വന്ദേമാതരം വിളി, പ്രതികാര പ്രതികാര പ്രതിജ്ഞ; ടിക്കറ്റില്ലാതെ ട്രെയിനില്‍ എബിവിപിക്കാരുടെ കാട്ടിക്കൂട്ടലുകള്‍

കണ്ണൂര്‍ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍, ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ കയറാന്‍ സാധിക്കാത്തതിനെതിരെ യാത്രക്കാര്‍ റെയില്‍വേ പൊലീസില്‍ പരാതി നല്‍കി
വന്ദേമാതരം വിളി, പ്രതികാര പ്രതികാര പ്രതിജ്ഞ; ടിക്കറ്റില്ലാതെ ട്രെയിനില്‍ എബിവിപിക്കാരുടെ കാട്ടിക്കൂട്ടലുകള്‍

വന്ദേ മാതരം വിളിയും, പ്രതികാര പ്രതിജ്ഞയും കേരളത്തെ അധിക്ഷേപിക്കുന്ന മുദ്രാവാക്യം വിളികളുമായിട്ടായിരുന്നു ചലോ കേരള ക്യാംപെയിനില്‍ പങ്കെടുക്കുന്നതിനായുള്ള എബിവിപി പ്രവര്‍ത്തകരുടെ ട്രെയിന്‍ യാത്ര. കശ്മിരീലെ തങ്ങളുടെ ആളുകളുടെ മരണത്തില്‍ പ്രതികാരം ചെയ്യുകയാണ് ലക്ഷ്യമെന്നും ട്രെയിനിന് ഉള്ളിലിരുന്ന അവര്‍ മുദ്രാവാക്യം വിളിച്ചിരുന്നതായി ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്തിരുന്ന അങ്കമാലി സ്വദേശി വിജയ മരിയ പറയുന്നു.

വ്യാഴാഴ്ചയായിരുന്നു ഇന്‍ഡോറില്‍ നിന്നും തിരുവനന്തപുരത്തേക്ക് ചലോ കേരള ക്യാംപെയിനില്‍ പങ്കെടുക്കാന്‍ യാത്ര തിരിച്ച എബിവിപി പ്രവര്‍ത്തകര്‍ ട്രെയിനിന് ഉള്ളില്‍ പ്രശ്‌നങ്ങള്‍ തീര്‍ത്തത്. 

ആളെ നിറയ്ക്കാന്‍ ഇതര സംസ്ഥാന തൊഴിലാളികളെ ഉള്‍പ്പെടെ അണിനിരത്തി എന്ന ആരോപണം ഉള്‍പ്പെടെ നേരിട്ടായിരുന്നു ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിച്ച ജനരക്ഷാ യാത്ര കടന്നുപോയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടിലൂടെ കടന്നുപോവുന്ന ജനരക്ഷാ യാത്രയില്‍ നിന്നും വിട്ടുനിന്ന അമിത് ഷായുടെ നടപടി ഉള്‍പ്പെടെ ആയുധമാക്കിയായിരുന്നു സിപിഎമ്മിന്റെ പരിഹാസം. ഇങ്ങനെ ജനരക്ഷാ യാത്രയ്ക്ക് പിന്നാലെ ഉയര്‍ന്ന പ്രതികൂല വികാരങ്ങളെ ഇല്ലാതാക്കുക ലക്ഷ്യമിട്ടായിരുന്നു എബിവിപി ചലോ കേരള ക്യാംപെയിനിനു പദ്ധതിയിട്ടത്. 

പക്ഷേ തങ്ങളുടെ മുതിര്‍ന്ന സഹപ്രവര്‍ത്തകര്‍ക്ക് പറ്റിയതിനേക്കാള്‍ വലിയ വീഴ്ചയായിരുന്നു ക്യാംപെയിന്‍ തുടങ്ങുന്നതിന് മുന്‍പ് തന്നെ എബിവിപിക്ക് സംഭവിച്ചത്. മധ്യപ്രദേശില്‍ നിന്നുമുള്ള 18 എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ റെയില്‍വേ പൊലീസ് കേസെടുത്തു. തിരുവനന്തപുരത്തേക്ക് ചലോ കേരള ക്യാംപെയിനില്‍ പങ്കെടുക്കുന്നതിനായി വരികയായിരുന്ന ഇവര്‍ ടിക്കറ്റ് ഇല്ലാതെയായിരുന്നു യാത്ര ചെയ്തിരുന്നത്. 

ടിക്കറ്റ് ഇല്ലാതിരുന്നതിന് പുറമെ മറ്റ് യാത്രക്കാര്‍ ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലേക്ക് കടക്കാതിരിക്കുന്നതിനായി ജനറല്‍ കമ്പാര്‍ട്ട്‌മെന്റിന്റെ വാതില്‍ അടച്ചിടുകയും ചെയ്തു. ഇതുകൊണ്ടും കഴിഞ്ഞില്ല, എമര്‍ജന്‍സി ചെയിന്‍ വലിച്ച ട്രെയിന്‍ നിര്‍ത്തിച്ച എബിവിപി പ്രവര്‍ത്തകര്‍ മറ്റ് യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് തീര്‍ത്തത്. 

ശനിയാഴ്ച നിശ്ചയിച്ചിരിക്കുന്ന ചലോ കേരള ക്യാംപെയ്‌നില്‍ പങ്കെടുക്കുന്നതിനായി ഇന്‍ഡോറില്‍ നിന്നും കൊച്ചുവേളി എക്‌സ്പ്രസിലായിരുന്നു എബിവിപി പ്രവര്‍ത്തകരുടെ യാത്ര. ഇന്‍ഡോര്‍ മുതല്‍ തന്നെ ഇവര്‍ മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നതായി റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് വ്യക്തമാക്കുന്നു. 

കണ്ണൂര്‍ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍, ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ കയറാന്‍ സാധിക്കാത്തതിനെതിരെ യാത്രക്കാര്‍ റെയില്‍വേ പൊലീസില്‍ പരാതി നല്‍കി. ഇതിനെ തുടര്‍ന്ന് പരിശോധനയ്ക്ക് എത്തിയപ്പോഴാണ് 15 എബിവിപി പ്രവര്‍ത്തകര്‍ ടിക്കറ്റില്ലാതെയാണ് യാത്ര ചെയ്യുന്നതെന്ന് വ്യക്തമായത്. 

കോഴിക്കോട് ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ രണ്ട് എബിവിപി പ്രവര്‍ത്തകരെ റെയില്‍വേ പൊലീസ് കേസെടുത്തു. കോഴിക്കോട് നിന്നും ട്രെയിന്‍ പുറപ്പെട്ടതിന് പിന്നാലെ മറ്റൊരു എബിവിപി പ്രവര്‍ത്തകന്‍ എമര്‍ജന്‍സി ചെയിന്‍ വലിച്ച് ട്രെയിന്‍ നിര്‍ത്തിച്ചു. ഇയാള്‍ക്കെതിരേയും റെയില്‍വേ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്ത എബിവിപി പ്രവര്‍ത്തകര്‍ക്ക് 11,250 രൂപ ഫൈനാണ് റെയില്‍വേ ചുമത്തിയിരിക്കുന്നത്. 10-12 മലയാളികള്‍ മാത്രമാണ് എബിവിപി പ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായിരുന്നത്. കേരളത്തെ അധിക്ഷേപിച്ചും, വന്ദേ മാതരം വിളിച്ചുമായിരുന്നു എബിവിപി പ്രവര്‍ത്തകരുടെ യാത്ര. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com