അനുപമ: തോമസ് ചാണ്ടി എന്ന അതികായന്റെ പതനത്തിനു പിന്നില്‍ ഇവരുടെ കര്‍ത്തവ്യബോധം കൂടിയുണ്ട്‌

ഐഎഎസ് എന്ന സ്വപ്‌നം നേടിയെടുക്കാന്‍ എത്രമാത്രം നിശ്ചയദാര്‍ഢ്യമുണ്ടായിരുന്നോ അത്രതന്നെ പ്രകടമാണ് അനുപമയുടെ കര്‍മ്മരംഗത്തേ ഓരോ ചുവടുകളിലും. 
അനുപമ: തോമസ് ചാണ്ടി എന്ന അതികായന്റെ പതനത്തിനു പിന്നില്‍ ഇവരുടെ കര്‍ത്തവ്യബോധം കൂടിയുണ്ട്‌

2017 ഓഗസ്റ്റില്‍ ആലപ്പുഴ ജില്ല കളക്ടറായി ടിവി അനുപമ ഐഎഎസ് ചാര്‍ജ്ജെടുക്കുമ്പോള്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ രാജി എതിര്‍ പാര്‍ട്ടികളിലെ രാഷ്ട്രീയ പ്രവര്‍ത്തകര്‍പോലും സ്വപ്‌നം കണ്ടിരിക്കില്ല. പിണറായി വിജയന്‍ മന്ത്രിസഭയിലെ ശക്തനായ മന്ത്രിയുടെ രാജിയിലേക്ക് എത്തിയത്‌, ക്രമക്കേടുകള്‍ അക്കമിട്ട് നിരത്തിയുള്ള അനുപമയുടെ റിപ്പോര്‍ട്ടിലൂടെയാണ്. ചാര്‍ജ്ജെടുത്ത് ആഴ്ചകള്‍ക്കകം രാഷ്ട്രീയ കൊടുങ്കാറ്റിന് തുടക്കമിട്ട അനുപമയുടെ തീരുമാനങ്ങള്‍ ഒരുപക്ഷെ അനുപമ എന്ന ഐഎഎസ് ഉദ്യോഗസ്ഥയുടെ മുന്‍കാല ചരിത്രമറിയുന്നവരെ അത്ഭുതപ്പെടുത്തില്ല. ഐഎഎസ് എന്ന സ്വപ്‌നം നേടിയെടുക്കാന്‍ എത്രമാത്രം നിശ്ചയദാര്‍ഢ്യമുണ്ടായിരുന്നോ അത്രതന്നെ പ്രകടമാണ് അനുപമയുടെ കര്‍മ്മരംഗത്തേ ഓരോ ചുവടുകളിലും. 

മലപ്പുറം ജില്ലയിലെ പൊന്നാനിക്കാരി പെണ്‍കുട്ടി മനസ്സില്‍ എന്നും പരിപാലിച്ചുപോന്ന സ്വപ്‌നമായിരുന്നു ഐഎഎസ്. വിജിലന്‍സ് സിഐ ആയിരുന്ന അച്ഛന്‍ ബാലസുബ്രഹ്മണ്യന്‍ വാങ്ങികൂട്ടുന്ന സല്യൂട്ടുകളായിരുന്നിരിക്കാം ഒരുപക്ഷെ അനുപമയുടെ കുഞ്ഞു മനസ്സില്‍ ഐഎഎസ് സ്വപ്‌നം വിരിച്ചത്. ഒരിക്കല്‍ അച്ഛനോട് അനുപമ പറഞ്ഞു 'ഞാന്‍ വലുതാകുമ്പോള്‍ അച്ഛന്‍ എന്നെ സല്യൂട് ചെയ്യും'. ഇന്ത്യയിലെതന്നെ മികച്ച എഞ്ചിനിയറിംഗ് ഇന്‍സ്റ്റിറ്റിയൂഷനുകളില്‍ ഒന്നായ ഗോവയിലെ  ബിഐടിഎസ് പിലാനിയില്‍ ചേര്‍ന്നെങ്കിലും സിവില്‍ സര്‍വീസ് മോഹങ്ങള്‍ കൈവിട്ടില്ല. രാവും പകലുമില്ലാതെ അധ്വാനിച്ച് ഓരോ ദിവസവും പിന്നിടുന്തോറും അനുപമ തന്റെ സ്വപ്‌നത്തോട് അടുത്തുകൊണ്ടിരുന്നു. അങ്ങനെ 2012ല്‍ യുപിഎസ്‌സി പരീക്ഷയില്‍ നാലാം റാങ്ക് നേടി അനുപമ 'അനുപമ ഐഎഎസ്' ആയി. ഐഎഎസ് സ്വപ്‌നം യാഥാര്‍ത്ഥ്യമായി പക്ഷെ ആഗ്രഹം സഫലമാക്കി നല്‍കാന്‍ അച്ഛന് സാധിച്ചില്ല. അനുപമയുടെ ഐഎഎസ് നേട്ടം കാണാന്‍ അദ്ദേഹമുണ്ടായിരുന്നില്ല.

വിജയം നേടി അനുപമ പറഞ്ഞ വാക്കുകള്‍ എല്ലാവര്‍ക്കും പ്രചോദനമേകുന്നതാണ്. 'ഉയര്‍ന്ന ലക്ഷ്യങ്ങള്‍ ഉണ്ടാക്കുക. നിങ്ങള്‍ക്ക് നേടാന്‍ കഴിയുന്നവയ്ക്ക് അവസാനമില്ല. ഐഎഎസ് ലഭിച്ചില്ലായിരുന്നെങ്കില്‍ ഞാന്‍ വീണ്ടും പരീക്ഷയെഴുതിയേനെ', അനുപമയുടെ അന്നത്തെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.

2014ല്‍ സിഐടിയു നേതാവ്‌ മുരളിക്കെതിരെ മെഡിക്കല്‍ കോളെജ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയപ്പോഴാണ് അനുപമ ആദ്യമായി മാധ്യമശ്രദ്ധ നേടിയത്. നോക്കുകൂലിയായിരുന്നു അന്ന് വിഷയം. സ്വന്തം ജീവിതത്തില്‍ നേരിട്ട അനുഭവത്തിനെതിരെയാണ് അനുപമ അന്ന് പ്രതികരിച്ചത്. ഫലം അനുപമയുടെ വീട്ടുസാധനങ്ങള്‍ അവര്‍ സ്വയം ഇറക്കിയപ്പോള്‍ നോക്കുകൂലിയുടെ പേരില്‍ പണം ആവശ്യപ്പെട്ട മുരളിയുടെ അറസ്റ്റ്.

അനുപമയുടെ കരിയറിലെ ഏറ്റവും സംഭവബഹുലമായ വര്‍ഷം 2015 ആയിരുന്നു എന്നതില്‍ തര്‍ക്കമില്ല. ഏല്‍പ്പിക്കപ്പെട്ടത് അത്ര പ്രസക്തമായ വകുപ്പൊന്നുമായിരുന്നില്ലെങ്കിലും അനുപമ അധികാരത്തില്‍ വന്നതോടെ കേരളത്തിലെ ജനങ്ങള്‍ പോലും ഈ വകുപ്പിന്റെ പ്രാധാന്യം തിരിച്ചറിയുകയായിരുന്നു എന്നുവേണം പറയാന്‍, ഭക്ഷ്യ സുരക്ഷാ വകുപ്പ്. റെയ്ഡുകള്‍ നടത്തപ്പെടുന്നു, സാംപിളുകള്‍ പരിശോധനയ്ക്കായി അയയ്ക്കുന്നു തുടര്‍ന്ന് ഉയര്‍ന്ന അളവില്‍ ചേര്‍ക്കപ്പെടുന്ന മായത്തിന്റെയും കീടനാശിനികളുടെ അനിയന്ത്രിത ഉപയോഗത്തിന്റെയും വസ്തുതകള്‍
 പുറത്തെത്തി. ശരീയായ ഓഫീസ് അന്തരീക്ഷമോ വേണ്ടത്ര തൊഴിലാളികളോ അവശ്യം വേണ്ട വാഹനസൗകര്യം പോലുമോ ഇല്ലാതിരുന്ന ഒരു വകുപ്പിലിരുന്നുകൊണ്ടായിരുന്നു അന്നത്തെ അനുപമയുടെ പ്രവര്‍ത്തനങ്ങള്‍.
കുറ്റവാളികളെ തുറന്ന് കാട്ടിയെങ്കിലും കുത്തകകള്‍ക്കെതിരെ ജയിച്ചുകയറാന്‍ അന്ന് അനുപമയ്ക്ക് കഴിഞ്ഞില്ല. ജനരോഷം ഭയന്ന് സ്ഥാനമാറ്റം പോലുള്ള നടപടികള്‍ അനുപമയ്‌കെതിരെയെടുക്കാന്‍ സര്‍കാരിനുണ്ടായ ഭയം ഈ ഉദ്യോഗസ്ഥയുടെ ജനസമ്മതിയുടെ തെളിവാണ്. അനുപമ പ്രസവാവധിയില്‍ കടന്നതിനെതുടര്‍ന്ന് ഭക്ഷസുരക്ഷാ വകുപ്പ് മറ്റു കരങ്ങളിലേക്കെത്തി. 

ഈ വര്‍ഷം ഓഗസ്റ്റ് മാസമാണ് ആലപ്പുഴയുടെ 48-ാമത് കളക്ടറായി അനുപമ ചാര്‍ജ്ജെടുത്തത്. ആലപ്പുഴയിലെ ജനങ്ങളുടെ പ്രശ്‌നങ്ങളെകുറിച്ച് പഠിക്കുകയും പരിഹാരം കാണുകയും ചെയ്യും - സ്ഥാനമേറ്റെടുത്തശേഷം അനുപമയുടെ വാക്കുകള്‍ ഇതായിരുന്നു. ആലപ്പുഴയ്ക്കായി അനുപമ കണ്ട സ്വപ്‌നങ്ങളില്‍ തകര്‍ന്നടിയുക തന്റെ മന്ത്രികസേരയായിരിക്കുമെന്ന് തോമസ് ചാണ്ടി പ്രതീക്ഷിച്ചിരുന്നിരിക്കില്ല. കൈയേറ്റ ഭൂമിയെന്ന് ആരോപണമുള്ള മന്ത്രിയുടെ ഉടമസ്ഥതയിലെ ലേക്ക് പാലസ് റിസോര്‍ട്ടില്‍ അനുപമയും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെയും സന്ദര്‍ശനം. സംഭവത്തിന്റെ നിജസ്ഥിതി മനസിലാക്കി തോമസ് ചാണ്ടിക്കെതിരെ റിപ്പോര്‍ട്ട്. ലേക്ക് പാലസിനു സമീപത്തെ വിവാദമായ റോഡു നിര്‍മ്മാണം, കായല്‍ കയ്യേറ്റം, ദേശീയ ജലപാത ആഴംകൂട്ടലിന്റെ ഭാഗമായി ഖനനം ചെയ്ത മണ്ണു നിക്ഷേപിച്ച സംഭവം തുടങ്ങിയവ ഇഴകീറി പരിശോധിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് റെവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി പിഎച്ച് കുര്യന് സമര്‍പ്പിക്കാന്‍ വേണ്ടിവന്നത് മാസങ്ങള്‍ മാത്രം. സര്‍ക്കാരിനെ സംരക്ഷിക്കണമെന്ന സമ്മര്‍ദ്ദം പലതവണ അഭിമുഖീകരിക്കേണ്ടി വന്നെങ്കിലും പിന്തിരിഞ്ഞില്ല. അന്വേഷണ ഉദ്യോഗസ്ഥരെ വെല്ലുവിളിച്ച് തോമസ് ചാണ്ടി രംഗത്തെത്തി. പക്ഷെ ചാണ്ടിയുടെ ന്യായവാദങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് രാജി സന്നദ്ധത അറിയിക്കേണ്ടിവന്നു. പിന്നാലെ രാജി. 

ഏല്‍പിക്കപ്പെടുന്ന ഉത്തരവാദിത്വങ്ങളെ ആത്മാര്‍ത്ഥമായി സമീപിക്കുന്ന കര്‍തവ്യബോധമുള്ള ഉദ്യോഗസ്ഥ, ടി വി അനുപമ. പ്രതിബന്ധങ്ങള്‍ എന്തുതന്നെയായാലും സ്വന്തം തൊഴിലിനോട് വിശ്വസ്തതപുലര്‍ത്തുന്ന ഈ ഐഎഎസ്സുകാരി സിവില്‍ സര്‍വീസ് വിജയിച്ച നാള്‍ മുതല്‍ കേരളത്തിന്റെ അഭിമാനമായി നിലകൊള്ളുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com