'മുസ്ലീങ്ങള്‍ ഇവിടെ ജീവിക്കേണ്ട, സ്വന്തം നാട്ടിലേക്ക് പോയില്ലെങ്കില്‍ കൊന്നുകളയും'; കാട്ടാക്കടയില്‍ മുസ്ലീം യുവാവിന് ക്രൂരമര്‍ദ്ദനം

മതസൗഹാര്‍ദ്ദത്തിന് പേരുകേട്ട കേരളത്തിലാണ് അന്യസംസ്ഥാന തൊഴിലാളിക്ക് തന്റെ മതത്തിന്റെ പേരില്‍ ക്രൂര മര്‍ദ്ദനമേല്‍ക്കേണ്ടി വന്നത്
'മുസ്ലീങ്ങള്‍ ഇവിടെ ജീവിക്കേണ്ട, സ്വന്തം നാട്ടിലേക്ക് പോയില്ലെങ്കില്‍ കൊന്നുകളയും'; കാട്ടാക്കടയില്‍ മുസ്ലീം യുവാവിന് ക്രൂരമര്‍ദ്ദനം

കാട്ടാക്കട: നാടുവിട്ട് പോകണം എന്നാവശ്യപ്പെട്ട് മുസ്ലീം യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. മതസൗഹാര്‍ദ്ദത്തിന് പേരുകേട്ട കേരളത്തിലാണ് അന്യസംസ്ഥാന തൊഴിലാളിക്ക് തന്റെ മതത്തിന്റെ പേരില്‍ ക്രൂര മര്‍ദ്ദനമേല്‍ക്കേണ്ടി വന്നത്. കാട്ടാക്കട മാര്‍ക്കറ്റിന് സമീപത്തെ ഹോട്ടലില്‍ പാചകതൊഴിലാളിയായി ജോലി ചെയ്യുന്ന ജാര്‍ഖണ്ഡ് സ്വദേശി കലാം എന്ന ഇര്‍സാബിനെയാണ് മൂന്ന് പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് ആവശനാക്കിയത്. 

ഞായറാഴ്ച രാത്രി ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോകുന്ന വഴി എസ് എന്‍ നഗറില്‍വെച്ചാണ് സംഭവമുണ്ടായത്. പേരും മതവുമെല്ലാം ചോദിച്ച് അറിഞ്ഞതിന് ശേഷമായിരുന്നു ആക്രമണം. മുസ്ലീം ആണോയെന്ന് ചോദിച്ച് കൈയില്‍ കരുതിയിരുന്ന ഇരുമ്പ് കമ്പി കൊണ്ട് മര്‍ദ്ദിക്കുകയായിരുന്നെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തു.

'മുസ്ലീങ്ങള്‍ ഇവിടെ ജീവിക്കേണ്ട, സ്വന്തം നാട്ടിലേക്ക് പോകണം. അല്ലെങ്കില്‍ കൊന്നുകളയും'  എന്ന് ഭീഷണിപ്പെടുത്തിയതായി കലാം പറഞ്ഞു. മര്‍ദ്ദനമേറ്റ് ഉറക്കെ നിലവിളിച്ചെങ്കിലും പരിസരത്തൊന്നും ആരും ഉണ്ടായിരുന്നില്ല. ഒടുവില്‍ ആക്രമികളില്‍ ഒരാളെ തള്ളിവീഴ്ത്തിയതിന് ശേഷം വീട്ടിലേക്ക് ഓടുകയായിരുന്നെന്നും കലാം പറഞ്ഞു. 

ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കലാമിനെ തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം അറിഞ്ഞെത്തിയ ചിലരാണ് കലാമിനെ കാട്ടാക്കട സര്‍ക്കാര്‍ ആശുപത്രിയില്‍ കൊണ്ടുപോയത്. നെഞ്ചില്‍ എല്ലിന് പൊട്ടലുണ്ടെന്ന് ഡെക്റ്റര്‍ പറഞ്ഞതിനെത്തുടര്‍ന്ന് മെഡിക്കല്‍ കൊളേജിലേക്ക് മാറ്റുകയായിരുന്നു. അഞ്ച് മാസമായി കാട്ടാക്കടയില്‍ ജോലി ചെയ്യുകയായിരുന്ന കലാം കുടുംബത്തിനൊപ്പമാണ് എസ് എന്‍ നഗറില്‍ താമസിക്കുന്നത്. പരാതി ലഭിച്ചതിനെത്തുടര്‍ന്ന് ആര്യനാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com