ഗെയില്‍ വിരുദ്ധ സമരം ഏഴാം നൂറ്റാണ്ടിലെ പ്രാകൃത സമരമെന്ന് സിപിഎം വിശേഷിപ്പിച്ചത് പ്രത്യേക വിഭാഗത്തെ ഉദ്ദേശിച്ചെന്ന് കെഎന്‍എ ഖാദര്‍

സമരസമിതി നേതാക്കളെ ആരെയും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടില്ലെന്നും കെഎന്‍എ ഖാദര്‍
ഗെയില്‍ വിരുദ്ധ സമരം ഏഴാം നൂറ്റാണ്ടിലെ പ്രാകൃത സമരമെന്ന് സിപിഎം വിശേഷിപ്പിച്ചത് പ്രത്യേക വിഭാഗത്തെ ഉദ്ദേശിച്ചെന്ന് കെഎന്‍എ ഖാദര്‍

കോഴിക്കോട് : മുക്കത്തെ ഗെയില്‍ വിരുദ്ധ സമരത്തെ ഏഴാം നൂറ്റാണ്ടിലെ പ്രാകൃത സമരമെന്ന് സിപിഎം വിശേഷിപ്പിച്ചത് പ്രത്യേക വിഭാഗത്തെ ഉദ്ദേശിച്ചെന്ന് കെഎന്‍എ ഖാദര്‍ എംഎല്‍എ. അങ്ങനെയെങ്കില്‍ പിണറായി വിജയന്‍ മന്ത്രിസഭയിലും രണ്ട് ഏഴാം നൂറ്റാണ്ടുകാരുണ്ട്. സമരസമിതി നേതാക്കളെ ആരെയും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടില്ലെന്നും കെഎന്‍എ ഖാദര്‍ ആരോപിച്ചു. 

കേരളത്തിന്റെ ഊര്‍ജ്ജ, വികസന രംഗത്ത് വലിയ സംഭാവനകള്‍ നല്‍കാന്‍ കഴിയുന്ന വ്യവസായ വികസന പദ്ധതിയായ ഗെയ്‌ലിനെതിരെ ഏഴാം നൂറ്റാണ്ടിലെ പ്രാകൃത ബോധത്തില്‍ നിന്ന് ജനങ്ങളെ ഇളക്കിവിടുന്ന തീവ്രവാദി സംഘങ്ങളെ ഒറ്റപ്പെടുത്തുന്നതിന് പകരം യുഡിഎഫും കോണ്‍ഗ്രസ്‌ലീഗ് നേതാക്കളും തീവ്രവാദികളോടൊപ്പം മുക്കം പൊലീസ് സ്‌റ്റേഷന്‍ ഉപരോധിക്കാനെത്തി എന്നത് ഗൗരവാര്‍ഹമായ പ്രശ്‌നമായിതന്നെ ജനാധിപത്യ മതനിരപേക്ഷശക്തികള്‍ കാണണം. എന്നായിരുന്നു സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി കഴിഞ്ഞ ദിവസം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടിരുന്നത്. 

സിപിഎമ്മിന്റെ പ്രസ്താവനയ്‌ക്കെതിരെ മുസ്ലീം ലീഗും വിവിധ മുസ്ലീം സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഏഴാം നൂറ്റാണ്ട് എന്നതുകൊണ്ട് ഉദ്ദേശിച്ചത് പ്രചാവക കാലഘട്ടത്തെയാണെന്നും, ഇത് പ്രവാചക നിന്ദയാണെന്നും മുസ്ലീം സംഘടനകള്‍ ആരോപിച്ചു. ഇതിന് പിന്നാലെയാണ് സിപിഎം പ്രസ്താവനയെ വിമര്‍ശിച്ച് വേങ്ങര എംഎല്‍എ കെഎന്‍എ ഖാദറും രംഗത്തെത്തിയത്.

പ്രസ്താവന വിവാദമായതിന് പിന്നാലെ വിശദീകരണവുമായി സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ രംഗത്തെത്തി. പ്രസ്താവന മുസ്ലീം സമുദായത്തിനെതിരല്ല. ഏഴാം നൂറ്റാണ്ട് പ്രയോഗം ചാതുര്‍വര്‍ണ്യത്തെ ലക്ഷ്യമിട്ടുള്ളതായിരുന്നു. പ്രാകൃതമായ ആചാരങ്ങള്‍ക്കും, വിഗ്രഹാരാധനക്കുമെതിരെ പോരാടിയ ചരിത്രമാണ് ഇസ്ലാമിന്റയും നബിയുടേതും. രാഷ്ട്രീയ എതിരാളികള്‍ പ്രസ്താവന ദുര്‍വ്യാഖ്യാനം ചെയ്യുകയാണെന്നും പി മോഹനന്‍ ആരോപിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com