പാര്‍ത്ഥസാരഥി ക്ഷേത്രം ഏറ്റെടുത്തത് മതസ്വാതന്ത്ര്യ ധ്വംസനം: കുമ്മനം

ഹൈക്കോടതി നിര്‍ദേശ പ്രകാരം മലബാര്‍ ദേവസ്വം ബോര്‍ഡ് ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം ഏറ്റെടുത്ത നടപടി മതസ്വാതന്ത്ര്യ ധ്വംസനമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍
പാര്‍ത്ഥസാരഥി ക്ഷേത്രം ഏറ്റെടുത്തത് മതസ്വാതന്ത്ര്യ ധ്വംസനം: കുമ്മനം

തൃശൂര്‍: ഹൈക്കോടതി നിര്‍ദേശ പ്രകാരം മലബാര്‍ ദേവസ്വം ബോര്‍ഡ് ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം ഏറ്റെടുത്ത നടപടി മതസ്വാതന്ത്ര്യ ധ്വംസനമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇരുട്ടിന്റെ മറവില്‍ പോലീസ് സന്നാഹത്തോടെ മലബാര്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തിന്റെ പൂട്ടു കുത്തിത്തുറന്ന് ക്ഷേത്രം ഏറ്റെടുത്ത നടപടി മത സ്വാതന്ത്ര്യ ധ്വംസനവും ഭരണഘടനാ ലംഘനവുമാണ് എന്ന് കുമ്മനം തന്റെ ഫേസ്ബുക് പോസ്റ്റില്‍ കുറിച്ചു. 

മതേതരസര്‍ക്കാര്‍ ഹിന്ദുക്കളുടെ ആരാധനാ കേന്ദ്രം ഏകപക്ഷീയമായി ഏറ്റെടുത്തത് മതേതര മൂല്യങ്ങള്‍ക്കും സാമാന്യ മര്യാദയ്ക്കും നിരക്കാത്തതാണ്. വിവിധ മതസ്ഥരുടെ ആരാധനാകേന്ദ്രങ്ങളിലെ ഭരണപരമായ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുകയും ഭരണം ഏറ്റെടുക്കുകയും ചെയ്യുന്ന പ്രവണത ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് ഇട നല്‍കും. ക്രൈസ്തവ സഭകളിലെ ആഭ്യന്തര പ്രശ്‌നങ്ങളുടെയും, മോസ്‌ക്കുകളിലെ ഭരണപരമായ തര്‍ക്കങ്ങളുടെയും പേരില്‍ അവയുടെ ഭരണത്തില്‍ സര്‍ക്കാര്‍ ഇടപെടാറില്ല.

വിശ്വാസികള്‍ക്ക് ഭരണഘടനാപരമായ മത സ്വാതന്ത്ര്യം ഉള്ളതിനാലാണ് മതേതരസര്‍ക്കാര്‍ ഇക്കാര്യങ്ങളില്‍ ഇടപെടാതിരിക്കുന്നത്. എന്നാല്‍ കീഴ്‌വഴക്കം ലംഘിച്ചുകൊണ്ടാണ് കേരളത്തിലെ പ്രശസ്തവും പ്രമുഖവുമായ ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം ചൊവ്വാഴ്ച ഏറ്റെടുത്തത്.
ഭക്തജനങ്ങള്‍ ചേര്‍ന്ന് ഭരണം നടത്തുന്ന ഈ ക്ഷേത്രം ഏറ്റെടുക്കാന്‍ ദേവസ്വം ബോര്‍ഡ് പലവട്ടം ശ്രമിച്ചതാണ്. അപ്പോഴെല്ലാം ഭക്തജനങ്ങള്‍ പ്രതിരോധിക്കുകയും പ്രതിഷേധിക്കുകയും ചെയ്തപ്പോള്‍ ബോര്‍ഡ് അധികൃതര്‍ പിന്മാറി. കോടതിയുടെ പരിഗണനയിലുള്ള കേസിന്റെ വിധിക്ക് കാത്തിരിക്കാതെ ഇപ്പോള്‍ പോലീസിന്റെയും,കയ്യൂക്കിന്റെയും ബലത്തില്‍ ക്ഷേത്രം കൈയടക്കിയത് പ്രതിഷേധാര്‍ഹമാണ്. ക്ഷേത്ര ഭരണത്തിലുള്ള ജനാധിപത്യ വികേന്ദ്രീകൃത സംവിധാനത്തെ അട്ടിമറിച്ച് സര്‍ക്കാരിന്റെ കേന്ദ്രീകൃത ഭരണ വ്യവസ്ഥയിലേക്ക് ക്ഷേത്രത്തെ കൊണ്ടുവരുന്ന സര്‍ക്കാര്‍ നീക്കം ആപല്‍ക്കരമാണ്. ഇതിനെതിരെ എല്ലാ മതവിശ്വാസികളും രംഗത്തുവരണം എന്ന് കുമ്മനം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com