സെന്‍കുമാര്‍ കേസില്‍ ചെലവായത് എത്ര? മുഖ്യമന്ത്രി ഉരുണ്ടുകളിക്കുന്നത് എന്തിന്?

കേസില്‍ ഇതുവരെയും ഫീസ് നല്‍കിയിട്ടില്ലെന്നാണ് റോജിയുടെ ചോദ്യത്തിന് പിണറായി നല്‍കിയ മറുപടി
സെന്‍കുമാര്‍ കേസില്‍ ചെലവായത് എത്ര? മുഖ്യമന്ത്രി ഉരുണ്ടുകളിക്കുന്നത് എന്തിന്?


തിരുവനന്തപുരം: ടിപി സെന്‍കുമാര്‍ കേസ് നടത്തുന്നതിന് സംസ്ഥാന സര്‍ക്കാരിന് എത്ര പണം ചെലവായി? ഈ ചോദ്യം നേരത്തെ സഭയില്‍ ഉയര്‍ന്നപ്പോള്‍ ഇത്തരം കേസുകളില്‍ പണം ചെലവാകുമെന്നും അത് എത്രയെന്നു പുറത്തുവിടും എന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ മറുപടി. എന്നാല്‍ ഇക്കഴിഞ്ഞ ദിവസം റോജി എം ജോണിന് എഴുതി നല്‍കിയ മറുപടിയിലും മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ഉരുണ്ടുകളിക്കുകയാണ് ചെയ്തത്. കേസില്‍ ഇതുവരെയും ഫീസ് നല്‍കിയിട്ടില്ലെന്നാണ് റോജിയുടെ ചോദ്യത്തിന് പിണറായി നല്‍കിയ മറുപടി.

സെന്‍കുമാര്‍ കേസ് സംബന്ധിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ പലവിധ കണക്കുകളാണ് പ്രചരിച്ചിരുന്നത്. മൂന്നു കോടി രൂപയാണ് സര്‍ക്കാരിന് ഈ കേസില്‍ വക്കീല്‍ ഫീസ് ഇനത്തില്‍ ചെലവായതെന്ന് വിവരാവകാശ രേഖ ഉണ്ടെന്ന മട്ടില്‍ വ്യാപകമായി സോഷ്യല്‍ മീഡിയ സന്ദേശങ്ങള്‍ പ്രചരിച്ചിരുന്നു. ഇക്കാര്യം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സഭയില്‍ ഉന്നയിക്കുകയും ചെയ്തു. അഡ്വക്കറ്റ് ജനറല്‍ നല്‍കിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതിയെ സമീപിച്ചതെന്നും ഇത്തരം കേസുകളില്‍ പണം ചെലവാകുമെന്നും അന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടിയായി പറഞ്ഞു. കേസില്‍ എത്രതുക ചെലവായെന്ന് അറിയിക്കുമെന്നും പിണറായി വ്യക്തമാക്കി. 

സെന്‍കുമാര്‍ കേസുമായി ബന്ധപ്പെട്ട് റോജി എം ജോണ്‍ സഭയില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ ഇവയാണ്. (എ) പൊലീസ് മേധാവി സ്ഥാനത്ത് നിന്നും നീക്കിയ നടപടി ചോദ്യം ചെയ്തുകൊണ്ട് ടി പി സെന്‍കുമാര്‍ കേരള ഹൈക്കോടതിയിലും സുപ്രീംകോടതിയിലും നല്‍കിയ അപ്പീലുകളില്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ആരെല്ലാമാണ് ഈ കോടതികളില്‍ ഹാജരായി വാദിച്ചത്;
(ബി)    സര്‍ക്കാര്‍ അഭിഭാഷകരും അഡ്വക്കേറ്റ് ജനറലും ഒഴികെ പ്രസ്തുത കേസുകളില്‍ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ഹാജരായ അഭിഭാഷകര്‍ക്ക് ഇതുവരെ എത്ര തുക ഫീസായി നല്‍കി; ഓരോരുത്തര്‍ക്കും നല്‍കിയ ഫീസ് എത്ര വീതമെന്ന് അറിയിക്കുമോ; (സി)    വക്കീല്‍ ഫീസിന് പുറമെ വിമാനയാത്രാക്കൂലി, താമസസൗകര്യം എന്നീ ഇനങ്ങളില്‍ ഓരോരുത്തര്‍ക്കും വേണ്ടി ചെലവായ തുക എത്രയെന്ന് വെളിപ്പെടുത്താമോ?

സെന്‍കുമാര്‍ കേരള ഹൈക്കോടതിയില്‍ നല്‍കിയ കേസില്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ഹാജരായത് അഡ്വക്കറ്റ് ജനറലാണ് എന്നാണ് ആദ്യ ചോദ്യത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടി. സുപ്രീം കോടതിയില്‍ നല്‍കിയ അപ്പീലില്‍ ഹാജരായത് സീനിയര്‍ അഭിഭാഷകരായ ഹരീഷ് സാല്‍വെയും പിപി റാവുവും സ്റ്റാന്‍ഡിങ് കൗണ്‍സല്‍ ജി പ്രകാശുമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഫീസ് ഇനത്തില്‍ എത്ര തുക ചെലവായി എന്ന രണ്ടാം ചോദ്യത്തിന് ഇതുവരെയും ഫീസ് നല്‍കിയിട്ടില്ല എന്നാണ് മറുപടി. വിമാനയാത്രക്കൂലി, താമസസൗകര്യം എന്നീ ഇനങ്ങളില്‍ തുക ചെലവായിട്ടില്ലെന്നും മറുപടിയില്‍ പറയുന്നു.

സെന്‍കുമാര്‍ കേസില്‍ ചെലവായ തുക വെളിപ്പെടുത്താതെ സാങ്കേതികമായ മറുപടിയാണ് ഇക്കാര്യത്തില്‍ മുഖ്യമന്ത്രി നല്‍കിയിരിക്കുന്നത്. സര്‍ക്കാരിന് കോടതിയില്‍നിന്ന് വന്‍ തിരിച്ചടി നേരിട്ട കേസില്‍ പൊതുഖജനാവില്‍നിന്ന് ചെലവായ പണം സംബന്ധിച്ച് വലിയ ചര്‍ച്ചകള്‍ നടന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ഒളിച്ചുകളി. 

സിദ്ധാര്‍ത്ഥ് ലൂത്ര, ജയ്ദീപ് ഗുപ്ത തുടങ്ങിയവര്‍ സെന്‍കുമാര്‍ കേസില്‍ സര്‍ക്കാരിനു വേണ്ടി ഹാജരായിരുന്നു. സെന്‍കുമാര്‍ കേസിന്റെ തുടര്‍ച്ചയായി വന്ന ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്ക് എതിരെയുള്ള കോടതിയലക്ഷ്യ കേസിലായിരുന്നു ഇവര്‍ ഹാജരായത്. ചീഫ് സെക്രട്ടറിക്കു വേണ്ടിയാണ് ഹാജരായത് എന്ന സാങ്കേതിക ന്യായത്തിലാവണം സര്‍ക്കാരിനെ പ്രതിനിധീകരിച്ചുള്ള അഭിഭാഷകരുടെ പട്ടികയില്‍ ഇവരെ ഉള്‍പ്പെടുത്താത്തത് എന്നാണ് നിയമരംഗത്തുള്ളവര്‍ ചൂണ്ടിക്കാണിക്കപ്പെടുന്നത്. ചീഫ് സെക്രട്ടറി സര്‍ക്കാരിന്റെ ഭാഗമല്ലേ എന്ന ചോദ്യത്തിന് ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി മറുപടി പറയേണ്ടി വരുമെന്നും അവര്‍ അഭിപ്രായപ്പെടുന്നു. നേരത്തെ മൂന്നാര്‍ ഒഴിപ്പിക്കല്‍ വിവാദമായ സമയത്ത് റവന്യു മന്ത്രി അറിഞ്ഞിരുന്ന കാര്യം സര്‍ക്കാര്‍ അറിഞ്ഞില്ല എന്ന മട്ടില്‍ പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു. റവന്യു മന്ത്രി സര്‍ക്കാരിന്റെ ഭാഗമല്ലേ എന്ന് അന്ന് ഉയര്‍ന്ന ചോദ്യം തന്നെയാണ് ഇവിടെയും പ്രസക്തമാവുന്നതെന്നാണ് ഈ വാദം ഉയര്‍ത്തുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്.

സുപ്രിം കോടതി വിധി നടപ്പാക്കാതിരുന്നതിനാണ് നളിനി നെറ്റോയ്‌ക്കെതിരെ കോടതിയലക്ഷ്യ കേസെടുത്തത്. ഇത് ഫലത്തില്‍ സര്‍ക്കാരിന് എതിരായ നടപടി തന്നെയാണ്. ഈ കേസില്‍ ഹാജരായ അഭിഭാഷകര്‍ക്ക് ഫീസ് നല്‍കുന്നതും സര്‍ക്കാര്‍ തന്നെയാണ്. അതുകൊണ്ട് സഭയെ തെറ്റിദ്ധരിപ്പിക്കുന്ന നടപടിയാണ് ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത് എന്ന ആക്ഷേപവും ഉയരുന്നുണ്ട്.  

അഭിഭാഷകരുടെ ബില്‍ ലഭിക്കാത്തതുകൊണ്ടാണ് ഇതുവരെയും ഫീസ് നല്‍കിയിട്ടില്ല എന്ന മറുപടി നല്‍കിയത് എന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കുന്നത്. മൂന്നു കോടി രൂപ എന്ന മട്ടില്‍ പ്രചരിപ്പിച്ചത് പെരുപ്പിച്ച തുകയാണെന്നും ഈ കേസില്‍ അത്രയൊന്നും ചെലവായിട്ടില്ല എന്നുമാണ് അവരുടെ വാദം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com