മുന്നണി പൊളിക്കാനല്ല ജാഥ നടത്തുന്നത്: തോമസ് ചാണ്ടിയോട് കാനം; എജിക്കെതിരായ ലേഖനം പാര്‍ട്ടി നിലപാട്

തോമസ് ചാണ്ടിക്കെതിരെ വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍
മുന്നണി പൊളിക്കാനല്ല ജാഥ നടത്തുന്നത്: തോമസ് ചാണ്ടിയോട് കാനം; എജിക്കെതിരായ ലേഖനം പാര്‍ട്ടി നിലപാട്

ആലപ്പുഴ: തോമസ് ചാണ്ടിക്കെതിരെ വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വെല്ലുവിളിക്കാന്‍ ആര്‍ക്കും ആരുടേയും ലൈസന്‍സ് വേണ്ട. മുന്നണി ശക്തിപ്പെടുത്താനാണ് ജനജാഗ്രതാ ജാഥയെന്നും പൊളിക്കാനല്ലെന്നും കാനം പറഞ്ഞു. ഒരു രാത്രികൊണ്ട് എല്ലാം നടക്കണം എന്നില്ല. നിയമം ലംഘിക്കുന്നവരെ സംരക്ഷിക്കരുത് എന്നാണ് ഇടതുമുന്നണി നിലപാട്. നിയമം ആര് ലംഘിച്ചാലും അവരെ സംരക്ഷിക്കുന്ന നിലപാടിന് സിപിഐ കൂട്ടു നില്‍ക്കില്ല. 

മന്ത്രി തോമസ് ചാണ്ടിയുടെ വെല്ലുവിളിയെപ്പറ്റി മന്ത്രി തന്നെ മറുപടി പറയണമെന്നും കാനം തുറന്നടിച്ചു. എജിക്കെതിരെ പാര്‍ട്ടി മുഖപത്രം ജനയുഗത്തില്‍ വന്ന ലേഖനം പാര്‍ട്ടിയുടെ നിലപാടെണെന്നും കാനം വ്യക്തമാക്കി. 

കഴിഞ്ഞ ദിവസം എല്‍ഡിഎഫ് ജനജാഗ്രതാ യാത്ര ആലപ്പുഴയിലെ പൂപ്പള്ളിയില്‍ എത്തിയപ്പോഴായിരുന്നു വിവാദമായ തോമസ് ചാണ്ടിയുടെ വെല്ലുവിളി. തന്റെ കായല്‍ കയ്യേറ്റം ആര്‍ക്കും തെളിയിക്കാന്‍ കഴിയില്ലെന്നായിരുന്നു ജാഥാ ക്യാപ്ടന്‍ കാനം രാജേന്ദ്രനെ വേദിയിലിരുത്തിക്കൊണ്ട് തോമസ് ചാണ്ടിയുടെ വെല്ലുവിളി. വെല്ലുവിളി സ്വീകരിക്കാതെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒഴിഞ്ഞുമാറിയെന്നും തോമസ് ചാണ്ടി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ വല്ലുവിളിക്കേണ്ടത് ജാഥയില്‍ വെച്ചല്ലായെന്ന് കാനം മറുപടി പറഞ്ഞിരുന്നു. താന്‍ പറഞ്ഞതാണ് ജാഥയുടെ നിലപാട്. ഓരോരുത്തരും പറയുന്നതിന്റെ ഔചിത്യം അവരവര്‍ തീരുമാനിക്കേണ്ടതാണെന്നും കാനം പിന്നീട് പറഞ്ഞിരുന്നു. 

തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റ വിഷയത്തില്‍ സിപിഐ ഇടഞ്ഞുനില്‍ക്കുകയാണ്. കേസില്‍ സര്‍ക്കാരിന് വേണ്ടി ഹൈക്കോടതിയില്‍ ഹാജരാകാന്‍ റവന്യു വകുപ്പ് നിര്‍ദേശിച്ച അഡിഷണല്‍ അഡ്വക്കേറ്റ് ജനറല്‍ രഞ്ജിത് തമ്പാനെ എജി ഒഴിവാക്കിയതിന് പിന്നാലെ എജിയും സിപിഐയും തമ്മില്‍ വാക്‌പോര് നടന്നിരുന്നു. അതിന് പിന്നാലെയാണ് എജിയ്‌ക്കെതിരെ പാര്‍ട്ടി മുഖപത്രത്തില്‍ ലേഖനം പ്രത്യക്ഷപ്പെട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com