ഇനിയെന്ത് നിയമോപദേശം? തോമസ് ചാണ്ടിയെ മന്ത്രിസഭയില്‍ നിന്ന് മാറ്റണമെന്ന് എഐവൈഎഫ്

കായല്‍ കയ്യേറ്റ വിവാദത്തില്‍പ്പെട്ട മന്ത്രി തോമസ് ചാണ്ടിക്കെതിരെ വീണ്ടും  എഐവൈഎഫ്
ഇനിയെന്ത് നിയമോപദേശം? തോമസ് ചാണ്ടിയെ മന്ത്രിസഭയില്‍ നിന്ന് മാറ്റണമെന്ന് എഐവൈഎഫ്

തിരുവനന്തപുരം: കായല്‍ കയ്യേറ്റ വിവാദത്തില്‍പ്പെട്ട മന്ത്രി തോമസ് ചാണ്ടിക്കെതിരെ വീണ്ടും സിപിഐയുടെ യുവജന സംഘടന എഐവൈഎഫ്. തോമസ് ചാണ്ടിയുടെ കോലം കത്തിച്ചതിന് പിന്നാലെ ചാണ്ടിയെ മന്ത്രിസഭയില്‍ നിന്ന് മാറ്റി നിര്‍ത്തണം എന്നാവശ്യപ്പെട്ട് എഐവൈഎഫ് സംസ്ഥാന എക്‌സിക്യൂട്ടീവ് പ്രസ്്താവനയിറക്കി.

ഗൗരവകരമായ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടിയെ മന്ത്രിസഭയില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന് എഐവൈഎഫ് സംസ്ഥാന എക്‌സിക്യൂട്ടീവ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. 

തോമസ് ചാണ്ടിയുടെ കയ്യേറ്റങ്ങള്‍ സംബന്ധിച്ച് ഉയര്‍ന്ന ആക്ഷേപങ്ങള്‍ പരിശോധിച്ച് ആലപ്പുഴ ജില്ലാ കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍മേല്‍ സര്‍ക്കാര്‍ ഉടന്‍ നടുപടി സ്വീകരിക്കണം. കളക്ടറുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ച് ആഴ്ചകള്‍ പിന്നിട്ടിട്ടും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിയമോപദേശത്തിനായി കാത്തിരിക്കുകയാണ്. കയ്യേറ്റം സംബന്ധിച്ച് കളക്ടര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്‍മേല്‍ എന്ത് നിയമോപദേശമാണ് വേണ്ടത് എന്ന് വ്യക്തമല്ല. പുറത്തുവന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത് തോമസ് ചാണ്ടിക്കുമേല്‍ ഉയര്‍ന്ന ആക്ഷേപങ്ങള്‍ പലതും ശരിവെക്കുന്നതാണ് കളക്ടറുടെ റിപ്പോര്‍ട്ടെന്നാണ്. സര്‍ക്കാരിന്റെ സംവിധാനങ്ങള്‍ ഉപയോഗിച്ച് സര്‍ക്കാര്‍ തന്നെ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്മേല്‍ നടപടി വൈകുന്നത് നീതീകരിക്കാനാകുന്നതല്ല. 

തോമസ് ചാണ്ടിക്കെതിരായ ആക്ഷപങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഴിമതി വിരുദ്ധ നിലപാടിനെ കളങ്കപ്പെടുത്തുന്നതാണ്. ഭൂമി കയ്യേറ്റങ്ങള്‍ക്കെതിരായി ശക്തമായ നിലപാട് സ്വീകരിക്കുന്ന സര്‍ക്കാര്‍ ഈ വിഷയത്തിന്റെപേരില്‍ പൊതുസമൂഹത്തിന് മുന്നില്‍ തലകുനിക്കേണ്ട കാര്യമില്ല. കേരളസമൂഹം എല്‍ഡിഎഫ് സര്‍ക്കാരില്‍ നിന്നും ആഗ്രഹിക്കുന്ന നടപടികള്‍ ഇനിയും വൈകാന്‍ പാടില്ല. തോമസ് ചാണ്ടിയെ മാറ്റി നിര്‍ത്തി കയ്യേറ്റങ്ങള്‍ സംബന്ധിച്ച് സര്‍ക്കാര്‍ സമഗ്ര പരിശോധന നടത്തണം. നിയമ ലംഘനങ്ങള്‍ക്കെതിരായ കര്‍ശന നടപടി സ്വീകരിക്കണമെന്നും എഐവൈഎഫപ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. 


 തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങള്‍ ഉയര്‍ന്നുവന്നതുമുതല്‍ ചാണ്ടിക്കെതിരെ എഐവൈഎഫ് രംഗത്തുണ്ട്. തോമസ് ചാണ്ടി രാജിവെക്കണം എന്നാവശ്യപ്പെട്ട സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റഡ്ഢിക്കെതിരെ നടത്തിയ പ്രസ്താവനയെത്തുടര്‍ന്ന് എഐവൈഎഫ് തോമസ് ചാണ്ടിയുടെ കോലം കത്തിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com