ജിഷ്ണുകേസില്‍ സിബിഐ തീരുമാനം ഇന്ന് 

സിബിഐ തീരുമാനമെടുത്തില്ലെങ്കില്‍, സ്വന്തം നിലയ്ക്ക് ഉത്തരവിടുമെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടിരുന്നു 
ജിഷ്ണുകേസില്‍ സിബിഐ തീരുമാനം ഇന്ന് 

ന്യൂഡല്‍ഹി: ജിഷ്ണു കേസ് സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസ് അന്വേഷണം ഏറ്റെടുക്കുന്നത് സംബന്ധിച്ച് സിബിഐ ഇന്ന് കോടതിയില്‍ നിലപാട് അറിയിക്കും. പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥിയായ ജിഷ്ണുവിന്റെ ദുരൂഹ മരണത്തില്‍ അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ടുള്ള കേരളത്തിന്റെ ഉത്തരവ് കിട്ടിയിട്ടില്ലെന്നായിരുന്നു സിബിഐ നേരത്തെ കോടതിയില്‍ അറിയിച്ചത്. അതിനാല്‍ അന്വേഷണ വിഷയത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്നും സിബിഐ കോടതിയെ ബോധിപ്പിച്ചു. 

സിബിഐ നിലപാടിനെ സുപ്രീംകോടതി രൂക്ഷമായാണ് വിമര്‍ശിച്ചത്. സിബിഐ തീരുമാനമെടുത്തില്ലെങ്കില്‍, സ്വന്തം നിലയ്ക്ക് ഉത്തരവിടുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ജിഷ്ണു പ്രണോയിയുടെ മരണവും ഷഹീര്‍ ഷൗക്കത്തലിയെന്ന വിദ്യാര്‍ത്ഥിയ്ക്ക് മര്‍ദ്ദനമേറ്റതും സംബന്ധിച്ച കേസുകളില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് നല്‍കാന്‍ സിബിഐയോടും സംസ്ഥാന സര്‍ക്കാരിനോടും കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. ജനുവരി ആറിന് വൈകിട്ടാണ് ജിഷ്ണു പ്രണോയിയെ കോളേജ് ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 

ജിഷ്ണു കേസില്‍ പ്രതിയായ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസ് ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. കേസ് സിബിഐ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മ മഹിജയും സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com