മന്ത്രി തോമസ് ചാണ്ടിയ്ക്ക് ഇന്ന് നിര്‍ണായകം; കൈയേറ്റവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയില്‍

മന്ത്രിയ്ക്കു വേണ്ടി കോടതിയില്‍ ഹാജരാകുന്നത് കോണ്‍ഗ്രസ് എംപിയായ വിവേക് തന്‍ഖയാണ്. എന്‍സിപി സംസ്ഥാന നേതൃയോഗവും ഇന്ന് കൊച്ചിയില്‍ ചേരും 
മന്ത്രി തോമസ് ചാണ്ടിയ്ക്ക് ഇന്ന് നിര്‍ണായകം; കൈയേറ്റവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി : കായല്‍ കൈയേറ്റ വിഷയത്തില്‍ വിവാദക്കുരുക്കിലായ മന്ത്രി തോമസ് ചാണ്ടിയ്ക്ക് ഇന്ന് നിര്‍ണായകം. മന്ത്രിയുമായി ബന്ധപ്പെട്ട നാലുഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിയ്ക്കും. മന്ത്രിയുടെ കായല്‍ കൈയേറ്റത്തിനെതിരെ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജികളും, കൈയേറ്റം സ്ഥിരീകരിച്ച് കളക്ടര്‍ ടിവി അനുപമ സമര്‍പ്പിച്ച റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് ചാണ്ടി സമര്‍പ്പിച്ച ഹര്‍ജിയുമാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുന്നത്. മുന്നണിയിലും പുറത്തും മന്ത്രിയുടെ രാജി ആവശ്യം ശക്തമാകുമ്പോഴും, അധികാരത്തില്‍ കടിച്ചുതൂങ്ങുന്ന മന്ത്രിയും അനുചരരും, കോടതിയില്‍ നിന്നും എന്തെങ്കിലും അനുകൂല പരാമര്‍ശമുണ്ടാകുമോ എന്ന പ്രതീക്ഷയിലാണ്. 


കേസില്‍ മന്ത്രിയ്ക്കു വേണ്ടി മധ്യപ്രദേശ് മുന്‍ അഡ്വക്കേറ്റ് ജനറലും, കോണ്‍ഗ്രസ് എംപിയുമായ വിവേക് തന്‍ഖയാണ് ഹാജരാകുന്നത്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമരരംഗത്തുള്ള പ്രതിപക്ഷത്തിന് വന്‍ തിരിച്ചടിയാണ് കോണ്‍ഗ്രസ് രാജ്യസഭാംഗമായ വിവേക് തന്‍ഖ കേസില്‍ തോമസ് ചാണ്ടിയ്ക്ക് വേണ്ടി ഹാജരാകുന്നത്. ബിജെപി സര്‍ക്കാരിന്റെ അഴിമതിയ്‌ക്കെതിരെ കോണ്‍ഗ്രസ് അഭിഭാഷകസംഘം ഡല്‍ഹിയില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചപ്പോള്‍ അതില്‍ മുന്‍നിരയിലുണ്ടായിരുന്ന നേതാവ് കൂടിയാണ് വിവേക് തന്‍ഖ. അഴിമതിയ്‌ക്കെതിരെ അന്ന് പ്രതിഷേധിച്ച തന്‍ഖ, ഇന്ന് അഴിമതിയ്ക്ക് അനുകൂലമായി വാദിക്കാനെത്തുന്നു എന്നത് കോണ്‍ഗ്രസിനെയും പ്രതിരോധത്തിലാക്കുന്നു. തന്‍ഖയെ കേസില്‍ ഹാജരാകുന്നതില്‍ നിന്ന് വിലക്കാന്‍ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെടുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും, കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താനും വ്യക്തമാക്കി. 

അതിനിടെ എന്‍സിപിയുടെ സംസ്ഥാന നേതൃയോഗവും ഇന്ന് കൊച്ചിയില്‍ ചേരുന്നുണ്ട്. ഉച്ചയ്ക്ക് ശേഷമാണ് യോഗം. യോഗത്തില്‍ തോമസ് ചാണ്ടിയുടെ രാജിക്കാര്യം ചര്‍ച്ച ചെയ്യില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ ടി പി പീതാംബരന്‍മാസ്റ്റര്‍ പറഞ്ഞിട്ടുണ്ടെങ്കിലും, തോമസ് ചാണ്ടി വിഷയവും ചര്‍ച്ചയാകുമെന്നാണ് സൂചന. യോഗത്തില്‍ ശശീന്ദ്രന്‍ വിഭാഗം സ്വീകരിക്കുന്ന നിലപാടും നിര്‍ണായകമാകും. കോടതിയില്‍ നിന്ന് പ്രതികൂല പരാമര്‍ശങ്ങള്‍ ഉണ്ടായാല്‍ രാജിയല്ലാതെ പോംവഴിയില്ല എന്നതും എന്‍സിപി നേതൃത്വത്തെ പ്രതിരോധത്തിലാക്കുന്നുണ്ട്. 


മന്ത്രി തോമസ് ചാണ്ടിക്കെതിരായ നടപടിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഇടതുമുന്നണി നേതൃത്വം മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയതിന് പിന്നാലെയാണ് എന്‍സിപി രാജിക്കാര്യം അജണ്ടയിലില്ലെന്ന് പ്രഖ്യാപിച്ചത്. അതേസമയം മന്ത്രി രാജിവെക്കണമെന്ന് വിഎസ് അച്യുതാനന്ദനും പന്ന്യന്‍ രവീന്ദ്രനും പരസ്യമായി ആവശ്യപ്പെട്ടു. രാജിവെച്ചില്ലെങ്കില്‍ തോമസ് ചാണ്ടിയെ പിടിച്ച് പുറത്താക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു. മുന്നണിയിലെ രണ്ട് പ്രധാന നേതാക്കള്‍ തോമസ് ചാണ്ടിയുടെ രാജിയാവശ്യം പരസ്യമായി പ്രഖ്യാപിച്ചതോടെ മുഖ്യമന്ത്രിക്കും ഇനി തീരുമാനം അനന്തമായി നീട്ടിക്കൊണ്ടുപോകാനാകാത്ത സാഹചര്യമാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com