സോളാര്‍ : ഇന്ന് പ്രത്യേക മന്ത്രിസഭായോഗം; കമ്മീഷന്‍ റിപ്പോര്‍ട്ടും തുടര്‍ നടപടികളും ചര്‍ച്ചചെയ്യും

കേരള ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയുടെ ഘടനാ മാറ്റം സംബന്ധിച്ച ഓര്‍ഡിനന്‍സിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കും
സോളാര്‍ : ഇന്ന് പ്രത്യേക മന്ത്രിസഭായോഗം; കമ്മീഷന്‍ റിപ്പോര്‍ട്ടും തുടര്‍ നടപടികളും ചര്‍ച്ചചെയ്യും

തിരുവനന്തപുരം: സോളാര്‍ റിപ്പോര്‍ട്ടിലെ തുടര്‍ നടപടികള്‍ അടക്കം ചര്‍ച്ചചെയ്യാന്‍ ഇന്ന് പ്രത്യേക മന്ത്രിസഭായോഗം ചേരും. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകള്‍ അട്ടിമറിക്കാന്‍ നടന്ന ശ്രമങ്ങളെക്കുറിച്ചും കൂടുതല്‍ അന്വേഷണമുണ്ടാകും. ഇതുസംബന്ധിച്ച കാര്യങ്ങളെല്ലാം മന്ത്രിസഭായോഗം വിശദമായി ചര്‍ച്ച ചെയ്യും. തട്ടിപ്പ് അന്വേഷിച്ച പ്രത്യേക അന്വേഷണസംഘം രാഷ്ട്രീയ- ഉദ്യോഗസ്ഥ -ഭരണ നേതൃത്വത്തിലുള്ളവരെ രക്ഷിക്കാന്‍ കുത്സിതശ്രമങ്ങള്‍ നടത്തിയതായി സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ നിയമസഭയില്‍ പ്രസ്താവിച്ചിരുന്നു. 

സംസ്ഥാന മന്ത്രിമാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, കേന്ദ്രമന്ത്രി, ചില എംഎല്‍എമാര്‍, സോളാര്‍ കേസന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ കുറ്റകരമായ പങ്കിനെക്കുറിച്ചുള്ള ഫോണ്‍ വിളിയുടെ വിവരങ്ങളും (സിഡിആര്‍), തെളിവുകളും മറ്റു ബന്ധപ്പെട്ട രേഖകളും പ്രത്യേക അന്വേഷണസംഘം പരിശോധിച്ചിട്ടില്ലെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അന്നത്തെ ഒരു സംസ്ഥാന മന്ത്രിയും പ്രത്യേക അന്വേഷണസംഘം ചുമതല ഏറ്റെടുക്കുന്നതിനുമുമ്പ് കേസില്‍ അന്വേഷണം നടത്തിയ പൊലീസ് ഉദ്യോഗസ്ഥരും അന്വേഷണം അട്ടിമറിക്കാനും തെളിവ് നശിപ്പിക്കാനും ശ്രമിച്ചു. മുന്‍ എംഎല്‍എ അടക്കമുള്ളവര്‍ ഭരണനേതൃത്വത്തിലുള്ളവരെ രക്ഷപ്പെടുത്താന്‍  സോളാര്‍ കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ പ്രവര്‍ത്തിച്ചതായി കമീഷന്‍ കണ്ടെത്തിയിട്ടുണ്ട്. ഇവയിലും അന്വഷണമുണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. 

സംസ്ഥാനത്ത് പുതുക്കിയിറക്കേണ്ട ഓര്‍ഡിനന്‍സുകളും മന്ത്രിസഭ പരിഗണിക്കും. കേരള ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയുടെ ഘടനാ മാറ്റം സംബന്ധിച്ച ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കും. ബോര്‍ഡ് ഓഫ് ഗവേര്‍ണന്‍സിലും, എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലുമായിരിക്കും മാറ്റം വരുത്തുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com