സോളാര്‍ കേസ് : പ്രത്യേക അന്വേഷണ സംഘം വിപുലീകരിച്ചു; സംഘത്തിന്റെ ആദ്യയോഗം ഇന്ന് 

സരിതയുടെ കത്താണ് പീഡനക്കേസിന് അടിസ്ഥാനമെന്നതിനാല്‍ ആദ്യം തന്നെ സരിതയുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയേക്കും.
സോളാര്‍ കേസ് : പ്രത്യേക അന്വേഷണ സംഘം വിപുലീകരിച്ചു; സംഘത്തിന്റെ ആദ്യയോഗം ഇന്ന് 

തിരുവനന്തപുരം: സോളാര്‍ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഇന്ന് യോഗം ചേരും. ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് കേസ് വീണ്ടും അന്വേഷിക്കുന്നത്. പൊലീസ് ആസ്ഥാനത്തെ ഐജി ദിനേന്ദ്ര കശ്യപാണ് പ്രധാന അന്വേഷണ ഉദ്യോഗസ്ഥന്‍. അന്വേഷണ സംഘത്തിന്റെ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ കശ്യപായിരിക്കുമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കി. രാജേഷ് ദിവാന്‍ ആറുമാസത്തിനകം വിരമിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് ഈ തീരുമാനം. 

കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്പി പി ബി രാജീവന്‍, തിരുവനന്തപുരം വിജിലന്‍സ് ഡിവൈഎസ്പി ഇ എസ് ബിജുമോന്‍, തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ ഷാനവാസ്, കൊല്ലം ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്പി ബി രാദാകൃഷ്ണപിള്ള എന്നിവരെയാണ് സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കണ്ണൂര്‍ ഡിവൈഎസ്പി സദാനന്ദനെയും സംഘത്തില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് സൂചന. സംഘം വിപുലീകരിക്കാനും, നിലവിലുള്ളവരെ ഒഴിവാക്കാനുമുള്ള സ്വാതന്ത്ര്യം ആഭ്യന്തരവകുപ്പ്, ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് നല്‍കിയിട്ടുണ്ട്. 

മുന്‍മുഖ്യമന്ത്രി, മന്ത്രിമാര്‍, മുന്‍കേന്ദ്രമന്ത്രിമാര്‍ തുടങ്ങിയ ഉന്നതരെക്കുറിച്ചും പൊലീസിനെ പ്രബലരെക്കുറിച്ചും ലൈംഗികാരോപണങ്ങള്‍ അടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് പ്രത്യേക അന്വേഷണസംഘത്തിനുള്ളത്. അഴിമതിയും ലൈംഗിക ആരോപണങ്ങളിലും പ്രാഥമിക അന്വേഷണം നടത്തി, ജുഡീഷ്യല്‍ കമ്മീഷന്റെ കണ്ടെത്തലുകള്‍ ശരിയാണെന്ന് വ്യക്തമായാല്‍ കേസെടുക്കുന്നത് അടക്കം തുടര്‍നടപടികളുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാരിന് ലഭിച്ച നിയമോപദേശം. സരിതയുടെ കത്താണ് പീഡനക്കേസിന് അടിസ്ഥാനമെന്നതിനാല്‍ ആദ്യം തന്നെ സരിതയുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയേക്കും. പരാതിയില്‍ ഉറച്ചുനില്‍ക്കുയാണെന്ന് സരിത ഇന്നലെയും ആവര്‍ത്തിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com