുന്നോട്ടു പോവുകയാണ് ചെയ്തത്. വിദ്യാഭ്യാസ മേഖലയ്ക്കുള്ള ബജറ്റ് വിഹിതം വര്‍ധിപ്പിച്ചു. എയ്ഡഡ് മേഖലയ്ക്കും കൃത്യമായ അക്കാദമിക് ഓഡിറ്റിനുശേഷം വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. (അക്കാദമിക് ഓഡിറ്റ് എന്ന വാക്ക് ഉപയോഗിക്കാന്‍ പേടിയാണെന്നു പ്രൊഫ. വിവേകാനന്ദന്‍ പറയുന്നു. അതിന് അദ്ദേഹം പറയുന്ന കാരണങ്ങളിലെ സത്യം അമ്പരപ്പിക്കുന്നതാണ്. 'കേരള സാങ്കേതിക സര്‍വ്വകലാശാല(കെ.റ്റി.യു)യില്‍ നടക്കുന്ന അക്കാദമിക് ഓഡിറ്റിന്റെ പശ്ചാത്തലത്തിലാണ് അക്കാമിക് ഓഡിറ്റിനെക്കുറിച്ച് ഇപ്പോള്‍ എല്ലാവരും സംസാരിക്കുന്നത്. ഒരു കോളജിലേക്ക് ഒരു അധ്യാപകന്‍ പോകുന്നു, രാവിലെ മുതല്‍ വൈകുന്നേരം വരെ അവിടെ ഇരിക്കുന്നു, ഒരു സന്ദര്‍ശനത്തിനു പതിനായിരം രൂപ കണക്കില്‍പ്പെടുത്തിയും വേറൊരു തുക മാനേജ്‌മെന്റില്‍നിന്നു കണക്കില്‍പ്പെടാതെയും വാങ്ങുന്നു. ഇതാണ് കെ.റ്റി.യുവില്‍ നടക്കുന്നത്. ജിഷ്ണു പ്രണോയിയുടെ മരണത്തിന് ഇടയായ പാമ്പാടി നെഹ്രു കോേളജില്‍ യാതൊരു കുഴപ്പവുമില്ലെന്നാണ് കെ.റ്റി.യുവിനുവേണ്ടി അക്കാദമിക് ഓഡിറ്റ് നടത്തിയവര്‍ റിപ്പോര്‍ട്ട് കൊടുത്തിരുന്നത്. അക്കാദമിക് ഓഡിറ്റിനെ ഞങ്ങള്‍ പൂര്‍ണമായും സ്വാഗതം ചെയ്യുന്നു. പക്ഷേ, ചെയ്യേണ്ട രീതിയില്‍ ചെയ്യാതെ ഈ വിധമാണ് ചെയ്യുന്നതെങ്കില്‍ അംഗീകരിക്കാന്‍ പറ്റില്ല. ഇതല്ലല്ലോ അക്കാദമിക് ഓഡിറ്റ്. വിരമിച്ച ചില അധ്യാപകര്‍ക്കും കെ.റ്റി.യു വി.സിയുടെ ചില സ്വന്തക്കാര്‍ക്കും ഇതുകൊണ്ടു പ്രയോജനം ലഭിക്കുമായിരിക്കും).
എല്ലാ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റുകളിലേയും നോമിനേഷനില്‍ ഈ സര്‍ക്കാര്‍ വന്നശേഷം വലിയ മാറ്റങ്ങള്‍ ഉണ്ടായി. അതു പ്രധാനമാണ്. പോസിറ്റീവായ ഇടപെടല്‍ എല്ലാ സിന്‍ഡിക്കേറ്റിലുമുണ്ടായതിന്റെ ഗുണപരമായ മാറ്റമാണ് ഇനി പ്രതീക്ഷിക്കുന്നത്. വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനം ഒരു തരത്തിലും കാമ്പസുകളില്‍ നിരോധിക്കാന്‍ പാടില്ല എന്ന് കണ്ണൂര്‍ സര്‍വ്വകലാശാലാ സിന്‍ഡിക്കേറ്റ് തീരുമാനമെടുത്തു. സംസ്ഥാനത്തെ മറ്റെല്ലാ സര്‍വ്വകലാശാലാ സിന്‍ഡിക്കേറ്റുകളും അതേ തീരുമാനം എടുക്കണം എന്നു ഞങ്ങള്‍ ഞങ്ങളുടെ പ്രതിനിധികള്‍ക്കു നിര്‍ദ്ദേശം കൊടുത്തിട്ടുണ്ട്. വിദ്യാര്‍ത്ഥി രാഷ്ട്രീയം ഇല്ലാതാകുമ്പോള്‍ കാമ്പസുകളില്‍ മറ്റു ഛിദ്രശക്തികള്‍ക്ക് ഉണ്ടാകുന്ന വളര്‍ച്ച വലിയ കുഴപ്പമാണ്.
കോളേജ് അധ്യാപകനായിരുന്നു എന്നതുകൊണ്ടുമാത്രം വിദ്യാഭ്യാസ മന്ത്രിക്ക് ഈ മേഖലയിലെ എല്ലാ പ്രശ്‌നങ്ങളും ഒറ്റയടിക്കു പരിഹരിക്കാന്‍ കഴിയണമെന്നില്ല. ഒരു ഉദാഹരണം, ഈ സര്‍ക്കാരിന്റെ തുടക്കത്തില്‍ ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശ്രീനിവാസന്റെ നിഷേധാത്മക നിലപാടുകള്‍ക്കിടയിലും കുറേയൊക്കെ കാര്യങ്ങള്‍ ചെയ്യാന്‍ മന്ത്രിക്കു കഴിഞ്ഞു എന്നതാണ്. ഇത്രയും നെഗറ്റീവായി കാര്യങ്ങളില്‍ ഇടപെടുന്ന ഉന്നത ഉദ്യോഗസ്ഥരെ അധികം കണ്ടിട്ടില്ല. മാറ്റങ്ങള്‍ വേഗത്തിലാകണം എന്നതു ശരിതന്നെ. പക്ഷേ, ഇത്തരം ഉദ്യോഗസ്ഥരും കൂടി ഉള്‍പ്പെട്ട സംവിധാനത്തിലാണ് മാറ്റങ്ങള്‍ക്കു ശ്രമിക്കേണ്ടത് എന്ന വസ്തുത കൂടി കണക്കിലെടുക്കാതെ പറ്റില്ല. ഇപ്പോഴേതായാലും അദ്ദേഹത്തെ മാറ്റി. 
വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളിക്കുന്നതിനു സര്‍ക്കാര്‍ ഇടപെടല്‍ എന്ന അതിപ്രധാന തീരുമാനം ചെറിയ കാര്യമല്ല. നിശ്ചിത കാലപരിധിവച്ചാണ് ഇപ്പോഴത്തെ തീരുമാനം. പക്ഷേ, അടിസ്ഥാന തീരുമാനം എടുത്ത സ്ഥിതിക്ക് ഇനി അതില്‍ മാറ്റങ്ങള്‍ ഘട്ടം ഘട്ടമായി വരുത്താമല്ലോ. 
2005-ല്‍ നിയമനം ലഭിച്ചതു മുതല്‍ ഇതുവരെ പ്രമോഷനും പ്‌ളെയ്‌സ്‌മെന്റും കിട്ടാത്ത സര്‍ക്കാര്‍ കോളേജ് അധ്യാപകരുടെ കാര്യത്തില്‍ അടിയന്തര തീരുമാനമെടുക്കുന്നതിനു മുന്നോടിയായി ഈ സര്‍ക്കാര്‍ ഉപസമിതിയെ വച്ചിരിക്കുന്നു. ജനങ്ങള്‍ക്കുണ്ടായ വലിയ പ്രതീക്ഷയ്ക്ക് അനുസരിച്ചു കാര്യങ്ങള്‍ക്കു വേഗതയുണ്ടായില്ല എന്നാണ് വിമര്‍ശനമെങ്കില്‍ ഇതൊക്കെ കാണാതെ പോകാന്‍ പറ്റുമോ?

സ്ത്രീസുരക്ഷയില്‍ പ്രതീക്ഷകള്‍ 
യാഥാര്‍ത്ഥ്യമാകുന്നു

പി.കെ. ജലജാമണി
(സെക്രട്ടറി, 'സംസ്‌കാര' (എം.ജി. സര്‍വ്വകലാശാലയിലെ ഇടതുപക്ഷ സാംസ്‌കാരിക സംഘടന)

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വി.എസ്. അച്യുതാനന്ദന്‍ കോട്ടയം തിരുനക്കര മൈതാനത്തു നടത്തിയ പ്രസംഗം ഓര്‍ക്കുന്നു, സ്ത്രീസുരക്ഷയ്ക്കു പ്രത്യേകമായി ഒരു വകുപ്പ് രൂപീകരിക്കും എന്നു പറഞ്ഞപ്പോഴുണ്ടായ നീണ്ടുനിന്ന കൈയടികള്‍. ആ കൈയടികള്‍ ഈ സര്‍ക്കാര്‍ അര്‍ഹിക്കുന്നുവെന്നാണ് ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ നോക്കുമ്പോള്‍ മനസ്‌സിലാകുന്നത്. സ്ത്രീശാക്തീകരണത്തിനും സുരക്ഷയ്ക്കും മാത്രമായി ഒരു വകുപ്പുണ്ടാകുന്നതു വലിയ കുതിപ്പും കരുത്തുമാകും. ആ വാഗ്ദാനം യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നുവെന്നത് ഏറ്റവും പ്രധാനമാണ്. 
ജിഷ കൊലക്കേസ് കത്തിനില്‍ക്കുമ്പോഴാണ് ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. കേസ് അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവുണ്ടായി. എ.ഡി.ജി.പി ബി.  സന്ധ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതിയെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്നു. അതുപോലെതന്നെയാണ് കൊട്ടിയൂര്‍ കേസിലെ പ്രതിയായ ഫാ. റോബിന്‍ വടക്കുംചേരിയെ വിദേശത്തേക്കു രക്ഷപ്പെടാന്‍ അനുവദിക്കാതെ പൊലീസ് സമയോചിതമായി ഇടപെട്ട് അറസ്റ്റ് ചെയ്തതും. സിനിമാ നടിയെ ആക്രമിച്ച കേസിലും വളരെ പെട്ടെന്ന് പൊലീസിന്റെ ഇടപെടലും അറസ്റ്റും ഉണ്ടായി. ഇക്കാര്യങ്ങളിലൊന്നും പൊലീസ് പക്ഷപാതപരമായല്ല പെരുമാറിയത്. സ്ത്രീകള്‍ സുരക്ഷിതരാകുന്ന ഒരു കാലത്തെക്കുറിച്ചു ചെറുതല്ലാത്ത പ്രതീക്ഷകള്‍ ഈ സര്‍ക്കാരിനു നല്‍കാന്‍ കഴിഞ്ഞു. 
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും പൊലീസ് വേണ്ടത്ര സ്ത്രീസൗഹൃദപരമായല്ല മിക്ക കേസുകളിലും പെരുമാറുന്നത്. ഉപദ്രവിക്കപ്പെടുന്നവരുടെ കൂടെനില്‍ക്കാതെ മറുപക്ഷത്തു നേരിട്ടോ അല്ലാതെയോ നില്‍ക്കുന്ന രീതി ഇപ്പോഴും പൊലീസിനുണ്ട്. മുന്‍പത്തേക്കാള്‍ ഏറെ കാഴ്ചപ്പാട് മാറിപ്പോയ സമൂഹത്തിന്റെ തന്നെ ഭാഗം എന്ന നിലയില്‍ പൊലീസും സ്ത്രീയെ ഉപഭോഗവസ്തുവായി കാണുകയാണ്. ആ മനോഭാവത്തിന്റെ ഭാഗമായാണ് മുന്‍പിലെത്തുന്ന ഇരയ്ക്കു പിന്തുണ നല്‍കാതിരിക്കുന്നത്. പൊലീസിന്റെ ഭാഗത്തുനിന്നുള്ള ഇത്തരം വീഴ്ചകള്‍ നിയന്ത്രിക്കാന്‍ അവരുടെ മേല്‍ ഒരു കണ്ണ് വേണം. സ്ത്രീകള്‍ക്കു നീതി ലഭിക്കുന്നുവെന്ന് ഉറപ്പു വരുത്തണം. 
രണ്ടാം വര്‍ഷത്തില്‍ പൊലീസ് കൂടുതല്‍ സ്ത്രീസൗഹൃദപരമാകണം, ആകും എന്നാണ് പ്രതീക്ഷ. സ്ത്രീകളുടെ പരാതികള്‍ കേള്‍ക്കാന്‍ ആഴ്ചയില്‍ ഒരു ദിവസം മുതിര്‍ന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥ ഓരോ പൊലീസ് സ്റ്റേഷനിലും എത്താനുള്ള തീരുമാനത്തിന്റെ ഗുണഫലമൊക്കെ രണ്ടാം വര്‍ഷത്തില്‍ പ്രകടമാകും. പൊലീസിലെ വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കാനുള്ള തീരുമാനവും നടപ്പാകുമ്പോള്‍ വലിയ മാറ്റത്തിന് ഇടയാക്കും. പിങ്ക് പട്രോളിംഗ് പോലുള്ള കുറേ നല്ല ഇടപെടലുകള്‍ നടക്കുന്നതു കാണാതിരിക്കാനാകില്ല.
വലിയൊരു വിഭാഗം സിനിമകളും സീരിയലുകളും ചേര്‍ന്നു സൃഷ്ടിക്കുന്ന ഏറ്റവും സ്ത്രീവിരുദ്ധമായ കാഴ്ചപ്പാടും അന്തരീക്ഷവും ഇതിനോട് ചേര്‍ത്തു പറയേണ്ട ഒരു വസ്തുതയാണ്. നിര്‍ഭാഗ്യകരമായ അനുഭവത്തിനു വിധേയയാകേണ്ടിവന്ന നടിയുടെയും മറ്റും ഇടപെടലുകള്‍ ഇനി അത്തരം സിനിമകള്‍ ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാകണം. സര്‍ക്കാരിന്റെ കുറ്റംകൊണ്ടാണ് നടി ആക്രമിക്കപ്പെട്ടതെന്ന് ആരും പറയില്ല. 
വരുന്ന വര്‍ഷത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്. ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല. ചെറിയ പോരായ്മകളെ പെരുപ്പിച്ചു കാണരുത് എന്നാണ് എന്റെ അഭിപ്രായം. 

ഞങ്ങളുടെ ദുരിതങ്ങള്‍ക്ക് 
എന്നാണ് അവസാനം

മാഗ്‌ളിന്‍ പീറ്റര്‍
(സെക്രട്ടറി, കേരള സ്വതന്ത്ര മല്‍സ്യത്തൊഴിലാളി ഫെഡറേഷന്‍)

പ്രകടിപ്പിക്കുന്ന രോഷത്തെക്കാള്‍ വേദനകള്‍ അടക്കിവച്ചു ജീവിക്കുന്നവരാണ് പാവപ്പെട്ട മല്‍സ്യത്തൊഴിലാളികള്‍. മല്‍സ്യത്തൊഴിലാളി മേഖലകളിലെ ആശുപത്രി സൗകര്യങ്ങള്‍, മല്‍സ്യവുമായി പോകുന്നതിനുള്ള ബസ് തുടങ്ങിയ കാര്യങ്ങളില്‍ പറഞ്ഞതൊന്നും ഈ സര്‍ക്കാര്‍ ചെയ്തില്ല. മീന്‍ ചരുവവുംകൊണ്ട് മറ്റു ബസുകളിലെ യാത്രക്കാര്‍ക്കിടയില്‍ യാത്ര ബുദ്ധിമുട്ടായതുകൊണ്ടാണല്ലോ പ്രത്യേക ബസ് സര്‍വ്വീസ് തുടങ്ങിയത്. തിരുവനന്തപുരത്തു നിലവിലുള്ള ബസിന്റെ മോശം സ്ഥിതി മാറ്റുമെന്നും മല്‍സ്യഫെഡിന്റെ ബസ് സര്‍ക്കാര്‍ നേരിട്ട് ഏറ്റെടുത്തു പുതിയ ബസ് ഇറക്കുമെന്നും പറഞ്ഞിരുന്നു. പക്ഷേ, നടന്നില്ല. മാത്രമല്ല, വലിയ കൂലിയാണ് മല്‍സ്യഫെഡ് ബസില്‍ ഇടാക്കുന്നത്. അതിനും മാറ്റം വന്നില്ല. കടല്‍ക്ഷോഭത്തില്‍ വീട് നഷ്ടപ്പെടുന്നവര്‍ക്ക് എല്ലാ വര്‍ഷവും അത് ആവര്‍ത്തിക്കുന്നത് ഒഴിവാക്കാന്‍ ഇടപെടല്‍ വേണം. തകര്‍ന്ന വീടിന്റെ പുനര്‍നിര്‍മ്മാണം തുടങ്ങിയതു ശരിതന്നെ. പക്ഷേ, വരാനിരിക്കുന്നതു വലിയ കടല്‍ക്ഷോഭമാണ് എന്നു മനസ്സിലാക്കി വേണം നടപടികള്‍. തീരം വലിയ ആശങ്കയിലാണ്. അതിനു ശാശ്വത പരിഹാരം വേണം. സമ്പൂര്‍ണ വെളിയിട വിസര്‍ജ്ജന മുക്ത സംസ്ഥാനമായി പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. പക്ഷേ, ഇപ്പോഴും കക്കൂസ് ഇല്ലാത്ത നിരവധി മല്‍സ്യത്തൊഴിലാളി വീടുകള്‍ തീരപ്രദേശങ്ങളിലുണ്ട്. മല്‍സ്യത്തൊഴിലാളി സ്ത്രീകളുടെ തൊഴിലിടമായ മാര്‍ക്കറ്റുകളുടെ അവസ്ഥ വളരെ മോശമായി തുടരുകയാണ് ഇപ്പോഴും. വഴിയോരത്തിരുന്നു മീന്‍ വില്‍ക്കുന്ന സ്ത്രീകള്‍ ഈ ചൂട് കാലാവസ്ഥയില്‍ അനുഭവിക്കുന്ന ദുരിതം പറഞ്ഞറിയിക്കാന്‍ വയ്യാത്തത്ര വലുതാണ്. മറ്റ് അസംഘടിത മേഖലകളിലെ തൊഴില്‍ സമയം ചൂട് കാലാവസ്ഥ പരിഗണിച്ചു പുനഃക്രമീകരിച്ചു. പക്ഷേ, ഏറ്റവും കൂടുതല്‍ വെയില്‍കൊള്ളുന്ന മല്‍സ്യത്തൊഴിലാളികള്‍ക്കു യാതൊരു സാന്ത്വനവും ലഭിക്കുന്നില്ല. കടലില്‍ പോകുന്നവര്‍ക്കും കരയില്‍ എരിപൊരി സഞ്ചാരം നടത്തുന്നവര്‍ക്കും ചൂടു കാലത്തു പ്രത്യേക സാമ്പത്തിക സഹായ പദ്ധതി നടപ്പാക്കണം എന്നു ഞങ്ങള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. യാതൊരു വിധ നടപടിയും ഉണ്ടായില്ല.
മല്‍സ്യത്തൊഴിലാളി മേഖലകളില്‍ ഒരിടത്തും പ്രസവ സൗകര്യമുള്ള ആശുപത്രി ഇല്ല എന്ന അവിശ്വസനീയമായ യാഥാര്‍ത്ഥ്യം നിലനില്‍ക്കുകയാണ്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ചില ആശുപത്രികള്‍ ഉണ്ടെങ്കിലും അവിടെയൊന്നും അടിസ്ഥാന സൗകര്യങ്ങളില്ല. എക്‌സ്‌റേ എടുക്കാന്‍ പോലും സൗകര്യമില്ല. കേന്ദ്രസര്‍ക്കാര്‍ ഇപ്പോഴും മല്‍സ്യത്തൊഴിലാളി സ്ത്രീകളെ തൊഴിലാളികളായി അംഗീകരിച്ചിട്ടില്ലാത്തതുകൊണ്ടു പുരുഷന്‍മാര്‍ക്കു കിട്ടുന്ന ആനുകൂല്യങ്ങളൊന്നും സ്ത്രീകള്‍ക്കു കിട്ടുന്നില്ല.

സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നു ലഭിക്കുന്ന നാമമാത്ര പരിഗണനകള്‍ വിപുലപ്പെടുത്തണം. അതിനു സര്‍ക്കാര്‍ തയ്യാറാകുന്നില്ല. തൊഴിലിന്റെ ഇടയില്‍ മല്‍സ്യത്തൊഴിലാളി സ്ത്രീ മരിച്ചാല്‍ കുടുംബത്തിനു നഷ്ടപരിഹാരമായി ഒരു രൂപ പോലും കിട്ടില്ല. പക്ഷേ, കടലില്‍ പോകുന്ന പുരുഷന്‍ മരിച്ചാല്‍ അഞ്ചു ലക്ഷം രൂപയോളം കിട്ടും. സ്ത്രീയുടെ ജീവനു വിലയില്ലാത്ത സ്ഥിതിക്ക് ഈ സര്‍ക്കാര്‍ മാറ്റമുണ്ടാക്കിയില്ലെങ്കില്‍ പിന്നെ ആര് മാറ്റമുണ്ടാക്കും.
ഫിഷറീസ് സ്‌കൂളുകളുടെ മോശം സ്ഥിതിക്കു മാറ്റമുണ്ടാകുന്നില്ല. നൂറ് ശതമാനം വിജയമുണ്ടായിരുന്ന തിരുവനന്തപുരത്തെ വലിയതുറ സ്‌കൂളിന്റെ സ്ഥിതിയും അതുതന്നെ. ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളിലെ പഠനം ദുരിതമായി മാറുന്ന സ്ഥിതി വേറെ. വലിയതുറയില്‍ മാത്രം മൂന്ന് സ്‌കൂളുകള്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്നുണ്ട്. വീട് കടലെടുത്തു പോയിട്ട് എട്ടും പത്തും വര്‍ഷമായി സ്‌കൂളില്‍ താമസിക്കുന്ന കുടുംബങ്ങള്‍ ലോകത്ത് എവിടെയെങ്കിലും ഉണ്ടാകുമോ. ഈ സ്‌കൂളുകളിലെ ബാക്കി സ്ഥലത്ത് ഡിവിഷനുകള്‍ ഒന്നിച്ചു ചേര്‍ത്താണ് ക്‌ളാസ് നടത്തുന്നത്. ഒരു ക്‌ളാസ് മുറിയില്‍ നാല് ഡിവിഷന്‍ വരെ നടത്തേണ്ടിവരുന്ന സ്ഥിതി. ആദിവാസി മേഖല പോലെതന്നെ സര്‍ക്കാരുകള്‍ ദീര്‍ഘകാല ലക്ഷ്യത്തോടെ പദ്ധതികള്‍ നടത്താത്ത സ്ഥലമാണ് മല്‍സ്യമേഖലയും. അഞ്ചു വര്‍ഷം, പിന്നെ അടുത്ത അഞ്ചു വര്‍ഷം എന്ന നിലയിലുള്ള പദ്ധതികള്‍ക്കു പകരം ഇരുപത്തിയഞ്ചു വര്‍ഷം മുന്നില്‍ കണ്ടുള്ള പദ്ധതികള്‍ ആത്മാര്‍ത്ഥമായി നടപ്പാക്കിയാല്‍ അതിന്റെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ക്കു ഗുണമുണ്ടാകും. അത് ഇനിയെങ്കിലും തുടങ്ങണം, സുസ്ഥിര വികസനത്തിനു വേണ്ടിയുള്ള ശ്രമം.

ആ നിലയ്ക്കു നോക്കുമ്പോള്‍ മല്‍സ്യത്തൊഴിലാളി സ്ത്രീ, അമ്മ എന്നീ നിലകളില്‍ ഞാനുള്‍പ്പെടെയുള്ളവര്‍ വലിയ ആശങ്കയിലാണ്. ഈ ആശങ്ക സര്‍ക്കാരിനെ നയിക്കുന്നവര്‍ക്കു മുന്നിലും ഞങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. സ്ത്രീകളുടെ പൊതു അരക്ഷിതത്വത്തിന്റെ കൂട്ടത്തിലാണ് മല്‍സ്യത്തൊഴിലാളി സ്ത്രീ എന്ന ഇരട്ട ദുരിതം. ദിവസം 18 മണിക്കൂറോളം ജോലി ചെയ്യുന്ന ഏക അസംഘടിത വിഭാഗമാണ് ഇത്. കിലോമീറ്ററുകളോളം റോഡുകളിലും ഹാര്‍ബറുകളിലും ലോറികളിലും കിടന്നുറങ്ങേണ്ടിവരുന്ന ഞങ്ങളുടെ സ്ത്രീകള്‍ക്ക് എന്തു സുരക്ഷിതത്വമാണുള്ളത്. അമ്മമാര്‍ ആഴ്ചയില്‍ ഒരിക്കല്‍ മാത്രം വീടുകളില്‍ കിടന്നുറങ്ങുന്ന ഈ വീടുകളിലെ കുട്ടികള്‍ക്ക്, പ്രത്യേകിച്ചു പെണ്‍കുട്ടികള്‍ക്ക് എന്തു സുരക്ഷിതത്വമാണുള്ളത്. ഈ സര്‍ക്കാരെങ്കിലും ഇനിയെങ്കിലും കണ്ണുതുറന്നു കാണും എന്നു പ്രതീക്ഷിച്ചു കാത്തിരിക്കുകയാണ് ഞങ്ങള്‍. കടല്‍ കയറുന്നതും വീടുകള്‍ തകരുന്നതും ഉദ്യോഗസ്ഥര്‍ ഉല്‍സവം പോലെയാണ് ആഘോഷിക്കുന്നത്. ആയുഷ്‌കാലത്തെ മുഴുവന്‍ സമ്പാദ്യവുമാണ് നോക്കിനില്‍ക്കെ കടലെടുത്തു പോകുന്നത്. ഞങ്ങള്‍ക്ക് അത് ഉല്‍സവമല്ല, ദുരന്തമാണ്. 

വിവരാവകാശ നിയമത്തിന്റെ 
ലക്ഷ്യത്തെ തകര്‍ക്കാന്‍ ശ്രമം.

ജോയി കൈതാരത്ത്
(വിവരാവകാശ പ്രവര്‍ത്തകന്‍)

സംസ്ഥാന വിവരാവകാശ കമ്മിഷനില്‍ കമ്മിഷണര്‍മാരെ നിയമിക്കാത്തതാണ് മുഖ്യപ്രശ്‌നം. ഇപ്പോള്‍ മുഖ്യ വിവരാവകാശ കമ്മിഷണര്‍ മാത്രമേയുള്ളു. വിവരാവകാശ നിയമത്തെ സംസ്ഥാനതലത്തില്‍ ഏകോപിപ്പിക്കേണ്ട സംവിധാനത്തിന്റെ സ്ഥിതിയാണിത്. ആറ് കമ്മിഷണര്‍മാരുടെ ഇന്റര്‍വ്യൂ നടത്തി യു.ഡി.എഫ് സര്‍ക്കാര്‍ പട്ടിക തയ്യാറാക്കിയിരുന്നു. രാഷ്ട്രീയ നേതാക്കളും തൊഴിലാളി സംഘടനാ നേതാക്കളും മറ്റുമാണ് അതിലുണ്ടായിരുന്നത്. അതിനെതിരെ വിമര്‍ശനം വന്നതോടെ ഗവര്‍ണര്‍ റിപ്പോര്‍ട്ട് ചോദിച്ചു. ആ പട്ടിക നടപ്പായില്ല. പുതിയ സര്‍ക്കാര്‍ വിവരാവകാശ കമ്മിഷനില്‍ പകരം സംവിധാനമുണ്ടാക്കിയില്ല. കമ്മിഷണര്‍മാരെ നിയമിച്ചാല്‍ കെട്ടിക്കിടക്കുന്ന അപ്പീലുകളില്‍ തീര്‍പ്പുണ്ടാകുകയും അത് ഇവരാഗ്രഹിക്കാത്ത പല തീരുമാനങ്ങള്‍ക്കും ഇടയാക്കുകയും ചെയ്യും. പുറത്തു കൊടുക്കാന്‍ സര്‍ക്കാരിനു താല്‍പ്പര്യമില്ലാത്ത പല വിവരങ്ങളും കൊടുക്കേണ്ടിവരും. അതുകൊണ്ടു കമ്മിഷണര്‍മാരെ നിയമിക്കാതെ വിവരാവകാശ നിയമത്തിന്റെ ലക്ഷ്യത്തെ തകര്‍ക്കാനാണ് ശ്രമം. വിവരങ്ങള്‍ നല്‍കാതെ വച്ചുകൊണ്ടിരുന്നു ഭരണതലത്തിലെ പ്രശ്‌നങ്ങള്‍ പുറത്തറിയാതെ സൂക്ഷിക്കാനാണ് നീക്കം. 
കേന്ദ്രം പ്രധാനമന്ത്രിയുടെ ഓഫീസിനെയും മറ്റും ഈ നിയമപരിധിയില്‍നിന്ന് ഒഴിവാക്കുന്ന നിയമഭേദഗതി കൊണ്ടുവരികയാണ്. അഴിമതിരഹിതമായും അധികാര ദുര്‍വിനിയോഗം ഇല്ലാതെയും ഭരണം സുതാര്യവും ജനോപകാരപ്രദവുമാക്കുന്നതിനാണ് 2005-ല്‍ വിവരവാകാശ നിയമം കൊണ്ടുവന്നത്. ഏതൊക്കെ കാര്യങ്ങളില്‍ ഇതു ബാധകമാകില്ലെന്ന് നിയമത്തില്‍ പറയുന്നുണ്ട്. അതില്‍ വെള്ളം ചേര്‍ക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. അതിനോട് അതിലേറെ ആവേശത്തോടെ ഐക്യപ്പെടുകയാണ് പല സംസ്ഥാന സര്‍ക്കാരുകളും. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരും അതേ പാത പിന്തുടരുന്ന ഞെട്ടിപ്പിക്കുന്ന നിലപാടാണ് കാണുന്നത്. എല്‍.ഡി.എഫും യു.ഡി.എഫും ഇക്കാര്യത്തില്‍ സ്വീകരിക്കുന്ന നിലപാടുകള്‍ അവരുടെതന്നെ ദേശീയ തലത്തിലുള്ള രാഷ്ട്രീയ നിലപാടിനു വിരുദ്ധമാണ്. ഒന്നാം യു.പി.എ സര്‍ക്കാരാണ് വിവരാവകാശ നിയമം പാസ്‌സാക്കിയതെങ്കിലും സി.പി.എമ്മും സി.പി.ഐയും അതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. പ്രത്യേകിച്ചും സി.പി.എമ്മിന്റെ പ്രമുഖ നേതാവും ലോക്‌സഭാംഗവുമായിരുന്ന വര്‍ക്കല രാധാകൃഷ്ണനും സി.പി.ഐ നേതാവും എം.പിയുമായിരുന്ന സി.കെ. ചന്ദ്രപ്പനും. രണ്ടുപേരും കേരളത്തില്‍നിന്നുള്ള നേതാക്കള്‍. ഈ നിയമനിര്‍മ്മാണം ജനാധിപത്യത്തിന്റെ ഏറ്റവും മൂര്‍ത്തമായ ഒരു ഘട്ടമാണെന്നു ജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ അവര്‍ കാര്യമായ പങ്കുവഹിച്ചു. ഇടതുപക്ഷ പ്രസ്ഥാനത്തിനു ശക്തമായ വേരുകളുള്ള കേരളം ഈ നിയമം ഏറ്റവും മാതൃകാപരമായി നടപ്പാക്കും എന്നു വിശ്വസിക്കുകയും അതിനു വേണ്ടി വാദിക്കുകയും ചെയതിരുന്നു വര്‍ക്കല. 2016 ഒക്‌ടോബറില്‍ വിവരാവകാശ നിയമത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ ഡല്‍ഹിയില്‍ നടന്ന വിപുലമായ സെമിനാറില്‍ പങ്കെടുക്കാന്‍ പോയ ഞാനുള്‍പ്പെടെയുള്ള പ്രതിനിധികളോട് അദ്ദേഹം ആ പ്രതീക്ഷ പങ്കുവച്ചത് ഓര്‍ക്കുന്നു. അദ്ദേഹത്തിന്റെ പ്രസംഗത്തിലും അതു പറഞ്ഞു. കേരളം അതേറ്റെടുത്ത് ഇന്ത്യയ്ക്ക് മാതൃകയാകണം എന്ന്. അദ്ദേഹത്തിന്റെ പാര്‍ട്ടി എന്ന നിലയില്‍ മാത്രമല്ല, നിയമനിര്‍മ്മാണത്തില്‍ വലിയ പങ്കുവഹിച്ചവര്‍ എന്ന നിലയിലും സി.പി.എമ്മും അതു നയിക്കുന്ന മുന്നണിയും വിവരാവകാശ നിയമത്തിന്റെ ഏറ്റവും വലിയ സംരക്ഷകരായിരിക്കേണ്ടതാണ്. പക്ഷേ, നിര്‍ഭാഗ്യവശാല്‍ അങ്ങനെയല്ല ഇപ്പോള്‍ കാണുന്നത്. 
മന്ത്രിസഭാ തീരുമാനങ്ങളിലും ഓരോ വകുപ്പുകളുടെയും തീരുമാനങ്ങളിലും ജനങ്ങളെ ബാധിക്കുന്ന കാര്യങ്ങള്‍ പുറത്തുവരുന്നതിനെ ഈ സര്‍ക്കാര്‍ തടഞ്ഞുനിര്‍ത്താന്‍ ശ്രമിക്കുകയാണ്. അപേക്ഷ നല്‍കിയിട്ടു മറുപടി കിട്ടാതെ വരുമ്പോള്‍ അതേ വകുപ്പിലെ അപ്പലേറ്റ് അതോറിറ്റിക്കു പരാതി നല്‍കിയാലും രക്ഷയില്ല. വിവരാവകാശ കമ്മിഷനില്‍ കമ്മിഷണര്‍മാര്‍ ഇല്ലാത്തതുകൊണ്ട് അവിടെ അപേക്ഷ നല്‍കിയാല്‍ കെട്ടിക്കിടക്കുന്നു. സര്‍ക്കാരിന് ഇക്കാര്യത്തില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ നിയമത്തിലെ നാലാം വകുപ്പുപ്രകാരം അതാതു വകുപ്പുകളിലെ മുഴുവന്‍ തീരുമാനങ്ങളും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണം.
യു.പി.എ സര്‍ക്കാര്‍ ഈ നിയമം കൊണ്ടുവരുമ്പോള്‍ എല്ലാ വിവരങ്ങളും സുതാര്യമാക്കുന്നതിനെ കോണ്‍ഗ്രസിലെ പല നേതാക്കളും ഭയന്നിരുന്നു. അവര്‍ ഇടപെട്ടു ഭേദഗതികള്‍ക്കും ശ്രമിച്ചു. ആ സമയത്ത് ഇടതുപക്ഷ പാര്‍ട്ടികളാണ് പാര്‍ലമെന്റിലും പുറത്തും ശക്തമായി എതിര്‍ത്തത്. ആ പ്രതിബദ്ധതയുടെ തുടര്‍ച്ചയ്ക്കു പകരം നേരെ വിപരീത നിലപാടാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിഷേധാത്മക നിലപാടു ശരിക്കും അത്ഭുതപ്പെടുത്തുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com