തോമസ് ചാണ്ടിയുടെ രാജി നീട്ടിക്കൊണ്ടുപോകാന്‍ എന്‍സിപി ശ്രമം; നാളെ തീരുമാനം ഉണ്ടാകില്ലെന്ന് പീതാംബരന്‍മാസ്റ്റര്‍

നാളത്തെ യോഗം തോമസ് ചാണ്ടി വിഷയം ചര്‍ച്ച ചെയ്യില്ല. രാജിക്കാര്യത്തില്‍ സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും പീതാംബരന്‍ മാസ്റ്റര്‍
തോമസ് ചാണ്ടിയുടെ രാജി നീട്ടിക്കൊണ്ടുപോകാന്‍ എന്‍സിപി ശ്രമം; നാളെ തീരുമാനം ഉണ്ടാകില്ലെന്ന് പീതാംബരന്‍മാസ്റ്റര്‍

കൊച്ചി : മന്ത്രി തോമസ് ചാണ്ടിയുടെ രാജി നീട്ടിക്കൊണ്ടുപോകാന്‍ എന്‍സിപിയുടെ ശ്രമം. നാളെ കൊച്ചിയില്‍ ചേരുന്ന എന്‍സിപി സംസ്ഥാന നേതൃത്വം രാജിക്കാര്യം ചര്‍ച്ച ചെയ്യില്ലെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരന്‍മാസ്റ്റര്‍. യോഗം നേരത്തെ നിശ്ചയിച്ചതാണ്. നാളത്തെ യോഗം തോമസ് ചാണ്ടി വിഷയം ചര്‍ച്ച ചെയ്യില്ല. രാജിക്കാര്യത്തില്‍ സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. രണ്ടുദിവസത്തിനകം തീരുമാനമെടുക്കാന്‍ എല്‍ഡിഎഫ് അറിയിച്ചിട്ടില്ല. ഹൈക്കോടതി വിധി വരും വരെ കാത്തിരിക്കാനാണ് എന്‍സിപി നേതൃത്വത്തിന്റെ നിലപാട്. 

തോമസ് ചാണ്ടി ഇപ്പോള്‍ രാജിവെച്ചാല്‍ നിലവില്‍ എന്‍സിപിയ്ക്ക് മന്ത്രിസഭയില്‍ പ്രാതിനിധ്യം ഇല്ലാതാകും. ഇതൊഴിവാക്കണമെന്നാണ് ദേശീയ നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഇതനുസരിച്ച് എ കെ ശശീന്ദ്രനെതിരായ കേസ് ഒത്തുതീര്‍പ്പായി കുറ്റവിമുക്തനാകുന്നതുവരെ തോമസ് ചാണ്ടിയുടെ രാജിക്കാര്യം തള്ളിക്കൊണ്ടു പോകാനാണ് എന്‍സിപി നേതൃത്വത്തിന്റെ ശ്രമം. അതല്ല രാജി ഉടന്‍ തന്നെ അനിവാര്യമാണെങ്കില്‍ മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെടട്ടെ. സ്വയം രാജിവെച്ച് ഒഴിയേണ്ടെന്നും എന്‍സിപി നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. 

തോമസ് ചാണ്ടിയുടെ കൈയേറ്റത്തിനെതിരായ ഹര്‍ജികള്‍ ഹൈക്കോടതി നാളെ പരിഗണിക്കും. ഇതില്‍ തനിക്ക് അനുകൂലമായ പരാമര്‍ശം ഉണ്ടാകുമെന്നാണ് തോമസ് ചാണ്ടി പാര്‍ട്ടി നേതൃത്വത്തെ ധരിപ്പിച്ചിട്ടുള്ളത്. തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ രണ്ടുദിവസത്തിനുള്ളില്‍ തീരുമാനമെടുക്കാനാണ് എല്‍ഡിഎഫ് നേതൃയോഗം ആവശ്യപ്പെട്ടിട്ടുള്ളത്. യോഗത്തില്‍ എന്‍സിപി ഒഴികെയുള്ള എല്ലാ പാര്‍ട്ടികളും തോമസ് ചാണ്ടിയുടെ രാജി അനിവാര്യമാണെന്ന നിലപാടെടുത്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com