നഷ്ടപരിഹാര തുക ഉയര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാര്‍; നാടിന്റെ ഭാവി മുന്‍നിര്‍ത്തി സമരത്തില്‍ നിന്ന് പിന്‍മാറണമെന്ന് മന്ത്രി എസി മൊയ്തീന്‍

പിടിവാശിയുടെ അന്തരീക്ഷമല്ല സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പക്ഷെ ചര്‍ച്ച ചെയ്യുമ്പോള്‍ ബാലിശമായ വാദങ്ങള്‍ ഉയര്‍ത്തരുത്
നഷ്ടപരിഹാര തുക ഉയര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാര്‍; നാടിന്റെ ഭാവി മുന്‍നിര്‍ത്തി സമരത്തില്‍ നിന്ന് പിന്‍മാറണമെന്ന് മന്ത്രി എസി മൊയ്തീന്‍

തിരുവനന്തപുരം : ഗെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കുമ്പോഴുള്ള നഷ്ടപരിഹാര തുക വര്‍ധിപ്പിക്കണമെന്ന ആവശ്യത്തില്‍ ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാണെന്ന് വ്യവസായമന്ത്രി എസി മൊയ്തീന്‍. എന്നാല്‍ മാര്‍ക്കറ്റ് വാല്യൂവിനേക്കാള്‍ നാലിരട്ടി വേണമെന്ന പുതിയ വാദഗതി ഇപ്പോള്‍ ഉയര്‍ന്നു വരുന്നുണ്ട്. അത് കേന്ദ്ര ആക്ട് തിരുത്താന്‍ ആവശ്യമായ നടപടി ഉണ്ടായാലേ ചെയ്യാനാകൂ. ഗെയില്‍ അത് കൊടുക്കുന്നതിന് സര്‍ക്കാര്‍ എതിരല്ല. ഗെയിലിനേക്കൊണ്ട് അഞ്ചിരട്ടി നഷ്ടപരിഹാരം വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും മന്ത്രി പറഞ്ഞു. 

നിലവില്‍ വയലുകള്‍ക്ക് നഷ്ടപരിഹാരം കുറവാണ്. അവിടെ മരങ്ങളില്ലാത്തതാണ് കാരണം. ഒരു മൂട് കപ്പയ്ക്ക് 68 രൂപയും ഒരു തെങ്ങിന് 12500 രൂപയും ഒരു ജാതിയ്ക്ക് 54000 രൂപയുമാണ് നഷ്ടപരിഹാരം കൊടുക്കുന്നത്. അത് വര്‍ധിപ്പിക്കണമെങ്കില്‍ ചര്‍ച്ച ചെയ്യാം. വയലിന് കണ്ണൂരിലുണ്ടാക്കിയ പോലെ പ്രത്യേക പാക്കേജ് ഉണ്ടാക്കുന്ന കാര്യവും പരിഗണിക്കാം. അത്തരം കാര്യങ്ങള്‍ ഗെയിലുമായി ചര്‍ച്ച ചെയ്യാം. നഷ്ടപരിഹാര തുക വര്‍ധിപ്പിച്ചതുവഴി ഏകദേശം 116 കോടി രൂപയുടെ ബാധ്യത ഗെയിലിന് പുതുതായി ഉണ്ടായതായും മന്ത്രി പറഞ്ഞു. 

ഗെയില്‍ പദ്ധതിയില്‍ പിടിവാശിയുടെ അന്തരീക്ഷമല്ല സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പക്ഷെ ചര്‍ച്ച ചെയ്യുമ്പോള്‍ ബാലിശമായ വാദങ്ങള്‍ ഉയര്‍ത്തരുത്. രാഷ്ട്രീയപാര്‍ട്ടികള്‍ ആരും ഈ പദ്ധതിയ്‌ക്കെതിരല്ല. സമരസമിതി ആക്ഷന്‍ കൗണ്‍സിലും പദ്ധതി വേണ്ടെന്ന് പറഞ്ഞിട്ടില്ല. ആശങ്കകള്‍ ദൂരീകരിക്കാന്‍ എല്ലാവരും ഒരുമിച്ചു നിന്നാല്‍ ഭാവികേരളത്തിന്റെ ഏറ്റവും വലിയ സൗകര്യമാകും ഗെയില്‍ പദ്ധതിയെന്നും വ്യവസായമന്ത്രി പറഞ്ഞു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com