ഗെയില്‍ വിരുദ്ധ സമരം : പിന്തുണയുമായി യുഡിഎഫ് നേതാക്കള്‍ ഇന്ന് മുക്കത്ത്; പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് സര്‍ക്കാര്‍ 

നിക്ഷിപ്ത താല്‍പ്പര്യക്കാരുടെ കള്ളപ്രചാരണങ്ങളില്‍ വീഴരുതെന്ന്‌വ്യവസായമന്ത്രി എ സി മൊയ്തീന്‍
ഗെയില്‍ വിരുദ്ധ സമരം : പിന്തുണയുമായി യുഡിഎഫ് നേതാക്കള്‍ ഇന്ന് മുക്കത്ത്; പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് സര്‍ക്കാര്‍ 

കോഴിക്കോട് :  മുക്കത്തെ ഗെയില്‍ വിരുദ്ധ സമരവേദിയിലേക്ക് യുഡിഎഫ് നേതാക്കള്‍ ഇന്നെത്തും. കെപിസിസി മുന്‍ പ്രസിഡന്റ് വി എം സുധീരന്‍, മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എംപി എന്നിവരാണ് ഇന്ന് മുക്കത്തെത്തുക. സമരക്കാരുമായി ഇവരും ചര്‍ച്ച നടത്തും. സമരം യുഡിഎഫ് ഏറ്റെടുക്കുന്നത് സംബന്ധിച്ചും തീരുമാനമുണ്ടായേക്കും. യുഡിഎഫ് നേതാക്കളുമായി ചര്‍ച്ച നടത്തിയശേഷം തുടര്‍ സമര രീതി തീരുമാനിക്കുമെന്ന് സമരസമിതി നേതാക്കള്‍ അറിയിച്ചു. 

ഉത്തരമേഖല ഡിജിപി രാജേഷ് ദിവാന്‍ മുക്കത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. റൂറല്‍ എസ്പി പുഷ്‌ക്കരന്‍, ഡിവൈഎസ്പി സജീവന്‍ തുടങ്ങിയവരുമായി അദ്ദേഹം ചര്‍ച്ച നടത്തി. പ്രവൃത്തി തുടരുന്നതിന് ആവശ്യമായ സംരക്ഷണം ഉറപ്പാക്കാനാണ്  പോലീസിന്റെ തീരുമാനം. ആവശ്യമെങ്കില്‍ മറ്റ് ജില്ലകളില്‍ നിന്ന് പോലീസിനെ എത്തിച്ച് സംരക്ഷണം ഉറപ്പാക്കുമെന്നും അധികൃതര്‍ സൂചിപ്പിച്ചു. 

അതേസമയം ഗെയില്‍ പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യവസായ വകുപ്പ് വ്യക്തമാക്കി. സംസ്ഥാന വികസനത്തിന് അനിവാര്യമായ പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ല. നിക്ഷിപ്ത താല്‍പ്പര്യക്കാരുടെ കള്ളപ്രചാരണങ്ങളില്‍ വീഴരുതെന്നും വ്യവസായമന്ത്രി എ സി മൊയ്തീന്‍ അഭ്യര്‍ത്ഥിച്ചു. പദ്ധതിക്കായി ഭൂമിയുടെ ഉപയോഗ അവകാശം മാത്രമാണ് ഏറ്റെടുക്കുന്നതെന്നും, ഉടമസ്ഥാവകാശമല്ലെന്നും മന്ത്രി പറഞ്ഞു. സ്ഥലത്തിന്റെ പുതുക്കിയ ന്യായവിലയുടെ 50 ശതമാനവും വിളകളുടെ വിലയും നഷ്ടപരിഹാരമായി നല്‍കും. ചെറിയൊരു വിഭാഗം നടത്തുന്ന കള്ളപ്രചാരണം ആശങ്കയുണ്ടാക്കുന്നതാണ്. രാഷ്ട്രീയ മുതലെടുപ്പിന് ചിലര്‍ ശ്രമിക്കുകയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com