സെന്‍കുമാറിനെ കുടുക്കാനുള്ള പ്രോസിക്യൂഷന്‍ നടപടിയുടെ പിന്നിലെ അറിയാക്കഥ

വര്‍ഷങ്ങളുടെ പഴക്കമുള്ള ഒരു സംഭവവും അതിനുപിന്നാലെയുണ്ടായ റിപ്പോര്‍ട്ടുമാണ് സെന്‍കുമാറിനെ നേരിടാന്‍ ആഭ്യന്തര വകുപ്പ് ഉപയോഗിച്ചിരിക്കുന്നത്.
സെന്‍കുമാറിനെ കുടുക്കാനുള്ള പ്രോസിക്യൂഷന്‍ നടപടിയുടെ പിന്നിലെ അറിയാക്കഥ

കൊച്ചി: സര്‍ക്കാരും സെന്‍കുമാറും തമ്മില്‍ വീണ്ടും നിയമയുദ്ധത്തിനുള്ള കളമൊരുങ്ങുകയാണ്. സംസ്ഥാന പൊലീസ് മേധാവി നിയമനവുമായി ബന്ധപ്പെട്ട് ഉണ്ടായ നിയമപോരാട്ടങ്ങള്‍ക്കുശേഷം ഡിജിപി സെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി ആഭ്യന്തര വകുപ്പ് നല്‍കിയതാണ് പുതിയ നിയമയുദ്ധത്തിന് വഴിതുറക്കുന്നത്. പൊലീസ് ആസ്ഥാനത്തെ എഐജി വി ഗോപാലകൃഷ്ണന്റെ പരാതിയിലാണ് സെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ആഭ്യന്തര വകുപ്പ് അനുമതി നല്‍കിയിരിക്കുന്നത്. ഇതുസംബന്ധിച്ച വസ്തുതകള്‍ വിവരാവകാശ നിയമപ്രകാരം ആരായാനുള്ള ഒരുക്കത്തിലാണ് സെന്‍കുമാര്‍.
എന്തായിരുന്നു ആ കേസ്? വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന കേസിനാസ്പദമായ സംഭവത്തിന്റെ വസ്തുതകള്‍.

1996ല്‍ വേളിക്കായലില്‍ മരിച്ച നിലയില്‍ കാണപ്പെട്ട രാജേന്ദ്ര കാണി എന്നയാളുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നിന്നാണ് തുടക്കം. രാജേന്ദ്രകാണിയുടെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് തെളിയിക്കപ്പെട്ടില്ല. ഈ അന്വേഷണം ആദ്യം അന്വേഷിച്ചത് അന്ന് മെഡിക്കല്‍ കോളേജ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായ ഗോപാലകൃഷ്ണനായിരുന്നു. ഇദ്ദേഹം ഇപ്പോള്‍ എഐജിയാണ്. ഇദ്ദേഹം നല്‍കിയ പരാതിയിലാണ് സെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി ആഭ്യന്തര വകുപ്പ് ഇപ്പോള്‍ നല്‍കിയത്.
രാജേന്ദ്രകാണിയുടേത് കൊലപാതകമാണെന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഗോപാലകൃഷ്ണന്‍ ബന്ധുക്കള്‍ക്ക് മുന്നില്‍ പ്രഖ്യാപിച്ചുവെങ്കിലും അദ്ദേഹത്തിന് ആരെയും അറസ്റ്റു ചെയ്യാനായില്ല.
ഗോപാലകൃഷ്ണന്‍ അക്കാലത്ത് കൊലപാതകമാണ് എന്നതിന് നിരവധി കഥകള്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഒരു അവിഹിതകഥയും പ്രതികാരവുമൊക്കെ ചേര്‍ന്നതായിരുന്നു അന്ന് പ്രചരിപ്പിക്കപ്പെട്ട കഥകള്‍.
തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചു. സിബി മാത്യൂസ് ഐപിഎസായിരുന്നു അന്ന് ആ കേസ് അന്വേഷിച്ചത്. അദ്ദേഹം രാജേന്ദ്ര കാണിയുടേത് ആത്മഹത്യയായിരുന്നു എന്ന് റിപ്പോര്‍ട്ട് നല്‍കി. ഈ അന്വേഷണം തൃപ്തികരമല്ലെന്ന നിലപാടായിരുന്നു അന്ന് ഗോപാലകൃഷ്ണന്‍ സ്വീകരിച്ചത്. കൊലപാതകമാണ് എന്ന കാര്യത്തില്‍ ഉറച്ചുനിന്ന ഗോപാലകൃഷ്ണന്‍ ആദ്യം അന്വേഷിച്ചപ്പോള്‍ എന്തുകൊണ്ട് പ്രതികളെ ആരെയും അറസ്റ്റു ചെയ്തില്ല എന്നത് അന്നുയര്‍ന്ന ചോദ്യമായിരുന്നു.
ക്രൈംബ്രാഞ്ച് അന്വേഷണത്തിനുശേഷം ഏതാനുംപേരെ കൂടെച്ചേര്‍ത്ത് ഗോപാലകൃഷ്ണന്‍ വി.എസ്. അച്യുതാനന്ദനെ നേരിട്ട് കണ്ട് അന്വേഷണം ശരിയായ രീതിയിലല്ലെന്ന് പരാതി ഉന്നയിച്ചു. ഇതിനെത്തുടര്‍ന്ന് സിബിഐ അന്വേഷണം നടത്തി. എന്നാല്‍ സിബിഐ അന്വേഷണവും ക്രൈംബ്രാഞ്ച് അന്വേഷണത്തെ ശരിവയ്ക്കുന്നതായിരുന്നു.
ഗോപാലകൃഷ്ണന്‍ നിരന്തരമായി ഇടപെട്ടുകൊണ്ടേയിരുന്ന വേളയില്‍ അന്ന് ഐജിയായിരുന്ന ടി.പി. സെന്‍കുമാറിനോട് ഉന്നതതലത്തില്‍നിന്നും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഈ റിപ്പോര്‍ട്ടില്‍ സെന്‍കുമാര്‍ ഗോപാലകൃഷ്ണന് ഭ്രാന്താണെന്നും ചികിത്സിക്കുകയാണ് വേണ്ടതെന്നും റിപ്പോര്‍ട്ടെഴുതി അയയ്ക്കുകയും ചെയ്തു.
ഈ റിപ്പോര്‍ട്ട് വര്‍ഷങ്ങളോളം പോലീസ് ആസ്ഥാനത്തുതന്നെ കിടന്നു. പിന്നീട് ഗോപാലകൃഷ്ണന്‍ രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് ഈ റിപ്പോര്‍ട്ടുകളെല്ലാമെടുത്ത് സെന്‍കുമാറിനെതിരെ തിരിഞ്ഞു. എന്നാല്‍ ഡിജിപി സ്ഥാനത്തിരിക്കുന്ന സെന്‍കുമാറിനെതിരെയുള്ള ഹര്‍ജിയില്‍ നിയമപരമായി മുന്നോട്ടുപോകാന്‍ ഒരുക്കമല്ലെന്ന് അറിയിക്കുകയായിരുന്നു അന്ന്.
പതിനൊന്നുമാസത്തെ നിയമപോരാട്ടത്തിനൊടുവില്‍ സര്‍ക്കാരുമായി ഏറ്റുമുട്ടി സെന്‍കുമാര്‍ ഡിജിപി സ്ഥാനത്തെത്തിയ സമയം ലാക്കാക്കി ഹര്‍ജി നല്‍കുകയായിരുന്നു. അന്നത്തെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഇന്ന് പോലീസ് ആസ്ഥാനത്തെ എഐജിയായി മാറുകയും ചെയ്തു. എഐജിയുടെ ഹര്‍ജിയെത്തുടര്‍ന്ന് പ്രോസിക്യൂഷന്‍ അനുമതി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com