ബിസിനസ്സ് സൗഹൃദാന്തരീക്ഷ പട്ടികയില്‍ ഇന്ത്യ മുന്നേറിയതിനെ സ്വാഗതം ചെയ്ത് ധനമന്ത്രി തോമസ് ഐസക്ക് 

സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം എന്നത് യാഥാര്‍ത്ഥ്യമെന്ന് തോമസ് ഐസക്ക് 
ബിസിനസ്സ് സൗഹൃദാന്തരീക്ഷ പട്ടികയില്‍ ഇന്ത്യ മുന്നേറിയതിനെ സ്വാഗതം ചെയ്ത് ധനമന്ത്രി തോമസ് ഐസക്ക് 

തിരുവനന്തപുരം: ലോകബാങ്കിന്റെ ബിസിനസ്സ് സൗഹൃദാന്തരീക്ഷ പട്ടികയില്‍ ഇന്ത്യ മുന്നേറ്റം നടത്തിയതിനെ ധനമന്ത്രി തോമസ് ഐസക്ക് സ്വാഗതം ചെയ്തു. പട്ടികയില്‍ ഇന്ത്യ താഴെയായിരുന്നു. ഇപ്പോള്‍ മറ്റു പ്രമുഖ വളര്‍ച്ചോന്മുഖ രാജ്യങ്ങളായ റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നിവയുടെ  പരിസരത്തേയ്ക്ക് ഇന്ത്യ ഉയര്‍ന്നിരിക്കുകയാണ്. ഇത് സ്വാഗതാര്‍ഹമാണെന്ന് തോമസ് ഐസക്ക് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.  

വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കപ്പെടേണ്ടതും കാര്യങ്ങള്‍ വേഗത്തില്‍ നടക്കേണ്ടതും ആവശ്യം തന്നെ. അതേപോലെ പ്രധാനമാണ് മിനിമം സൗകര്യങ്ങളോടെ ജീവിക്കാനുള്ള അവകാശവും. ആരോഗ്യം, വിദ്യാഭ്യാസം, ജീവിതനിലവാരം എന്നിവയുടെ കാര്യത്തില്‍ ഇന്ത്യയില്‍ വളരെയേറെ അസമത്വം നിലനില്‍ക്കുന്നുവെന്നാണ് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യവികസന സൂചന വ്യക്തമാക്കുന്നത്. ഇവിടെയാണ് മോദി ഭരണത്തിന്റെ വിരോധഭാസം വെളിവാകുന്നതെന്നും തോമസ് ഐസക്ക് ചൂണ്ടികാട്ടി. 

സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളം എന്നതും യാഥാര്‍ത്ഥ്യമാണ്. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ അനുമതി നല്‍കുന്നതിന് കേരളം ശരാശരി 214 ദിവസമെടുക്കും. ഇന്ത്യന്‍ ശരാശരി 118 ദിവസമാണ്. ഇക്കാര്യത്തില്‍ ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ ഇരുപതാം സ്ഥാനമാണ് നമുക്കുള്ളത്. ഈ സ്ഥിതി പരിഹരിക്കാനുള്ള നിശ്ചയദാര്‍ഢ്യത്തിലാണ് ഇടതുമുന്നണി സര്‍ക്കാരെന്നും തോമസ് ഐസക്ക് ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് ഇന്‍ഡെക്‌സില്‍ (Ease of Doing Business Index) ഇന്ത്യ നൂറ്റി മുപ്പതാം റാങ്കില്‍ നിന്ന് നൂറിലെത്തിയത് മോദി സര്‍ക്കാര്‍ ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്. മോദി ഭരണത്തിന്റെ വമ്പന്‍ നേട്ടമെന്നാണ് അവകാശവാദം. സംരംഭം ആരംഭിക്കാന്‍ മുന്നോട്ടു വരുന്ന വ്യവസായിയ്ക്ക് സുഗമമായി എത്ര വേഗത്തില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ പറ്റുമെന്നതാണ് പരിഗണനാവിഷയം. ഇതിനായി നികുതി, നികുതി സമ്പ്രദായം, വിവിധ ഏജന്‍സികളില്‍ നിന്നും തദ്ദേശ ഭരണസ്ഥാപനങ്ങളില്‍ നിന്നും ലഭിക്കേണ്ട അനുമതികള്‍ തുടങ്ങി ഒരു നീണ്ട പട്ടികയുണ്ട്. അവ ഓരോന്നും പരിശോധിച്ചാണ് രാജ്യങ്ങള്‍ക്കു മാര്‍ക്കിടുക. പട്ടികയില്‍ ഇന്ത്യ വളരെ താഴെയായിരുന്നു. ഇപ്പോള്‍ മറ്റു പ്രമുഖ വളര്‍ച്ചോന്മുഖ രാജ്യങ്ങളായ റഷ്യ (35), ചൈന (78), ദക്ഷിണാഫ്രിക്ക (82), ബ്രസീല്‍ (125), എന്നി വയുടെ പരിസരത്തേയ്ക്ക് ഇന്ത്യ ഉയര്‍ന്നിരിക്കുകയാണ്. ഇതു സ്വാഗതാര്‍ഹമാണ്.
പക്ഷേ, Ease of Doing Business പോലെതന്നെ മോദി തന്റെ റിപ്പോര്‍ട്ട് കാര്‍ഡില്‍ ഈസ് ഓഫ് ലിംവിംഗ് ഇന്‍ഡെക്‌സ് (Ease of Living Index) കൂടി രേഖപ്പെടുത്തേണ്ടതാണ്. ലോകബാങ്കിന്റെ കണക്കുകള്‍ വരാനിരിക്കുന്നതേയുള്ളൂ. അതും നഗരങ്ങളില്‍ ജീവിക്കാനുള്ള സൗകര്യത്തെക്കുറിച്ചു മാത്രം. മെര്‍സെര്‍ ഇന്ത്യ എന്ന സ്ഥാപനം തയ്യാറാക്കിയ നൂറ്റിയെഴുപത്തഞ്ചോളം നഗരങ്ങളുടെ റാങ്കിംഗ് പട്ടിക 2017 മാര്‍ച്ചില്‍ പുറത്തുവന്നത് പരിശോധിക്കാം.
ഈ പട്ടികയില്‍ ഇന്ത്യയിലെ നഗരങ്ങളുടെ റാങ്ക് എത്രയോ പിന്നാക്കമാണ്. ഹൈദരാബാദാണ് ഈ പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്ന ഇന്ത്യന്‍ നഗരം. കഴിഞ്ഞ വര്‍ഷം 139 ാം സ്ഥാനം നേടിയ ഈ സിറ്റി ഇക്കുറി അഞ്ചു പോയിന്റ് താഴേയ്ക്കാണ് പോയത്. പൂനെയും ബംഗളൂരുവുമൊക്കെ ഓരോ പോയിന്റ് താഴേയ്ക്കു പോയി. ഗതാഗതം, വാര്‍ത്താവിനിമയം, ശുചിത്വം, വ്യക്തിസുരക്ഷ, പൊതുസേവനങ്ങളുടെ ലഭ്യത എന്നീ ഘടകങ്ങള്‍ പരിഗണിച്ചാണ് Qualtiy of Living Index പട്ടിക തയ്യാറാക്കുക. ഇക്കാര്യങ്ങള്‍ മെച്ചപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. മുംബെയുടെയും ദില്ലിയുടെയും റാങ്കുകള്‍ യഥാക്രമം 154ഉം 161 ഉം ആണ്.
എന്നാല്‍ ഇന്ത്യന്‍ ജനത ഭൂരിപക്ഷവും ഗ്രാമങ്ങളിലാണല്ലോ ജീവിക്കുന്നത്. അതുകൊണ്ട് ഐക്യരാഷ്ട്രസഭ തയ്യാറാക്കുന്ന മനുഷ്യ വികസന സൂചിക (Human Development Index) കൂടി താരതമ്യത്തിനെടുക്കാം. മോദി ഭരണത്തിന്റെ വിരോധാഭാസം ഈ താരതമ്യത്തിലും തെളിയുന്നു. 188 രാജ്യങ്ങളില്‍ 131ാം സ്ഥാനമാണ് ഇന്ത്യയ്ക്ക്.
വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കപ്പെടേണ്ടതും കാര്യങ്ങള്‍ വേഗത്തില്‍ നടക്കേണ്ടതും ആവശ്യം തന്നെ. അതുപോലെ പ്രധാനമാണ് മിനിമം സൗകര്യങ്ങളോടെ ജീവിക്കാനുള്ള അവകാശവും. ആരോഗ്യം, വിദ്യാഭ്യാസം, ജീവിതനിലവാരം എന്നിവയുടെ കാര്യത്തില്‍ ഇന്ത്യയില്‍ വളരെയേറെ അസമത്വം നിലനില്‍ക്കുന്നുവെന്നാണ് യുഎന്‍ റിപ്പോര്‍ട്ട്. ഇവിടെയാണ് കേരളം പ്രസക്തമാകുന്നത്. ഹ്യൂമെന്‍ ഡെവലപ്പ്‌മെന്റ് ഇന്‍ഡെക്‌സില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്ത് കേരളമാണ് .
പക്ഷേ, സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളം എന്നതും യാഥാര്‍ത്ഥ്യമാണ്. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ അനുമതി നല്‍കുന്നതിന് കേരളം ശരാശരി 214 ദിവസമെടുക്കും. ഇന്ത്യന്‍ ശരാശരി 118 ദിവസമാണ്. ഇക്കാര്യത്തില്‍ ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ ഇരുപതാം സ്ഥാനമാണ് നമുക്കുള്ളത്. ഈ സ്ഥിതി പരിഹരിക്കാനുള്ള നിശ്ചയദാര്‍ഢ്യത്തിലാണ് ഇടതുമുന്നണി സര്‍ക്കാര്‍.
19/10/2017ല്‍ മന്ത്രിസഭ അംഗീകരിച്ച കേരള ഇന്‍വെസ്റ്റ് പ്രമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍ ആക്ട് 2017 ഓര്‍ഡിനന്‍സ് കേരളത്തിന്റെ സ്ഥാനം 5  10 നിലയെങ്കിലും ഉയര്‍ത്തും എന്നാണ് കരുതുന്നത്. തദ്ദേശ ഭരണസ്ഥാപനങ്ങള്‍, കേരള ഏകജാലക ക്ലിയറന്‍സ് ബോര്‍ഡുകളും വ്യവസായ ടൗണ്‍ഷിപ്പ് പ്രദേശവും വികസന ആക്ട് ഉള്‍പ്പെടെയുള്ള ഏഴു നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നു. ഇപ്പോള്‍ കേരളത്തിനുള്ളത് 25 പോയിന്റാണ്. അത് 5060 ആയി ഉയരും. ഈ ഓര്‍ഡിനന്‍സിന് അനുസരിച്ച് തദ്ദേശഭരണ സ്ഥാപനങ്ങളുടെ ചട്ടങ്ങളില്‍ വരുത്തേണ്ട ഭേദഗതികളും തയ്യാറായിക്കഴിഞ്ഞു. പൊതു അപേക്ഷാഫോറവും സ്വിഫ്റ്റ് എന്ന പേരില്‍ ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലും ബില്‍ഡിംഗ് ക്ലിയറന്‍സ് വേഗത്തില്‍ ലഭ്യമാക്കുന്നതിന് ഒരു ഇന്റലിജെന്റ് സോഫ്റ്റുവെയറും രൂപീകരിക്കാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു.
സാമ്പത്തിക വളര്‍ച്ചയോടൊപ്പം സാമ്പത്തിക നീതിയും ക്ഷേമവും എന്നതാണ് കേരള സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ ഇതല്ല, ഈസ് ഓഫ് ഡൂയിംഗ് ബിസിനസില്‍ ഇന്ത്യയില്‍ ഇന്ന് മുന്‍പന്തിയില്‍ നില്‍ക്കുന്ന പല ബിജെപി സംസ്ഥാനങ്ങളുടെയും അവസ്ഥ. ഛത്തീസ് ഗഡ് (നാലാം സ്ഥാനം), മധ്യപ്രദേശ് (അഞ്ചാം സ്ഥാനം), ഝാര്‍ഖണ്ഡ് (ഏഴാം സ്ഥാനം), രാജസ്ഥാന്‍ (എട്ടാം സ്ഥാനം), ഉത്തര്‍പ്രദേശ് (പതിനാലാം സ്ഥാനം), ബിഹാര്‍ (പതിനാറാം സ്ഥാനം) എന്നിവ ഉദാഹരണങ്ങളാണ്. ഇവരില്‍ നിന്നെല്ലാം വ്യത്യസ്തമായി വ്യവസായ സംരംഭകര്‍ക്ക് നിക്ഷേപസൗകര്യങ്ങള്‍ സുഗമമാക്കുന്നതോടൊപ്പം ജനങ്ങള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ജീവിതം ഉറപ്പുവരുത്തുന്ന വികസന നയമാണ് കേരള സര്‍ക്കാര്‍ പിന്തുടരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com