കൊട്ടക്കമ്പൂരിലെ വ്യാജ പട്ടയം റദ്ദാക്കാനുള്ള സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്ത് സിപിഐ; ജോയ്‌സ് ജോര്‍ജ്ജിനെതിരായ ആരോപണം അടിസ്ഥാനരഹിതം

കൊട്ടക്കമ്പൂര്‍ വില്ലേജില്‍  പി പി തങ്കച്ചനും, കോണ്‍ഗ്രസ് നേതാവ് ബാബു കുര്യാക്കോസും അനധികൃതമായി ഏക്കര്‍ കണക്കിന് ഭൂമി കയ്യേറിയെന്ന് കെ കെ ശിവരാമന്‍ 
കൊട്ടക്കമ്പൂരിലെ വ്യാജ പട്ടയം റദ്ദാക്കാനുള്ള സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്ത് സിപിഐ; ജോയ്‌സ് ജോര്‍ജ്ജിനെതിരായ ആരോപണം അടിസ്ഥാനരഹിതം

തൊടുപുഴ: കൊട്ടക്കമ്പൂര്‍ വില്ലേജില്‍ വ്യാജ പട്ടയം ചമച്ച് ഭൂമി കൈവശം വച്ചിരിക്കുന്നവരുടെ പട്ടയം റദ്ദാക്കാനുള്ള നടപടിയെ സി പി ഐ സ്വാഗതം ചെയ്തു. വ്യാജ പട്ടയം ചമച്ചും അല്ലാതെയും സര്‍ക്കാര്‍ ഭൂമി ആര് കയ്യേറിയാലും ഒഴിപ്പിക്കുക തന്നെ വേണമെന്നതാണ് സി പി ഐയുടെ പ്രഖ്യാപിതനയമെന്ന് സിപിഐ ഇടുക്കി ജില്ലാസെക്രട്ടറി കെ കെ ശിവരാമന്‍ പറഞ്ഞു. ജോയ്‌സ് ജോര്‍ജ് എം പി വ്യാജ പട്ടയം ചമച്ചെന്ന രീതിയിലുള്ള രാഷ്ട്രീയ എതിരാളികളുടെ പ്രചരണം അടിസ്ഥാന രഹിതമാണ്. 2001ല്‍ ജോയ്‌സിന്റെ പിതാവ് വാങ്ങിയ ഭൂമി 2005ല്‍ മക്കള്‍ക്ക് ഭാഗ ഉടമ്പടി വച്ച് നല്‍കിയപ്പോള്‍ ജോയ്‌സ് ജോര്‍ജിനും ഒരു ഭാഗം ലഭിക്കുകയായിരുന്നുവെന്നും ശിവരാമന്‍ പറഞ്ഞു. 

അന്ന് നിയമ വിദ്യാര്‍ത്ഥി ആയിരുന്ന ജോയ്‌സ് പൊതു പ്രവര്‍ത്തന രംഗത്ത് ഉണ്ടായിരുന്നില്ല. ഭാഗ ഉടമ്പടി പ്രകാരം ലഭിച്ച ഭൂമി കൈവശം വച്ച്
അനുഭവിച്ച് വരിക മാത്രമാണ് ജോയ്‌സ് ജോര്‍ജ് ചെയ്തിട്ടുള്ളത്. ഈ ഭൂമിക്ക് വേണ്ടി ഒരു രേഖകളും ജോയ്‌സ് ജോര്‍ജ് ഉണ്ടാക്കിയിട്ടില്ല എന്നിരിക്കെ ജോയ്‌സ് വ്യാജ പട്ടയം ഉണ്ടാക്കിയെന്ന പ്രചരണം രാഷ്ട്രീയ പ്രേരിതമാണ്. സത്യാവസ്ഥ ഇതാണെന്നും, ജോയ്‌സ് ജോര്‍ജ്ജ് വ്യാജ പട്ടയം ചമച്ചെന്ന് കുപ്രചരണം നടത്തുന്നവര്‍ എല്‍ ഡി എഫ് സര്‍ക്കാരിനെ മനപൂര്‍വ്വം താറടിക്കാന്‍ ശ്രമിക്കുകയാണെന്നും ശിവരാമന്‍ പറഞ്ഞു.

കൊട്ടക്കമ്പൂര്‍ വില്ലേജില്‍ യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചനും, ജില്ലയിലെ കോണ്‍ഗ്രസ് നേതാവ് ബാബു കുര്യാക്കോസും ഉള്‍പ്പടെയുള്ളവര്‍ അനധികൃതമായി ഏക്കര്‍ കണക്കിന് ഭൂമി കയ്യേറിയിട്ടുണ്ട്. ഇതിനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നു വന്നിട്ടും അന്വേഷണം നടത്താത്തതിന്
പിന്നില്‍ ദുരൂഹതയുണ്ട്. കോട്ടക്കമ്പൂരിലെ മുഴുവന്‍ കയ്യേറ്റങ്ങളെക്കുറിച്ചും സര്‍ക്കാര്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും സിപിഐ ഇടുക്കി ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com