തോമസ് ചാണ്ടി വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയെന്ന് കോടിയേരി ബാലകൃഷ്ണന്‍

മുഖ്യമന്ത്രി എടുക്കുന്ന തീരുമാനം എല്ലാവരും അംഗീകരിച്ചേ മതിയാകൂ. അത് എന്‍സിപിയ്ക്കും ബാധകമാണെന്നും കോടിയേരി ബാലകൃഷ്ണന്‍
തോമസ് ചാണ്ടി വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയെന്ന് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം : തോമസ് ചാണ്ടി വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിഷയത്തില്‍ തീരുമാനമെടുക്കാന്‍ ഇടതുമുന്നണി യോഗം മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രി എടുക്കുന്ന തീരുമാനം എല്ലാവരും അംഗീകരിച്ചേ മതിയാകൂ. അത് എന്‍സിപിയ്ക്കും ബാധകമാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. 

ആര് നിയമം ലംഘിച്ചാലും നടപടിയുണ്ടാകും. അതില്‍ വിട്ടുവീഴ്ചയില്ലെന്നും കോടിയേരി പറഞ്ഞു. കയ്യേറ്റവുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. തോമസ് ചാണ്ടി രാജിവെക്കണമെന്ന് വിഎസ് അച്യുതാനന്ദനും പന്ന്യന്‍ രവീന്ദ്രനും പരസ്യമായി ആവശ്യപ്പെട്ടിരുന്നു. വിഴുപ്പ് ചുമന്നല്ലേ പറ്റൂവെന്ന്, തോമസ് ചാണ്ടി രാജിവെക്കണമെന്ന് പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് മന്ത്രി ജി സുധാകരനും അഭിപ്രായപ്പെട്ടിരുന്നു. 

ഹൈക്കോടതിയില്‍ അതിരൂക്ഷവിമര്‍ശനമാണ് തോമസ് ചാണ്ടിയ്ക്കും സര്‍ക്കാരിനും നേരിടേണ്ടി വന്നത്. സര്‍ക്കാരിന്റെ ബാഗമായി നിന്ന് സര്‍ക്കാരിനെതിരെ കോടതിയെ സമീപിച്ചത് കേട്ടുകേള്‍വിയില്ലാത്തതാണെന്ന് കോടതി അഭിപ്രായപ്പെട്ടു. മന്ത്രിയ്ക്ക് കൂട്ടുത്തവാദിത്തം നഷ്ടപ്പെട്ടെന്നും, മുഖ്യമന്ത്രിയിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ട മന്ത്രി എങ്ങനെ ഇനി മന്ത്രിയായി തുടരുമെന്നും കോടതി ചോദിച്ചു. അതേസമയം തോമസ് ചാണ്ടി വിഷയത്തില്‍ മുഖ്യമന്ത്രി മൗനം തുടരുകയാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com