സെന്‍കുമാര്‍ സര്‍ക്കാര്‍ പോര് കനക്കുന്നു, പൊലീസ് മേധാവി അറിയാതെ ഗണ്‍മാനെ സ്ഥലം മാറ്റി

പതിനഞ്ചു വര്‍ഷമായി സെന്‍കുമാറിന്റെ സുരക്ഷാ ജീവനക്കാരനായ അനില്‍ കുമാറിനെയാണ് ആഭ്യന്തര വകുപ്പു മാറ്റിയത്. പരാതികളെത്തുടര്‍ന്നാണ് അനിലിനെ മാറ്റിയത് എന്നാണ് ആഭ്യന്തര വകുപ്പു നല്‍കുന്ന വിശദീകരണം.
സെന്‍കുമാര്‍ സര്‍ക്കാര്‍ പോര് കനക്കുന്നു, പൊലീസ് മേധാവി അറിയാതെ ഗണ്‍മാനെ സ്ഥലം മാറ്റി

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ടിപി സെന്‍കുമാറും സര്‍ക്കാരുമായുള്ള നിഴല്‍യുദ്ധം രൂക്ഷമാവുന്നു. സെന്‍കുമാര്‍ സര്‍വീസില്‍നിന്ന് വിരമിക്കാന്‍ ഒരു മാസം മാത്രം ശേഷിക്കെ അദ്ദേഹം അറിയാതെ ഗണ്‍മാനെ സര്‍ക്കാര്‍ സ്ഥലം മാറ്റി. പതിനഞ്ചു വര്‍ഷമായി സെന്‍കുമാറിന്റെ സുരക്ഷാ ജീവനക്കാരനായ അനില്‍ കുമാറിനെയാണ് ആഭ്യന്തര വകുപ്പു മാറ്റിയത്. പരാതികളെത്തുടര്‍ന്നാണ് അനിലിനെ മാറ്റിയത് എന്നാണ് ആഭ്യന്തര വകുപ്പു നല്‍കുന്ന വിശദീകരണം.

ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവിലൂടെയാണ് ഗ്രേഡ് എസ്‌ഐ അനില്‍കുമാറിനെ കമ്മിഷണര്‍ ഓഫിസിലേക്കു സ്ഥലം മാറ്റിയിരിക്കുന്നത്. സര്‍ക്കാര്‍ ഉത്തരവിലൂടെ എസ്‌ഐ റാങ്കിലുളള പൊലീസുകാരെ മാറ്റുന്നത് അസാധാരണമാണ്. 

സുപ്രീം കോടതി ഉത്തരവിലൂടെ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് തിരിച്ചെത്തിയ ശേഷം സര്‍ക്കാരും സെന്‍കുമാറുമായുള്ള പോരു രൂക്ഷമാവുകയാണെന്നാണ് സൂചനകള്‍. ഇതിന്റെ ഭാഗമാണ് സെന്‍കുമാര്‍ പോലും അറിയാതെ ഗണ്‍മാനെ സ്ഥലം മാറ്റിയിരിക്കുന്നത്. നേരത്തെ പൊലീസ് ആസ്ഥാനത്തു സെന്‍കുമാര്‍ നടത്തിയ സ്ഥലം മാറ്റങ്ങള്‍ സര്‍്ക്കാര്‍ ഇടപെട്ട് തടഞ്ഞിരുന്നു. ഇതിനു പിന്നാലെ സെന്‍കുമാറിനെതിരായ പഴയൊരു പരാതിയില്‍ നിയമ നടപടിയുമായി മുന്നോട്ടുപോവാന്‍ കീഴുദ്യോഗസ്ഥന് ആഭ്യന്തര വകുപ്പ അനുമതി നല്‍കുകയും ചെയതു.

പൊലീസ് ആസ്ഥാനത്തെ എഐജി വി ഗോപാലകൃഷ്ണനാണ് സംസഥാന പൊലീസ് മേധാവിക്കെതിരായ പരാതിയില്‍ നിയമനടപടിയുമായി മുന്നോട്ടുപോവാന്‍ ആഭ്യന്തര വകുപ്പ് അനുമതി നല്‍കിയിരിക്കുന്നത്. ഇതിന്റെ വിവരങ്ങള്‍ക്കായി സര്‍ക്കാരിനെ സമീപിച്ചിരിക്കുകയാണ് സെന്‍കുമാര്‍. പൂര്‍ണ വിവരങ്ങള്‍ കി്ട്ടിയ ശേഷം നിയമ നടപടി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം.

അതിനിടെ സെന്‍കുമാറുമായി ഇടഞ്ഞുനില്‍ക്കുന്ന എഡിജിപി ടോമിന്‍ ജെ തച്ചങ്കരിക്ക് പൊലീസ് ആസ്ഥാനത്തിന്റെ പൂര്‍ണ ഭരണ ചുമതല നല്‍കിയ ഇന്നലെ സര്‍ക്കാര്‍ ഉത്തരവിറക്കി. ഐജി ബല്‍റാം കുമാര്‍ ഉപാധ്യായ അവധിയില്‍ പോയ സാഹചര്യത്തിലാണ് തച്ചങ്കരിക്ക് ചുമതല നല്‍കിയിരിക്കുന്നത്. ഇതോടെ പൊലീസ് ആസ്ഥാനത്തെ ഭരണപരമായ എല്ലാ ചുമതലയും തച്ചങ്കരിയിലായി. സെന്‍കുമാര്‍ പൊലീസ് മേധാവിയായി തിരിച്ചെത്തുന്നതിന് തൊട്ടുമുമ്പാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്ഥനായി അറിയപ്പെടുന്ന ടോമിന്‍ തച്ചങ്കരിയെ സര്‍ക്കാര്‍ പൊലീസ് ആസ്ഥാനത്ത് നിയമിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com