സ്വാശ്രയ കരാര്‍ ഭരണഘടനാ വിരുദ്ധമെന്ന് ഹൈക്കോടതി; സര്‍ക്കാരിന് തിരിച്ചടി

അടുത്ത വര്‍ഷം മുതല്‍ കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ സ്ഥിരമായ ഫീസ് നിശ്ചയിച്ച് പ്രവേശനം നടത്തണം
സ്വാശ്രയ കരാര്‍ ഭരണഘടനാ വിരുദ്ധമെന്ന് ഹൈക്കോടതി; സര്‍ക്കാരിന് തിരിച്ചടി

കൊച്ചി: സ്വാശ്രയ കേസില്‍ സര്‍ക്കാരിന് തിരിച്ചടി. സ്വാശ്രയ മെഡിക്കല്‍ കോളജുകളുമായി കരാറില്‍ ഏര്‍പ്പെടുന്നത് ഭരണഘടനാ വിരുദ്ധമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. സ്വാശ്രയ മാനേജ്‌മെന്റ് കോളജുകള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.

താത്ക്കാലികമായി ഫീസ് നിശ്ചിയിക്കാനുള്ള അധികാരം ഫീസ് നിര്‍ണയ സമിതിക്കില്ല. ഫീസ് നിര്‍ണയിക്കുന്നതിന് ജംബോ കമ്മിറ്റി എന്തിനാണെന്നും ഹൈക്കോടതി ചോദിച്ചു. അടുത്ത വര്‍ഷം മുതല്‍ കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ സ്ഥിരമായ ഫീസ് നിശ്ചയിച്ച് പ്രവേശനം നടത്തണം. ഇത് സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ഒരു കലണ്ടര്‍ കോടതി നിശ്ചയിച്ചു. 

എല്ലാ വര്‍ഷവും നവംബര്‍ പതിനഞ്ചിനകം സ്വാശ്രയ മാനേജ്‌മെന്റുകള്‍ തങ്ങളുടെ ഫീസ് എത്രയാണെന്ന് ഫീസ് നിര്‍ണയ സമിതിയെ അറിയിക്കണം. അതിനുശേഷം ഫെബ്രുവരിയോടെ ഫീസ് നിര്‍ണയ സമിതി ഇത് വിശകലനം ചെയ്ത് ഫീസ് നിശ്ചയിക്കണം. ഫീസ് സംബന്ധിച്ച് ഏതെങ്കിലും ആക്ഷേപങ്ങള്‍ ഉണ്ടായാല്‍ ഒരു മാസത്തിനകം ഹൈക്കോടതിയെ ഇക്കാര്യം അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ലാഭനഷ്ടങ്ങള്‍ നോക്കി ഫീസ് നിശ്ചയിക്കണമെന്നും തലവരിപ്പണം പാടില്ലെന്നും കോടതി നിര്‍ദേശിച്ചു. അടുത്ത വര്‍ഷം മുതലുള്ള പ്രവേനത്തില്‍ ഈ ഉത്തരവ് ബാധകമാകും. നിലവില്‍ താത്ക്കാലിക കമ്മിറ്റി നിശ്ചിയിച്ച ഫീസില്‍ ഇടപെടില്ലെന്നും കോടതി വ്യക്തമാക്കി. 

അതേസമയം ഫീസ് നിയന്ത്രിക്കാന്‍ മാത്രമായിരിക്കും റെഗുലേറ്ററി കമ്മിറ്റിക്ക് അധികാരമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹൈക്കോടതി നിര്‍ദേശിച്ച സമയപരിധി പ്രകാരം ഫീസ് നിര്‍ണയം നടത്തിയാല്‍ എല്ലാ വര്‍ഷവും മാര്‍ച്ച് മാസത്തോടെ തന്നെ വിദ്യാര്‍ഥികള്‍ക്ക് ഫീസ് ഘടനയെ കുറിച്ച് വ്യക്തമായ ധാരണ ലഭ്യമാവുന്ന തരത്തിലാണ് കോടതി ഉത്തരവ്. 

ഈ വര്‍ഷം രണ്ട് മാനേജ്‌മെന്റുകളുമായി സര്‍ക്കാര്‍ 11 ലക്ഷം രൂപയെന്ന ഫീസ് നിശ്ചയിച്ചു കൊണ്ട് കരാറില്‍ ഏര്‍പ്പെട്ടത് ഏറെ വിവാദങ്ങള്‍ വഴിതുറന്നിരുന്നു. എന്നാല്‍ കോടതിയുടെ പുതിയ ഉത്തരവ് വരു വര്‍ഷങ്ങളില്‍ സ്വാശ്രയ പ്രവേശനവുമായി ബന്ധപ്പെട്ട ആശയകുഴപ്പത്തിന് അറുതി വരുത്തുമെന്നാണ് കരുതുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com