സ്ഥിതി ഗൗരവമെന്ന് സിപിഎം-സിപിഐ  ചര്‍ച്ചയില്‍ വിലയിരുത്തല്‍; തോമസ് ചാണ്ടി രാജിവെയ്‌ക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് ആവര്‍ത്തിച്ച് എന്‍സിപി 

ഇടതുമുന്നണി യോഗത്തിന് മുന്നോടിയായി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും കാനം രാജേന്ദ്രനും ചര്‍ച്ച നടത്തി 
സ്ഥിതി ഗൗരവമെന്ന് സിപിഎം-സിപിഐ  ചര്‍ച്ചയില്‍ വിലയിരുത്തല്‍; തോമസ് ചാണ്ടി രാജിവെയ്‌ക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് ആവര്‍ത്തിച്ച് എന്‍സിപി 

തിരുവനന്തപുരം : തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങളില്‍ സ്ഥിതി ഗൗരവമെന്ന് സിപിഎം-സിപിഐ ചര്‍ച്ചയില്‍ വിലയിരുത്തല്‍. ഇടതുമുന്നണി നേതൃയോഗത്തിന് മുന്നോടിയായാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ചര്‍ച്ച നടത്തിയത്. കയ്യേറ്റത്തില്‍ കളക്ടറുടെ റിപ്പോര്‍ട്ടിന്മേല്‍ അഡ്വക്കേറ്റ് ജനറലിനോട് സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു. എന്നാല്‍ എജിയുടെ നിയമോപദേശവും തോമസ് ചാണ്ടിയ്‌ക്കെതിരായിരുന്നു. കളക്ടറുടെ റിപ്പോര്‍ട്ട് നിയമപരമായി സാധുതയുള്ളതാണെന്നും, അതിനാല്‍ സര്‍ക്കാരാണ് നടപടി എടുക്കേണ്ടതെന്നും എജി നിയമോപദേശം നല്‍കിയിരുന്നു. 

എജിയുടെ റിപ്പോര്‍ട്ട് കൂടി എതിരായ സാഹചര്യത്തില്‍ ഇനിയും തോമസ് ചാണ്ടിയെ സംരക്ഷിക്കുന്നത് സര്‍ക്കാരിനും ഇടതുമുന്നണിയ്ക്കും വലിയ ക്ഷീണമാകുമെന്നാണ് സിപിഎം-സിപിഐ നേതാക്കള്‍ക്കിടയിലുള്ള പൊതുവികാരം. ഇക്കാര്യം ഇരുപാര്‍ട്ടിനേതാക്കളും പങ്കുവെച്ചതായാണ് സൂചന. മുന്നണി ഘടകകക്ഷിയായ എന്‍സിപിയോട് രാജി ചോദിച്ച് വാങ്ങാതെ, ധാര്‍മ്മികമായ നിലപാട് എടുക്കാന്‍ ഇടതുമുന്നണി യോഗത്തില്‍ സിപിഎം ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന. അതേസമയം ആരോപണവിധേയനായ തോമസ് ചാണ്ടി മന്ത്രിസഭയില്‍ തുടരുന്നത് മുന്നണിയ്ക്ക് നാണക്കേടാണെന്നാണ് സിപിഐയുടെ വിലയിരുത്തല്‍. 

അതേസമയം തോമസ് ചാണ്ടി രാജിവെയ്‌ക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നാണ് എന്‍സിപി നേതാക്കളുടെ നിലപാട്. ഇക്കാര്യം എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരന്‍ മാസ്റ്ററും, പാര്‍ട്ടി നേതാവായ മാണി സി കാപ്പനും ആവര്‍ത്തിച്ചു. ഫോണ്‍വിളി വിവാദത്തില്‍ കുടുങ്ങിയ എ. കെ ശശീന്ദ്രന്‍ കുറ്റവിമുക്തനായി തിരിച്ചെത്തുമ്പോള്‍ തോമസ് ചാണ്ടി രാജിവെയ്ക്കുമെന്ന് പീതാംബരന്‍മാസ്റ്റര്‍ പറഞ്ഞു. ഇക്കാര്യം തോമസ് ചാണ്ടിയും പാര്‍ട്ടി ദേശീയ അധ്യക്ഷനും വ്യക്തമാക്കിയിട്ടുള്ളതാണെന്നും പീതാംബരന്‍മാസ്റ്റര്‍ പറഞ്ഞു. 

രാവിലെ മന്ത്രി തോമസ് ചാണ്ടിയുടെ വസതിയില്‍ എന്‍സിപി നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. മാണി സി കാപ്പന്‍, സുള്‍ഫിക്കര്‍ മയൂരി എന്നിവരാണ് മന്ത്രി തോമസ് ചാണ്ടിയുമായി ചര്‍ച്ച നടത്തിയത്. തുടര്‍ന്ന് മാധ്യമങ്ങളെ കണ്ട മാണി സി കാപ്പന്‍ തോമസ് ചാണ്ടി രാജിവെയ്‌ക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് ആവര്‍ത്തിച്ചു. കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതില്‍ കോടതി വിധി വരുന്നതുവരെ രാജിയില്ലെന്നും, ഇക്കാര്യം പാര്‍ട്ടി എല്‍ഡിഎഫ് യോഗത്തെ അറിയിക്കുമെന്നും മാണി സി കാപ്പന്‍ വ്യക്തമാക്കി. 

തോമസ് ചാണ്ടിക്കെതിരെ തിടുക്കപ്പെട്ട് നടപടി എടുക്കരുതെന്ന് ആവശ്യപ്പെട്ട് എന്‍സിപി ദേശീയ നേതൃത്വവും ഇടതുമുന്നണി നേതൃത്വത്തിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ചൊവ്വാഴ്ച തോമസ് ചാണ്ടി വിഷയം ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. അന്നു തന്നെ കൊച്ചിയില്‍ എന്‍സിപി സംസ്ഥാന നേതൃയോഗവും ചേരുന്നുണ്ട്. അതുവരെ സാവകാശം നല്‍കണമെന്നാണ് ദേശീയനേതൃത്വം ആവശ്യപ്പെടുന്നത്. 

തോമസ് ചാണ്ടിയെ കയ്യേറ്റക്കാരനായി ചിത്രീകരിച്ച് രാജിവെക്കാനുള്ള സാഹചര്യം ഒരുക്കരുതെന്ന് മന്ത്രിയോട് അടുത്ത വൃത്തങ്ങളും എല്‍ഡിഎഫ് നേതാക്കളോട് ആവശ്യപ്പെടുന്നു. രാജിക്കായി അല്‍പ്പം സാവകാശം അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം. ശശീന്ദ്രനായി തോമസ് ചാണ്ടി രാജിവെച്ച് ഒഴിഞ്ഞെന്ന പ്രതീതി സൃഷ്ടിക്കാനാണ് ഇവരുടെ നീക്കം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com