ശ്രീനാരായണ ഗുരുവിനെ നിന്ദിച്ചതിന് ടൈംസ് ഓഫ് ഇന്ത്യ മാപ്പുപറയണം; ഇല്ലെങ്കില്‍ നിയമനടപടി: ശിവഗിരിമഠം

ടൈംസ് ഓഫ് ഇന്ത്യ പൊറുക്കാനാവാത്ത ഗുരുനിന്ദയാണ് നടത്തിയതെന്ന് ശിവഗിരി മഠം
ശ്രീനാരായണ ഗുരുവിനെ നിന്ദിച്ചതിന് ടൈംസ് ഓഫ് ഇന്ത്യ മാപ്പുപറയണം; ഇല്ലെങ്കില്‍ നിയമനടപടി: ശിവഗിരിമഠം

ശിവഗിരി: ശ്രീനാരായണഗുരുദേവന്റെ തലമാറ്റി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തലവച്ചുകൊണ്ടുള്ള ചിത്രം പ്രചരിപ്പിച്ചതിന് ടൈംസ് ഓഫ് ഇന്ത്യയ്‌ക്കെതിരെ ശിവഗിരിമഠം.
ഇന്നു പുറത്തിറങ്ങിയ ടൈംസ് ഓഫ് ഇന്ത്യ പത്രത്തിന്റെകൂടെ തിരുവനന്തപുരം ജില്ലയില്‍ ഇറങ്ങിയ സപ്ലിമെന്റ് പതിപ്പായ ട്രിവാന്‍ഡ്രം ടൈംസില്‍ 'സര്‍ക്കാസം അറ്റ്‌ ഇറ്റ്‌സ് ബെസ്റ്റ്' എന്ന തലക്കെട്ടില്‍ ഫെയ്‌സ്ബുക്കിലെ ചില ട്രോള്‍ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. അതിലൊന്നാണ് ശ്രീനാരായണ ഗുരുവിന്റെ ചിത്രത്തില്‍ തല വെട്ടിമാറ്റി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തല ഒട്ടിച്ചുവച്ചത്. ഒപ്പം 'ഒരുജാതി ഒരുമതം ഒരുദൈവം മനുഷ്യന്', 'കള്ള് ചെത്തരുത്, കുടിക്കരുത്, കൊടുക്കരുത്' എന്നീ ശ്രീനാരായണഗുരുസന്ദേശങ്ങളെ ബീഫ് നിരോധിച്ച പശ്ചാത്തലത്തിലുള്ള കമന്റുകളാക്കി മാറ്റി അവതരിപ്പിച്ചത്.
ഗുരുവിനെ അവഹേളിക്കുകയും ഗുരുദര്‍ശനങ്ങളെ വികൃതമാക്കി അവതരിപ്പിക്കുകയും ചെയ്തതിലൂടെ ടൈംസ് ഓഫ് ഇന്ത്യ പൊറുക്കാനാവാത്ത ഗുരുനിന്ദയാണ് നടത്തിയതെന്ന് ശിവഗിരി മഠം പറഞ്ഞു. ചിത്രം പിന്‍വലിച്ച് നിരുപാധികം പൊതുമാപ്പ് പറയണമെന്ന് ശിവഗിരി ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ പറഞ്ഞു. ഇതിന് തയ്യാറായില്ലെങ്കില്‍ പത്രത്തിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
''ഗുരുവിന്റെ വിശ്വോത്തര സന്ദേശത്തെയാണ് തമാശരൂപത്തില്‍ ചിത്രത്തില്‍ വളച്ചൊടിച്ചിരിക്കുന്നത്. 'ഒരു പൊറോട്ട, ഒരു സാമ്പര്‍ രണ്ട് ചിക്കന്‍ മനുഷ്യന്, ബീഫ് മുറിക്കരുത് വില്‍ക്കരുത് എന്നിങ്ങനെയുള്ള വികലമായ വാക്കുകളാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇത് ഫേസ്ബുക്കില്‍ ഏതോ ഒരാള്‍ ട്രോള്‍ ചെയ്ത പോസ്റ്റാണ്. അത് ടൈംസ് ഓഫ് ഇന്ത്യപോലെ ഒരു ദേശീയമാദ്ധ്യമം അതുപോലെ പ്രസിദ്ധീകരിക്കുന്നതിനുപിന്നില്‍ ഗൂഢാലോചനയുണ്ട്. ആക്ഷേപഹാസ്യത്തിലെ ഏറ്റവും മികച്ച ഉദാഹരണമെന്നാണ് പത്രം ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

ഗുരുവിന്റെ വിശ്വോത്തരമായ സന്ദേശ ശൈലി വികൃതമായി അവതരിപ്പിച്ചതും ചിത്രം വികലമാക്കി രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ ശ്രമിച്ചതും ലക്ഷക്കണക്കിന് ഗുരുഭക്തരുടെ ഹൃദയത്തെ മുറിപ്പെടുത്തിയിട്ടുണ്ട്. ഇതിന് പത്രം നഷ്ടപരിഹാരം നല്‍കിയേതീരൂ. ഇത്തരം ഗുരുനിന്ദാപരമായ നിലപാടുകള്‍ ഇനി ഒരു മാദ്ധ്യമവും ആവര്‍ത്തിക്കാന്‍ പാടില്ല. ഗുരു ലോകം മുഴുവനുമുള്ള മനുഷ്യരുടെ നന്മയ്ക്കായി നല്‍കിയ സന്ദേശങ്ങളെ വികൃതമാക്കുന്നവര്‍ മനുഷ്യരാശിയുടെതന്നെ ശത്രുക്കളാണ്. അവര്‍ പ്രതിനിധാനം ചെയ്യുന്ന ആശയവും രാഷ്ട്രീയവും മതതാത്പര്യവും എന്തായിരുന്നാലും അത് ലോകത്തെ നശിപ്പിക്കാനുതകുന്നതാണ്. ഗുരുദര്‍ശനം ലോകത്തെ സമാധാനത്തിലേക്ക് നയിക്കാനുള്ള അവസാന ആശ്രയമാണ്. അതിനെ ഇല്ലാതാക്കുന്നവര്‍ സമാധാനത്തെയാണ് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. ഇതിന് കൂട്ടുനില്‍ക്കുകയാണ് ടൈംസ് ഓഫ് ഇന്ത്യ ചെയ്തത്. പത്രം ഉടമയുടെ പേരില്‍ ഉടന്‍ നോട്ടീസ് അയയ്ക്കു''മെന്നും സ്വാമി വിശുദ്ധാനന്ദ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com