വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്: തോമസ് ഐസക്കിനെതിരേയും വ്യക്തിപൂജ ആരോപണം

കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ ആരോപണം ഉയര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ധനമന്ത്രി തോമസ് ഐസക്കിനെതിരേയും വിമര്‍ശനം
വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്: തോമസ് ഐസക്കിനെതിരേയും വ്യക്തിപൂജ ആരോപണം

തിരുവനന്തപുരം: പാര്‍ട്ടിക്കും മുകളില്‍ വളരാന്‍ ശ്രമിക്കുന്നുവെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ ആരോപണം ഉയര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ധനമന്ത്രി തോമസ് ഐസക്കിനെതിരേയും വിമര്‍ശനം ഉണ്ടായി. 

കേരളത്തെ കമ്യൂണിസ്റ്റുകളുടെ സ്വപ്‌നഭൂമിയായി ചിത്രീകരിച്ച് അമേരിക്കന്‍ പത്രമായ വാഷിങ്ടണ്‍ പോസ്റ്റില്‍ വന്ന റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടാണ് ഐസക് ആരോപണവിധേയനയായത്. ഐസക്കിനെ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കേന്ദ്രബിന്ദുവായി എടുത്തുകാട്ടുന്ന റിപ്പോര്‍ട്ടും വ്യക്തിപൂജയാണെന്നായിരുന്നു വിമര്‍ശനം. മുഖ്യമന്ത്രി പിണറായി വിജയനും വിമര്‍ശനത്തില്‍ പങ്കുചേര്‍ന്നതായാണ് സൂചന. എന്നാല്‍ പത്രം വാര്‍ത്ത അവതരിപ്പിച്ച രീതിയില്‍ തനിക്ക് പങ്കില്ലെന്നായിരുന്നു ഐസക്കിന്റെ പ്രതികരണം. 

ഒക്ടോബര്‍ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു വാഷിങ്ടണ്‍ പോസ്റ്റ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെക്കുറിച്ചും കമ്മ്യൂണിസ്റ്റ് ഭരണത്തെക്കുറിച്ചും റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. കേരള ധനമന്ത്രി തോമസ് ഐസക്കിനൊപ്പം സഞ്ചരിച്ച് പ്രസിദ്ധീകരിച്ചതാണ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടില്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് മോഡലിനെക്കുറിച്ച് തോമസ് ഐസക്കിന്റെ വിലയിരുത്തലുകളും ഉണ്ടായിരുന്നു. എന്നാല്‍ സിപിഎം സംസ്ഥാന സെക്രട്ടറിയെക്കുറിച്ചോ മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ചോ റിപ്പോര്‍ട്ടില്‍ ഒന്നും പറഞ്ഞിരുന്നില്ല. റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച് വന്നതിന് പിന്നാലെതന്നെ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ തോമസ് ഐസക്കിനെതിരെ വിമര്‍ശനുമായി രംഗത്തെത്തിയിരുന്നു. 

ശനിയാഴ്ചത്തെ സംസ്ഥാനസമിതിയില്‍ പി. ജയരാജനൊപ്പം സംസ്ഥാനകമ്മിറ്റി അംഗം കെ.കെ. രാഗേഷിനും രൂക്ഷവിമര്‍ശനം നേരിടേണ്ടിവന്നു. സംസ്ഥാന സമിതി അംഗങ്ങളാരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നില്ല. അജന്‍ഡയില്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിങ്ങും ജയരാജന്റെയും കെ.കെ. രാഗേഷിന്റെയും വിശദീകരണവും സെക്രട്ടറിയുടെ മറുപടിയും മാത്രമാണ് ഉണ്ടായിരുന്നത്. 

വിമര്‍ശനസ്വയംവിമര്‍ശനങ്ങള്‍ വേണ്ടവിധത്തില്‍ നടക്കുന്നില്ലെന്നതിന് തെളിവാണ് ജില്ലാ സെക്രട്ടറിയെ പ്രത്യേകമായി ഉയര്‍ത്തിക്കാട്ടുന്ന പ്രവണത. അതിനെ തടയാന്‍ ശ്രമിക്കുന്നതിന് പകരം പ്രോത്സാഹിപ്പിച്ചതായി സംസ്ഥാന സെക്രട്ടേറിയറ്റ് നിരീക്ഷിച്ചതായി കോടിയേരി യോഗത്തെ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com