ദിലീപിനെ എത്രാമത്തെ പ്രതിയാക്കുമെന്ന കാര്യത്തില്‍ ആശങ്ക; സിനിമാക്കാരെ വീണ്ടും ചോദ്യം ചെയ്യും

നടിയെ ആക്രമിച്ച കേസില്‍ രണ്ടാംഘട്ട കുറ്റപത്രത്തില്‍ വീണ്ടും അഴിച്ചു പണി - ദിലീപ് ഏഴാം പ്രതിയായേക്കും - ഒന്നാം പ്രതിയാക്കിയാല്‍ വിചാരണ ഘട്ടത്തില്‍ തിരിച്ചടി നേരിടുമോയെന്നും ആശങ്ക
ദിലീപിനെ എത്രാമത്തെ പ്രതിയാക്കുമെന്ന കാര്യത്തില്‍ ആശങ്ക; സിനിമാക്കാരെ വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ രണ്ടാം ഘട്ട കുറ്റപത്രത്തില്‍ വീണ്ടും അഴിച്ചുപണിക്ക് ധാരണ. പ്രതിപട്ടികയില്‍ ദിലീപിന്റെ സ്ഥാനത്തെ ചൊല്ലിയുള്ള പുതിയ നിയമോപദേശത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. കേസില്‍ ചില സാക്ഷികള്‍ മൊഴി മാറ്റിയതിനാല്‍ സിനിമാ മേഖലയില്‍ നിന്നടക്കമുള്ളവരെ വീണ്ടും ചോദ്യം ചെയ്യാനുമാണ് തീരുമാനം. 

നേരത്തെ എഫ്‌ഐആറില്‍ പതിനേഴാം പ്രതിയായിരുന്ന ദിലീപിനെ ഒന്നാം പ്രതിയാക്കാനായിരുന്നു കഴിഞ്ഞയാഴ്ച കൊച്ചിയില്‍ ചേര്‍ന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനമായത്. അതിനായി പൊലീസ് പറഞ്ഞത് കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തതിന് തുല്യമാണ് ഗൂഢാലോചനയെന്നുമായിരുന്നു.  എന്നാല്‍ വിചാരണഘട്ടത്തില്‍ ഒന്നാം പ്രതിയാക്കുന്നത് തിരിച്ചടി നേരാന്‍ സാധ്യതയുണ്ടെന്ന നിയമോപദേശം ളഭിച്ച സാഹചര്യത്തിലാണ് പ്രതിപട്ടികയില്‍ ഏത് സ്ഥാനം നല്‍കുമെന്ന കാര്യത്തില്‍ അന്വേഷണസംഘത്തിന് ആശങ്കയുണ്ടായിരിക്കുന്നത്. 

നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും പ്രതിപട്ടിക അഴിച്ചുപണിയുന്നതത്. ദിലീപിനെ രണ്ടാം പ്രതിയാക്കാനോ ഏഴാം പ്രതിയാക്കാനോ ആണ് നിലവിലെ ധാരണ. നടിയെ ബലാത്സംഗം ചെയ്ത കുറ്റത്തിന് സുനില്‍കുമാറിനെ ഒന്നാം പ്രതിയാക്കി മുഖ്യ ഗൂഢാലോചനക്കാരനെ രണ്ടാം പ്രതിയാക്കാനാണ് അന്വേഷണസംഘത്തിന്റെ ഒരു തീരുമാനം. കൃത്യത്തില്‍ പങ്കെടുത്ത മറ്റ് പ്രതികള്‍ക്ക് സംഭവത്തെ കുറിച്ച് കാര്യമായി അറിവില്ലായിരുന്നു എന്നതും സുനില്‍കുമാറും ദിലീപും മാത്രമാണ് ഗുഡാലോചന നടത്തിയതെന്നുമുള്ള വിലയിരുത്തലിലാണിത്. 

ദിലിപിനെ ഏഴാം പ്രതിയാക്കാമെന്നുള്ളതാണ് മറ്റൊരു ആലോചന. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത സുനില്‍കുമാറടക്കം ആദ്യകുറ്റപത്രത്തിലെ പ്രതികളെ അതേപടി നിലനിര്‍ത്താമെന്നാണ് കരുതുന്നത്. പതിനേഴാം പ്രതിയായ ദിലീപിനെ ഗൂഢാലോചനയുടെ പേരില്‍ ഏഴാം പ്രതിയാക്കും. നിലവില്‍ ഏഴാം പ്രതിയായ ചാര്‍ലിയെ മാപ്പുസാക്ഷിയാക്കാനും അന്വേഷണസംഘം ആലോചിക്കുന്നു. അതേസമയം കുറ്റപത്രം തയ്യാറാക്കിയെന്നും പ്രതിപട്ടിക സംബന്ധിച്ച് അവ്യക്തതയില്ലെന്നുമാണ് അന്വേഷണസംഘം പറയുന്നത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com