ഒരു കാരണവുമില്ലാതെ മറ്റുള്ളവരെ കളിയാക്കുന്നവരാണ് മലയാളികളെന്ന് കണ്ണന്താനം; പുതിയ ആശയവുമായി വന്നാല്‍ കിറുക്കനാവും

പുതിയ ആശയവുമായി വന്നാല്‍ അയാളെ മലയാളി കിറുക്കനായി മുദ്രകുത്തുകയാണ്
ഒരു കാരണവുമില്ലാതെ മറ്റുള്ളവരെ കളിയാക്കുന്നവരാണ് മലയാളികളെന്ന് കണ്ണന്താനം; പുതിയ ആശയവുമായി വന്നാല്‍ കിറുക്കനാവും

ഒരു കാരണവുമില്ലാതെ മറ്റുള്ളവരെ കളിയാക്കുന്നതായിരിക്കുന്നു മലയാളികളുടെ മനോഭാവമെന്ന് കേന്ദ്ര ടൂറിസം സഹ മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഒരു കാരണവുമില്ലാതെ മറ്റുള്ളവരെ കളിയാക്കുന്നതിന് ഒപ്പം, പുതിയ ആശയങ്ങളെ പരിഹസിക്കുക, പരിഷ്‌കാരങ്ങളെ തള്ളിക്കളയുക എന്നിവയൊക്കെ മലയാളികളുടെ മനോഭാവമായി മാറിയിരിക്കുന്നുവെന്ന് ദി ഹിന്ദുവിലെ ലേഖനത്തില്‍ കണ്ണന്താനം പറയുന്നു. 

പുതിയ ആശയവുമായി വന്നാല്‍ അയാളെ നമ്മളിപ്പോള്‍ കിറുക്കനായി മുദ്രകുത്തുകയാണ്. എന്നാല്‍ ഒരുകാലത്ത് തുറന്ന മനോഭാവമുള്ള സമൂഹമായിരുന്നു നമ്മുടേത്. പുരോഗമന ആദര്‍ശങ്ങളേയും, പുതിയ ആശയങ്ങളേയും നമ്മള്‍ സ്വാഗതം ചെയ്തിരുന്നു. അത് സാമൂഹ്യ പരിവര്‍ത്തനത്തിന് സഹായകമായിരുന്നു. എന്നാല്‍ പരിവര്‍ത്തനം അവിടെ അവസാനിച്ചു. 

പിന്നീടങ്ങോട്ട് കൂടുതല്‍ കൂടുതല്‍ നിഷേധികളാവുകയായിരുന്നു നമ്മള്‍. അത് തുടരാന്‍ പല ന്യായീകരണങ്ങളും കണ്ടെത്തിയതായും കണ്ണന്താനം പറയുന്നു. വികസനമാണ് ലക്ഷ്യം വയ്ക്കുന്നത് എങ്കില്‍ ആദ്യം മാറേണ്ടത് ജനങ്ങളുടെ മനഃസ്ഥിതിയാണ്. മലയാളിയുടെ ചിന്തയിലും മനോഭാവത്തിലും മാറ്റം വരണം. ജീവിതത്തോടും, വികസന കാര്യങ്ങളോടും നമുക്ക് അശുഭ ചിന്തയാണുള്ളത്. അതും മാറണമെന്ന് കേന്ദ്ര മന്ത്രി പറയുന്നു. 

കഴിഞ്ഞ ദിവസം ഞാന്‍ എറണാകുളം ബോട്ട് ജെട്ടി സന്ദര്‍ശിച്ചിരുന്നു. പുലര്‍ച്ചെ ആറിനായിരുന്നു സന്ദര്‍ശനം. ആകെ വൃത്തിഹീനമായിരുന്നു പരിസരം. കോര്‍പ്പറേഷനും, മുന്‍സിപ്പാലിറ്റിയും അവരുടെ ജോലി ചെയ്യുന്നതേ ഇല്ല. ശുചിത്വമുള്ള ഒരു പ്രദേശം പോലുമില്ല കേരളത്തില്‍ എടുത്തു കാട്ടാന്‍. മാലിന്യ നിര്‍മാര്‍ജന രംഗത്ത് കേരളം അമ്പേ പരാജയപ്പെട്ടിരിക്കുകയാണെന്നും കണ്ണന്താനം പറയുന്നു. 

വിദ്യാഭ്യാസവും, ജോലിയുമായി ബന്ധപ്പെട്ട നമ്മുടെ മനോഭാവവും ഉടച്ചുവാര്‍ക്കേണ്ടതുണ്ട്. മിക്ക രക്ഷിതാക്കളും ആഗ്രഹിക്കുന്നത് അവരുടെ മക്കള്‍ എഞ്ചിനിയറോ, ഡോക്ടറോ ആകണമെന്നാണ്. വരുമാനത്തിലാണ് കണ്ണ്. പണമുണ്ടാക്കാനുള്ള മാര്‍ഗമെന്ന നിലയിലാണ് ഈ ജോലി തിരഞ്ഞെടുക്കുന്നത്. ഇത് മാറണം. എല്ലാ ജോലിയേയും മാനിക്കാന്‍ വിദ്യാര്‍ഥികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും പഠിപ്പിക്കണമെന്നും കണ്ണന്താനം പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com