ഹസ്സന്റെ ആവശ്യം തള്ളി; തോമസ് ചാണ്ടി സുഹൃത്ത്, കോടതിയില്‍ ഹാജരാകുമെന്ന് വിവേക് തന്‍ഖ 

വിവേക് തന്‍ഖ തോമസ് ചാണ്ടിയ്ക്ക് വേണ്ടി ഹാജരാകുന്നതില്‍ കെപിസിസി നേതൃത്വം ഹൈക്കമാന്‍ഡിനെ അതൃപ്തി അറിയിച്ചു 
ഹസ്സന്റെ ആവശ്യം തള്ളി; തോമസ് ചാണ്ടി സുഹൃത്ത്, കോടതിയില്‍ ഹാജരാകുമെന്ന് വിവേക് തന്‍ഖ 

കൊച്ചി : തോമസ് ചാണ്ടിയ്ക്ക് വേണ്ടി ഹാജരാകരുതെന്ന കെപിസിസി പ്രസിഡന്റ് എംഎം ഹസ്സന്റെ ആവശ്യം അഡ്വ. വിവേക് തന്‍ഖ തള്ളി. അഭിഭാഷകനെന്ന നിലയിലാണ് കേസ് ഏറ്റെടുത്തതെന്ന് തന്‍ഖ ട്വിറ്ററില്‍ വിശദീകരിച്ചു. തോമസ് ചാണ്ടി തന്റെ സുഹൃത്താണ്. ജില്ലാ കളക്ടററുടെ റിപ്പോര്‍ട്ടിനെതിരെ മന്ത്രി കോടതിയെ സമീപിക്കുന്നത് അപൂര്‍വ സംഭവമാണ്. വിഷയത്തിലെ മാധ്യമശ്രദ്ധയും പൊതുജന താല്‍പ്പര്യവും കേരളത്തിന്റെ പ്രത്യേകതയാണ്. കളക്ടറാണോ ശരി, മന്ത്രിയാണോ ശരിയെന്ന് കോടതി തീരുമാനിക്കട്ടെയെന്നും വിവേക് തന്‍ഖ അഭിപ്രായപ്പെട്ടു.
 

അതേസമയം കേസില്‍ തന്‍ഖ ഹാജരാകുന്നതില്‍ കെപിസിസി നേതൃത്വവും അതൃപ്തിയിലാണ്. കെപിസിസിയുടെ അതൃപ്തി അധ്യക്ഷന്‍ എംഎം ഹസ്സന്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചു. മന്ത്രിയെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് രമേശ് ചെന്നിത്തല ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നതിനിടെയാണ് തോമസ് ചാണ്ടിയെ രക്ഷിക്കാനായി കോണ്‍ഗ്രസ് എം പിയുടെ രംഗപ്രവേശം.

തോമസ് ചാണ്ടിക്കുവേണ്ടി വാദിക്കാന്‍ കോണ്‍ഗ്രസ് എം പി വരുന്നത് നിര്‍ഭാഗ്യകരമായ സംഭവമാണെന്നും ഒഴിവാക്കേണ്ടിയിരുന്നതാണെന്നും വി എം സുധീരന്‍ പ്രതികരിച്ചു. സാമ്പത്തികനേട്ടത്തിനുവേണ്ടിയുള്ള ഇത്തരം സമീപനം പാര്‍ട്ടിയ്ക്ക് ശാപമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തന്‍ഖയെ കേസില്‍ ഹാജരാകുന്നതില്‍ നിന്ന് വിലക്കാന്‍ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെടുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും, കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താനും വ്യക്തമാക്കിയിരുന്നു.

അതിനിടെ തോമസ് ചാണ്ടിയ്ക്ക് വേണ്ടി കോണ്‍ഗ്രസ് എംപി കൂടിയായ വിവേക് തന്‍ഖ ഹാജരാകുന്ന കാര്യം അറിഞ്ഞിട്ടില്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്  വ്യക്തമാക്കി. മാധ്യമങ്ങളില്‍ കൂടിയാണ് തന്‍ഖ കേസില്‍ ഹാജരാകുന്ന കാര്യം അറിഞ്ഞത്. തോമസ് ചാണ്ടിയുടെ കേസ് ഏറ്റെടുത്ത കാര്യം പാര്‍ട്ടിയോട് ആലോചിച്ചിട്ടില്ലെന്നും എഐസിസി നേതൃത്വം അറിയിച്ചു. തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷം പ്രക്ഷോഭം ശക്തമാക്കുന്നതിനിടെയാണ്, കോണ്‍ഗ്രസിനെയും യുഡിഎഫിനെയും വെട്ടിലാക്കി, തോമസ് ചാണ്ടിയ്ക്ക് അനുകൂലമായി കോണ്‍ഗ്രസ് രാജ്യസഭാംഗം കൂടിയായ വിവേക് തന്‍ഖ എത്തിയത്. മധ്യപ്രദേശ് മുന്‍ അഡ്വക്കേറ്റ് ജനറലായ തന്‍ഖ, സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com