പ്ലാച്ചിമട സമരം പുനരാരംഭിക്കുമെന്ന് സ്വദേശി ജാഗരണ്‍ മഞ്ച്; രാഷ്ട്രീയ പകപോക്കലിനു നിന്നുകൊടുക്കില്ലെന്ന് സമര സമിതി

അവര്‍ ആളെ സംഘടിപ്പിക്കുമോയെന്നും സമരം ചെയ്യുമോയെന്നും കണ്ടുതന്നെയറിയണമെന്നും സമരസമിതി ചെയര്‍മാന്‍
പ്ലാച്ചിമട സമരം പുനരാരംഭിക്കുമെന്ന് സ്വദേശി ജാഗരണ്‍ മഞ്ച്; രാഷ്ട്രീയ പകപോക്കലിനു നിന്നുകൊടുക്കില്ലെന്ന് സമര സമിതി

കൊച്ചി: പ്ലാച്ചിമട നഷ്ടപരിഹാരത്തിനായുള്ള സമരത്തെ ഹൈജാക്ക് ചെയ്യാന്‍ സ്വദേശി ജാഗരണ്‍ മഞ്ചിന്റെ നീക്കം. നഷ്ടപരിഹാരത്തിനായുള്ള സമരം പുനരാരംഭിക്കാന്‍ സമര സമിതിയുമായി ആലോചിക്കാതെ തീരുമാനം പ്രഖ്യാപിച്ചിരിക്കുകയാണ് മഞ്ച്. സമര സമിതി ഇത്തരമൊരു തീരുമാനം എടുത്തിട്ടില്ലെന്നും സ്വദേശി ജാഗരണ്‍ മഞ്ചിന്റെ രാഷ്ട്രീയ പകപോക്കലിനു നിന്നുകൊടുക്കില്ലെന്നും സമിതി നേതാക്കള്‍ വ്യക്തമാക്കി.

പ്ലാച്ചിമട സമരം വീണ്ടും ആരംഭിക്കാനുള്ള സ്വദേശി ജാഗരണ്‍ മഞ്ചിന്റെ തീരുമാനത്തെക്കുറിച്ച് അറിയില്ലെന്ന് പ്ലാച്ചിമട സമരസമിതി നേതാക്കള്‍ സമകാലിക മലയാളത്തോടു പറഞ്ഞു. തങ്ങളോട് ചോദിക്കാതെയാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിനെതിരേ പ്രതിഷേധം നടത്തുമെന്നാണ് സ്വദേശി ജാഗരണ്‍ മഞ്ച് പറയുന്നത്. എന്നാല്‍ അവര്‍ ആളെ സംഘടിപ്പിക്കുമോയെന്നും സമരം ചെയ്യുമോയെന്നും കണ്ടുതന്നെയറിയണമെന്നും സമരസമിതി ചെയര്‍മാന്‍ വിളയോടി വേണുഗോപാല്‍ സമകാലിക മലയാളത്തോട് പറഞ്ഞു. 

മൂന്ന് മാസത്തിനുള്ളില്‍ നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന ഉറപ്പിന്മേലാണ് പാലക്കാട് കലക്റ്ററേറ്റിന് മുന്നില്‍ പ്ലാച്ചിമട സമരസമിതി നടത്തിയ സത്യഗ്രഹ സമരം താത്കാലികമായി നിര്‍ത്തിവെച്ചത്. എന്നാല്‍ അഞ്ച് മാസമായിട്ടും പാലിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണ് സ്വദേശി ജാഗരണ്‍ മഞ്ച് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

എന്നാല്‍ ജാഗരണ്‍ മഞ്ചിന്റെ സമരത്തേക്കുറിച്ച് ചോദിക്കുമ്പോള്‍ കൈമലര്‍ത്തുകയാണ് സമരസമിതി. സമരം ചെയ്യുമെന്ന് അവര്‍ പറയുന്നുണ്ടെങ്കിലും സമരസമിതിക്ക് ഈ കാര്യത്തില്‍ ഉറപ്പില്ലെന്നും വേണുഗോപാല്‍  വ്യക്തമാക്കി. എന്നാല്‍ സര്‍ക്കാരിന്റെ നിരുത്തരവാദിത്വപരമായ നടപടിക്കെതിരേ ശക്തമായ സമരം നടത്താന്‍ ഒരുങ്ങുകയാണ് സമരസമിതി. 

എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രകടന പത്രികയില്‍ പറഞ്ഞിരുന്നതാണ് നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന്. ഇത് നടപ്പാക്കാത്തതു കൊണ്ടാണ് മറ്റുള്ളവര്‍ സമരവുമായി രംഗത്തുവരുന്നത്. മൂന്ന് മാസത്തിനുള്ളില്‍ നഷ്ടപരിഹാരം നല്‍കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഇതുവരെ ഒന്നും ചെയ്തിട്ടില്ലെന്നാണ് തങ്ങളുടെ അന്വേഷണത്തില്‍ നിന്ന് മനസിലായതെന്നും വേണുഗോപാല്‍ പറഞ്ഞു. മന്ത്രിമാരെല്ലാം ഉരുണ്ടുകളിക്കുകയാണ്. ഇതിനേക്കുറിച്ച് കൂടുതല്‍ അറിയാന്‍ നിയമസെക്രട്ടറിയെ വിളിച്ചപ്പോള്‍ തന്റെ കൈയില്‍ ഫയല്‍ ഇല്ലെന്ന നിരുത്തരവാദിത്തപരമായ മറുപടിയാണ് ലഭിച്ചത്. 

സര്‍ക്കാര്‍ പറഞ്ഞ മൂന്ന് മാസം കഴിഞ്ഞപ്പോള്‍ തന്നെ മുഖ്യമന്ത്രിക്ക് സമരസമിതി കത്ത് അയച്ചിരുന്നു. എന്നാല്‍ അതിന് ഇതുവരെ മറുപടി പോലും ലഭിച്ചിട്ടില്ല. അതിനാല്‍ സമരം ശക്തമാക്കി സര്‍ക്കാരിനെ വിചാരണ ചെയ്യേണ്ട അവസ്ഥയാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. 

സമര സമിതിയിലെ ഐക്യദാര്‍ഡ്യ സംഘടനയില്‍ ഒന്നാണ് ജാഗരണ്‍ മഞ്ച്. അതിനാല്‍ അവര്‍ക്ക് അവരുടെ രീതിയില്‍ സമരം ചെയ്യാം. എന്നാല്‍ തങ്ങള്‍ അതില്‍ പങ്കെടുക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് സമരസമിതി. സ്വദേശി ജാഗരണ്‍ മഞ്ചിന്റെ രാഷ്ട്രീയ പകപോക്കലിന് നിന്നുകൊടുക്കില്ലെന്ന് ആദിവാസി സംരക്ഷണ സംഘം പ്രസിഡന്റ് മാരിയപ്പന്‍ നീലിപ്പാറ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ മാത്രമല്ല കേന്ദ്ര സര്‍ക്കാരും അനുകൂല നിലപാടല്ല സ്വീകരിച്ചത്. അടുത്ത ദിവസം ചേരുന്ന സമരസമിതി മീറ്റിംഗില്‍ സമരം ശക്തമാക്കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com