നീ ബീഫ് കഴിക്കും അല്ലേടാ ! മദ്രാസ് ഐ ഐ ടി യിൽ മലയാളി വിദ്യാർഥിക്കു സംഭവിച്ചത്

വലംകണ്ണിന് ഗുരുതരമായി പരുക്കേറ്റ സൂരജിനെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്
നീ ബീഫ് കഴിക്കും അല്ലേടാ ! മദ്രാസ് ഐ ഐ ടി യിൽ മലയാളി വിദ്യാർഥിക്കു സംഭവിച്ചത്

ചെന്നൈ: ബീഫ് കഴിച്ചതിന്റെ പേരില്‍ ചെന്നൈ ഐഐടിയില്‍ എയറോ സ്‌പെയ്‌സില്‍ പിഎച്ച്ഡി ചെയ്യുന്ന മലയാളി വിദ്യാര്‍ത്ഥി സൂരജിനെയാണ് ക്രൂരമായി മര്‍ദ്ദിച്ചത്. വലംകണ്ണിന് ഗുരുതരമായി പരുക്കേറ്റ സൂരജിനെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംസാരിക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ സൂരജിനുവേണ്ടി സുഹൃത്തും സഹപാഠിയും മലയാളിയുമായ അര്‍ജുന്‍ സമകാലിക മലയാളത്തോട് സംഭവിച്ചതെന്ത് എന്ന് വിവരിച്ചു: ''ഞായറാഴ്ച വൈകിട്ട് ഞങ്ങള്‍ എല്ലാവരും ഒരുമിച്ച് ഇരിക്കാറുണ്ടായിരുന്നു. സമകാലീന രാഷ്ട്രീയ വിഷയങ്ങളൊക്കെയും ഏതൊരു വിദ്യാര്‍ത്ഥി കൂട്ടായ്മയുടേതുപോലെത്തന്നെ ഞങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ട്. നിരവധി വിഷയങ്ങളില്‍ ഞങ്ങളുടെ പ്രതികരണങ്ങള്‍ ഞങ്ങള്‍ അറിയിക്കാറുമുണ്ട്.


കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെയാണ് കന്നുകാലികളെ കശാപ്പു ചെയ്യുന്നതില്‍ തടസ്സം നില്‍ക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവിനോടുള്ള ഞങ്ങളുടെ പ്രതികരണങ്ങള്‍ക്കായി വൈകിട്ട് എല്ലാവര്‍ക്കും ഒന്നിച്ചിരിക്കാം എന്നു തീരുമാനിച്ചത്. രാത്രി 7.30 മുതല്‍ എട്ടരവരെയുള്ള സമയത്തിലാണ് ഈ ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്. സ്വാഭാവികമായും കേരളത്തിലടക്കം നടക്കുന്ന ബീഫ് ഫെസ്റ്റ് ഞങ്ങളും അറിയുന്നുണ്ട്. അതുകൊണ്ട് അന്നത്തെ ചര്‍ച്ചയ്ക്ക് ബീഫും ബ്രഡ്ഡും ഉണ്ടാവണമെന്ന് തീരുമാനിക്കുകയും ചെയ്തു.
അങ്ങനെ പുറത്തുനിന്നും കൊണ്ടുവന്ന ബീഫും ബ്രഡ്ഡും കഴിച്ചുകൊണ്ട് ഞങ്ങള്‍ ഈ വിഷയവും ചര്‍ച്ച ചെയ്തു. ഏതാണ്ട് 20ല്‍ താഴെ വിദ്യാര്‍ത്ഥികളാണ് ഉണ്ടായത്. ബീഫ് ഫെസ്റ്റ് എന്നൊന്നും പറയാന്‍ പറ്റില്ല. വാട്ട്‌സാപ്പ് മെസേജുകളിലൂടെ വന്നെത്തിയ സഹപാഠികളെല്ലാം ചേര്‍ന്ന് വാങ്ങിയ ബീഫ് കറിയും ബ്രഡ്ഡും കഴിച്ച് മടങ്ങുകയും ചെയ്തു. അന്ന് രാത്രി 10.30ന് ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു വിദ്യാര്‍ത്ഥിയോട് ഐഐടിയിലെതന്നെ മറ്റൊരു വിദ്യാര്‍ത്ഥി ഭീഷണിയുടെ സ്വരത്തില്‍ സംസാരിച്ചു. ബീഫ് ഫെസ്റ്റ് നടത്തിയാല്‍ ജീവനോടെ പോകില്ലെന്നും കൊന്നു കുഴിച്ചുമൂടുമെന്നുമൊക്കെയായിരുന്നു അയാള്‍ പറഞ്ഞത്.


തിങ്കളാഴ്ച രാവിലെ ഈ വിഷയം കോളേജ് പ്രിന്‍സിപ്പലിനെ നേരില്‍ കണ്ട് ഞങ്ങള്‍ പരാതി കൊടുക്കുകയും ചെയ്തു. അന്നു രാവിലെതന്നെ ഞങ്ങളുടെ കൂട്ടത്തിലെ മറ്റൊരു വിദ്യാര്‍ത്ഥിയെ മറു ചേരിയിലുള്ള മറ്റൊരു വിദ്യാര്‍ത്ഥി ഇതേ ഭീഷണിപ്പെടുത്തലുമായി വന്നപ്പോഴും ഞങ്ങള്‍ പ്രിന്‍സിപ്പാളിന്റെ മുന്നില്‍ പരാതിപ്പെട്ടു. ഈ രണ്ട് പരാതികളും കൊടുത്തുവെങ്കിലും യാതൊരു നടപടിയുമുണ്ടായിട്ടില്ല.
ഇന്നുച്ചയ്ക്ക് സൂരജും വേറൊരു സഹപാഠിയും കോളേജ് മെസ്സില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ കോളേജില്‍ പഠിക്കുന്ന എട്ടു വിദ്യാര്‍ത്ഥികള്‍ (നേരത്തെ രണ്ടുപേരെ ഭീഷണിപ്പെടുത്തിയ രണ്ടുപേരും ഇതില്‍ ഉള്‍പ്പെടും) മെസ്സിലേക്ക് കടന്നുവന്നു. സൂരജിന്റെ അടുത്തിരിക്കുന്ന വിദ്യാര്‍ത്ഥിയെ ഭീഷണിപ്പെടുത്തിക്കൊണ്ട് അവിടെനിന്നും മാറ്റി. തുടര്‍ന്ന് സൂരജിനെ മൃഗീയമായി എട്ടുപേര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. ''നീ ബീഫ് കഴിക്കും. അല്ലെടാ?'' എന്ന് ചോദിച്ചുകൊണ്ടായിരുന്നു മര്‍ദ്ദനം. കണ്ണിനുനേരെ എന്തോ സാധനങ്ങള്‍കൊണ്ട് ഇടിക്കുകയായിരുന്നു.


വലത്തേ കണ്ണിന് പരുക്കേറ്റ് സൂരജ് നിലത്തുവീഴുകയും തുടര്‍ന്ന് നിലത്തിട്ട് ചവിട്ടുകയും ചെയ്തു. സംഭവമറിഞ്ഞ് ഞങ്ങളെല്ലാവരും എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ആദ്യം കൊണ്ടുപോയ ആശുപത്രിയില്‍നിന്നും, ''ഇത് കോംപ്ലിക്കേറ്റാണ്. മറ്റേതെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോയ്‌ക്കോളൂ'' എന്നു പറഞ്ഞ് പ്രാഥമിക ചികിത്സ നല്‍കി കണ്ണിന്റെ സ്‌പെഷലൈസ്ഡ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. സൂരജിന് കണ്ണ് ഇപ്പോഴും തുറക്കാനായിട്ടില്ല. ആശുപത്രിയില്‍ ഐസിയുവിലാണ് ഉള്ളത്.
സംഭവവുമായി ബന്ധപ്പെട്ട് കോട്ടുപുരം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. കേസെടുത്തതായാണ് വിവരം. ഇത്ര ക്രൂരമായ മര്‍ദ്ദനം ആദ്യമായിട്ടാണെങ്കിലും നേരത്തെതന്നെ പല വിഷയത്തിലും ഞങ്ങള്‍ക്കുനേരെ ഭീഷണികളുണ്ടായിട്ടുണ്ട്. സമകാലീന രാഷ്ട്രീയ വിഷയങ്ങളില്‍ ഞങ്ങള്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചാല്‍ നിരന്തരം ഭീഷണികളുണ്ടാവാറുണ്ടായിരുന്നു. ഈ സമയങ്ങളിലെല്ലാം കോളേജ് അധികൃതര്‍ക്ക് പരാതി നല്‍കിയാലും ഗുണമൊന്നുമുണ്ടാകാറില്ല.
ആക്രമം നടത്തിയവര്‍ ബിജെപി - ആര്‍എസ്എസ് രാഷ്ട്രീയധാരയിലുള്ളവരാണ്. അവര്‍ ഫാസിസ്റ്റ് രീതിയിലാണ് വിദ്യാര്‍ത്ഥികളോട് പെരുമാറുന്നത്. പുറമെനിന്നുള്ള പിന്തുണ ഇവര്‍ക്ക് ലഭിക്കുന്നുമുണ്ട്.''
മദ്രാസ് ഐഐടിയില്‍ സായാഹ്ന ചര്‍ച്ചയ്ക്കിടയില്‍ ബീഫ് രാഷ്ട്രീയവിഷയമായപ്പോള്‍ ബീഫ് കഴിച്ചു എന്നതല്ലാതെ ബീഫ് ഫെസ്റ്റിവല്‍ നടത്തുകയോ, അവിടെവെച്ച് പാചകം ചെയ്യുകയോ ചെയ്തിട്ടില്ല. എന്നാല്‍ മദ്രാസ് ഐഐടിയില്‍ ബീഫ് ഫെസ്റ്റ് എന്ന ടൈറ്റിലില്‍ ദേശീയ മാധ്യമങ്ങളില്‍ ചില ഫെയ്‌സ്ബുക്ക് ചിത്രങ്ങളെ മുന്‍നിര്‍ത്തി വാര്‍ത്തകള്‍ വന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com