ദേശീയ പതാകയില്‍ നരേന്ദ്രമോദിയും അമിത് ഷായും; വാന്‍ പൊലീസ് കസ്റ്റഡിയില്‍

ഈ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പരും വ്യാജമാണെന്ന് പൊലീസ് അറിയിച്ചു
ദേശീയ പതാകയില്‍ നരേന്ദ്രമോദിയും അമിത് ഷായും; വാന്‍ പൊലീസ് കസ്റ്റഡിയില്‍

അമ്പലപ്പുഴ : ദേശീയ പതാകയുടെ ചിത്രം ആലേഖനം ചെയ്ത് അതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെയും ചിത്രങ്ങള്‍ പതിച്ച വാന്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. അമ്പലപ്പുഴ പൊലീസാണ് വാന്‍ കസ്റ്റഡിയിലെടുത്തത്. തോട്ടപ്പള്ളി ഫിഷിങ് ഹാര്‍ബറില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് മത്സ്യം കൊണ്ടുപോകുന്നതിന് ബുധനാഴ്ചയാണ് വാഹനം എത്തിയത്. വാന്‍ ഉടമയും ഡ്രൈവറുമായ തമിഴ്‌നാട് ട്രിച്ചി സ്വദേശി ലേഖാവാജനെ പൊലീസ് അറസ്റ്റുചെയ്തു. 

ഈ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പരും വ്യാജമാണെന്ന് പൊലീസ് അറിയിച്ചു. ടിഎന്‍ 45 ബിജെ 2895 എന്ന യഥാര്‍ഥ രജിസ്‌ട്രേഷന്‍ നമ്പര്‍ വാനിന്റെ ബോഡിയില്‍ വലതുഭാഗത്ത് പതിച്ചിട്ടുണ്ട്. എന്നാല്‍ വാനിന്റെ മുന്നിലും പിന്‍ഭാഗത്തും 2815 എന്ന വ്യാജ നമ്പര്‍ രേഖപ്പെടുത്തി, പെട്ടെന്ന് ശ്രദ്ധിക്കാത്ത തരത്തില്‍ അലങ്കാരപണികള്‍ നടത്തി മറച്ച നിലയിലുമാണ്.

കണ്ടെയ്‌നര്‍ രൂപത്തിലുള്ള വാനിന്റെ ഇരുവശങ്ങളിലും സ്ഥാപിച്ച പ്‌ളാസ്റ്റിക്കിലുള്ള ദേശീയപതാകയിലെ പച്ച നിറത്തിലുള്ള താഴെ ഇടതുഭാഗത്ത് നരേന്ദ്രമോദിയുടെയും വലതുവശത്ത് അമിത്ഷായുടെയും ചിത്രം ആലേഖനം ചെയ്തിരിക്കുന്നു. ദേശീയപതാകയുടെ നടുക്ക്  വെള്ള നിറത്തില്‍ മധ്യത്തില്‍ അശോകചക്രവും ഇരുഭാഗങ്ങളിലും താമര ചിഹ്നവും ബിജെപി എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
 
ശ്രീകാന്ത് മറൈന്‍ എക്‌സ്‌പോര്‍ട്ട് എന്ന് രേഖപ്പെടുത്തിയ ഈ വാഹനത്തില്‍ 176 ബോക്‌സ് മത്സ്യം കയറ്റിയിട്ടുണ്ട്. ദേശീയപതാകയോട് അനാദരവ് കാട്ടിയതിനും വ്യാജ രജിസ്‌ട്രേഷന്‍ നമ്പര്‍ പതിച്ചതിനും ലേഖാവാജനെതിരെ പൊലീസ് കേസെടുത്തു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com