ശിഖണ്ഡിയെ കാണുമ്പോള്‍ ആയുധം വയ്ക്കില്ല, സെന്‍കുമാര്‍ വീണ്ടും നിയമയുദ്ധത്തിന്

തനിക്കെതിരായ നിയമനടപടിയുടെ വിശദാംശങ്ങള്‍ അറിയാന്‍ വിവരാവകാശ നിയമപ്രകാരം സമീപിക്കാനാണ് സെന്‍കുമാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാവും നിയമനടപടിയുമായി മുന്നോട്ടുപോവുക
ശിഖണ്ഡിയെ കാണുമ്പോള്‍ ആയുധം വയ്ക്കില്ല, സെന്‍കുമാര്‍ വീണ്ടും നിയമയുദ്ധത്തിന്


തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ പൊലീസ് മേധാവി ടിപി സെന്‍കുമാര്‍ വീണ്ടും നിയമ യുദ്ധത്തിനൊരുങ്ങുന്നു. പൊലീസ് ആസ്ഥാനത്തെ എഐജി വി ഗോപാലകൃഷ്ണന്റെ പരാതിയില്‍ തന്നെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയ ആഭ്യന്തര വകുപ്പിന്റെ നടപടിക്കെതിരെയാണ് സെന്‍കുമാര്‍ നിയമ പോരാട്ടത്തിന് രുങ്ങുന്നത്. തനിക്കെതിരായ നിയമനടപടിയുടെ വിശദാംശങ്ങള്‍ അറിയാന്‍ വിവരാവകാശ നിയമപ്രകാരം സമീപിക്കാനാണ് സെന്‍കുമാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാവും നിയമനടപടിയുമായി മുന്നോട്ടുപോവുക.

പ്രോസിക്യൂഷന്‍ അനുമതി സംബന്ധിച്ച് മാധ്യമങ്ങളിലൂടെയുള്ള അറിവു മാത്രമേ തനിക്കുള്ളൂ എന്നാണ് സെന്‍കുമാര്‍ പറഞ്ഞത്. നടപടികളുമായി മുന്നോട്ടുപോവുകയാണെങ്കില്‍ താന്‍ ഭീഷ്മരല്ലെന്നും ശിഖണ്ഡിയെ കാണുമ്പോള്‍ ആയുധം താഴെവയ്ക്കില്ലെന്നും സെന്‍കുമാര്‍ പ്രതികരിച്ചു. നേരത്തെയും ഇത്തരം അനുഭവങ്ങള്‍ നേരിട്ട വ്യക്തിയാണ് താന്‍. അന്ന് കോടതി തന്റെ വാദങ്ങള്‍ അംഗീകരിച്ചിട്ടുണ്ടെന്ന് സെന്‍കുമാര്‍ പറഞ്ഞു. ഇപ്പോഴത്തെ പരാതി സംബന്ധിച്ച വ്യക്തമായ രേഖകള്‍ തന്റെ പക്കലുണ്ട്. അതുകൊണ്ടുതന്നെ നിയമപരമായി നേരിടുമെന്ന് പൊലീസ് മേധാവി പറഞ്ഞു. 

പൊലീസ് ട്രെയ്‌നിങ് കോളജ് പ്രിന്‍സിപ്പലായിരുന്ന കാലത്ത് സെന്‍കുമാര്‍ മാനസികമായി പീഡിപ്പിച്ചെന്നും തനിക്കെതിരെ വ്യാജ റിപ്പോര്‍ട്ടുകള്‍ ഉണ്ടാക്കിയെന്നുമാണ  ഗോപാലകൃഷ്ണന്റെ പരാതി. ഈ പരാതിയില്‍ നിയമനടപടികളുമായി മുന്നോട്ടുപോവാന്‍ ശനിയാഴ്ചയാണ് ആഭ്യന്തര വകുപ്പ് അനുമതി നല്‍കിയത്.  2012ല്‍ ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയ്ക്കാണ് പരാതി നല്‍കയത്. പൊലീസ് മേധാവിക്കെതിരെ നടപടി വേണ്ടന്ന നിലപാടാണ് അന്ന് ആഭ്യന്തര വകുപ്പു കൈക്കൊണ്ടത്. 

സര്‍ക്കാരിനെതിരെ നീണ്ട നിയമയുദ്ധം ജയിച്ചാണ് സെന്‍കുമാര്‍ പൊലീസ് മേധാവി സ്ഥാനത്തു തിരിച്ചെത്തിയത്. സുപ്രീം കോടതിയില്‍നിന്ന് ശക്തമായ വിമര്‍ശനങ്ങള്‍ നേരിട്ടതിനു ശേഷമാണ് കോടതി വിധി അനുസരിച്ചുള്ള നിയമനം പോലും സര്‍ക്കാര്‍ സെന്‍കുമാറിനു നല്‍കിയത്. നിയമനത്തിനു ശേഷവും സര്‍ക്കാരും പൊലീസ് മേധാവിയും തമ്മിലുള്ള സമവാക്യം സുഖകരമല്ലെന്നാണ് സൂചനകള്‍. പൊലീസ് ആസ്ഥാനത്ത് സെന്‍കുമാര്‍ നടത്തിയ ചില സ്ഥലംമാറ്റങ്ങള്‍ സര്‍്ക്കാര്‍ ഇടപെട്ട് തടഞ്ഞിരുന്നു. സെന്‍കുമാറിനെ നിയമിക്കുന്നതിനു മുമ്പ് പൊലീസ് ആസ്ഥാനത്ത് നിയമിക്കപ്പെട്ട സര്‍ക്കാരിന്റെ വിശ്വസ്തന്‍ ടോമിന്‍ തച്ചങ്കരിയുടെ നിഴല്‍ഭരണമാണ് പൊലീസ് ആസ്ഥാനത്ത് നടക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനു പിന്നാലെയാണ് പൊലീസ് മേധാവിക്കെതിരായ നിയമനടപടിക്ക് ആ്ഭ്യന്തര വകുപ്പ് അനുമതി നല്‍കിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com