കളക്ടറുടെ റിപ്പോര്‍ട്ടില്‍ ഗുരുതര പരാമര്‍ശങ്ങള്‍;  തോമസ് ചാണ്ടി ചെയ്തത് അഞ്ചുവര്‍ഷം വരെ തടവ് കിട്ടാവുന്ന കുറ്റം 

ലേക്പാലസ് ഭൂമി കൈയേറ്റ വിവാദവുമായി ബന്ധപ്പെട്ട കളക്ടറുടെ അന്തിമ റിപ്പോര്‍ട്ടില്‍ മന്ത്രി തോമസ് ചാണ്ടിക്ക് എതിരെ ഗുരുതര പരാമര്‍ശങ്ങള്‍
കളക്ടറുടെ റിപ്പോര്‍ട്ടില്‍ ഗുരുതര പരാമര്‍ശങ്ങള്‍;  തോമസ് ചാണ്ടി ചെയ്തത് അഞ്ചുവര്‍ഷം വരെ തടവ് കിട്ടാവുന്ന കുറ്റം 

ആലപ്പുഴ:  ലേക്പാലസ് ഭൂമി കൈയേറ്റ വിവാദവുമായി ബന്ധപ്പെട്ട കളക്ടറുടെ അന്തിമ റിപ്പോര്‍ട്ടില്‍ മന്ത്രി തോമസ് ചാണ്ടിക്ക് എതിരെ ഗുരുതര പരാമര്‍ശങ്ങള്‍. തൊഴിലാളികളുടെ ഭൂമി തോമസ് ചാണ്ടിയുടെ കമ്പനി വാങ്ങിക്കൂട്ടി സര്‍ക്കാരിന്റെ ലക്ഷ്യം പരാജയപ്പെടുത്തി. മാര്‍ത്താണ്ഡം കായലില്‍ സര്‍ക്കാര്‍ ഭൂമിയും വഴിയും നികത്തി. മന്ത്രി തോമസ് ചാണ്ടിയുടെ കമ്പനി മൂന്ന് വര്‍ഷം മുതല്‍ അഞ്ചുവര്‍ഷം വരെ തടവ് കിട്ടാവുന്ന കുറ്റമാണ് ചെയ്തിരിക്കുന്നത് എന്നും ആലപ്പുഴ ജില്ലാ കളക്ടര്‍ ടി വി അനുപമയുടെ  അന്തിമ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

 ലേക് പാലസിലേക്കുള്ള റോഡ് നിര്‍മ്മാണം, പാര്‍ക്കിംഗ് ഗ്രൗണ്ട്, ബണ്ട് നികത്തല്‍ എന്നിവയില്‍ നിയമലംഘനം നടന്നതായുളള കളക്ടറുടെ അന്തിമറിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് തോമസ് ചാണ്ടിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന കൂടുതല്‍ പരാമര്‍ശങ്ങള്‍ പുറത്തായത്. ലേക് പാലസിലേക്ക് വലിയകുളം സീറോ ജെട്ടി റോഡ് നിര്‍മ്മാണത്തിലും കടുത്ത നിയമലംഘനമാണ് ഉണ്ടായിട്ടുള്ളത്. റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മൂന്നിടത്ത് നിലം നികത്തിയിരുന്നു. റോഡ് നിര്‍മ്മാണം പൂര്‍ത്തിയായശേഷം നികത്തിയ നിലം പൂര്‍വസ്ഥിതിയിലാക്കാമെന്ന് തോമസ് ചാണ്ടിയുടെ കമ്പനി അറിയിച്ചിരുന്നെങ്കിലും അത് പാലിച്ചില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. 2012 വരെ റിസോര്‍ട്ടിലേക്ക് റോഡ് ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

പാര്‍ക്കിംഗ് ഗ്രൗണ്ട് നിര്‍മ്മാണത്തിലും ഗുരുതരമായ നിയമലംഘനമാണ് നടന്നിട്ടുള്ളത്. നെല്‍വയല്‍ തണ്ണീര്‍ത്തട നിയമങ്ങള്‍ തോമസ് ചാണ്ടിയുടെ വാട്ടര്‍വേള്‍ഡ് കമ്പനി അട്ടിമറിച്ചു. നിര്‍മ്മാണത്തിന് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി വാങ്ങിയില്ല. 2003 ന് ശേഷം ഭൂമിയുടെ രൂപത്തില്‍ വന്‍ മാറ്റമാണ് വരുത്തിയത്. പാര്‍ക്കിംഗ് ഗ്രൗണ്ടാക്കിയ ഭൂമി മറ്റൊരാളുടെ അധീനതയിലുള്ള ഭൂമിയാണെന്നാണ് വാട്ടര്‍വേള്‍ഡ് കമ്പനി വ്യക്തമനാക്കിയിരുന്നത്. ഇത് പാട്ടത്തിനെടുത്താണ് പാര്‍ക്കിംഗ് ഏരിയയാക്കിയതെന്നും കമ്പനി സൂചിപ്പിച്ചിരുന്നു.

എന്നാല്‍ ലീലാമ്മ ഈശോ എന്ന സ്ഥലമുടമ തോമസ് ചാണ്ടിയുടെ സഹോദരിയാണെന്നും, അവര്‍ക്ക് കമ്പനിയുമായി നേരിട്ട് ബന്ധമുണ്ടെന്നും കളക്ടര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. പാര്‍ക്കിംഗ് ഗ്രൗണ്ട് നിര്‍മ്മാണത്തിന് 2014 ല്‍ സര്‍ക്കാര്‍ സ്‌റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. അന്ന് മെമ്മോ വാട്ടര്‍വേള്‍ഡ് കൈപ്പറ്റിയിരുന്നെങ്കിലും വിശദീകരണം നല്‍കിയിരുന്നില്ല. ഇപ്പോള്‍ ഇത് വിവാദമായപ്പോഴാണ് ആ സ്ഥലം സ്വകാര്യവ്യക്തിയുടേതാണെന്ന് വാട്ടര്‍വേള്‍ഡ് കമ്പനി പറയുന്നതെന്നും കളക്ടര്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

ബണ്ടിലും തോമസ് ചാണ്ടിയുടെ വാട്ടര്‍വേള്‍ഡ് കമ്പനി വലിയ മാറ്റങ്ങള്‍ വരുത്തി. 2003 മുതല്‍ ബണ്ടില്‍ മാറ്റങ്ങള്‍ വരുത്തിയാണ് പാര്‍ക്കിംഗ് ഗ്രൗണ്ടായി പരിവര്‍ത്തനപ്പെടുത്തിയത്. ഒരു മീറ്റര്‍ ഉണ്ടായിരുന്ന ബണ്ടിന്റെ വീതി 12 മീറ്റര്‍ വരെയാക്കി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന്റെ അനുമതി വാങ്ങിയിരുന്നില്ലെന്നും 20 പേജുള്ള ആലപ്പുഴ ജില്ലാ കളക്ടറുടെ അന്തിമ റിപ്പോര്‍ട്ടിലുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com