നാട്ടില്‍ അഴിമതിക്കെതിരെ 'ഘോര' പോരാട്ടം; ഇവിടെ അഴിമതിയ്ക്ക് കുടപിടിച്ച് നിയമപോരാട്ടം, കോണ്‍ഗ്രസുകാരെ വെട്ടിലാക്കി വിവേക് തന്‍ഖ 

വിവാദമായ വ്യാപം അഴിമതി അടക്കം മധ്യപ്രദേശിലെ ബിജെപി സര്‍ക്കാരിന്റെ അഴിമതിയ്‌ക്കെതിരായ പോരാട്ടങ്ങളിലെ മുന്‍നിര പോരാളിയാണ്, തോമസ് ചാണ്ടിയ്ക്ക് വേണ്ടി വാദിക്കാനെത്തുന്ന അഡ്വ. വിവേക് തന്‍ഖ 
നാട്ടില്‍ അഴിമതിക്കെതിരെ 'ഘോര' പോരാട്ടം; ഇവിടെ അഴിമതിയ്ക്ക് കുടപിടിച്ച് നിയമപോരാട്ടം, കോണ്‍ഗ്രസുകാരെ വെട്ടിലാക്കി വിവേക് തന്‍ഖ 

കൊച്ചി : ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെയും മധ്യപ്രദേശ് സംസ്ഥാനസര്‍ക്കാരിന്റെയും അഴിമതിയ്‌ക്കെതിരായ പോരാട്ടങ്ങളുടെ മുന്‍നിര പോരാളികളിലൊരാളാണ് അഡ്വ. വിവേക് തന്‍ഖ. ദുരൂഹമരണങ്ങളുടെ പേരില്‍ ഏറെ വിവാദമായ വ്യാപം അഴിമതി കേസിലെ വിവരങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ പരിശ്രമിച്ച അഭിഭാഷകനാണ് തന്‍ഖ. മധ്യപ്രദേശ് മുന്‍ അഡ്വക്കേറ്റ് ജനറലായിരുന്ന വിവേക് തന്‍ഖ, സംസ്ഥാനത്തുനിന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ എന്ന പദവിയിലെത്തിയ ആദ്യ അഭിഭാഷകന്‍ കൂടിയാണ്. 

സുപ്രീംകോടതിയിലെ സീനിയര്‍ അഭിഭാഷകരിലൊരാളായ വിവേക് തന്‍ഖ,, കോണ്‍ഗ്രസിന്റെ രാജ്യസഭാംഗവും, കോണ്‍ഗ്രസ് ലീഗല്‍ സെല്ലിലെ പ്രധാനികളിലൊരാളുമാണ്. ഗുജറാത്തില്‍ അടുത്തിടെ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കുതിരക്കച്ചവടം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച കോണ്‍ഗ്രസ് സംഘത്തിലുള്‍പ്പെട്ട നേതാവ് കൂടിയാണ് വിവേക് തന്‍ഖ. തെരഞ്ഞെടുപ്പ് വിജയത്തിനായി ബിജെപി അഴിമതിയും ക്രമക്കേടും കാണിക്കുന്നതായും ഗുലാം നബി ആസാദ്, വിവേക് തന്‍ഖ, അഭിഷേക് മനു സിംഗ്‌വി എന്നിവരടങ്ങിയ സംഘം ആരോപിച്ചിരുന്നു. ബിജെപി സര്‍ക്കാരിന്റെ അഴിമതിയ്‌ക്കെതിരെ കോണ്‍ഗ്രസ് അഭിഭാഷകസംഘം ഡല്‍ഹിയില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചപ്പോള്‍ അതില്‍ മുന്‍നിരയിലുണ്ടായിരുന്ന നേതാവ് കൂടിയാണ് വിവേക് തന്‍ഖ. അഴിമതിയ്‌ക്കെതിരെ അന്ന് പ്രതിഷേധിച്ച തന്‍ഖ, ഇന്ന് അഴിമതിയ്ക്ക് അനുകൂലമായി വാദിക്കാനെത്തുന്നു എന്നത് കോണ്‍ഗ്രസിനെയും പ്രതിരോധത്തിലാക്കുന്നു. 

തോമസ് ചാണ്ടിയുടെ രാജിക്കായി കോണ്‍ഗ്രസ് പ്രക്ഷോഭം ശക്തമാക്കുമ്പോള്‍, എതിര്‍വാദത്തിനായി കോണ്‍ഗ്രസ് എംപി തന്നെ എത്തുന്നത് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന് കനത്ത ആഘാതമായി. മന്ത്രിയെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് രമേശ് ചെന്നിത്തല ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നതിനിടെയാണ് തോമസ് ചാണ്ടിയെ രക്ഷിക്കാനായി കോണ്‍ഗ്രസ് എം പിയുടെ രംഗപ്രവേശം. തോമസ് ചാണ്ടിക്കുവേണ്ടി വാദിക്കാന്‍ കോണ്‍ഗ്രസ് എം പി വരുന്നത് നിര്‍ഭാഗ്യകരമായ സംഭവമാണെന്നും ഒഴിവാക്കേണ്ടിയിരുന്നതാണെന്നും വി എം സുധീരന്‍ പ്രതികരിച്ചു. സാമ്പത്തികനേട്ടത്തിനുവേണ്ടിയുള്ള ഇത്തരം സമീപനം പാര്‍ട്ടിയ്ക്ക് ശാപമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തന്‍ഖയെ കേസില്‍ ഹാജരാകുന്നതില്‍ നിന്ന് വിലക്കാന്‍ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെടുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും, കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താനും വ്യക്തമാക്കി.

കേസില്‍ ഹൈക്കോടതിയില്‍ ഹാജരാകാനായി തിങ്കളാഴ്ച വൈകീട്ടോടെ തന്നെ വിവേക് തന്‍ഖ കൊച്ചിയിലെത്തി. കായല്‍ കൈയേറ്റ ആരോപണത്തില്‍ കളക്ടറുടെ റിപ്പോര്‍ട്ട് ഏകപക്ഷീയമാണെന്നും, അത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് തോമസ് ചാണ്ടി ഹര്‍ജി നല്‍കിയിട്ടുള്ളത്. ലേക് പാലസ് ഒരു കമ്പനിയുടെ കൈവശമുള്ള സ്ഥാപനമാണ്. കമ്പനിയുടെ ഭാഗം കേള്‍ക്കാതെയാണ് കളക്ടര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അതിനാല്‍ തന്നെ സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടു. തന്നെ വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്. കേസുമായി ബന്ധപ്പെട്ട നടപടികള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്  ചെയ്യുന്നത് വിലക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com