ദിലീപിനെതിരെ കുറ്റപത്രം രണ്ടുദിവസത്തിനകം; പള്‍സര്‍ സുനി തന്റെ ഫോണില്‍ നിന്നും ദിലീപിനെ വിളിക്കാന്‍ ശ്രമിച്ചെന്ന് പൊലീസ് ഓഫീസര്‍ അനീഷിന്റെ രഹസ്യമൊഴി

രണ്ടു തവണ ദിലീപിനെയും കാവ്യമാധവനെയും വിളിക്കാന്‍ താന്‍ ശ്രമിച്ചിരുന്നതായും അനീഷ്
ദിലീപിനെതിരെ കുറ്റപത്രം രണ്ടുദിവസത്തിനകം; പള്‍സര്‍ സുനി തന്റെ ഫോണില്‍ നിന്നും ദിലീപിനെ വിളിക്കാന്‍ ശ്രമിച്ചെന്ന് പൊലീസ് ഓഫീസര്‍ അനീഷിന്റെ രഹസ്യമൊഴി


കൊച്ചി : കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസില്‍ അറസ്റ്റിലായ സമയത്ത് പള്‍സര്‍ സുനി തന്റെ ഫോണില്‍ നിന്നും ദിലീപിനെ വിളിക്കാന്‍ ശ്രമിച്ചെന്ന് കളമശ്ശേരി എ ആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസറായ അനീഷ്. അനീഷിന്റെ രഹസ്യമൊഴി അങ്കമാലി മജിസ്‌ട്രേറ്റ് കോടതി രേഖപ്പെടുത്തി. ദിലീപിനെ ഫോണില്‍ കിട്ടാതെ വന്നതോടെ തന്റെ ഫോണില്‍ നിന്നും ശബ്ദ സന്ദേശം അയച്ചെന്നും അനീഷ് രഹസ്യമൊഴിയില്‍ വ്യക്തമാക്കി. രണ്ടു തവണ ദിലീപിനെയും കാവ്യമാധവനെയും വിളിക്കാന്‍ താന്‍ ശ്രമിച്ചിരുന്നതായും അനീഷ് മജിസ്‌ട്രേറ്റിന് മൊഴി നല്‍കിയിട്ടുണ്ട്. 

കേസില്‍ അനീഷിനെ പൊലീസ് മാപ്പുസാക്ഷിയാക്കി. പത്താം പ്രതി വിപിന്‍ലാലിനെ പൊലീസ് നേരത്തെ മാപ്പുസാക്ഷിയാക്കിയിരുന്നു. കേസില്‍ മാപ്പുസാക്ഷിയാകുന്ന രണ്ടാമത്തെ പ്രതിയാണ് അനീഷ്.

കാക്കനാട് ജയിലില്‍ സുനിയുടെ സെല്‍ കാവല്‍ക്കാരനായിരിക്കെയാണ് സുനിയ്ക്ക് ഫോണ്‍ ചെയ്യാന്‍ അനീഷ് സഹായം ഒരുക്കിയത്. എന്നാല്‍ പ്രതികളെ സഹായിക്കാന്‍ അനീഷ് ശ്രമിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാളെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. അതേസമയം കേസില്‍ ദിലീപിനെതിരെ കുറ്റപത്രം തയ്യാറായി. രണ്ടുദിവസത്തിനകം കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുമെന്നാണ് സൂചന. കാവ്യയുടെ കടയിലെ ജീവനക്കാരനായ മുഖ്യസാക്ഷി കൂറുമാറിയതിനെ തുടര്‍ന്ന് കുറ്റപത്രത്തില്‍ അഴിച്ചുപണിയുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിലവിലെ സാഹചര്യത്തില്‍ ദിലീപിനെ ഏഴാം പ്രതിയാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com