ക്ഷേത്രത്തെ വെട്ടിച്ച് ബിജെപി നേതാവ് സമ്പാദിച്ചത് ലക്ഷങ്ങള്‍; ആരോപണവുമായി ഭക്തജനസംഘം  

അടൂര്‍ തൃച്ചേന്ദമംഗലം മഹാദേവര്‍ ക്ഷേത്രത്തില്‍ നിന്ന് ബിജെപി പത്തനംതിട്ട ജില്ല മുന്‍ പ്രസിഡന്റും സംസ്ഥാന കമ്മിറ്റി അംഗവുമായ ടി.ആര്‍. അജിത്കുമാര്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തെന്നാണ് ആരോപണം
ക്ഷേത്രത്തെ വെട്ടിച്ച് ബിജെപി നേതാവ് സമ്പാദിച്ചത് ലക്ഷങ്ങള്‍; ആരോപണവുമായി ഭക്തജനസംഘം  

പത്തനംതിട്ട: ക്ഷേത്രഭരണം മറയാക്കി ബിജെപി നേതാവ് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായി ആരോപണം. അടൂര്‍ തൃച്ചേന്ദമംഗലം മഹാദേവര്‍ ക്ഷേത്രത്തില്‍ നിന്ന് ബിജെപി പത്തനംതിട്ട ജില്ല മുന്‍ പ്രസിഡന്റും സംസ്ഥാന കമ്മിറ്റി അംഗവുമായ ടി.ആര്‍. അജിത്കുമാര്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന ആരോപണവുമായി ഭക്തജനസംഘമാണ് രംഗത്തെത്തിയിരിക്കുന്നത്. അജിത്കുമാര്‍ ക്ഷേത്രത്തിന്റെ ഭരണസമിതി പ്രസിഡന്റായിരുന്ന കാലത്താണ് അഴിമതി നടത്തിയത്. 

ക്ഷേത്രനിര്‍മാണത്തിനായി കൊണ്ടുവന്ന ചെമ്പുപാളികള്‍ മറിച്ചുവിറ്റും നമസ്‌കാരമണ്ഡപം നിര്‍മിക്കാന്‍ ലക്കിടിയില്‍ നിന്ന് തടിവാങ്ങിയ ഇനത്തിലും ലക്ഷങ്ങള്‍ കൈയിലാക്കുകയായിരുന്നു. നിലവില്‍ ചെമ്പുപാളിക്കേസില്‍ വിചാരണ നേരിടുകയാണ് അജിത്കുമാര്‍. തടി വാങ്ങിയതിലുള്ള ക്രമക്കേടുകളും അന്വേഷിക്കണമെന്ന് തൃച്ചേന്ദമംഗലം ഭക്തജനസംഘം കണ്‍വീനര്‍ ഹരികുമാര്‍ വാഴപ്പള്ളി പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. ക്ഷേത്രത്തെ പറ്റിച്ച് അജിത്കുമാര്‍ വന്‍തോതില്‍ പണം സമ്പാദിച്ചെന്ന് ബോധ്യപ്പെട്ടിട്ടും ബിജെപി നേതൃത്വം നേതാവിനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. 

നമസ്‌കാരമണ്ഡപം നിര്‍മിക്കാനുള്ള തടി ലക്കിടിയില്‍ നിന്ന് വാങ്ങിയതുതന്നെ അഴിമതി നടത്തുന്നതിനായാണ്. ക്ഷേത്ര നിര്‍മാണത്തിനായി വനം വകുപ്പ് കുറഞ്ഞ തുകയ്ക്ക് തടി ലഭ്യമാക്കുമ്പോഴാണ് വലിയ വിലകൊടുത്ത് തടി വാങ്ങിയത്. ലക്കിടിയിലെ തടിമില്‍ ഉടമയ്ക്ക് മുംബൈയില്‍ നിന്ന് ഇ-ട്രാന്‍സ്ഫര്‍ വഴി പണം കിട്ടി എന്ന് പറയുന്നതിലും ദുരൂഹതമയുണ്ട്. ഭക്തര്‍ അയക്കുന്ന പണം ക്ഷേത്രത്തിന്റെ അക്കൗണ്ടിലേക്ക് മാറ്റാതെ മില്‍ ഉടമയുടേയും അജിത്കുമാറിന്റേയും അക്കൗണ്ടിലേക്ക് മാറ്റിയിട്ടുണ്ടെന്നും ഭക്തജനസംഘം വ്യക്തമാക്കി. 

നിര്‍മാണത്തിന്റെ കണക്കായി അജിത്കുമാര്‍ പറയുന്നത് പച്ചക്കള്ളമാണ്. 410 ക്യുബിക്കടി തടി വാങ്ങിയിട്ട് 627 വാങ്ങി എന്നാണ് പറയുന്നത്. 12.52 ലക്ഷം രൂപയാണ് മില്ലില്‍ കൊടുത്തത്. 30.69 ലക്ഷം കൊടുത്തു എന്ന് പറയുന്നതും കള്ളമാണ്. 264 ക്യുബിക്കടിയില്‍ കൂടുതല്‍ തടി പണിയേണ്ടിവന്നാല്‍ പണം കൂടുതല്‍ കൊടുക്കണമെന്ന് കരാറിലുണ്ട്. എന്നാല്‍ കൂടുതല്‍ പണം കരാറുകാരന് നല്‍കിയിട്ടില്ല. നമസ്‌കാരമണ്ഡപം പഴയതിലും വലുതാക്കി പണിതു എന്ന് പറയുന്നതും ശരിയല്ല. ശാസ്ത്രവിധിപ്രകാരം അളവില്‍ മാറ്റംവരുത്താന്‍ കഴിയില്ല. 

ചെലവ് 27 ലക്ഷം എന്ന് ബജറ്റില്‍ കാണുന്നത് അച്ചടിപ്പിശകാണെന്ന വിശദീകരണം ശരിയല്ല. അങ്ങനെ ആയിരുന്നെങ്കില്‍ വാര്‍ഷികറിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടാമായിരുന്നു. റിപ്പോര്‍ട്ടിലും 27 ലക്ഷം തന്നെയാണ്. മണ്ഡപം പണിയാന്‍ 63 ലക്ഷം രൂപ എന്തിന് ചെലവാക്കി. 37.75 ലക്ഷത്തിന് പണിതീര്‍ത്തുനല്‍കാമെന്ന് കരാറുകാരന്‍ എസ്റ്റിമേറ്റ് നല്‍കിയിരുന്നതാണ്. ഊട്ടുപുര പണിതതിലും എല്ലാതരത്തിലുമുള്ള വെട്ടിപ്പ് നടന്നിട്ടുണ്ട്. റീ ഓഡിറ്റ് നടത്തിയശേഷം നിയമനടപടി സ്വീകരിക്കാമെന്നാണ് പുതിയ ഭരണസമിതി പറയുന്നത്. ഇല്ലെങ്കില്‍ ഭക്തജനസംഘം കേസുമായി മുന്നോട്ടുവരുമെന്നും അവര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com