തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ പിരിച്ചുവിട്ടത് ഹൈന്ദവവിശ്വാസികളോടുള്ള വെല്ലുവിളി; സ്ത്രീ പ്രവേശനത്തെ എതിര്‍ത്തതിനുള്ള പ്രതികാരമാണ് സര്‍ക്കാര്‍ നടപടിയെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍

മണ്ഡലകാലം ആരംഭിക്കാന്‍ നാലു ദിവസം മാത്രം ശേഷിക്കെ സര്‍ക്കാര്‍ എടുത്ത നടപടിയുടെ കാരണം അറിയാന്‍ ആകാംക്ഷയുണ്ട്
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ പിരിച്ചുവിട്ടത് ഹൈന്ദവവിശ്വാസികളോടുള്ള വെല്ലുവിളി; സ്ത്രീ പ്രവേശനത്തെ എതിര്‍ത്തതിനുള്ള പ്രതികാരമാണ് സര്‍ക്കാര്‍ നടപടിയെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍

പത്തനംതിട്ട : തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പിരിച്ചുവിട്ടതിനെതിരെ മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ രംഗത്തെത്തി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ പിരിച്ചുവിട്ടത് ഹൈന്ദവവിശ്വാസികളോടുള്ള വെല്ലുവിളിയാണ്. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിക്കണമെന്ന നിലപാടിനെ എതിര്‍ത്തതിനുള്ള പ്രതികാരമാണ് സര്‍ക്കാര്‍ നടപടിയെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ ആരോപിച്ചു. 

മണ്ഡലകാലം ആരംഭിക്കാന്‍ നാലു ദിവസം മാത്രം ശേഷിക്കെ സര്‍ക്കാര്‍ എടുത്ത നടപടിയുടെ കാരണം അറിയാന്‍ ആകാംക്ഷയുണ്ട്. ദക്ഷിണേന്ത്യയിലെ മുഖ്യമന്ത്രിമാരെയും ദേവസ്വം മന്ത്രിമാരെയും വിളിച്ചുകൂട്ടിയ പതിമൂന്നാം തീയതി തന്നെ തങ്ങളെ പിരിച്ചുവിടണമെന്ന് മുഖ്യമന്ത്രിയ്ക്ക് എന്താണ് നിര്‍ബന്ധം. തങ്ങള്‍ ചെയ്ത തെറ്റ് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. 

വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാന്‍ സര്‍ക്കാരും ഭരണഘടനാസ്ഥാപനങ്ങളും ബാധ്യസ്ഥരാണ്. പദവിയില്ലെങ്കിലും വിശ്വാസികള്‍ക്കൊപ്പം നില്‍ക്കും. എല്ലാ വിഭാഗം ഹിന്ദുക്കളുടെയും ഐക്യം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. ഇതിന് ഇതര മതസ്ഥരുടെ പിന്തുണ തേടുന്നതിന് സര്‍വ മത സമ്മേളനം വിളിച്ചുകൂട്ടുന്നതിനെപ്പറ്റി ആലോചിക്കുമെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. 

മുഖ്യമന്ത്രിയുമായി തനിക്ക് അഭിപ്രായവ്യത്യാസമില്ല. ദേവസ്വം മന്ത്രിയുമായും തനിക്ക് അഭിപ്രായവ്യത്യാസമില്ലെന്നും, അദ്ദേഹത്തിന് ഉണ്ടോ എന്ന് അറിയില്ലെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി രണ്ടു വര്‍ഷമായി കുറച്ചുകൊണ്ട് വെള്ളിയാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്. പ്രയാര്‍ ഗോപാലകൃഷ്ണനും അജയ് തറയിലും ബോര്‍ഡം അംഗങ്ങളായി രണ്ടു വര്‍ഷം തികയുന്നതിന് തൊട്ടുതല്ലേന്നായിരുന്നു മന്ത്രിസഭാ തീരുമാനം. 

ഇതോടെ ഇടതുമുന്നണി നോമിനേറ്റ് ചെയ്ത കെ രാഘവന്‍ മാത്രമായി മൂന്നംഗ ദേവസ്വം ബോര്‍ഡിലെ ഏകപ്രതിനിധി. ഇദ്ദേഹം സ്ഥാനമേറ്റിട്ട് ഒരു വര്‍ഷമേ ആയിട്ടുള്ളൂ. ബോര്‍ഡില്‍ രണ്ടംഗങ്ങളെങ്കിലും ഇല്ലാത്ത സാഹചര്യത്തില്‍ നയപരമായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാത്ത സാഹചര്യമുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com