"മന്ത്രിയ്ക്ക് കൂട്ടുത്തരവാദിത്തം നഷ്ടമായി; മന്ത്രിയെ അയോഗ്യനാക്കേണ്ട സാഹചര്യ"മെന്ന് കോടതി

കോടതിയെ സമീപിച്ച് തല്‍സ്ഥാനത്ത് തുടരാനാണ് മന്ത്രിയുടെ ശ്രമം. ഇത് ദൗര്‍ഭാഗ്യകരമാണെന്ന് കോടതി
"മന്ത്രിയ്ക്ക് കൂട്ടുത്തരവാദിത്തം നഷ്ടമായി; മന്ത്രിയെ അയോഗ്യനാക്കേണ്ട സാഹചര്യ"മെന്ന് കോടതി

കൊച്ചി : കൈയേറ്റ വിഷയത്തില്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. സര്‍ക്കാര്‍ സംവിധാനമായ കളക്ടറുടെ റിപ്പോര്‍ട്ടിനെതിരെ മന്ത്രി കോടതിയെ സമീപിച്ചത് കൂട്ടുത്തരവാദിത്തം നഷ്ടമായതിന് തെളിവെന്ന് കോടതി അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയിലും മന്ത്രിസഭയിലും മന്ത്രിയ്ക്ക് വിശ്വാസം നഷ്ടപ്പെട്ടതിന് തെളിവാണിത്. മന്ത്രിസഭാ തീരുമാനത്തിനെതിരെ ഒരു മന്ത്രിയ്ക്ക് ഹര്‍ജി നല്‍കാന്‍ സാധിക്കുന്നതെങ്ങനെ? ഇത് ഭരണഘടനാ ലംഘനമല്ലേ? സ്വന്തം സര്‍ക്കാരിനെതതിരെ മന്ത്രി കേസ് കൊടുക്കുന്നത് ആദ്യമായാണ്. ലോകത്തൊരിടത്തും കേട്ടുകേള്‍വിയില്ലാത്ത കാര്യമാണെന്നും കോടതി അഭിപ്രായപ്പെട്ടു. 

കോടതിയെ സമീപിച്ച് തല്‍സ്ഥാനത്ത് തുടരാനാണ് മന്ത്രിയുടെ ശ്രമം. ഇത് ദൗര്‍ഭാഗ്യകരമാണ്. അയോഗ്യത കല്‍പ്പിക്കാന്‍ മതിയായ സാഹചര്യമാണിത്. ഇനി എങ്ങനെ മന്ത്രിയായി തുടരും ? എങ്ങനെ മന്ത്രിസഭായോഗത്തില്‍ ഇരിക്കുമെന്നും കോടതി ചോദിച്ചു. സര്‍ക്കാരിനെതിരെ മന്ത്രി കോടതിയെ സമീപിച്ചത് തെറ്റാണെന്നും ഡിവിഷന്‍ ബെഞ്ച് വാക്കാല്‍ അഭിപ്രായപ്പെട്ടു. തോമസ് ചാണ്ടിയുടെ കൈയേറ്റം മന്ത്രിയാകുന്നത് മുമ്പാണെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോര്‍ണി കെ വി സോഹന്‍ അഭിപ്രായപ്പെട്ടിരുന്നു. അറ്റോര്‍ണിയുടെ നിലപാടിനെ കോടതി വിമര്‍ശിച്ചു. ഹര്‍ജിയെ സര്‍ക്കാര്‍ എതിര്‍ക്കാത്തത് ആശ്ചര്യകരമാണെന്ന് കോടതി പറഞ്ഞു. ഇതിന് പിന്നാലെ തോമസ് ചാണ്ടിയെ അനുകൂലിച്ച സര്‍ക്കാര്‍ അഭിഭാഷകന്‍ നിലപാട് മാറ്റി. 

തോമസ് ചാണ്ടി ഹര്‍ജി നല്‍കിയത് ശരിയായ രീതിയല്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ നിലപാടെടുത്തു. ഭൂമി നികത്തിയതുമായി ബന്ധപ്പെട്ട് ക്രമക്കേടുണ്ടായിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് കളക്ടറുടെ റിപ്പോര്‍ട്ട് ഫാക്ട് ഫൈന്‍ഡിംഗാണ്. അതിനെതിരെ പരാതിയുണ്ടെങ്കില്‍ അവിടെയാണ് പരാതി നല്‍കേണ്ടതെന്ന് തോമസ് ചാണ്ടിയോട് കോടതി നിര്‍ദേശിച്ചു. നിങ്ങളുടെ ഭാഗം കളക്ടറുടെ മുന്നിലാണ് വാദിക്കേണ്ടിയിരുന്നത്. ഇതിന് നിയമപരമായ സാധുതയില്ലെന്നും കോടതി നിരീക്ഷിച്ചു. 

വാട്ടര്‍വേള്‍ഡ് കമ്പനിയുടെ ഉടമസ്ഥന്‍ തോമസ് ചാണ്ടി തന്നെയാണോ എന്ന് കോടതി ചോദിച്ചു. വ്യക്തിപരമായ ഉത്തരവാദിത്തത്തില്‍ നിന്നും തോമസ് ചാണ്ടിയ്ക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. ലേക് പാലസ് റിസോര്‍ട്ടില്‍ മന്ത്രിയ്ക്കും കുടുംബാംഗങ്ങള്‍ക്കും എത്ര ഓഹരി പങ്കാളിത്തമുണ്ടെന്ന് അറിയിക്കാനും കോടതി നിര്‍ദേശിച്ചു. 

മധ്യപ്രദേശ് മുന്‍ അഡ്വക്കേറ്റ് ജനറലും, കോണ്‍ഗ്രസ് എംപിയുമായ വിവേക് തന്‍ഖയാണ് തോമസ് ചാണ്ടിയ്ക്ക് വേണ്ടി ഹൈക്കോടതിയില്‍ ഹാജരാകുന്നത്. തോമസ് ചാണ്ടിയുടെ ഹര്‍ജിയും തോമസ് ചാണ്ടിയുടെ കൈയേറ്റത്തിനെതിരെ സമര്‍പ്പിച്ചിട്ടുള്ള പൊതുതാല്‍പ്പര്യ ഹര്‍ജികളും ഒറ്റ കേസായാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുന്നത്. കേസിന്റെ തുടക്കം മുതല്‍ തോമസ് ചാണ്ടിക്കെതിരെ കോടതി രൂക്ഷവിമര്‍ശനമാണ് ഉയര്‍ത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com