സിവില്‍ സര്‍വീസ് പരീക്ഷയില്‍ കോപ്പിയടിച്ച മലയാളി ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

സംഭവത്തില്‍ തമിഴ്‌നാട് പൊലീസിലെ സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു
സിവില്‍ സര്‍വീസ് പരീക്ഷയില്‍ കോപ്പിയടിച്ച മലയാളി ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ചെന്നൈ : സിവില്‍ സര്‍വീസ് പരീക്ഷയില്‍ കോപ്പിയടിച്ചതിന് പിടിയിലായ മലയാളി ഐപിഎസ് ഉദ്യോഗസ്ഥന്‍ സഫീര്‍ കരീമിനെ തമിഴ്‌നാട് സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. തിരുനെല്‍വേലി ജില്ലയിലെ നങ്കുനേരിയില്‍ എഎസ്പിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. സഫീറിനെ കോപ്പിയടിക്കാന്‍ സഹായിച്ച ഭാര്യ ജോയ്‌സ് ജോയി, സുഹൃത്ത് രാംബാബു എന്നിവരും പിടിയിലായിരുന്നു. ഇവരെ പുഴല്‍ ജയിലില്‍ അടച്ചിരിക്കുകയാണ്. ജോയ്‌സിനൊപ്പം ഇവരുടെ ഒരു വയസ്സുള്ള കുട്ടിയും ജയിലിലാണ്. മുലകുടി മാറാത്തതിനാലാണ് കുട്ടിയെയും ജയിലില്‍ അമ്മയ്‌ക്കൊപ്പം താമസിപ്പിക്കുന്നത്. 

ചെന്നൈ പ്രസിഡന്‍സി സ്‌കൂളില്‍ ഐഎഎസ് ലക്ഷ്യമിട്ട് സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷ എഴുതുന്നതിനിടെ, കഴിഞ്ഞ തിങ്കളാഴ്ചയാണ് സഫീര്‍ കരീമിനെ ഇന്റലിജന്‍സ് സംഘം കസ്റ്റഡിയിലെടുത്തത്. ഷര്‍ട്ടില്‍ ഒളിപ്പിച്ച ബ്ലൂടൂത്ത് വഴി ഭാര്യ ജോയ്‌സ് സഫീറിന് ഉത്തരങ്ങള്‍ പറഞ്ഞു കൊടുക്കുകയായിരുന്നു. ഹൈദരാബാദില്‍ അടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിവില്‍ സര്‍വീസ് പരിശീലനം നല്‍കുന്ന ലാ എക്‌സലന്‍സ് കേന്ദ്രം നടത്തുകയാണ് ജോയ്‌സ്. കേന്ദ്രത്തിന്റെ ഡയറക്ടറാണ് കേസില്‍ അറസ്റ്റിലായ സഫീറിന്റെ സുഹൃത്ത് രാംബാബു. 

അതിനിടെ സംഭവത്തില്‍ തമിഴ്‌നാട് പൊലീസിലെ സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു. സഫീറില്‍ നിന്ന് പിടിച്ചെടുത്ത രണ്ട് മൊബൈല്‍ ഫോണുകളും ഇയാളുടെ ഹൈദരാബാദിലെ സിവില്‍ സര്‍വീസ് പരിശീലനകേന്ദ്രത്തില്‍ നിന്ന് ലഭിച്ച ലാപ്‌ടോപ് കംപ്യൂട്ടറും സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ട്. ഫോണില്‍ നിന്നും ലാപ്‌ടോപ്പില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ തെളിവുകള്‍ സമാഹരിക്കാനാണ് പൊലീസിന്റെ ശ്രമം.

കേസന്വേഷണത്തിന്റെ ഭാഗമായി പൊലീസ് സംഘം കേരളത്തിലുമെത്തിയിട്ടുണ്ട്. സഫീറിന്റെ കുടുംബാംഗങ്ങള്‍, അടുത്ത സുഹൃത്തുക്കള്‍ എന്നിവരെ പൊലീസ് ചോദ്യം ചെയ്‌തേക്കും. അതേസമയം പുഴല്‍ ജയിലിലുള്ള സഫീര്‍ കരീമും ഭാര്യ ജോയ്‌സും ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com