മുഖ്യമന്ത്രിയുടെ പിന്തുണ തേടി സച്ചിന്‍; ഐഎസ്എല്‍ ഉദ്ഘാടന മല്‍സരത്തിലേയ്ക്കും ക്ഷണം

നിലവാരമുള്ള ഫുട്‌ബോള്‍ കളിക്കുകയാണ് ബ്ലാസ്‌റ്റേഴ്‌സ് ലക്ഷ്യമിടുന്നതെന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 
മുഖ്യമന്ത്രിയുടെ പിന്തുണ തേടി സച്ചിന്‍; ഐഎസ്എല്‍ ഉദ്ഘാടന മല്‍സരത്തിലേയ്ക്കും ക്ഷണം

തിരുവനന്തപുരം : ക്രിക്കറ്റ് ഇതിഹാസവും കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ ടീം ഉടമയുമായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. കേരള ബ്ലാസ്റ്റേഴ്‌സ് അക്കാദമിയ്ക്ക് പിന്തുണ തേടിയാണ് സച്ചിന്‍ പിണറായിയെ കണ്ടത്. ഐഎസ്എല്ലിന്റെ ഉദ്ഘാടന മല്‍സരത്തിലേയ്ക്ക് മുഖ്യമന്ത്രിയെ ക്ഷണിച്ചെന്നും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പറഞ്ഞു. ഉദ്ഗാടന ചടങ്ങിലും, തുടര്‍ന്ന് മല്‍സരത്തിലും ബ്ലാസ്‌റ്റേഴ്‌സിന് പിന്തുണ നല്‍കി സ്റ്റേഡിയത്തില്‍ ഉണ്ടാകണമെന്ന് മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചതായി സച്ചിന്‍ പറഞ്ഞു. 

മുഖ്യമന്ത്രി മാത്രമല്ല, ബ്ലാസ്‌റ്റേഴ്‌സിന്റെ മുഴുവന്‍ ആരാധകരും ടീമിന് പിന്തുണയുമായി സ്റ്റേഡിയത്തിലുണ്ടാകണമെന്ന് സച്ചിന്‍ അഭ്യര്‍ത്ഥിച്ചു. ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ സീസണുകളില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കൈപ്പാടകലെ കിരീട നഷ്ടം പോലെ നിരാശപ്പെടുത്തുന്ന അനുഭവങ്ങള്‍ ഉണ്ടായെങ്കിലും ടീം മികച്ച ഫുട്‌ബോളാണ് കാഴ്ചവെച്ചിരുന്നത്. വിജയത്തേക്കാള്‍ നിലവാരമുള്ള ഫുട്‌ബോള്‍ കളിക്കുകയാണ് ബ്ലാസ്‌റ്റേഴ്‌സ് ലക്ഷ്യമിടുന്നത്. ബ്ലാസ്‌റ്റേഴ്‌സ് അക്കാദമിയില്‍ 1500 ഓളം കുരുന്ന് പ്രതിഭകള്‍ക്കാണ് പരിശീലനം നല്‍കുന്നത്. ഇതുതന്നെ ടീം മാനേജ്‌മെന്റിന്റെ സമീപനത്തിന് തെളിവാണെന്ന് സച്ചിന്‍ അഭിപ്രായപ്പെട്ടു. 

നവംബര്‍ 17 മുതലാണ് ഐഎസ്എല്‍ മല്‍സരങ്ങള്‍ക്ക് തുടക്കമാകുന്നത്. 17 ആം തീയതി അത്‌ലറ്റികോ ഡി കൊല്‍ക്കത്തയും കേരള ബ്ലാസ്‌റ്റേഴ്‌സും തമ്മിലാണ് ഉദ്ഘാടനപോരാട്ടം. കൊല്‍ക്കത്ത യുബഭാരതി സ്‌റ്റേഡിയത്തിലാണ് മല്‍സരം. ജാംഷഡ്പൂരും ബംഗലൂരുവുമാണ് ഇത്തവണ ഐഎസ്എല്ലിലെ പുതിയ ടീമുകള്‍. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com