കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടറായി എപിഎം മുഹമ്മദ് ഹനീഷ് ഇന്ന് ചുമതലയേല്‍ക്കും

ഏലിയാസ് ജോര്‍ജ്ജ് രാജിവെച്ച ഒഴിവിലാണ് മുഹമ്മദ് ഹനീഷ് കെഎംആര്‍എല്‍ എംഡിയായി ചുമതലയേല്‍ക്കുന്നത്
കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടറായി എപിഎം മുഹമ്മദ് ഹനീഷ് ഇന്ന് ചുമതലയേല്‍ക്കും

കൊച്ചി : കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടറായി എപിഎം മുഹമ്മദ് ഹനീഷ് ഇന്ന് ചുമതലയേല്‍ക്കും. ഏലിയാസ് ജോര്‍ജ്ജ് രാജിവെച്ച ഒഴിവിലാണ് മുഹമ്മദ് ഹനീഷ് കെഎംആര്‍എല്‍ എംഡിയായി ചുമതലയേല്‍ക്കുന്നത്. നിലവില്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ എംഡിയാണ് മുഹമ്മദ് ഹനീഷ്. കെഎംആര്‍എല്‍ എംഡിയുടെ പൂര്‍ണ അധിക ചുമതലയാണ് മുഹമ്മദ് ഹനീഷിന് നല്‍കിയിട്ടുള്ളത്. സംസ്ഥാനത്ത് നടപ്പാക്കുന്ന കേന്ദ്ര സ്മാര്‍ട്ട് സിറ്റി പദ്ധതികളുടെ ചുമതലയും നിലവില്‍ മുഹമ്മദ് ഹനീഷിനുണ്ട്. 

അടുത്തിടെ സമാപിച്ച ഫിഫ അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പിന്റെ നോഡല്‍ ഓഫീസറായും മുഹമ്മദ് ഹനീഷ് പ്രവര്‍ത്തിച്ചിരുന്നു. നേരത്തെ എറണാകുളം ജില്ലാ കളക്ടറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2016 ല്‍ സര്‍വീസില്‍ നിന്നും വിരമിച്ച ഏലിയാസ് ജോര്‍ജ്ജിന് സര്‍ക്കാര്‍ രണ്ടു വര്‍ഷത്തേയ്ക്ക് കൂടി സര്‍വീസ് നീട്ടിനല്‍കിയിരുന്നു. ഇതനുസരിച്ച് 2018 വരെ അദ്ദേഹത്തിന് കെഎംആര്‍എല്‍ എംഡി സ്ഥാനത്ത് തുടരാമായിരുന്നു. എന്നാല്‍ സര്‍വീസ് തീരാന്‍ ഒരു വര്‍ഷം കാലാവധി ഇരിക്കെ, എംഡി സ്ഥാനത്ത് നിന്നും വിരമിക്കാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. 

രാജിവെക്കുന്ന കാര്യം ചൂണ്ടിക്കാട്ടി ഏലിയാസ് ജോര്‍ജ്ജ് സര്‍ക്കാരിന് കത്തുനല്‍കി. കെഎംആര്‍എല്ലിന്റെ തലപ്പത്ത് പുതുതലമുറ വരട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. ഏലിയാസ് ജോര്‍ജ്ജ് സ്ഥാനമൊഴിയുന്നതോടെ, മെട്രോയുടെ തൃപ്പൂണിത്തുറ വരെയുള്ള ഭാഗം പൂര്‍ത്തീകരിക്കല്‍, മെട്രോ കാക്കനാട്ടേയ്ക്ക് ദീര്‍ഘിപ്പിക്കല്‍, ജലമെട്രോ, ടിക്കറ്റ് ഇതര വരുമാനം കണ്ടെത്താനുള്ള പദ്ധതി രൂപീകരിക്കല്‍ തുടങ്ങിയവ പുതിയ എംഡിയുടെ ചുമതലയിലാകും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com