അന്വേഷണ സംഘത്തിന് ചില വിവരങ്ങള്‍ ലഭിച്ചു? ; നടന്‍ ദിലീപിന് പിന്നാലെ സഹോദരനെയും ചോദ്യം ചെയ്യുന്നു

കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്പ് ചില കാര്യങ്ങളില്‍ വ്യക്തത വരുത്തുക ലക്ഷ്യമിട്ടാണ് ചോദ്യം ചെയ്യല്‍
അന്വേഷണ സംഘത്തിന് ചില വിവരങ്ങള്‍ ലഭിച്ചു? ; നടന്‍ ദിലീപിന് പിന്നാലെ സഹോദരനെയും ചോദ്യം ചെയ്യുന്നു

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് പിന്നാലെ സഹോദരനെയും അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്പ് ചില കാര്യങ്ങളില്‍ വ്യക്തത വരുത്തുക ലക്ഷ്യമിട്ടാണ് ചോദ്യം ചെയ്യല്‍. നോട്ടീസ് നല്‍കി ആലുവ പൊലീസ് ക്ലബ്ബില്‍വിളിച്ചു വരുത്തിയാണ് അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്് എന്നാണ് സൂചന. 

എസ് പി സുദര്‍ശന്‍, ഡിവൈഎസ്പി സോജന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ അന്വേഷണസംഘത്തിന് ചില സുപ്രധാന വിവരങ്ങള്‍ ലഭിച്ചതായാണ് റിപ്പോര്‍ട്ട്. ദിലീപിന്റെ അറസ്റ്റിനു ശേഷവും, ദിലീപ് ജാമ്യത്തില്‍ ഇറങ്ങിയ ശേഷവുമാണ് ചില വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. ഇതില്‍ വ്യക്തത വരുത്താന്‍ നേരത്തെ ദിലീപിനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ദിലീപിന്റെ സഹോദരനെയും അന്വേഷണ സംഘം വിളിച്ചുവരുത്തിയത്. 

ദിലീപ് ജാമ്യത്തില്‍ ഇറങ്ങിയശേഷം ചില സാക്ഷികളെ സ്വാധീനിക്കാന്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് ശ്രമങ്ങള്‍ നടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഏഴാം പ്രതിയായ ചാര്‍ളി അടക്കമുള്ളവരുടെ കാര്യത്തില്‍ പൊലീസിന് ചില സംശയങ്ങളുണ്ട്. ഈ സാഹചര്യത്തില്‍ അത്തരം നീക്കങ്ങളുമായി മുന്നോട്ടുപോയാല്‍ ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെട്ട് നടപടി സ്വീകരിക്കേണ്ടി വരുമെന്നും അന്വേഷണസംഘം ദിലീപിനെ അറിയിച്ചതായാണ് സൂചന.

ദിലീപ് ജാമ്യത്തിലിറങ്ങി ഏതാനും ദിവസങ്ങള്‍ക്കകം കേസിലെ പ്രധാന സാക്ഷി കൂറുമാറിയതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ജാമ്യത്തിലിറങ്ങുന്നതിന് മുമ്പാണ് സാക്ഷി കൂറുമാറി മജിസ്‌ട്രേറ്റിന് രഹസ്യമൊഴി നല്‍കിയത്. അതിന് പിന്നില്‍ ദിലീപിന്റെ സഹായികളാണെന്നാണ് പൊലീസിന്റെ സംശയം. ദിലീപിന്റെ ഭാര്യ കാവ്യ മാധവന്റെ വസ്ത്രസ്ഥാപനമായ. ലക്ഷ്യയിലെ ജീവനക്കാരനാണ് കൂറുമാറിയത്. നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയും കൂട്ടാളി വിജീഷും കീഴടങ്ങുന്നതിന് മുമ്പ് ലക്ഷ്യയില്‍ വന്നിരുന്നതായാണ് ഇയാള്‍ പൊലീസിനോട് മൊഴി നല്‍കിയിരുന്നത്. പിന്നീട് മജിസ്‌ട്രേറ്റിന് മുന്നില്‍ സുനിയെ അറിയില്ലെന്ന് മൊഴി മാറ്റുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com