നിര്‍ബന്ധിത മതപരിവര്‍ത്തനമെന്ന് ഹാദിയ പറഞ്ഞിട്ടില്ല: ദേശീയ വനിതാ കമ്മിഷന്‍

വീട്ടുകാര്‍ ഉപദ്രവിക്കുന്നെന്ന പരാതി ഹാദിയ കമ്മിഷനോടു പറഞ്ഞിട്ടില്ല.അങ്ങനെ പറഞ്ഞതായി പ്രചരിക്കുന്ന വിഡിയോ വ്യാജമായി സൃഷ്ടിച്ചതാവാമെന്ന് രേഖാ ശര്‍മ
ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ ഹാദിയയെ സന്ദര്‍ശിച്ചപ്പോള്‍
ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ ഹാദിയയെ സന്ദര്‍ശിച്ചപ്പോള്‍

തിരുവനന്തപുരം: നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്ന് ഹാദിയ പറഞ്ഞിട്ടില്ലെന്ന് ദേശീയ വനിതാ കമ്മിഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സണ്‍ രേഖാ ശര്‍മ. സംസ്ഥാനത്ത് നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ട് എന്നു പറഞ്ഞത് കമ്മിഷനു ലഭിച്ച മറ്റു പരാതികളുടെ അടിസ്ഥാനത്തിലാണെന്ന് രേഖാ ശര്‍മ വിശദീകരിച്ചു.

വൈക്കത്തെ വീട്ടില്‍ രേഖാ ശര്‍മ ഹാദിയയെ സന്ദര്‍ശിച്ചിരുന്നു. ഇതിനു മുമ്പും പിന്നീടും മാധ്യമങ്ങളെ കണ്ടപ്പോള്‍ സംസ്ഥാനത്ത് നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതു സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ്, ഹാദിയ ഇത്തരമൊരു പരാതി മുന്നോട്ടുവച്ചിട്ടില്ലെന്ന് രേഖാ ശര്‍മ വ്യക്തമാക്കിയത്. 

സംസ്ഥാനത്ത് നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നതായി പതിനൊന്നു പരാതികളാണ്  കമ്മിഷനു ലഭിച്ചത്. രക്ഷിതാക്കളാണ് പ്രധാനമായും പരാതി നല്‍കിയിട്ടുള്ളത്. ഇവ പൊലീസ് മേധാവിക്കു കൈമാറിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയത്തിനും ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് നല്‍കും. ദേശീയ വനിതാ കമ്മിഷന് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഇല്ല. സംസ്ഥാന വനിതാ കമ്മിഷന്‍ പറയുന്നത് സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം ആകാം. ഭരിക്കുന്ന പാര്‍ട്ടിയാണ് കമ്മിഷനെ നിയമിക്കുന്നത്. അതുകൊണ്ടു പാര്‍ട്ടി നേതാക്കളുടെ അഭിപ്രായങ്ങള്‍ പറയുന്നതാകാമെന്നും രേഖാ ശര്‍മ പറഞ്ഞു.

വീട്ടുകാര്‍ ഉപദ്രവിക്കുന്നെന്ന പരാതി ഹാദിയ കമ്മിഷനോടു പറഞ്ഞിട്ടില്ല.അങ്ങനെ പറഞ്ഞതായി പ്രചരിക്കുന്ന വിഡിയോ വ്യാജമായി സൃഷ്ടിച്ചതാവാമെന്ന് രേഖാ ശര്‍മ സംശയം പ്രകടിപ്പിച്ചു. ഹാദിയ വീട്ടില്‍ സന്തോഷവതിയാണെന്ന് നേരത്തെ അവര്‍ അറിയിച്ചിരുന്നു. ഇക്കാര്യം കമ്മിഷനു ബോധ്യപ്പെട്ടിട്ടുണ്ടെന്നും അതു ഡിജിപിയെ അറിയിച്ചതായും രേഖാ ശര്‍മ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com