സിവില്‍ സര്‍വീസ് പരീക്ഷയില്‍ മലയാളി ഐപിഎസ് ഉദ്യോഗസ്ഥന്റെ കോപ്പിയടി ; ഭാര്യയെയും ഒരു വയസ്സുള്ള കുട്ടിയെയും ജയിലില്‍ അടച്ചു

മുലകുടി മാറാത്തതിനാലാണ് അമ്മ ജോയ്‌സിനൊപ്പം കുട്ടിയെയും ജയിലിലടച്ചത്
സിവില്‍ സര്‍വീസ് പരീക്ഷയില്‍ മലയാളി ഐപിഎസ് ഉദ്യോഗസ്ഥന്റെ കോപ്പിയടി ; ഭാര്യയെയും ഒരു വയസ്സുള്ള കുട്ടിയെയും ജയിലില്‍ അടച്ചു

ചെന്നൈ : സിവില്‍ സര്‍വീസ് പരീക്ഷയില്‍ മലയാളി ഐപിഎസ് ഉദ്യോഗസ്ഥന്‍ കോപ്പിയടിച്ച സംഭവത്തില്‍, ഇദ്ദേഹത്തിന് കോപ്പിയടിക്കാന്‍ സഹായിച്ച ഭാര്യയെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കോപ്പിയടിച്ചതിന് പിടിയിലായ മലയാളി ഐപിഎസ് ഉദ്യോഗസ്ഥന്‍ സഫീര്‍ കരീമിന്റെ ഭാര്യ ജോയ്‌സ് ജോയിയെയാണ് പുഴല്‍ ജയിലില്‍ അടച്ചത്. ഇവരുടെ ഒരു വയസ്സുള്ള പെണ്‍കുട്ടിയെയും ജയിലിലടച്ചു. മുലകുടി മാറാത്തതിനാലാണ് കുട്ടിയെയും അമ്മ ജോയ്‌സിനൊപ്പം ജയിലില്‍ ആക്കിയത്. 

കഴിഞ്ഞദിവസം ഹൈദരാബാദില്‍ നിന്നും അറസ്റ്റ് ചെയ്ത ജോയ്‌സിനെ ചെന്നൈയിലെത്തിക്കുകയായിരുന്നു. കേസില്‍ സഫീര്‍ കമീരിന്റെ സുഹൃത്ത് രാമബാബുവിനെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടി ഐഎഎസ് കരസ്ഥമാക്കാനുള്ള ഭര്‍ത്താവിന്റെ ആഗ്രഹത്തിന് താന്‍ കൂട്ടുനില്‍ക്കുകയായിരുന്നെന്ന് ജോയ്‌സ് പൊലീസിന് മൊഴി നല്‍കി. കേസില്‍ അറസ്റ്റിലായ സഫീര്‍ കരീമിനെ ജയിലിലടച്ചിരുന്നു. 

ചെന്നൈ പ്രസിഡന്‍സി ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പരീക്ഷയെഴുതുന്നതിനിടെ, സഫീറിന്റെ ഷര്‍ട്ടില്‍ ഘടിപ്പിച്ച മൊബൈല്‍ബ്ലൂടൂത്ത് വഴി ജോയ്‌സി ഉത്തരങ്ങള്‍ പറഞ്ഞുകൊടുക്കുകയായിരുന്നു. തിരുനെല്‍വേലി നങ്കുനേരി സബ്ഡിവിഷനില്‍ അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ടായി പ്രൊബേഷനില്‍ ജോയി ചെയ്യുകയായിരുന്നു സഫീര്‍. 2014 ഐപിഎസ് ബാച്ചുകാരനായ സഫീര്‍ എറണാകുളം ആലുവ സ്വദേശിയാണ്. 

സംഭവത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പൊലീസിനോടും രഹസ്യാന്വേഷണ ഏജന്‍സികളോടും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. പ്രൊബേഷന്‍ കാലാവധി പൂര്‍ത്തിയാകാത്ത സഫീര്‍ കരീമിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. സഫീര്‍ കരീമും ഭാര്യ ജോയ്‌സ്, സുഹൃത്ത് രാമബാബു എന്നിവര്‍ നടത്തുന്ന സിവില്‍ സര്‍വീസ് പരിശീലനകേന്ദ്രം മുമ്പും പരീക്ഷാതട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com