മുക്കത്തെ ആക്രമത്തിന് പിന്നില്‍ എസ്ഡിപിഐ, പോപ്പുലര്‍ഫ്രണ്ട്, സോളിഡാരിറ്റി തുടങ്ങിയ വര്‍ഗീയതീവ്രവാദി സംഘങ്ങളാണെന്ന് സിപിഎം

കുഴപ്പമുണ്ടായപ്പോള്‍ അക്രമികളായ തീവ്രവാദസംഘടനയില്‍പെട്ടവര്‍ രക്ഷപ്പെടുകയും ഇതില്‍ പങ്കാളികളായ നാട്ടുകാര്‍ പോലീസ് പിടിയിലാവുകയുമാണുണ്ടായത്
മുക്കത്തെ ആക്രമത്തിന് പിന്നില്‍ എസ്ഡിപിഐ, പോപ്പുലര്‍ഫ്രണ്ട്, സോളിഡാരിറ്റി തുടങ്ങിയ വര്‍ഗീയതീവ്രവാദി സംഘങ്ങളാണെന്ന് സിപിഎം

കോഴിക്കോട്: ഗെയ്ല്‍വിരുദ്ധ സമരത്തിന്റെ മറവില്‍ മുക്കത്തും തിരുവമ്പാടി മേഖലകളിലും സംഘര്‍ഷം പടര്‍ത്താനുള്ള ചില തീവ്രവാദ സംഘടനകളുടെ ആസൂത്രിത നീക്കമാണെന്ന് സിപിഎം. നിര്‍ദ്ദിഷ്ട കൊച്ചിബാംഗ്ലൂര്‍ വാതകക്കുഴല്‍ പദ്ധതിക്കെതിരെ മുക്കം എരഞ്ഞിമാവിലെ നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് സംഘര്‍ഷമുണ്ടാക്കിയത് മലപ്പുറം ജില്ലയില്‍ നിന്നുവന്ന എസ്.ഡി.പി.ഐ, പോപ്പുലര്‍ഫ്രണ്ട്, സോളിഡാരിറ്റി തുടങ്ങിയ വര്‍ഗീയതീവ്രവാദി സംഘങ്ങളാണ്. കടുത്ത വികസനവിരോധികളും ഇടതുപക്ഷ വിരോധികളും ഇവരുടെകൂടെ ചേര്‍ന്ന് നാട്ടുകാരെ അക്രമസമരത്തിലേക്ക് തള്ളിവിടുകയാണെന്നും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് വ്യക്തമാക്കി.

ഗെയ്ല്‍ ഉദ്യോഗസ്ഥരെ അക്രമിച്ചതും അക്രമം തടയാനെത്തിയ പോലീസിനെതിരെ സമരക്കാരെ തിരിച്ചുവിടാനായി ബോധപൂര്‍വം കുഴപ്പങ്ങളുണ്ടാക്കിയതും തീവ്രവാദ സംഘങ്ങളാണ്. കുഴപ്പമുണ്ടായപ്പോള്‍ അക്രമികളായ തീവ്രവാദസംഘടനയില്‍പെട്ടവര്‍ രക്ഷപ്പെടുകയും ഇതില്‍ പങ്കാളികളായ നാട്ടുകാര്‍ പോലീസ് പിടിയിലാവുകയുമാണുണ്ടായത്. ഗെയ്‌ലിന്റെ ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ചവരെ പോലീസ് കസ്റ്റഡിയില്‍ നിന്ന് വിട്ടയക്കണമെന്നാവശ്യപ്പെട്ട് പോലീസ് സ്‌റ്റേഷനുമുമ്പില്‍ ഉപരോധം സൃഷ്ടിക്കാന്‍ ശ്രമിച്ചതും പോപ്പുലര്‍ഫ്രണ്ട് ഉള്‍പ്പെടെയുള്ള തീവ്രവാദസംഘങ്ങളുടെ നേതാക്കളാണ്.

കേരളത്തിന്റെ ഊര്‍ജ്ജവികസനരംഗത്ത് വലിയ സംഭാവനകള്‍ നല്‍കാന്‍ കഴിയുന്ന വ്യവസായ വികസനപദ്ധതിയായ ഗെയ്‌ലിനെതിരെ ഏഴാം നൂറ്റാണ്ടിലെ പ്രാകൃതബോധത്തില്‍ നിന്ന് ജനങ്ങളെ ഇളക്കിവിടുന്ന തീവ്രവാദിസംഘങ്ങളെ ഒറ്റപ്പെടുത്തുന്നതിന് പകരം യുഡിഎഫും കോണ്‍ഗ്രസ്‌ലീഗ് നേതാക്കളും തീവ്രവാദികളോടൊപ്പം മുക്കം പോലീസ് സ്‌റ്റേഷന്‍ ഉപരോധിക്കുകയാണ്. യുഡിഎഫ് തിരുവമ്പാടി നിയോജകമണ്ഡലം കമ്മറ്റി ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റെ മറവില്‍ വ്യാപക അക്രമം അഴിച്ചുവിടുകയാണെന്നും സിപിഎം പറയുന്നു.

കേരളത്തിന്റെ സാമ്പത്തികവളര്‍ച്ചയ്ക്കും വളരെയധികം സഹായകരമാകുന്ന ഈ പദ്ധതിയെ എതിര്‍ക്കുന്നത് ചില ഇസ്ലാമിക തീവ്രവാദി സംഘങ്ങളാണ്. അവര്‍ക്കുപിറകില്‍ ചില നിക്ഷിപ്ത താല്പര്യക്കാരാണ്. ഇത്തരമൊരു ഗെയ്ല്‍വാതക പൈപ്പ്‌ലൈന്‍ പദ്ധതി വന്നുകഴിഞ്ഞാല്‍ വലിയ നഷ്ടം സംഭവിക്കുന്ന തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചിരിക്കുന്ന ടാങ്കര്‍ ലോറി ഉടമകളാണ് ഈ സമരം കുത്തിപ്പൊക്കുന്നതിന് പിറകില്‍. പദ്ധതിക്കുവേണ്ടി ഭൂമി നഷ്ടപ്പെടുന്ന ഭൂഉടമകളിലും സാധാരണജനങ്ങളിലും തെറ്റായ പ്രചരണങ്ങളിലൂടെ ഭീതിപടര്‍ത്തുകയാണ് തീവ്രവാദി സംഘങ്ങള്‍ തുടര്‍ച്ചയായി ചെയ്തുകൊണ്ടിരിക്കുന്നത്.
ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കാനും ധാരണയെത്തിക്കൊണ്ടുമാത്രമെ ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിച്ചിട്ടുള്ളൂ. 4500 കോടി രൂപയുടെ ഒരു കേന്ദ്രനിക്ഷേപപദ്ധതിയുടെ ഭാഗമാണ് വാതകക്കുഴല്‍ പദ്ധതി. ഈ വസ്തുതകളെല്ലാം മറച്ചുപിടിച്ചുകൊണ്ടാണ് പോപ്പുലര്‍ഫ്രണ്ടും സോഡിഡാരിറ്റിയും മതാധിഷ്ഠിതമായ സമരരൂപങ്ങളും ചിഹ്നങ്ങളും വരെ ഉപയോഗിച്ച് സര്‍ക്കാരിനെതിരെ ഈ പ്രദേശങ്ങളിലെ ജനസമൂഹങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും സിപിഎം പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com